This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖരക്സിങ് (ബാബാ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖരക്സിങ് (ബാബാ)

Kharaksing (Baba) (1867 - 1963)

സ്വാതന്ത്ര്യസമരസേനാനിയും അകാലി നേതാവും. സിയാല്‍കോട്ടിലെ (ഇപ്പോള്‍ പാകിസ്താനില്‍) ഒരു സിക്ക് കുടുംബത്തില്‍ 1867-ല്‍ ജനിച്ചു. പഞ്ചാബ് സര്‍വകലാശാലയില്‍നിന്നു ബിരുദമെടുത്തു. പിന്നീട് അലഹബാദിലെ ലോ കോളജില്‍ ചേര്‍ന്നെങ്കിലും പിതാവിന്റെ മരണത്തോടെ വിദ്യാഭ്യാസം തുടരാനായില്ല.

പൊതുപ്രവര്‍ത്തനരംഗത്ത് മാസ്റ്റര്‍ താരാസിങ്, മേത്താബ്സിങ്, ഹര്‍ബന്‍സ്സിങ് എന്നിവരുമായി ഇദ്ദേഹം ബന്ധപ്പെട്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അമൃതസര്‍ സമ്മേളനത്തില്‍വച്ച് (1919) ഇദ്ദേഹം മഹാത്മാഗാന്ധിയുമായി സമ്പര്‍ക്കത്തിലായി. ഡോ.എസ്. കിച്ച്ലു തുടങ്ങിയ മറ്റു കോണ്‍ഗ്രസ് നേതാക്കളുമായും ഖരക്സിങ് ബന്ധപ്പെട്ടിരുന്നു.

ലാഹോറില്‍ 1920-ല്‍ നടന്ന സിക്ക് ലീഗിന്റെ സമ്മേളനത്തില്‍ ഖരക്സിങ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ്സിനോടൊപ്പം നിന്നു പടപൊരുതാന്‍ ഈ സമ്മേളനത്തില്‍വച്ച് സിക്കുകാരെ ഉദ്ബോധിപ്പിച്ചു. സിക്കുകാര്‍ ഖരക്സിങ്ങിനു പിന്തുണ നല്കി. അങ്ങനെ സിക്ക് ഗുരുദ്വാര പ്രസ്ഥാനം കോണ്‍ഗ്രസ്സിന്റെ നിസ്സഹകരണ പ്രസ്ഥാനവുമായി യോജിച്ചു. 1921-ല്‍ ആദ്യത്തെ അകാലി മോര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് ഖരക്സിങ്ങിനെ അറസ്റ്റു ചെയ്തു. 1921 നവംബറില്‍ വിചാരണ നടക്കുമ്പോള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാര്‍ക്ക് സിക്ക് പാന്ഥിന്റെ അധ്യക്ഷനെ കുറ്റവിചാരണ നടത്താനധികാരമില്ലെന്നു വാദിച്ചുകൊണ്ട് ഇദ്ദേഹം കോടതിയെ ചോദ്യം ചെയ്തു. പിന്നീട് ഗവണ്‍മെന്റ് ഇദ്ദേഹത്തെ മോചിപ്പിച്ചു.

1922-ല്‍ പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി. 1934-35-ല്‍ അമൃത്സറിലും ലാഹോറിലും നടത്തിയ സിക്ക് കണ്‍വെന്‍ഷന്റെ അധ്യക്ഷനായിരുന്നു ഖരക്സിങ്.

ഇന്ത്യാ വിഭജനത്തിന് എതിരായിരുന്നു ഇദ്ദേഹം. 1935-ലെ ആക്റ്റനുസരിച്ച് പ്രവിശ്യാസ്വയംഭരണ സമ്പ്രദായത്തില്‍ പഞ്ചാബില്‍ മന്ത്രിയാകാനുള്ള ക്ഷണം നിരസിക്കുകയാണുണ്ടായത്. ഗുജറന്‍വാലയില്‍ 1944-ല്‍ നടന്ന അഖണ്ഡഹിന്ദുസ്ഥാന്‍ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു. സുഭാഷ്ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ ആര്‍മിയെ ഇദ്ദേഹം പിന്താങ്ങി. 20 വര്‍ഷക്കാലം ജയിലില്‍വാസമനുഷ്ഠിച്ച ഇദ്ദേഹം ശിരോമണി അകാലിദളിന്റെ സ്ഥാപകാധ്യക്ഷനായിരുന്നു.

1963 ഒ. 6-ന് ഡല്‍ഹിയില്‍ ഖരക്സിങ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍