This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോവൂര്‍, ഇ.എം. (1906 - 83)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:39, 13 ജനുവരി 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കോവൂര്‍, ഇ.എം. (1906 - 83)

മലയാള സാഹിത്യകാരന്‍. പൂര്‍ണനാമം കെ. മാത്യു ഐപ്പ്‌. തിരുവല്ലയില്‍ കോവൂര്‍ കുടുംബത്തില്‍ 1906 ഫെ. 23-ന്‌ ജനിച്ചു. തിരുവല്ല, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നിയമബിരുദം നേടിയശേഷം 1929-ല്‍ ആലപ്പുഴയില്‍ അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടു. 1933-ല്‍ തിരുവനന്തപുരത്തേക്കുമാറി. 1938-ല്‍ മുന്‍സിഫ്‌ ആയി നിയമിതനായി. ആറ്റിങ്ങല്‍ സബ്‌ജഡ്‌ജി, കോഴിക്കോട്‌ ലേബര്‍ക്കോടതി ജഡ്‌ജി, തൃശൂര്‍ ജില്ലാജഡ്‌ജി എന്നിങ്ങനെ വിവിധ നിലകളില്‍ സേവനമനുഷ്‌ഠിച്ചു. എഫ്‌.എ.സി.റ്റി.-യിലെ പ്രസിദ്ധീകരണവിഭാഗത്തില്‍ ഓണററി ഉപദേഷ്‌ടാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കേരള സാഹിത്യ അക്കാദമി, തുഞ്ചന്‍ സ്‌മാരക സമിതി, തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ എന്നിവയുടെ ഭരണസമിതികളില്‍ അംഗമായിരുന്നു.

നോവല്‍, നാടകം, ചെറുകഥ, ജീവചരിത്രം, ബാലസാഹിത്യം, ഉപന്യാസം എന്നിങ്ങനെ വിവിധ മണ്ഡലങ്ങളിലായി നിരവധി കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ജീവിതവുമായുള്ള ബന്ധവും തെളിമയാര്‍ന്ന ശൈലിയും സോദ്ദേശ്യമായ നര്‍മവുമാണ്‌ കോവൂരിന്റെ രചനകളുടെ സവിശേഷതകള്‍. തോട്ടം വ്യവസായികളുടെ പ്രവര്‍ത്തനരംഗം പശ്ചാത്തലമാക്കിക്കൊണ്ട്‌, ധനസമ്പാദനത്തിനുവേണ്ടി മനുഷ്യന്‍ നടത്തുന്ന സാഹസങ്ങള്‍ കാട്‌ (1964) എന്ന നോവലില്‍ കോവൂര്‍ ചിത്രീകരിക്കുന്നു. പെണ്ണ്‌ (1945), കൊടുമുടികള്‍ (1968), മലകള്‍ (1970), രണ്ടു സ്‌ത്രീകളും ഒരു പുരുഷനും (1972), മുള്ള്‌ (1974), ഗുഹാജീവികള്‍ എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ മറ്റു നോവലുകള്‍. പാരിതോഷികം, പഴയ കുടത്തില്‍ പുതിയ വീഞ്ഞ്‌, വഴിവിളക്കുകള്‍, പള്ളിയുണര്‍ത്തല്‍, നഖലാളനങ്ങള്‍, കാറ്റുപിടിച്ച തോണി, കൂത്തമ്പലം, സത്‌കാരം, സര്‍ക്കീട്ടുസാറാമ്മ തുടങ്ങി 23 ചെറുകഥാ സമാഹാരങ്ങളും രചിച്ചിട്ടുണ്ട്‌. മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തിയ നര്‍മലേഖനങ്ങള്‍ സമാഹരിച്ച ഹണിപുരാണത്തില്‍ നഗരജീവിതത്തിലെ വൈകൃതങ്ങളും പൊങ്ങച്ചങ്ങളും പ്രതിപാദിക്കുന്നു. ബെന്‍ഹര്‍ (1933), കൊച്ചുവിദ്യക്കാരന്‍ (1964), ദാവീദും ഗോല്യാത്തും (1968), വരൂ നമുക്കീ മതില്‍ പണിയാം (1973) എന്നിവയാണ്‌ ബാലസാഹിത്യകൃതികള്‍. ഞാന്‍ കണ്ട ഈ.വി. (1945), പ്രസിഡന്റ്‌ ലിങ്കണ്‍ (1948), ടി.എം. വറുഗീസ്‌ (1965) എന്നിവയാണ്‌ ജീവചരിത്രഗ്രന്ഥങ്ങള്‍. ഉപന്യാസഗ്രന്ഥങ്ങളില്‍ പ്രാമുഖ്യമര്‍ഹിക്കുന്നത്‌ പ്രബന്ധമാല്യം (1935), അല്‌പം ചിന്തയും കുറെ ചിരിയും (1964) എന്നിവയാണ്‌. സിക്കന്തര്‍ (നാടകം, 1945), തൊഴില്‍ തര്‍ക്കങ്ങള്‍ (പഠനം, 1958), അമേരിക്കയില്‍ ആറാഴ്‌ച (യാത്രാവിവരണം, 1974), കോവൂരിന്റെ തിരഞ്ഞെടുത്ത ചെറുകഥകള്‍ (രണ്ടുഭാഗം, 1965-71) എന്നിവയും ഇദ്ദേഹത്തിന്റെ കൃതികളിലുള്‍പ്പെടുന്നു.

1983 ജൂണ്‍ 30-ന്‌ കോവൂര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍