This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖത്തര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഖത്തര്‍

Qatar

ഒരു അറബ് (ഗള്‍ഫ്) രാജാധിപത്യരാജ്യം. ദാവ്ലത്ത് ഖത്തര്‍ എന്നാണ് ഔദ്യോഗികനാമം. പശ്ചിമേഷ്യയില്‍ അറേബ്യന്‍ ഉപദ്വീപിന്റെ വടക്കുകിഴക്കന്‍ തീരത്താണ് സാമാന്യേന ചെറുതായ ഖത്തര്‍ ഉപദ്വീപിന്റെ സ്ഥാനം. തെക്ക് സൗദി അറേബ്യയും ബാക്കിഭാഗങ്ങള്‍ പേര്‍ഷ്യന്‍ ഗള്‍ഫുമാണ് അതിര്‍ത്തികള്‍. എണ്ണയാണ് ഈ രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗം. വരുമാനത്തിന്റെ സിംഹഭാഗവും സാമൂഹിക നന്മയ്ക്കായി വിനിയോഗിക്കുന്നു. സൗജന്യവിദ്യാഭ്യാസവും വൈദ്യസഹായവും ഇതില്‍ പ്പെടുന്നു. പുതുതായിട്ടാരംഭിക്കുന്ന വ്യവസായങ്ങളും ഏറെയാണ്. 1948-ല്‍ പാവപ്പെട്ട അപരിഷ്കൃത ജനവിഭാഗത്തിന്റെ രാജ്യമായിരുന്നു ഖത്തര്‍. എന്നാല്‍ 2011-ല്‍ ഇവിടത്തെ ഒരാളുടെ ശരാശരി വരുമാനം 102 യു.എസ്. ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഇത് ലോകത്തെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനത്തില്‍പ്പെടുന്നു.

സമുദ്രനിരപ്പില്‍ നിന്ന് ഏറെയൊന്നും ഉയരമില്ലാത്ത (ഏറ്റവും കൂടിയ ഉയരം 82 മീ.), പാറകള്‍ നിറഞ്ഞ ഒരു മരുഭൂമിയാണ് ഖത്തര്‍ ഉപദ്വീപ്. തെക്കുഭാഗത്തായി വിസ്തൃതമായ മണല്‍ക്കുന്നുകള്‍ കാണാം. വിസ്തീര്‍ണം: 11,437 ച.കി.മീ.; ജനസംഖ്യ: 16,99,435 (2010).

ഭൂപ്രകൃതി

ഖത്തര്‍ ഉപദ്വീപും മറ്റ് ഏതാനും ചെറുദ്വീപുകളും ഉള്‍ക്കൊള്ളുന്നതാണ് ഖത്തര്‍ രാജ്യം. മണലും പാറക്കെട്ടുകളും നിറഞ്ഞ തരിശാണ് രാജ്യത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളും. അതേസമയം ഈ പ്രദേശങ്ങളാകട്ടെ പെട്രോളിയവും പ്രകൃതിവാതകങ്ങളാലും സമ്പന്നവുമാണ്. ഹുലാല്‍, ഹവാര്‍ തുടങ്ങിയ ദ്വീപുകള്‍ ഖത്തറിന്റെ ഭാഗമാണ്. ചിത്രം:Screen0004.png

കാലാവസ്ഥ

ഉഷ്ണകാലാവസ്ഥയാണ് ഖത്തറിന്റെ സ്ഥായിയായ സവിശേഷത. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലം ചൂട് 55o വരെ ഉയരാറുണ്ട്. നവംബര്‍ മുതല്‍ മേയ് വരെ 17o വരെ താഴാറുണ്ട്. ശരാശരി 100 മി.മീ. മഴ വരെ പ്രതിവര്‍ഷം ലഭിക്കുന്നു. ശാന്തമായ അന്തരീക്ഷം പെട്ടെന്ന് മണല്‍ക്കാറ്റാല്‍ ദുസ്സഹമാകുന്നത് സ്വാഭാവികമാണ്. ഭൂഗര്‍ഭജലത്തില്‍ ധാതുക്കളുടെ അംശം വളരെ കൂടുതലാണ്. കടല്‍വെള്ളം ശുദ്ധീകരിച്ചാണ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.

ജനങ്ങള്‍

ഖത്തറിലെ തദ്ദേശീയരില്‍ ബഹുഭൂരിഭാഗവും സൗദി അറേബ്യയില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരാണ്. ഇസ്ലാമാണ് ഖത്തറിലെ ഔദ്യോഗികമതം. അറബിയാണ് ഔദ്യോഗിക ഭാഷ. തദ്ദേശീയര്‍ 100 ശതമാനവും മുസ്ലിങ്ങളാണ്. 4,14,696 പേര്‍ സ്ത്രീകളും 12,84,739 പേര്‍ പുരുഷന്മാരുമാണ്. തൊഴില്‍തേടി ലോകത്തെ ഇതരവിഭാഗങ്ങളില്‍നിന്നും ഒട്ടനവധി പുരുഷന്മാര്‍ എത്തുന്നതുമൂലമാണ് സ്ത്രീ-പുരുഷ അനുപാതത്തിലെ ഈ അന്തരം പ്രകടമാകുന്നത്.

സമ്പദ്ഘടന

വാണിജ്യകേന്ദ്രമായ വെസ്റ്റ് ബേ കെട്ടിട സമുച്ചയം

1930-കളുടെ മധ്യത്തോടെയാണ് ഖത്തറില്‍ ആദ്യമായി എണ്ണകണ്ടെത്തിയത്. അതിനുമുമ്പുവരെ മത്സ്യബന്ധനം, മുത്തുവാരല്‍, ഒട്ടകപ്രജനനം എന്നിവയായിരുന്നു ഇവിടത്തെ പ്രധാന വരുമാനമാര്‍ഗങ്ങള്‍. ദുഖാന്‍ എണ്ണപ്പാടത്തു നിന്നുള്ള എണ്ണ-കയറ്റുമതി 1949-ലാണ് ആരംഭിച്ചത്. 1964-ഓടെ രാജ്യത്തിന്റെ കിഴക്കുഭാഗത്തായി തീരത്തുനിന്നകന്നുള്ള ഒരു എണ്ണപ്പാടത്തില്‍ നിന്നുകൂടി കയറ്റുമതി ആരംഭിച്ചു. ഇന്ന് എണ്ണയുടെ പ്രതിവര്‍ഷോത്പാദനം ഉദ്ദേശം 25 ദശലക്ഷം ടണ്ണാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതകനിക്ഷേപം വടക്കു പടിഞ്ഞാറുള്ള ഖുഫ്ഫിലാണുള്ളത്.

ഖത്തര്‍ ഇന്ന് പുരോഗതിക്കായുള്ള പ്രയത്നത്തിലാണ്, സമ്പത്ത് നാനാകാര്യങ്ങള്‍ക്കായി ചെലവഴിക്കുന്നു. യന്ത്രവത്കൃത-മത്സ്യബന്ധനവും വന്‍തോതിലുള്ള ചെമ്മീന്‍ സംസ്കരണവും മൂലം മത്സ്യവ്യവസായം വളരെ അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി ഖത്തറില്‍ ഘനവ്യവസായങ്ങളും അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. സിമന്റ്, വളം, പെട്രോകെമിക്കല്‍ പ്ലാന്റുകള്‍ എന്നിവ 1968-74 കാലത്ത് ഉത്പാദനമാരംഭിച്ചു. ഈ രംഗത്ത് ഇന്നു ലോകത്ത് മുന്‍നിരയിലാണ് ഖത്തറിന്റെ സ്ഥാനം. ഒരു ഇരുമ്പുരുക്കുശാലയും കൂടുതല്‍ കെമിക്കല്‍ പ്ലാന്റുകളും, ഒരു അലുമിനിയം പ്ലാന്റും താമസിയാതെതന്നെ ആരംഭിക്കാന്‍ വേണ്ട നടപടികളെടുത്തു വരുന്നു.

പാര്‍പ്പിടനിര്‍മാണ പദ്ധതികള്‍ക്കായി വരുമാനത്തിന്റെ മുഖ്യ പങ്ക് ചെലവാക്കുന്ന ഖത്തറില്‍ ദുര്‍ലഭമായ ശുദ്ധജലത്തിന്റെ ലഭ്യതവര്‍ധിപ്പിക്കാനായി കടല്‍വെള്ളം ശുദ്ധിചെയ്യുന്ന ഡീ-സലൈനേഷന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏറെ ചെലവുവരുന്ന ഒരു പദ്ധതിയാണിത്. പവര്‍ സ്റ്റേഷനുകള്‍, റോഡുകള്‍, പുതിയ സര്‍ക്കാര്‍ മന്ദിരങ്ങള്‍, ഹോട്ടലുകള്‍, റേഡിയോ സ്റ്റേഷനുകള്‍, ദേശീയ-ടെലിവിഷന്‍ കേന്ദ്രങ്ങള്‍ എന്നിവ ഇവിടത്തെ മറ്റ് ആധുനിക സൗകര്യങ്ങളില്‍പ്പെടുന്നു. അല്‍-അറബ് ആണ് പ്രധാന ദിനപത്രം. അല്‍ദോഹ തുടങ്ങിയ അറബി മാസികകളും അല്‍-ഔറുബാ തുടങ്ങിയ അറബി വാരികകളും ഗള്‍ഫ് ന്യൂസ് എന്ന ഇംഗ്ലീഷ് വാരികയും ഇവിടത്തെ മുഖ്യ പ്രസിദ്ധീകരണങ്ങളാണ്.

1996-ല്‍ ഖത്തറില്‍ അല്‍ജസീറ സാറ്റലൈറ്റ് ടെലിവിഷന്‍ കേന്ദ്രം സ്ഥാപിതമായി. വിവാദപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലൂടെ ഈ ടെലിവിഷന്‍കേന്ദ്രം അധികം വൈകാതെ ലോകശ്രദ്ധ പിടിച്ചുപറ്റി. പ്രധാനമായും അറബ് ലോകത്തെ പ്രശ്നങ്ങളായിരുന്നു ഈ കേന്ദ്രം കൈകാര്യം ചെയ്തിരുന്നത്. അല്‍ ഖായിദാ നേതാവ് ഒസാമ ബില്‍ലാദന്റെ റെക്കോഡുചെയ്ത പ്രസ്താവനകള്‍ സംപ്രേക്ഷണം ചെയ്തതിലൂടെ 2001-ല്‍ ഈ ടെലിവിഷന്‍കേന്ദ്രം പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി.

1969-ല്‍ പണി പൂര്‍ത്തിയായ ദോഹയിലെ ആധുനിക തുറമുഖമാണ് ഇന്ന് ഖത്തറിലുള്ളതില്‍ മുഖ്യമായത്. പണി തീര്‍ന്ന മെഷിനറിയും മറ്റു സാധനങ്ങളും, ടെലി-കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍, വാഹനങ്ങള്‍, മറ്റ് ആഡംബരവസ്തുക്കള്‍ എന്നിവയാണ് പ്രധാനമായി ഇറക്കുമതിചെയ്യപ്പെടുന്നവ.

കിണറുകള്‍ക്കും ഡീ-സലൈനേഷന്‍ പ്ലാന്റുകള്‍ക്കും ചുറ്റിനുമായി വികാസം പ്രാപിച്ചിരുന്ന കൃഷിഭൂമിയുടെ വിസ്തൃതി 1960 മുതല്‍ പത്തു മടങ്ങായി വര്‍ധിച്ചിരിക്കുന്നു. ഇതില്‍ പകുതി സ്ഥലത്തും തീറ്റപ്പുല്‍ക്കൃഷിയാണ് നടക്കുന്നത്. മറ്റു വിളകളില്‍ പ്രധാനം ഈത്തപ്പഴവും പച്ചക്കറികളുമാണ്. ആട് (കോലാടും ചെമ്മരിയാടും), ഒട്ടകം, കോഴികള്‍, എന്നീ ജന്തുക്കളെയും ധാരാളമായി വളര്‍ത്തുന്നുണ്ട്.

വിദ്യാഭ്യാസം

സമീപകാലത്ത് വിദ്യാഭ്യാസമേഖലയില്‍ വന്‍ പുരോഗതി കൈവരിച്ച രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍. വിദ്യാസമ്പന്നരില്‍ സ്ത്രീകളാണ് മുമ്പന്തിയില്‍. ഭൂരിപക്ഷം സ്ത്രീകളും ബിരുദധാരികളാണ്. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയവ പാഠ്യഭാഷകളാണ്. ഖത്തര്‍ സര്‍വകലാശാല ലോകനിലവാരമുള്ള ഉന്നത വിദ്യാഭ്യാസകേന്ദ്രമാണ്. കൂടാതെ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ പ്രമുഖ സര്‍വകലാശാലകള്‍ക്കും ഇവിടെ കേന്ദ്രങ്ങളുണ്ട്. ജനങ്ങളില്‍ 86 ശതമാനവും സാക്ഷരരാണ്.

സംസ്കാരം

അറബ്-ഇസ്ലാമിക സംസ്കാരത്തെ പിന്‍പറ്റിയുള്ള ആചാരരീതികളാണ് ഖത്തറിലേത്. വസ്ത്രധാരണം, ഭക്ഷണം, അഭിവാദ്യം, വിവാഹച്ചടങ്ങുകള്‍ തുടങ്ങി എല്ലാറ്റിലും ഈ സ്വാധീനം കാണാം. ഇസ്ലാം സ്ത്രീകള്‍ക്കനുവദിച്ച എല്ലാ സ്വാതന്ത്യ്രവും ആസ്വദിക്കുന്ന സ്ത്രീകളാണ് ഖത്തറിലേത്. സൗദി അറേബ്യയെ അപേക്ഷിച്ച് അത്രമേല്‍ കടുത്ത നിബന്ധനകള്‍ ഖത്തറിലില്ല. എല്ലാ മതവിശ്വാസികള്‍ക്കും രാജ്യത്ത് ആരാധനാസ്വാതന്ത്യ്രമുണ്ട്. എല്ലാ ക്രിസ്തുമതസഭകള്‍ക്കും ഇവിടെ പള്ളികളുണ്ട്.

ആരോഗ്യം

കോര്‍ണല്‍ സര്‍വകലാശാലയുടെ അംഗീകാരമുള്ള ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്എംസി) എന്ന സ്ഥാപനമാണ് ഖത്തറിലെ ആരോഗ്യമേഖയിലെ പ്രധാന സേവന ദാതാവ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ സുപ്രീം ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിനു കീഴിലും അത്യാഹിതവിഭാഗങ്ങള്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ കീഴിലുമാണ് പ്രവര്‍ത്തിക്കുന്നത്. സ്വദേശികള്‍ക്ക് ചികിത്സയ്ക്കായി സര്‍ക്കാര്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ അനുവദിച്ചിട്ടുണ്ട്. വിദേശികള്‍ക്ക് ഇന്‍ഷ്വറന്‍സ്വ്യവസ്ഥയില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണെന്നു പറയാം. അതേസമയം മരുന്നുകളുടെ വില താരതമ്യേന ഉയര്‍ന്നതാണ്. വിദേശികള്‍ക്ക് ആരോഗ്യപരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഗതാഗതം

രാജ്യത്തെ എല്ലാ മേഖലകളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള റോഡ് ഗതാഗതമാണ് ഖത്തറിന്റെ പ്രധാന ഗതാഗതമാര്‍ഗം. സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന സല്‍വാറോഡ്, അല്ഖോര്‍ റോഡ്, ദുഖാന്‍ റോഡ്, ഷമാല്‍ റോഡ് തുടങ്ങിയവയാണ് പ്രധാന ദേശീയപാതകള്‍. ഖത്തറില്‍ റെയില്‍ ഗതാഗതമില്ല. ട്രക്കുകളിലും കപ്പലുകളിലും വിമാനത്തിലുമാണ് ചരക്കുകള്‍ എത്തിക്കുന്നത്. രാജ്യത്ത് ആകെ ഒരു അന്താരാഷ്ട്രവിമാനത്താവളവും അഞ്ച് തുറമുഖങ്ങളുമുണ്ട്. തലസ്ഥാനമായ ദോഹ ഒഴികെയുള്ള തുറമുഖങ്ങള്‍ എണ്ണ കയറ്റുമതിക്കു മാത്രമാണ് ഉപയോഗിച്ചുവരുന്നത്. ഖത്തര്‍ എയര്‍വേസാണ് രാജ്യത്തെ ദേശീയ വിമാനക്കമ്പനി.

വിനോദസഞ്ചാരകേന്ദ്രങ്ങള്‍

വിനോദസഞ്ചാരകേന്ദ്രമായ പേള്‍ ഖത്തര്‍

നഗരത്തില്‍ മൂന്നുഭാഗവും കടലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ദോഹാനഗരത്തിലെ കടല്‍ത്തീരം കോര്‍ണീഷ് എന്നാണ് അറിയപ്പെടുന്നത്. മനോഹരമായ ഈ കടല്‍ത്തീരം വിദേശികളെയും തദ്ദേശീയരെയും ഒരുപോലെ ആകര്‍ഷിക്കുന്നു. കുടുംബങ്ങള്‍ക്ക് ഒരുമിച്ച് ഉല്ലസിക്കാനും വ്യായാമം ചെയ്യാനും സൗകര്യങ്ങളുള്ള അസ്പെയര്‍ സോണ്‍, തെളിഞ്ഞ നീല ജലമുള്ള അതിമനോഹരമായ കടല്‍ത്തീരമായ വകറ ബീച്ച്, കുതിരസവാരിക്കും പന്തയത്തിനും സൗകര്യങ്ങളുള്ള ഫുറൂസിയ, സാഹസിക വിനോദത്തിന് പേരുകേട്ട എന്‍ഡ്യൂറന്‍സ് വില്ലേജ്. (മരുഭൂമിയുടെ ഉള്ളറകളിലൂടെയുള്ള യാത്രയാണ് എന്‍ഡ്യൂറന്‍സ് വില്ലേജിന്റെ പ്രത്യേകത. ഒരേ സമയം 41,000 പേരെ ആതിഥേയത്വം വഹിക്കാന്‍ കഴിയുന്നത്ര വലിയ സജ്ജീകരണങ്ങളുള്ളതുമാണ്.) കടല്‍ നികത്തി കൃത്രിമമായി നിര്‍മിച്ചതുമായ പേള്‍ ഖത്തര്‍ തുടങ്ങിയവയാണ് ഖത്തറിലെ പ്രധാന ആകര്‍ഷകകേന്ദ്രങ്ങള്‍.

ചരിത്രം

10-ാം ശതകത്തിലെ അറബിസാഹിത്യത്തിലാണ് ആദ്യമായി ഖത്തറിനെക്കുറിച്ചു പരാമര്‍ശിക്കുന്നത്. 1783-ല്‍ ഇവിടം പേര്‍ഷ്യനാക്രമണത്തിനു വിധേയമായി. അതിനുശഷം ബഹറീന്റെ ഒരു ആശ്രിതരാജ്യമായിത്തീര്‍ന്നു. 1867-ല്‍ ഖത്തറും ബഹറീനുമായി യുദ്ധമാരംഭിച്ചു. ഇന്നത്തെ ഭരണവംശമായ അല്‍ ഥാനിയയെ 1868-ല്‍ ബ്രിട്ടനാണ് ഖത്തറില്‍ കുടിയിരുത്തിയത്.

1872-ല്‍ ഖത്തര്‍ ഓട്ടോമന്‍ തുര്‍ക്കി സാമ്രാജ്യത്തിന്റെ നാമമാത്രാധീനതയിലായി. എന്നാല്‍ 1914-ഓടെ തുര്‍ക്കിയുടെ സ്വാധീനം ഇവിടെ അസ്തമിച്ചു. 1916-ല്‍ ഖത്തര്‍ ബ്രിട്ടനുമായി ഒരു സൗഹാര്‍ദ ഉടമ്പടി ഒപ്പുവയ്ക്കുകയും അതിന്‍പ്രകാരം ഒരു ബ്രിട്ടീഷ്-സംരക്ഷിത സംസ്ഥാനമായിത്തീരുകയും ചെയ്തു.

1971 സെപ്തംബറില്‍ ഉടമ്പടി അവസാനിപ്പിച്ച് ഒരു സ്വതന്ത്രരാഷ്ട്രമാകാന്‍ ഖത്തര്‍ തീരുമാനമെടുത്തു. ഇതിന്റെ ഫലമായി ഗള്‍ഫില്‍നിന്ന് ബ്രിട്ടന്‍ പിന്‍വാങ്ങി. 1971-ല്‍ജന്മംകൊണ്ട യുണൈറ്റഡ് ആരബ് എമിറേറ്റ്സ് എന്ന ഫെഡറേഷനില്‍ ചേരുന്നതിനും ഖത്തര്‍ താത്പര്യം കാണിച്ചില്ല. 1995-ല്‍ അമീര്‍ ഖലീഫ ബിന്‍ ഹമദ് അല്‍ഥാനി സ്വിറ്റ്സര്‍ലണ്ടില്‍ അവധിക്കാലം ചെലവിട്ടപ്പോള്‍ അദ്ദേഹത്തിന്റെ മകനും കിരീടാവകാശിയുമായ ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തു. തുടര്‍ന്ന് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയുടെ നേതൃത്വത്തിലാണ് ഖത്തര്‍ അദ്ഭുതപൂര്‍വമായ പുരോഗതി കൈവരിച്ചത്. ക്രമേണ 2003-ല്‍ പുതിയ ഭരണഘടനയും ആഗോളവത്കരണ നയപരിപാടികളുമായി അനുരഞ്ജനപ്പെട്ടുള്ള ഉദാരവത്കരണനയങ്ങളും ഇദ്ദേഹം രാജ്യത്ത് നടപ്പാക്കി. സ്ത്രീകള്‍ക്ക് പൊതുജീവിതത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യവും പങ്കാളിത്തവും അനുവദിച്ചു. ദൃശ്യമാധ്യമരംഗത്തും നവമാധ്യമ/ഇലക്ട്രോണിക്സ് മാധ്യമരംഗത്തും അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധേയമായ അല്‍ജസീറ ടെലിവിഷന്‍ ആരംഭിച്ചത് ഹമദ്ബിന്‍ ഖലീഫ അല്‍ഥാനിയാണ്.

ഭരണസംവിധാനം

ഖുര്‍ ആനും നബിചര്യയുമാണ് ഭരണഘടനയ്ക്കടിസ്ഥാനം. അമീര്‍ ആണ് രാഷ്ട്രത്തലവനും ഭരണത്തലവനും. ഇദ്ദേഹത്തെ സഹായിക്കുന്നതിനായി മന്ത്രിസഭയും മജ്ലിസും (പാര്‍ലമെന്റ്) ഉണ്ട്. ഇവ രണ്ടിലേക്കുമുള്ള അംഗങ്ങളെ അമീര്‍തന്നെ നാമനിര്‍ദേശം ചെയ്യുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് സൗദിയില്‍ നിന്നെത്തിയ അല്‍ഥാനി രാജകുടുംബത്തിനാണ് പരമ്പരാഗതമായി ഖത്തറിന്റെ ഭരണം സിദ്ധിച്ചിട്ടുള്ളത്. അമീര്‍ തന്റെ മൂത്തപുത്രനെയാണ് സാധാരണഗതിയില്‍ കിരീടാവകാശിയായി പ്രഖ്യാപിക്കുന്നത്. അമീറിന് പുത്രന്മാരില്ലെങ്കില്‍ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത രക്തബന്ധമുള്ള പുരുഷനെ കിരീടാവകാശിയായി പ്രഖ്യാപിക്കുന്നു. അമീറിന്റെ മരണത്തോടെ കിരീടാവകാശി അടുത്ത അമീറായി അധികാരമേല്ക്കുന്നു. 2003 ജൂല. 13-ന് നടന്ന അഭിപ്രായവോട്ടെടുപ്പിലൂടെയാണ് നിലവിലെ ഭരണഘടനയ്ക്കു അംഗീകാരം ലഭിച്ചത്. ഷെയ്ഖ് ബിന്‍ ഖലീഫ അല്‍ഥാനിയാണ് നിലവിലെ (2012) അമീര്‍. ഇദ്ദേഹത്തിന്റെ ആദ്യ മൂന്ന് ആണ്‍മക്കളും കിരീടാവകാശം വേണ്ടെന്നുവച്ചതിനാല്‍ നാലാമത്തെ മകനായ ഷെയ്ഖ് തമീം ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയാണ് നിലവിലത്തെ കിരീടാവകാശിയും ഡെപ്യൂട്ടി അമീറും.

ഭരണസൗകര്യാര്‍ഥം രാജ്യത്തെ 10 മുനിസിപ്പാലിറ്റികളായി വേര്‍തിരിച്ചിരിക്കുന്നു. വോട്ടെടുപ്പിലൂടെയാണ് ജനങ്ങള്‍ മുനിസിപ്പാലിറ്റികളിലേക്കുള്ള അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാറുള്ളത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%96%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍