This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ഷാരീയമൈതാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ഷാരീയമൈതാനം

Alkali Flat

ശുഷ്ക-അര്‍ധശുഷ്ക (arid, semi arid) മേഖലകളില്‍ രൂപംകൊള്ളുന്ന സവിശേഷ സമതലങ്ങള്‍, ഉപരിതലത്തിലെ ഘനപടലങ്ങള്‍ ആല്‍ക്കലിലവണങ്ങളാല്‍ നിറഞ്ഞതായിരിക്കുമെന്നതാണ് ഇവയുടെ സവിശേഷത. മരുപ്രകൃതി (desert climate) അനുഭവപ്പെടുന്ന തടപ്രദേശങ്ങളുടെ ഏറ്റവും താഴത്തെ അരികിലായാണ് ക്ഷാരീയമൈതാനം അവസ്ഥിതമായിക്കാണുന്നത്. ശുഷ്ക-പ്രദേശങ്ങളില്‍ അപൂര്‍വമായി മാത്രം ഉണ്ടാകുന്ന പേമാരികളുടെ ഫലമായോ ആന്തരാപവാഹക്രമം (internal drainage) ഉള്ള ജലപ്രവാഹങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകുന്നതുമൂലമോ ഇത്തരം തടങ്ങളുടെ നിമ്നഭാഗങ്ങളില്‍ വെള്ളം തളംകെട്ടി താത്കാലികമെങ്കിലും വിസ്തൃതമായ ഒരു ജലാശയം സൃഷ്ടിക്കപ്പെടുന്നു. ഇതിന് പ്ലായാതടാകം (Playa Lake) എന്നാണുപേര്‍. മഴക്കാലം കഴിയുന്നതോടെ ഈ ജലാശയങ്ങളിലെ വെള്ളം വറ്റിപ്പോകുന്നു. വരണ്ടുണങ്ങിയ തടാകഭാഗങ്ങളില്‍, വെള്ളത്തില്‍ എളുപ്പം ലയിക്കുന്ന ക്ഷാരീയലവണങ്ങള്‍ പൂഴിമണ്ണും മണലും കലര്‍ന്ന് അട്ടിയിടുന്നു. സാമാന്യം കനത്തില്‍ നിക്ഷിപ്തമാവുന്ന ഈ ഉപരിപടലങ്ങള്‍ക്കടിയില്‍ അടരുകളായി വേര്‍തിരിക്കാവുന്ന കളിമണ്ണട്ടികള്‍ ഉണ്ടായിരിക്കും. വെള്ളം വാര്‍ന്നുപോകുന്നതിനുള്ള സാധ്യതകള്‍ കുറവായ നിമ്നപ്രദേശങ്ങളിലാണ് ക്ഷാരീയമൈതാനങ്ങള്‍ ഉണ്ടാവുന്നത്; ഇവയുടെ ഉപരിതലം തികച്ചും സമതലപ്രായമായിരിക്കും.

ക്ഷാരീയമൈതാനങ്ങള്‍ക്ക് സലീനാ(Salina), സലാദാ (Salada) എന്നീ സംജ്ഞകളും നല്കാറുണ്ട്. പശ്ചിമ യു.എസ്സില്‍ നെവാദ, യൂട്ടാ എന്നീ സ്റ്റേറ്റുകളിലായി വ്യാപിച്ചുകിടക്കുന്ന ഗ്രേറ്റ്ബേസിന്‍ എന്ന സമതലമേഖലയില്‍ പ്ലായാതടാകത്തിന്റെയും ക്ഷാരീയമൈതാനത്തിന്റെയും ഉത്തമമാതൃകകള്‍ ധാരാളമായുണ്ട്.

(എന്‍.ജെ.കെ. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍