This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്യോട്ടോ പ്രോട്ടോക്കോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്യോട്ടോ പ്രോട്ടോക്കോള്‍

Kyoto Protocol

അന്തരീക്ഷത്തില്‍ ഹരിതഗൃഹവാതകങ്ങളുടെ ഉദ്ഗമനത്തോത് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട അന്താരാഷ്ട്ര ഉടമ്പടി. കാലാവസ്ഥാമാറ്റം സംബന്ധിച്ച ഐക്യരാഷ്ട്രസഭാസമിതി(UNFCCC)യാണ് ഈ ഉടമ്പടി മുന്നോട്ടു വച്ചത്. 1997 ഡിസംബര്‍ 11-ന് ജപ്പാനിലെ ക്യോട്ടോയിലാണ് ഈ ആശയം ഉരുത്തിരിഞ്ഞതെങ്കിലും 2005 ഫെബ്രുവരി 16 മുതലാണ് പ്രാബല്യത്തില്‍ വന്നത്. 38 വ്യാവസായിക രാജ്യങ്ങള്‍ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമാണ് ആദ്യകാലത്ത് ഹരിതഗൃഹവാതകങ്ങളുടെ ഉദ്ഗമന പരിധി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇന്ന് (2012) 191 രാജ്യങ്ങളാണ് ഈ ഉടമ്പടിയില്‍ ഒപ്പു വച്ചിരിക്കുന്നത്. 2008-2012 കാലയളവില്‍ 1990-ലെ ഹരിതഗൃഹവാതക ഉദ്ഗമന നിരക്കിനേക്കാള്‍ 5.2 ശതമാനം കുറയ്ക്കുക എന്നതാണ് ക്യോട്ടോ ഉടമ്പടിയിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ അമേരിക്ക, ആസ്റ്റ്രേലിയ എന്നീ വികസിതരാജ്യങ്ങള്‍ ക്യോട്ടോ ഉടമ്പടി അംഗീകരിക്കുന്നില്ല. അതായത് തങ്ങളുടെ ഉദ്ഗമനനിരക്കില്‍ യാതൊരു നിയന്ത്രണവും ഈ രാജ്യങ്ങള്‍ പാലിക്കുന്നില്ല. ക്യോട്ടോ ഉടമ്പടി ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള വിശദമായ ചട്ടങ്ങള്‍ 2001-ലെ ജൈവവൈവിധ്യസമ്മേളനത്തിലാണ് സ്വീകരിക്കപ്പെട്ടത്. ഫോസ്സില്‍ ഇന്ധനങ്ങളുടെ കത്തിക്കല്‍, വ്യവസായശാലകള്‍, വാഹനങ്ങള്‍, വനനശീകരണം തുടങ്ങി ഹരിതഗൃഹവാതകങ്ങളുടെ ഉദ്ഗമന സ്രോതസ്സുകളും കാരണങ്ങളും നിരവധിയാണ്. ആഗോളതാപനിലയിലുണ്ടാകുന്ന വര്‍ധനവ് ലോക കാലാവസ്ഥയില്‍ ആശങ്കയുണര്‍ത്തുന്ന സാഹചര്യത്തിലാണ് ക്യോട്ടോ ഉടമ്പടി രൂപീകൃതമായത്.

യു.എന്‍.എഫ്.സി.സി.സിയുടെ വര്‍ഗീകരണപ്രകാരം, ഒന്നാംഗ്രൂപ്പില്‍ വരുന്ന വികസിത രാജ്യങ്ങള്‍ക്ക് (Annex-1 Countries) ബഹിര്‍ഗമനത്തോത് കുറയ്ക്കുക എന്നത് നിയമപരമായ ബാധ്യതയാണ്. പ്രധാനമായും കാര്‍ബണ്‍ ഡയോക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ്, സള്‍ഫര്‍ ഹെക്സാഫ്ളൂറൈഡ് തുടങ്ങിയ ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനത്തോതാണ് നിയന്ത്രിക്കേണ്ടത്. ഇതിനായി വികസിതരാജ്യങ്ങള്‍ അനുയോജ്യമായ വ്യാവസായിക നയങ്ങളും നിയന്ത്രണമാര്‍ഗങ്ങളും രൂപീകരിക്കേണ്ടതാണെന്ന് ഉടമ്പടി വ്യവസ്ഥ ചെയ്യുന്നു. രണ്ടാം വിഭാഗത്തില്‍പ്പെടുന്ന വികസ്വര രാജ്യങ്ങള്‍ക്ക് ഇതൊരു നിയമബാധ്യതയല്ല. എന്നാല്‍, തങ്ങളുടെ രാജ്യത്തിന്റെ വികസനത്തിനു കോട്ടം തട്ടാത്ത വിധത്തില്‍ ഉദ്ഗമനനിരക്ക് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്താനുള്ള ഉത്തരവാദിത്തം ഈ രാജ്യങ്ങള്‍ക്കുണ്ട്. ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി വിപണിയിലധിഷ്ഠിതമായ ബഹിര്‍ഗമന, നിയന്ത്രണ സംവിധാനങ്ങളാണ് ക്യോട്ടോ ഉടമ്പടി മുന്നോട്ട് വച്ചത്.

ബഹിര്‍ഗമനവ്യാപാരം (Emission trading). കാര്‍ബണ്‍ വ്യാപാരം (Carbon trading) അഥവാ 'ക്യാപ് ആന്‍ഡ് ട്രേഡ്' എന്ന പേരില്‍ അറിയപ്പെടുന്ന ഈ രീതി വികസിത രാജ്യങ്ങള്‍ തമ്മിലാണ് നടപ്പാക്കുന്നത്. ഓരോ വികസിത രാജ്യത്തിനും പുറന്തള്ളാന്‍ അനുവാദമുള്ള അളവ് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും രാജ്യത്തിന് ഈ നിശ്ചിത അളവ് മുഴുവനായി ഉപയോഗിക്കാന്‍ കഴിയാതെ വന്നാല്‍ കാര്‍ബണ്‍ വിപണിയില്‍ ഇതിനെ വില്‍ക്കാന്‍ കഴിയും. കൂടുതല്‍ കാര്‍ബണ്‍ ഉപഭോഗമുള്ള രാജ്യങ്ങള്‍ക്ക് വിലകൊടുത്ത് ഇത് വാങ്ങാനും കഴിയും.

സംശുദ്ധ വികസനപദ്ധതി (Clean Development Mechanism-CDM). വികസിത-വികസ്വര രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണ പദ്ധതിയാണിത്. വികസിത രാജ്യങ്ങള്‍ അവലംബിച്ചു പോരുന്ന കാര്‍ബണ്‍ ഉദ്ഗമന നിരക്ക് കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യകളും പദ്ധതികളും വികസ്വരരാജ്യങ്ങള്‍ക്കും സ്വീകരിക്കാവുന്നതാണ്. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതിനു പകരം, നഗര-ഖര മാലിന്യങ്ങളില്‍ നിന്നും ഊര്‍ജം ഉത്പാദിപ്പിക്കുന്നരീതി, സൗരോര്‍ജം, കാറ്റ് എന്നിവയില്‍ നിന്നുള്ള വൈദ്യുതി നിര്‍മാണം തുടങ്ങിയ മാര്‍ഗങ്ങള്‍ ഇതില്‍ പെടും.

സംയുക്ത സംരംഭങ്ങള്‍ (Joint implementations). വികസ്വര രാജ്യങ്ങള്‍ തമ്മിലുള്ള കാര്‍ബണ്‍ വിപണന രീതിയാണിത്.

2011 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ വച്ചു നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയില്‍ ക്യോട്ടോ ഉടമ്പടി അഞ്ചുവര്‍ഷത്തേക്കുകൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍