This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ഷേത്രജ്ഞന്‍ (17-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ഷേത്രജ്ഞന്‍ (17-ാം ശ.)

ഭാരതീയ സംഗീതജ്ഞനും കവിയും. പദം എന്ന സംഗീതരൂപത്തിന്റെ പിതാവായ ക്ഷേത്രജ്ഞന്‍ ക്ഷേത്രയ്യ, ക്ഷത്രിയുലു എന്നീ പേരുകളിലും അറിയപ്പെടുന്നു. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള മൂവ്വ എന്ന ഗ്രാമത്തില്‍ ജനിച്ചു. വരദയ്യ എന്നായിരുന്നു യഥാര്‍ഥ പേര്. ചെറുപ്പത്തില്‍ത്തന്നെ സംഗീതത്തിലും സാഹിത്യത്തിലും അറിവുസമ്പാദിച്ചു. നാട്ടിലുള്ള ആരാധനാമൂര്‍ത്തിയായ ഗോപാലന്റെ ഭക്തനായിരുന്ന ക്ഷേത്രജ്ഞന് ഭഗവാന്‍ ദര്‍ശനം നല്കി അനുഗ്രഹിച്ചു വിജ്ഞാനിയാക്കി എന്നാണ് ഐതിഹ്യം. ഗാനരചനകളില്‍ മൂവ്വഗോപാല എന്ന പേരാണ് പൊതുവില്‍ ചേര്‍ത്തു കാണുന്നത്. കാഞ്ചിവരദ, ശെവ്വന്തിലിംഗ എന്നീ പേരുകളും ചില കൃതികളില്‍ ചേര്‍ത്തിട്ടുണ്ട്. കാഞ്ചീപുരം, ശ്രീശൈലം, തിരുപ്പതി, മധുര, ചിദംബരം, ഹേമകൂടം, തിരുവാളൂര്‍ തുടങ്ങി അക്കാലത്തെ പ്രസിദ്ധമായ ക്ഷേത്രങ്ങളെല്ലാം സന്ദര്‍ശിക്കുകയും അവയെക്കുറിച്ച് ഗാനങ്ങള്‍ രചിക്കുകയും ചെയ്തതിനാലാണ് ഇദ്ദേഹത്തിന് ക്ഷേത്രജ്ഞന്‍ എന്ന പേരു ലഭിച്ചത്. സംസ്കൃതത്തിലും തെലുഗുവിലും പരിജ്ഞാനം നേടിയിരുന്ന ഇദ്ദേഹം തഞ്ചാവൂര്‍, മധുര, ഗോല്‍ക്കൊണ്ട എന്നിവിടങ്ങളിലെ രാജദര്‍ബാറുകളില്‍ ഗാനാലാപനം നടത്തി പണ്ഡിതന്മാരുടെ പ്രശംസയും ആദരവും സമ്പാദിച്ചു. തഞ്ചാവൂര്‍ രാജാവായ വിജയരാഘവനായ്ക്കനെക്കുറിച്ച് ഇദ്ദേഹം രചിച്ച അഞ്ചു പദങ്ങള്‍ ക്ഷത്രീയപഞ്ചരത്നം അഥവാ വിജയരാഘവപഞ്ചരത്നം എന്ന് അറിയപ്പെടുന്നു.

കീര്‍ത്തനരചനയില്‍ ത്യാഗരാജനും പുരന്ദരദാസനുമൊപ്പം ക്ഷേത്രജ്ഞന് സ്ഥാനമുണ്ട്. അന്നമാചാര്യ(15-ാം ശ.)യുടെ ശൃംഗാരസങ്കീര്‍ത്തനലുവാണ് പദങ്ങളുടെ രചനയ്ക്ക് ഇദ്ദേഹത്തിന് പ്രേരകങ്ങളായിരുന്നത്. ലഭ്യമായിട്ടുള്ള 400-ഓളം ഗാനകൃതികളില്‍ പലതും ആഹിരി, ഘണ്ട, സൈന്ധവി, കാപി തുടങ്ങിയ രാഗങ്ങളിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. നൃത്താഭിനയത്തിന് ഏറ്റവും പറ്റിയ ത്രിപുട താളത്തിലാണ് പദങ്ങള്‍ അധികവും. അതിനാല്‍ ഈ കൃതികള്‍ വായിച്ചാസ്വദിക്കാനും പാടിരസിക്കാനും അഭിനയിച്ചു ഫലിപ്പിക്കാനും പറ്റിയവയാണ്. പരമാത്മാവില്‍ ലയിക്കാനുള്ള ജീവാത്മാവിന്റെ കാംക്ഷ, നായകസവിധത്തിലണയാനുള്ള നായികയുടെ ദാഹം എന്നിവ ഈ പദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. ക്ഷേത്രജ്ഞന് ചെറുപ്പത്തില്‍ നര്‍ത്തകിയായ ഒരു കൂട്ടുകാരി ഉണ്ടായിരുന്നുവെന്നും പിന്നീട് അവരെ പിരിയേണ്ടിവരുന്നുവെന്നും അവരെക്കുറിച്ചുള്ള ഭക്ത്യാദരങ്ങളും സ്നേഹബഹുമാനങ്ങളുമാണ് ഗാനങ്ങളില്‍ പ്രതിഫലിക്കുന്നതെന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

1862-ല്‍ മദ്രാസില്‍ പ്രസിദ്ധീകരിച്ച ക്ഷേത്രയ്യ പദമുലുവില്‍ 228 ഭാവഗീതങ്ങളുണ്ട്. 1950-ല്‍ ആന്ധ്രയില്‍ ഗാനകലാപരിഷത്ത് പ്രസിദ്ധീകരിച്ച ക്ഷേത്രയ്യ പദമുലുവിലാകട്ടെ 330 പദങ്ങളാണുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍