This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖദ്ദാഫി, മുഹമ്മര്‍ മുഹമ്മദ് അല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖദ്ദാഫി, മുഹമ്മര്‍ മുഹമ്മദ് അല്‍

Qathafi, Muammar Muhammed Al (Qadhafi or Gaddafi) (1942 – 2011)

കേണല്‍ ഖദ്ദാഫി

ലിബിയയുടെ മുന്‍ഭരണാധികാരി. ആഫ്രിക്കയുടെ വടക്കന്‍തീരത്തെ മരുഭൂമി രാജ്യമാണ് ലിബിയന്‍ അറബ് സോഷ്യലിസ്റ്റ് പീപ്പിള്‍സ് ജമഹിരിയ (ലിബിയ). 1969-ല്‍ 27 വയസ്സുള്ള ഖദ്ദാഫി പട്ടാളവിപ്ലവത്തിലൂടെ രാജഭരണത്തെ അട്ടിമറിച്ച് അധികാരമേറ്റെടുത്തു. നാലു ദശാബ്ദത്തിലേറെക്കാലം തുടര്‍ച്ചയായി അധികാരത്തിലിരുന്ന ഇദ്ദേഹം ഒടുവില്‍ ജനരോഷത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധത്തില്‍ വെടിയേറ്റു മരിച്ചു.

മെഡിറ്ററേനിയന്‍ കടല്‍ത്തീരത്തെ ചെറു തുറമുഖപട്ടണമായ സിര്‍ത്തില്‍, ഒരു ദരിദ്ര ആട്ടിടയ കുടുംബത്തില്‍ 1942-ല്‍ ജനിച്ചു. മരുഭൂമിയിലെ കൂടാരഭവനത്തില്‍ കൊടുംപട്ടിണിയിലാണ് ബാല്യകാലം കഴിച്ചുകൂട്ടിയത്. പിതാവായ അബുനിസ്സാറിനെ ആടുവളര്‍ത്തലിലും കൃഷിയിലും സഹായിച്ചും അറബിഭാഷ പഠിച്ചും ബാല്യം പിന്നിട്ട ഇദ്ദേഹം, സഹാറ മരുഭൂമിയുടെ മധ്യത്തിലെ വാണിജ്യനഗരമായ സെബ്ഹയില്‍, ബന്ധുക്കളോടൊപ്പം താമസിച്ചു സ്കൂള്‍ വിദ്യാഭ്യാസം നടത്തി. ഖദ്ദാഫി പഠിച്ചിരുന്ന ഹൈസ്കൂളില്‍ വാര്‍ഷിക പരിശോധനയ്ക്കു വന്ന ഇറ്റാലിയന്‍ സ്കൂള്‍ ഇന്‍സ്പെക്ടറുമായി ഇടയുന്നതോടെയാണ് ഇദ്ദേഹത്തിന്റെ സ്വരാജ്യസ്നേഹം ആദ്യമായി പുറംലോകമറിഞ്ഞത്. ഏതോ ചോദ്യത്തിന് ഉത്തരം നല്കാന്‍ വിസമ്മതിച്ച മുഹമ്മറോട് ക്ളാസിനു പുറത്തുപോകാന്‍ ഇന്‍സ്പെക്ടര്‍ കല്പിച്ചു. എന്റെ ജന്മനാട്ടില്‍ നിന്നു ഞാനല്ല, വിദേശീയനായ നിങ്ങളാണു പുറത്തുപോകേണ്ടത് എന്നു മുഹമ്മര്‍ തിരിച്ചടിച്ചു. അതോടെ സെബ്ഹയിലെ സ്കൂളില്‍ നിന്നു നിര്‍ബന്ധിത വിടുതല്‍ നല്കി പുറത്താക്കപ്പെട്ട മുഹമ്മര്‍ സിര്‍ത്തില്‍ മടങ്ങിയെത്തി വിദ്യാഭ്യാസം തുടരുകയും പിന്നീട് ലിബിയന്‍ കരസേനയില്‍ ചേര്‍ന്നു പരിശീലനം നേടുകയും ചെയ്തു.

രണ്ടാം ലോകയുദ്ധത്തെത്തുടര്‍ന്ന് ലിബിയയുടെ നിയന്ത്രണം യു.എസ്സും ബ്രിട്ടനും ഇറ്റലിയും പങ്കിട്ടെടുത്തിരുന്ന നാളുകളായിരുന്നു അത്. ദുര്‍ബലമായ രാജഭരണത്തില്‍ വിദേശികള്‍ ലിബിയന്‍ ജനതയെ പീഡിപ്പിക്കുകയും അവരുടെ സ്വതന്ത്രവാഞ്ഛയെ നിഷ്കരുണം അടിച്ചമര്‍ത്തുകയും ചെയ്തു. ഭരണത്തിന്റെ എല്ലാ തലങ്ങളിലും ഇറ്റാലിയന്‍ കൈകടത്തലുണ്ടായി. ഇദ്രിസ് രാജാവിന്റെ ദുര്‍ഭരണത്തില്‍ ഇറ്റലിക്കാരായ കുറെയേറെ കുടുംബങ്ങളും ഏതാനും സമ്പന്ന ലിബിയന്‍ കുടുംബങ്ങളും ലിബിയയുടെ സമ്പത്ത് പങ്കുവച്ചുപോന്നു. എണ്ണ കണ്ടെത്തിയിട്ടും രാജ്യം പിന്നോക്കാവസ്ഥയില്‍ തുടര്‍ന്നു. ഭൂമിയുടെ ഉടമാവകാശം ലിബിയന്‍ പൗരന്മാര്‍ക്ക് നിഷേധിക്കപ്പെട്ടു. കച്ചവടംപോലുള്ള തൊഴിലുകളിലും ഇറ്റലിക്കാര്‍ ആധിപത്യം പുലര്‍ത്തി. തലസ്ഥാന നഗരമായ ട്രിപ്പൊളിയിലും മറ്റൊരു നഗരമായ ബംഗാസിയിലും യു.എസ്. ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ സ്ഥാപിച്ചിരുന്നു. നഗരങ്ങളിലെ പ്രധാന തെരുവുകളില്‍ കാല്‍കുത്താനുള്ള അവകാശം പോലും ലിബിയന്‍ പൗരന്മാര്‍ക്ക് നിഷേധിക്കപ്പെട്ടു. ഇറ്റാലിയന്‍ അധീശസേനകളില്‍ നിന്നു മോചനം തേടി പ്രക്ഷോഭണം നയിച്ച ഷെയ്ക് ഒമര്‍ മുക്താര്‍ തൂക്കുമരത്തിലേറ്റപ്പെട്ടു.

ഇംഗ്ലണ്ടിലെ സാന്തേഴ്സ്റ്റില്‍ പട്ടാള പരിശീലനംനേടി മടങ്ങിയെത്തിയ ഖദ്ദാഫിയുടെ മനസ്സില്‍ ഇദ്രിസ് ഭരണകൂടത്തോടുള്ള വിദ്വേഷം നിറഞ്ഞുനിന്നിരുന്നു. സൈന്യത്തില്‍ കേണല്‍ പദവി ലഭ്യമായ ഇദ്ദേഹം, സഹസൈനികോദ്യോഗസ്ഥന്മാരായ മുഹമ്മദ് മഗരിഫ്, അബുബേക്കര്‍ യൂണിറ്റ്, അബ്ദുള്‍സലാം ജലൂദ് തുടങ്ങിയവരെ ചേര്‍ത്ത് രഹസ്യമായി സ്വതന്ത്ര സൈനികസംഘം രൂപവത്കരിക്കുകയും ഇദ്രിസ് രാജാവും പരിവാരങ്ങളും തുര്‍ക്കിയില്‍ ഉല്ലാസയാത്ര നടത്തിയിരുന്ന 1969 സെപ്. 1-ന് പ്രഭാതത്തില്‍ രാജ്യത്തിന്റെ ഭരണം പിടിച്ചെടുക്കുകയും ചെയ്തു. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഈജിപ്തില്‍ ഫറൂഖ് രാജാവിനെ പുറത്താക്കി, അധികാരം പിടിച്ചെടുത്ത കേണല്‍ ജമാല്‍ അബ്ദല്‍ നാസറായിരുന്നു ഖദ്ദാഫിയുടെ രാഷ്ട്രീയഗുരു.

ഈജിപ്തില്‍ അഭയം തേടിയ ഇദ്രിസിനെ വധശിക്ഷയ്ക്കു വിധിച്ചു. രക്തരഹിതമായ അധികാരക്കൈമാറ്റത്തെ, ഒരു പട്ടാളവിപ്ലവമായല്ല, ജനകീയ വിപ്ലവമായാണ് ഖദ്ദാഫി വിശേഷിപ്പിച്ചത്. ഖജനാവിന്മേല്‍ പിടിമുറുക്കിയിരുന്ന സമ്പന്നകുടുംബങ്ങള്‍ ശിക്ഷിക്കപ്പെട്ടു. ഇറ്റാലിയന്‍, ബ്രിട്ടീഷ്, യു.എസ്. അധീശസേനകളും പൗരന്മാരും ലിബിയയില്‍ നിന്നു ബഹിഷ്കൃതരായി. നിശാനൃത്തശാലകളും മദ്യഷാപ്പുകളും അടച്ചുപൂട്ടിയ ഖദ്ദാഫി, ലിബിയയെ ഇസ്ലാമികനിയമം നിലനില്ക്കുന്ന അറബി റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും കൃഷിഭൂമിയും കച്ചവടസ്ഥാപനങ്ങളും ലിബിയന്‍ പൗരന്മാര്‍ക്കു വിട്ടുകൊടുക്കുകയും ചെയ്തു. എണ്ണസമ്പത്തിനെ ചൂഷണം ചെയ്തിരുന്ന അമേരിക്കന്‍ ഓയില്‍ കമ്പനികള്‍ ദേശസാത്കരിച്ചു. എണ്ണവിലയെ അമേരിക്കന്‍ ചേരിക്കെതിരെ ആഞ്ഞടിക്കാനുള്ള ആയുധമാക്കി മാറ്റാന്‍ പ്രചോദനം നല്കിയ ഖദ്ദാഫി, മൊറോക്കോ മുതല്‍ കുവൈത്തുവരെ വ്യാപിച്ചു കിടക്കുന്ന അറബിരാജ്യങ്ങളെ കൂട്ടിയിണക്കി ഒരു വിശാല അറബിരാഷ്ട്രം സ്ഥാപിക്കാനായി ഏറെ യത്നിച്ചു. ഈജിപ്തുമായും സിറിയയുമായും ടുണീഷ്യയുമായും ഇദ്ദേഹം സംയുക്തരാഷ്ട്രക്കരാറുകളുണ്ടാക്കി.

എണ്ണസമ്പത്ത് പ്രയോജനപ്പെടുത്തി ലിബിയയെ നവീകരിക്കുകയും ചിതറിക്കിടന്നിരുന്ന ലിബിയന്‍ ജനതയെ ഒന്നിച്ചണിനിരത്തുകയും ചെയ്യുന്നതില്‍ ഖദ്ദാഫി വിജയിച്ചു. ഇറ്റാലിയന്‍, ഇംഗ്ലീഷ് ഭാഷകളുടെ ആധിപത്യം അവസാനിപ്പിച്ച് അറബിഭാഷ ഔദ്യോഗികമാധ്യമമാക്കി. ധാരാളം സ്കൂളുകളും ആശുപത്രികളും സ്ഥാപിച്ചു. പ്രച്ഛന്നവേഷത്തില്‍ ചുറ്റിനടന്ന് സര്‍ക്കാരാഫീസുകളിലെ അഴിമതിക്കാരെ കണ്ടെത്തി ശിക്ഷിച്ചിരുന്നു. 1980-ല്‍ ജനകീയ കോണ്‍ഗ്രസ് രൂപവത്കരിച്ചുകൊണ്ട് അധികാരം ജനങ്ങള്‍ക്ക് കൈമാറുന്നതായി ഖദ്ദാഫി പ്രഖ്യാപിച്ചു. ജനകീയ കമ്മിറ്റികളും കേന്ദ്ര സെക്രട്ടേറിയേറ്റും രൂപവത്കരിച്ചു. താന്‍ സൈനിക നേതൃത്വമൊഴിഞ്ഞ് ജനങ്ങളുടെ ദാസനായി ജനറല്‍ സെക്രട്ടറിപദം എറ്റെടുക്കുന്നുവെന്ന് ഖദ്ദാഫി പ്രസ്താവിച്ചുവെങ്കിലും ഇദ്ദേഹത്തിന്റെ ഏകാധിപത്യം തുടരുകയാണുണ്ടായത്. ദാരിദ്ര്യത്തിന്റെയും അടിമത്ത്വത്തിന്റെയും നാളുകളില്‍ നിന്ന് സുഭിക്ഷതയുടെയും സ്വാതന്ത്ര്യത്തിന്റെയും കാലഘട്ടത്തിലേക്ക് സാധാരണ ലിബിയയെ കൈപിടിച്ചുയര്‍ത്തിയ ഖദ്ദാഫിക്ക് അക്കാലത്ത് ലോകമെങ്ങും ഏറെ ആരാധകരും അത്രയുംതന്നെ വിമര്‍ശകരുമുണ്ടായിരുന്നു.

വിദേശനയമാണ് ഏറ്റവുമേറെ വിമര്‍ശനവിധേയമായിട്ടുള്ള ഘടകം. ചേരിചേരാരാഷ്ട്രമായി സ്വയം പ്രഖ്യാപിച്ചുവെങ്കിലും സോവിയറ്റ് യൂണിയന്റെ ശിഥിലീകരണം വരെ ഏറെക്കുറെ സോവിയറ്റു ചേരിയിലാണ് 1969 മുതല്‍ ലിബിയയും ഖദ്ദാഫിയും നിലകൊണ്ടത്. അറബിജനതയുടെ പൊതുശത്രുവെന്ന നിലയില്‍ ഇസ്രയേലിനെയും അതിനു പിന്തുണ നല്കുന്ന അമേരിക്കന്‍ ചേരിയെയും എതിര്‍ക്കുക എന്നതായിരുന്നു ഖദ്ദാഫിയുടെ വിദേശനയത്തിന്റെ അടിസ്ഥാന പ്രമാണം. പലസ്തീനിയന്‍ വിമോചനസംഘടനയ്ക്കും മറ്റ് ഒളിപ്പോരാളികള്‍ക്കും ലിബിയയില്‍ ഉന്നതതലപരിശീലനം നല്കുകയും അറബിദേശീയതയെ ഫലപ്രദമായി പിന്തുണയ്ക്കുകയും ചെയ്ത ഖദ്ദാഫി പാശ്ചാത്യചേരിയുമായി സൗഹൃദം പുലര്‍ത്തിയതിന്റെ പേരില്‍ ഈജിപ്ത്, ടുണീഷ്യ എന്നീ അറബിരാജ്യങ്ങളുമായി യുദ്ധത്തിനിറങ്ങുകപോലുമുണ്ടായി. അയല്‍രാജ്യമായ ടാഡില്‍ ഫ്രാന്‍സിന്റെ മേല്‍ക്കോയ്മയ്ക്കെതിരെയും ഖദ്ദാഫി യുദ്ധത്തിനിറങ്ങി. ലോകമെങ്ങും വിമോചനത്തിനുവേണ്ടി പൊരുതുന്ന വിപ്ലവസംഘങ്ങള്‍ക്ക് ഖദ്ദാഫി സാമ്പത്തികസഹായം നല്കിയിരുന്നു. ബ്രിട്ടനിലെ ഐറിഷ് റിപ്പബ്ലിക്കന്‍ സേന, ഫിലിപ്പീന്‍സിലെ മോറോ വിമോചനസേന എന്നിവയുള്‍പ്പെടെ പല ഒളിപ്പോരുസംഘങ്ങള്‍ക്ക് ലിബിയയുടെ സാമ്പത്തികസഹായമുള്ളതായി ആരോപണമുണ്ട്. യു.എസ്സിനെതിരെ ഭീകരപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചതിന് പ്രതികാരമെന്നോണം 1987-ല്‍ യു.എസ്. വ്യോമസേന ട്രിപ്പൊളി നഗരത്തില്‍ ബോംബുവര്‍ഷം നടത്തി.

ബുദ്ധിജീവിയും തത്ത്വജ്ഞാനിയുമാണ് താനെന്ന് ഖദ്ദാഫി സ്വയം ധരിച്ചിരുന്നു. 1980 മുതല്‍ വനിതാഗാര്‍ഡുകളായ ആമസോണിയന്‍ ഗാര്‍ഡിനൊപ്പം മാത്രമാണ് ഖദ്ദാഫി പുറത്തിറങ്ങിയിരുന്നത്. 1986-ല്‍ ബര്‍ലിനിലെ ഒരു നിശാക്ളബ്ബില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തിനു പിന്നില്‍ ലിബിയയും ഖദ്ദാഫിയുമാണെന്ന് അമേരിക്ക ആരോപിച്ചു. തുടര്‍ന്ന് ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലും വന്‍നഗരമായ ബെന്‍ഗാസിയിലും അമേരിക്ക ബോംബിട്ടു. ഖദ്ദാഫിയെ ലക്ഷ്യമിട്ടു നടത്തിയ ഈ ആക്രമണത്തില്‍ ഖദ്ദാഫിയുടെ ദത്തുപുത്രിയടക്കം 35 പേര്‍ മരണമടഞ്ഞു. 1988 ഡി. 21-ന് ബ്രിട്ടനിലെ ലോക്കര്‍ബിയില്‍ വച്ച് 270 യാത്രക്കാരുമായി പറന്ന അമേരിക്കന്‍ വിമാനം സ്ഫോടനത്തില്‍ തകര്‍ന്നതിനു പിന്നില്‍ ഖദ്ദാഫിയുടെ പ്രതികാരബുദ്ധിയാകാമെന്ന് ലോകം വിശ്വസിച്ചു. ഇതിനു കാരണക്കാരായ ഉദ്യോഗസ്ഥരെ അമേരിക്കയ്ക്ക് വിട്ടുകൊടുക്കാന്‍ ഖദ്ദാഫി തയ്യാറാകാത്തതിനാല്‍ ലിബിയയ്ക്കെതിരെ യു.എന്‍. ഉപരോധം ഉണ്ടായി. ഇത് ലിബിയയുടെ സമ്പദ്ഘടനയെ ഗുരുതരമായി ബാധിച്ചപ്പോള്‍ ഖദ്ദാഫി ഒത്തുതീര്‍പ്പിനു തയ്യാറായി. ഈ സംഭവത്തോടെയാണ് ഖദ്ദാഫിയും പാശ്ചാത്യലോകവും തമ്മില്‍ സൗഹൃദം ആരംഭിക്കുന്നത്. തുടര്‍ന്ന് ലിബിയ അണ്വായുധം നിര്‍മാണം നിര്‍ത്തിവയ്ക്കുകയും 2009-ല്‍ യു.എന്‍. പൊതു സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഖദ്ദാഫി അമേരിക്ക സന്ദര്‍ശിക്കുകയും ചെയ്തു. ലോകരാഷ്ട്രീയത്തില്‍ ഇടപെടുകയും സഹകരണത്തിന്റെ പാത സ്വീകരിക്കുകയും ചെയ്തപ്പോഴും സ്വന്തം രാജ്യത്തെ ജനങ്ങളെ ഏകാധിപത്യത്തിന്റെ ഭരണനടപടികളാല്‍ ഖദ്ദാഫി ശക്തമായി അടിച്ചമര്‍ത്തിയിരുന്നു.

1996-ല്‍ ഉണ്ടായ ഒരു ജയില്‍ കലാപത്തില്‍ 1000 തടവുകാരെ വെടിവച്ചു കൊന്ന ഖദ്ദാഫി ഭരണകൂടം, ഇതിനെതിരെ ശബ്ദമുയര്‍ത്തിയ ഒരു അഭിഭാഷകനെ തടവിലാക്കിയത് രാജ്യത്ത് ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടു. ജനങ്ങള്‍ ഖദ്ദാഫി ഭരണത്തിനെതിരാണെന്നു തിരിച്ചറിഞ്ഞ ഭരണകൂടത്തിലെ പല ഉന്നതരും തുടര്‍ന്ന് ഖദ്ദാഫിയെ തള്ളിപ്പറയുകയും രാജിവച്ച് സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. രംഗം വഷളാകുന്നത് നിയന്ത്രിക്കാന്‍ ഖദ്ദാഫി രാജ്യത്ത് മാധ്യമസ്വാതന്ത്ര്യത്തിന് നിരോധനം ഏര്‍പ്പെടുത്തി. ഇസ്ലാമിക സംഘടനാ പ്രവര്‍ത്തകരെ രാജ്യത്ത് നിരോധിക്കുകയും തന്റെ വിമര്‍ശകരെ തടവിലാക്കുകയും രാജ്യത്ത് രാഷ്ട്രീയസ്വാതന്ത്ര്യം ഇല്ലാതാക്കുകയും ചെയ്തു. 2011-ല്‍ ടുണീഷ്യയില്‍ തുടക്കം കുറിച്ച ജനകീയ പ്രക്ഷോഭണമാണ് ലിബിയയില്‍ ഖദ്ദാഫിയുടെ അന്ത്യത്തിന് വഴിയൊരുക്കിയത്. പൊതുജനം തനിക്കെതിരാണെന്നു തിരിച്ചറിഞ്ഞ ഖദ്ദാഫി, തന്റെ മകനായ ഫൈസല്‍ ഇസ്ലാമിനെ അടുത്ത ഭരണാധികാരിയാക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ഖദ്ദാഫിയുടെ നടപടികളോടുള്ള പ്രതിഷേധം രാജ്യത്തെ ശക്തമായ കലാപഭൂമിയാക്കി. തുടര്‍ന്നും അധികാരത്തില്‍ തുടരുവാന്‍ തന്നെയാണ് ഖദ്ദാഫി തീരുമാനിച്ചത്. പ്രക്ഷോഭകര്‍ ക്രമേണ ലോകരാജ്യങ്ങളുടെ സഹായം തേടുകയും അമേരിക്കയുടെയും ഫ്രാന്‍സിന്റെയും സാന്നിധ്യം ലിബിയയില്‍ ഉറപ്പുവരുത്തുകയും ചെയ്തു. തുടര്‍ന്ന്, നാറ്റോ ലിബിയന്‍ ഭരണകൂടത്തിനെതിരെ ആക്രമണം ആരംഭിക്കുകയും ജനകീയരോഷം യുദ്ധമായി പരിണമിക്കുകയും ചെയ്തു. ഏതാണ്ട് ആറുമാസക്കാലം നീണ്ടു നിന്ന പ്രക്ഷോഭത്തിനൊടുവില്‍ ഖദ്ദാഫിയുടെ മക്കളില്‍ ചിലര്‍ കൊല്ലപ്പെടുകയും ഖദ്ദാഫിയുടെ കുടുംബം ഒളിവില്‍ പോവുകയും ചെയ്തു. കീഴടങ്ങാനോ രാജ്യംവിടാനോ അനുരഞ്ജനത്തിനോ ഖദ്ദാഫി തയ്യാറായിരുന്നില്ല. ഖദ്ദാഫിയുടെ ജന്മനാടായ സിര്‍ത്തില്‍ ആക്രമണം നടന്നുകൊണ്ടിരിക്കെ 2011 ഒ. 20-ന് ഖദ്ദാഫി തലയ്ക്ക് വെടിയേറ്റു കൊല്ലപ്പെട്ടു. മൃതദേഹം അടക്കം ചെയ്യുന്നതു സംബന്ധിച്ച തീരുമാനം വൈകിയതിനാല്‍ ലിബിയന്‍ നഗരമായ മിസ്രാന്തയിലെ ഒരു ചന്തയിലുള്ള ശീതീകരണ മുറിയിലാണ് ഇദ്ദേഹത്തിന്റെ മൃതശരീരം സൂക്ഷിച്ചിരുന്നത്. ഖദ്ദാഫി ഉള്‍പ്പെട്ടിരുന്ന ഗോത്ര വിഭാഗം ഖദ്ദാഫിയുടെ മൃതശരീരം മരണാനന്തരചടങ്ങുകള്‍ക്കായി വിട്ടുകൊടുക്കുവാന്‍ അഭ്യര്‍ഥിച്ചിരുന്നുവെങ്കിലും ഇദ്ദേഹത്തിന്റെ പേരില്‍ ഒരു സ്മാരകം ഉയരാനുള്ള സാധ്യത ഒഴിവാക്കുന്നതിനായി 2011 ഒ. 24-ന് അര്‍ധരാത്രി ഖദ്ദാഫിയുടെ മൃതശരീരം മരുഭൂമിയിലെ ഒരു രഹസ്യകേന്ദ്രത്തില്‍ സംസ്കരിക്കുകയാണുണ്ടായത്.

ദ് ഗ്രീന്‍ ബുക്ക് (The Green book), മിലിറ്ററി സ്റ്റ്രാറ്റജി ആന്‍ഡ് മോബിലൈസേഷന്‍ (Military Strategy And Mobilization), ദ് സ്റ്റോറി ഒഫ് റെവല്യൂഷന്‍ (The Story of Revolution) എന്നിവയാണ് ഖദ്ദാഫിയുടെ പ്രധാന കൃതികള്‍.

(മാത്തുക്കുട്ടി ജെ. കുന്നപ്പള്ളി; സ.പ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍