This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ഷേമേന്ദ്രന്‍ (11-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ഷേമേന്ദ്രന്‍ (11-ാം ശ.)

കാശ്മീരി കവി, കാവ്യശാസ്ത്രകാരന്‍, നാടകകൃത്ത്, ധര്‍മമീമാംസകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച പ്രാചീന ആലങ്കാരികന്‍. ക്രി.വ. 11-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു. വ്യാസദാസന്‍ എന്നും പേരുണ്ട്. ക്ഷേമേന്ദ്രന്റെ സാഹിത്യഗുരുവാണ് അഭിനവ ഗുപ്തന്‍.

മുപ്പതിലേറെ കൃതികളുടെ രചയിതാവാണിദ്ദേഹം. രാമായണം, മഹാഭാരതം, ബൃഹത്കഥ എന്നിവ സംക്ഷേപിച്ചിരിക്കുന്നു. കാവ്യശാസ്ത്രം, നാടകം എന്നീ ശാഖകളില്‍പ്പെട്ട കൃതികളും രചിച്ചിട്ടുണ്ട്. കവികണ്ഠാഭരണം, സുവൃത്തതിലകം, ഔചിത്യവിചാരചര്‍ച്ച എന്നീ മൂന്ന് കാവ്യശാസ്ത്രകൃതികളാണ് മുഖ്യകൃതികള്‍.

കവികള്‍ ഏതെല്ലാം തരത്തിലുള്ള പരിശീലനങ്ങള്‍ നേടണം എന്ന് വിവരിക്കുന്ന കവിശിക്ഷ ആണ് കവികണ്ഠാഭരണം. അഞ്ചു സന്ധികളും അമ്പത്തിയഞ്ചുകാരികകളും ഉള്ള ഒരു ലഘു കൃതിയാണിത്. പ്രയത്നത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം കവികളെ അല്പപ്രയത്ന സാധ്യന്‍, കൃച്ഛറസാധ്യന്‍, അസാധ്യന്‍ എന്ന് മൂന്നായി തരം തിരിക്കുന്നു. പരകീയാശയങ്ങള്‍ ഒരു കവി സ്വീകരിക്കേണ്ടരീതിയെ കുറിച്ചും ഇതില്‍ വിവരിക്കുന്നുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ പരകവിയുടെ ആശയത്തോട് അടുപ്പമുള്ള ആശയങ്ങള്‍ കൈക്കൊള്ളുന്ന കവിയെ 'ഛായോപജീവി' എന്നും, ഒരു പദം മാത്രം കൈക്കൊള്ളുന്നവനെ പദോപജീവിയെന്നും പദ്യത്തിലെ ഒരു വരി മുഴുവന്‍ സ്വീകരിക്കുന്നതിനെ പദകോപജീവി എന്നും കവിത മുഴുവന്‍ അങ്ങനെ തന്നെ സ്വീകരിക്കുന്നത് സകലോപജീവി എന്നും ആര്‍ക്കും എന്തും എടുക്കാവുന്ന തരത്തിലുള്ള ആശയങ്ങള്‍ പ്രതിപാദിക്കുന്ന കവി ഭുവനോപജീവ്യനുമാണെന്നും കവികളെ അദ്ദേഹം തരം തിരിച്ചിട്ടുണ്ട്. കവിതയുടെ സര്‍വസ്വമായ ചമത്കാരത്തെകുറിച്ച് വിശദീകരിച്ചിട്ടുണ്ട്. കവിത അവിചാരിതരമണീയവും, വിചാരരമണീയവുമാകാം. പദം, അര്‍ഥം, പ്രബന്ധം എന്നിങ്ങനെ പലതും ചമത്കാരത്തിന് അടിസ്ഥാനമാണ്. ശബ്ദം, അര്‍ഥം, രസം എന്നിവയില്‍ സംഭവിക്കാവുന്ന ഗുണങ്ങളും ദോഷങ്ങളും ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഒരു കവി ഏതെല്ലാം തരത്തിലുള്ള ജ്ഞാനവിജ്ഞാനങ്ങള്‍ സമ്പാദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. അറിയപ്പെടുന്ന സകല വിജ്ഞാനങ്ങളും കവിക്കുണ്ടായിരിക്കണം. സൈദ്ധാന്തികമായി ഈ കൃതിക്കു വലിയപ്രാധാന്യം ഇല്ലെങ്കിലും പ്രായോഗിക കാര്യങ്ങളുടെ പ്രതിപാദനം ശ്രദ്ധേയമാണ്.

വൃത്തങ്ങളുടെ നിര്‍വചനം ഉള്‍ക്കൊള്ളുന്ന സുവൃത്തതിലകം ഛന്ദശ്ശാസ്ത്രത്തിലെ ഒരു പ്രാഥമിക ഗ്രന്ഥമാണ് . വൃത്തം പ്രയോഗിക്കുന്നതില്‍ ദീക്ഷിക്കേണ്ട ഔചിത്യം ഇതില്‍ വിവരിച്ചിരിക്കുന്നു. ഭാവാനുരോധമായിരിക്കണം വൃത്തം തിരഞ്ഞെടുക്കേണ്ടത്. കവിതയില്‍ സംഭവിക്കുന്ന നിയതമായ താളത്തിന്റെ ഫലമാണ് വൃത്തം.

അനന്തരാജനൃപതിയുടെ കാലത്ത് ശ്രീവിജയേശരാജാവായ ഉദയസിംഹന്റെ താത്പര്യപ്രകാരം രചിച്ച കൃതിയാണ് ഔചിത്യവിചാരചര്‍ച്ച. കാരിക, വൃത്തി, ഉദാഹരണം പ്രത്യുദാഹരണം എന്ന രീതിയിലാണ് ഈ കൃതി പ്രതിപാദിച്ചിരുന്നത്. അലങ്കാരത്തിനും ഗുണത്തിനും ഭംഗി വേണമെങ്കില്‍ ഔചിത്യം കൂടിയേ കഴിയൂ. ഔചിത്യം, കവിതയില്‍ എവിടെ എങ്ങനെയെല്ലാം വരുമെന്നും, വരണമെന്നും ക്ഷേമേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. കവി, കവിത, വ്യാകരണം, മീമാംസ, ലോകതന്ത്രം എന്നിവയോടു നേരിട്ടു ബന്ധപ്പെട്ട 27 ഔചിത്യസ്ഥാനങ്ങള്‍ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. 39 കാരികകളും 105 ഉദാഹരണസ്ലോകങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഔചിത്യവിചാരചര്‍ച്ച വളരെയേറെ പ്രയോജനപ്പെടുന്ന കൃതിയാണ്. 'ഔചിത്യം' എന്നാലെന്ത് എന്ന നിര്‍വചിക്കുകയും ഇതിനു കവിതയിലുള്ള സ്ഥാനത്തെയും ഈ കൃതിയില്‍ വിശദീകരിക്കുന്നു. ഒരു വസ്തു വേറൊന്നിനോടു പൊരുത്തപ്പെട്ടാല്‍ ഉചിതമായി. 'ഉചിതം' എന്ന സ്ഥിതിയാണ് 'ഔചിത്യം'. സ്ഥലകാലസന്ദര്‍ഭങ്ങള്‍ ഔചിത്യനിയാമക ഘടകങ്ങളാണ്. സ്ഥാനസ്ഥിതത്വമാണ് ഔചിത്യത്തിന്റെ മര്‍മം. കാവ്യത്തിന് ചമത്ക്കാരം ഉളവാക്കുന്ന തത്ത്വമാണ് ഔചിത്യം. കാവ്യാത്മാവായ രസത്തിന്റെ ജീവനും അതുതന്നെ. ഔചിത്യം ലേശംപോലും സ്പര്‍ശിക്കാത്ത കാവ്യത്തില്‍ അലങ്കാരവും ഗുണവും കാണില്ല. ഉചിതസ്ഥാനത്തു വിന്യസിക്കുമ്പോഴാണ് അലങ്കാരം അലങ്കാരമാകുന്നത്. ഗുണം ഗുണമാകുന്നതും. രസസിക്തമായ കാവ്യത്തിന്റെ സ്ഥിരമായ ജീവിതം ഔചിത്യമാണ്. സ്ഥാനം തെറ്റി വിന്യസിച്ചാല്‍ സംഭവിക്കുന്ന പരിഹാസ്യതയും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

(ഡോ. എസ്. ജയകുമാരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍