This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖന്ന, രാജേഷ് (1942 - 2012)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖന്ന, രാജേഷ് (1942 - 2012)

ഹിന്ദി ചലച്ചിത്രനടന്‍. ഇന്ത്യന്‍ സിനിമയിലെ ആദ്യ 'സൂപ്പര്‍ സ്റ്റാര്‍' എന്നാണ് ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്.

രാജേഷ് ഖന്ന

1942 ഡി. 29-ന് പഞ്ചാബിലെ അമൃത്സറില്‍ ജനിച്ചു. പിതാവിന്റെ ബന്ധുവാണ് ഇദ്ദേഹത്തെ വളര്‍ത്തിയത്. ജതിന്‍ ഖന്ന എന്നായിരുന്നു യഥാര്‍ഥ പേര്. സിനിമയിലെത്തിയതോടെയാണ് രാജേഷ് ഖന്ന എന്ന പേരു സ്വീകരിച്ചത്. ഗിര്‍ഗാവിലെ സെന്റ് സെബാസ്റ്റ്യന്‍ ഗോവന്‍ ഹൈസ്കൂളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അമ്മയുടെ സുഹൃത്തിന്റെ മകനും പില്ക്കാലത്ത് ചലച്ചിത്രനടനുമായിത്തീര്‍ന്ന ജിതേന്ദ്രയായിരുന്നു ആത്മമിത്രം. അദ്ദേഹത്തോടൊപ്പം നാടകകളരിയില്‍ നിന്നാണ് സിനിമാലോകത്തേക്ക് കടക്കുന്നത്.

സ്കൂള്‍ വിദ്യാഭ്യാസകാലത്ത് ഇദ്ദേഹം നിരവധി നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. പിന്നീട് കിഷിന്‍ചന്ദ് ചെല്ലാരം കോളജിലും ജിതേന്ദ്രയും രാജേഷ് ഖന്നയും ഒരുമിച്ചാണ് പഠിച്ചത്. 1965-ല്‍ യുണൈറ്റഡ് പ്രൊഡ്യൂസേഴ്സും ഫിലിംഫെയറും ചേര്‍ന്ന് നടത്തിയ അഭിനയമത്സരത്തില്‍ പതിനായിരം പേരില്‍ നിന്ന് രാജേഷ് ഖന്നയെ വിജയിയായി തെരഞ്ഞെടുത്തു. തുടര്‍ന്ന് 1966-ല്‍ 'ആഖ്റി ഖത്ത്' എന്ന ആദ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ രാജേഷ് ഖന്നയ്ക്ക് അവസരം ലഭിച്ചു. ചേതന്‍ ആനന്ദായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍. 'ആഖ്റി ഖത്ത്' മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാര്‍ നോമിനേഷന്‍ നേടി. തുടര്‍ന്ന് രവീന്ദ്രദേവിന്റെ സംവിധാനത്തില്‍ 'റാസ്' എന്ന ചിത്രത്തിലും ഖന്ന അഭിനയിച്ചു. 'ആരാധനാ' (1969), 'സച്ചാ ജൂഠാ' (1970), 'ഹാത്തി മേരി സാത്ഥി' (1971), 'കഠീ പതംഗ്' (1971), 'ആനന്ദ്' (1971) 'അമര്‍ പ്രേം' (1972), 'ദുശ്മന്‍' (1972), 'നമക് ഹരാം' (1973), 'പ്രേം നഗര്‍' (1974), 'പ്രേം കഹാനി' (1975) തുടങ്ങി നൂറുകണക്കിന് സിനിമകള്‍ വന്‍വിജയങ്ങളായി. അക്കാലത്ത് മികച്ച ഗായകനായിരുന്ന കിഷോര്‍കുമാര്‍ പാടിയ ഒരുപാട് ഗാനരംഗങ്ങളില്‍ അഭിനയിച്ചത് രാജേഷ് ഖന്നയാണ്. രാജേഷ് ഖന്ന, ആര്‍.ഡി. ബര്‍മന്‍, കിഷോര്‍ കുമാര്‍ സംഖ്യം ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകള്‍ക്ക് ജന്മം നല്‍കി. കിഷോര്‍ കുമാറിന്റെ അഭിനയരൂപമായിരുന്നു രാജേഷ് ഖന്ന എന്നും വിശേഷിപ്പിക്കാം. 1976-ല്‍ ചില പരാജയചിത്രങ്ങള്‍മൂലം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന് മങ്ങലേറ്റു. പക്ഷേ പിന്നീട് 1980-കളില്‍ 'അമര്‍ദീപ്', 'ആഞ്ചല്‍' എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം തിരിച്ചുവന്നു.

1991-ല്‍ കോണ്‍ഗ്രസ് (ഐ) സ്ഥാനാര്‍ഥിയായി ന്യൂഡല്‍ഹി ലോക്സഭാമണ്ഡലത്തില്‍ നിന്ന് ജയിച്ച രാജേഷ് ഖന്ന 1996 വരെ പാര്‍ലമെന്റംഗമായി പ്രവര്‍ത്തിച്ചു. പാര്‍ലമെന്റ് പ്രവര്‍ത്തനകാലത്തിനുശേഷവും കോണ്‍ഗ്രസ് അംഗമായി തുടര്‍ന്ന ഇദ്ദേഹം 2012-ലെ പഞ്ചാബ് നിയമസഭാതിരഞ്ഞെടുപ്പുവേളയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി പ്രചാരണരംഗത്തിറങ്ങുകയും ചെയ്തിരുന്നു.

ആദ്യഭാര്യ അഞ്ജു മഹേന്ദ്രയെ വിവാഹമോചനം ചെയ്തശേഷം 1973-ല്‍ നടി ഡിംപിള്‍ കപാഡിയയെ ഖന്ന വിവാഹം ചെയ്തു. 1984-ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. 2008-ല്‍ ഖന്നയ്ക്ക് ദാദാ ഫാല്‍ക്കെ പുരസ്കാരം ലഭിച്ചു. 2011-ല്‍ പുറത്തിറങ്ങിയ 'ഏജന്റ് വിനോദാ'ണ് രാജേഷ് ഖന്നയുടെ അവസാന ചിത്രം. നിരവധി ടെലിവിഷന്‍ സീരിയലുകളിലും ഇദ്ദേഹം ശ്രദ്ധേയവേഷങ്ങളിലെത്തി. മകള്‍ ട്വിങ്കിള്‍ ഖന്ന ബോളിവുഡിലെ മികച്ച നടിയായിരുന്നു. രണ്ടാമത്തെ മകള്‍ റിങ്കി ഖന്നയും നടിയാണ്.

2012 ജൂല. 18-ന് മുംബൈയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍