This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ഷീരബല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ഷീരബല

ക്ഷീര(പാല്‍)വും ബല(കുറുന്തോട്ടി)യും ചേര്‍ത്തുണ്ടാക്കുന്ന ഒരു തൈലയോഗം. ആര്യ വൈദ്യ-ആയുര്‍വേദ-ചികിത്സയില്‍ പ്രധാനപ്പെട്ട ഒരു ഔഷധയോഗമാണ് ക്ഷീരബല. 16 പലം കുറുന്തോട്ടിവേരു ചതച്ച് 16 ഇടങ്ങഴി വെള്ളത്തില്‍ കഷായം വച്ച് നാലിടങ്ങഴിയാക്കി വറ്റിച്ച് അരിച്ചെടുത്ത കഷായത്തില്‍ നാല് പലം കുറുന്തോട്ടി വേര് അരച്ചുകലക്കി നാല് നാഴി എള്ളെണ്ണയും നാല് ഇടങ്ങഴി പശുവിന്‍ പാലും ചേര്‍ത്തുകാച്ചി മെഴുകുപരുവത്തിലരിച്ചെടുക്കണം. എള്ളെണ്ണയ്ക്കു സമമായി പശുവിന്‍പാലും ചേര്‍ത്ത് ഈ യോഗം തയ്യാറാക്കാറുണ്ട്. ഇപ്രകാരം മെഴുകുപാകത്തിലരിച്ചെടുത്ത തൈലത്തില്‍ കുറുന്തോട്ടിക്കഷായവും പശുവിന്‍പാലും മുകളില്‍ പറഞ്ഞ ക്രമത്തില്‍ ചേര്‍ത്ത് ആവര്‍ത്തിച്ച് ക്ഷീരബലതൈലം തയ്യാറാക്കുന്നു. ഇങ്ങനെയുള്ള ആവൃത്തി ആയിരം തവണവരെയാകാം. കൂടുതല്‍ ആവര്‍ത്തിക്കുന്തോറും ഫലവും കൂടുതലായിക്കാണുന്നുണ്ട്. സാധാരണയായി. 3,7,14, 21, 41, 101 എന്നീ ക്രമത്തിലുള്ള ആവര്‍ത്തനങ്ങളാണ് ലഭിക്കുന്നത്.

ഇത് ധാര, പിഴിച്ചില്‍, സ്നേഹവസ്തി, ശിരോവസ്തി, നസ്യം, അഭ്യംഗം എന്നിങ്ങനെ രോഗാനുസാരേണ അകത്തും പുറത്തും ഉപയോഗിക്കാവുന്നതാണ്. ആവര്‍ത്തിച്ച ക്ഷീരബല അദ്ഭുതഗുണമുള്ളതായി കണ്ടുവരുന്നു. തലവേദന, തലച്ചുറ്റ്, ചെവിയടപ്പ്, ചെവിയില്‍കുത്തി നോവ്, മൂക്കടപ്പ്, കണ്ണിലിരുട്ടുതോന്നുക, ഞരമ്പുകള്‍ കഴയ്ക്കുക, ഞരമ്പുകള്‍ വലിക്കുക, അസ്ഥികള്‍ വളയുക, മുഴയ്ക്കുക, മാംസപേശികള്‍ ചുരുളുക (ചുരുങ്ങുക), കൈകാലുകള്‍ കഴയ്ക്കുക, ദേഹം വിളര്‍ക്കുക, തല, കൈകാല് ഇവ വിറയ്ക്കുക, വെട്ടല്‍ ഉണ്ടാകുക, ഉരുണ്ടു കയറുക, അംഗങ്ങള്‍ക്കു ചേഷ്ടയില്ലാതാകുക, തളരുക, ദേഹം നുറുങ്ങിനോവുക, അംഗങ്ങളെ എടുത്തെറിയുന്നതുപോലെ തോന്നുക, സന്ധികള്‍ വിട്ടുപോകുന്നതുപോലെ തോന്നുക, മലമൂത്രങ്ങള്‍ തടയുക, പഞ്ചേന്ദ്രിയങ്ങള്‍ക്കു ശക്തിയില്ലാതാകുക, വയറ്റില്‍ വായു ഉരുണ്ടുനടക്കുക, ഉറക്കമില്ലാതാകുക, ശരീരത്തില്‍ ശൈത്യം അനുഭവപ്പെടുക, ദേഹം മുഴുവന്‍ പുകച്ചില്‍ തോന്നുക, വായ് വരളുക, ശബ്ദിക്കാന്‍ നിവൃത്തിയില്ലാതാവുക, കൈകാലുകള്‍ ശോഷിക്കുക, വായ് തുറക്കാന്‍ പാടില്ലാത്തവിധം അണകള്‍ കൂടിപ്പോവുക, തരിക്കുക, തലയ്ക്കു മരവിപ്പുണ്ടാകുക, മുഖം കോടുക, ഒരു വശം സ്തംഭിക്കുക, കഫംകൊണ്ടു ശ്വാസനാളം അടയുക, സംജ്ഞാവാഹിനികളുടെ തകരാറുകൊണ്ടു ബോധമില്ലാതാകുക, തുടകള്‍ സ്തംഭിക്കുക, ശരീരം തടിപോലെ നിശ്ചേഷ്ടമായിപ്പോവുക, തൊലിമുരിഞ്ഞിളകുക, സന്ധികളില്‍ നീര്‍ക്കെട്ടുണ്ടാവുക, കൈകാല്‍ മുടങ്ങുക മുതലായി വാതവ്യാധിയുടെ എല്ലാ അവസ്ഥകളിലും ക്ഷീരബല ഉപയോഗിക്കാവുന്നതാണ്. പ്രത്യേകിച്ചും പക്ഷാഘാതം, അര്‍ദിതം, അപതാനകം, അപബാഹുകം, ആന്തരായാമം, ബാഹ്യയാമം ഗൃധ്രസിവാതരക്തം മുതലായ കഠിങ്ങളായ വാതരോഗങ്ങളിലും ഇതിന്റെ ഉപയോഗം ഫലപ്രദമാണ്. ഭ്രാന്ത്, അപസ്മാരം, മര്‍മാഘാതം എന്നിവയിലും ഹിതമാണ്. ശരീരപുഷ്ടി ഉണ്ടാകുന്ന ഒരു രസായനവുമാണിത്. കേവല വാതരോഗത്തില്‍ ചൂടാക്കിയും രക്തവാതത്തില്‍ ചൂടാക്കാതെയും ഉപയോഗിക്കാം. ആവര്‍ത്തന ക്രമമനുസരിച്ച് ഉള്ളില്‍ കൊടുക്കുന്ന മാത്രയിലും അതോടൊപ്പമുള്ള അനുപാതങ്ങളിലും പഥ്യാനുഷ്ഠാനങ്ങളിലും വ്യത്യാസമേറും.

(ഡോ. സി.പി.ആര്‍. നായര്‍, ഡോ. പി.എസ്. ശ്യാമളകുമാരി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8D%E0%B4%B7%E0%B5%80%E0%B4%B0%E0%B4%AC%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍