This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോവാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:30, 13 ജനുവരി 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവാല

Koala

ആസ്റ്റ്രേലിയന്‍ ടെഢിബിയര്‍ എന്ന്‌ ഓമനപ്പേരുള്ളതും ചെറിയ കരടിയോടു സാദൃശ്യമുള്ളതുമായ ഒരു സസ്‌തനി. മമേലിയ വര്‍ഗത്തിലെ മാര്‍സൂപിയേലിയ ഗോത്രത്തില്‍പ്പെട്ട ഫലാന്‍ജെരിഡേ കുടുംബത്തിലുള്‍പ്പെടുന്നു. ശാ.നാ. ഫാസ്‌ക്കോലാര്‍ക്‌റ്റോസ്‌ സൈനേറിയസ്‌ (Phascolarctos cinereus). 65 സെന്റിമീറ്ററോളം ഉയരവും 15 കിലോഗ്രാം വരെ ഭാരവും ഉള്ള ചെറിയ സസ്‌തനികളാണിവ. രോമാവൃതമായ സാമാന്യം വലിയ ചെവികള്‍, ചെറിയ കണ്ണുകള്‍, കിളിച്ചുണ്ട്‌ (beak) പോലെ തോന്നിക്കുന്ന ഉയര്‍ന്ന മോന്ത എന്നിവ കോവാലയുടെ സവിശേഷതകളാണ്‌. വാലില്ലെങ്കിലും വാലിന്റെ സ്ഥാനത്ത്‌ ചെറിയ ഉരുണ്ട ഒരു വീക്കം കാണപ്പെടുന്നു. മൊത്തത്തില്‍ ചാരനിറമുള്ളതും കട്ടിയേറിയതുമായ ഒരു രോമാവരണം ഇവയ്‌ക്കുണ്ട്‌. ശരീരത്തിന്റെ പിന്‍ഭാഗത്ത്‌ മഞ്ഞകലര്‍ന്നവെള്ളയും അടിഭാഗത്ത്‌ വെള്ളനിറവുമാണ്‌ ഈ രോമങ്ങള്‍ക്കുള്ളത്‌. ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിക്കാനുള്ള കവിള്‍ സഞ്ചികള്‍ (cheek pouches) ഇവയ്‌ക്കുണ്ട്‌. പെണ്‍ കോവാലകളില്‍ ശരീരത്തിന്റെ പിന്നിലേക്കു തുറക്കുന്ന ഭ്രൂണസഞ്ചിയും (brood pouch) കാണപ്പെടുന്നു. കാലുകള്‍ ചെറിയതാണെങ്കിലും ശക്തിയേറിയവയാണ്‌. വിരലുകളുടെ അഗ്രങ്ങളില്‍ നഖങ്ങളും കാണപ്പെടുന്നു. മുന്‍-പിന്‍ കാലുകളെല്ലാംതന്നെ പരിഗ്രഹണ കര്‍മങ്ങള്‍ക്കായുള്ള പ്രത്യേകതകളോടു കൂടിയവയാണ്‌. മുന്‍കാലുകളിലെ അഞ്ചുവിരലുകളില്‍ ആദ്യത്തെ രണ്ടെണ്ണവും പിന്‍കാലുകളിലെ ആദ്യവിരലും മറ്റു വിരലുകളുടെ എതിര്‍ദിശയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. പിന്‍കാലിലെ രണ്ടാമത്തെയും മൂന്നാമത്തെയും വിരലുകള്‍ ഒരു ചര്‍മത്താല്‍ ബന്ധിക്കപ്പെട്ടും ഇരിക്കുന്നു.

കോവാല തികച്ചും വൃക്ഷവാസിയായ ഒരു സസ്‌തനിയാണ്‌. നാലു കാലുകള്‍കൊണ്ടും മരക്കൊമ്പില്‍ പിടിമുറുക്കിയാണിവ തൂങ്ങിക്കിടക്കാറുള്ളത്‌. മറ്റൊരു മരത്തിലേക്കു കടക്കാനോ മണ്ണു നക്കിത്തിന്നാനോ മാത്രമേ ഇവ തറയില്‍ ഇറങ്ങാറുള്ളൂ. ദഹനത്തെ സഹായിക്കാനാണിവ മണ്ണുതിന്നുന്നതെന്നു കരുതുന്നു. വൃക്ഷശിഖരങ്ങളില്‍ ചുറ്റിപ്പിടിച്ചിരുന്ന്‌ ഉറങ്ങി പകല്‍സമയം കഴിച്ചുകൂട്ടുന്നു. മരത്തിലെ പൊത്തുകള്‍ക്കുള്ളിലേക്കു ഇവ ഇറങ്ങാറില്ല. ഒരു പ്രത്യേക പരുക്കന്‍ ശബ്‌ദം പുറപ്പെടുവിക്കാറുണ്ടെങ്കിലും കോവാലകള്‍ മറ്റു ജീവികളെ ആക്രമിക്കാറില്ല.

യൂക്കാലിപ്‌റ്റസ്‌ മരത്തിന്റെ ഇളം കൊമ്പുകളാണ്‌ കോവാലയുടെ പഥ്യാഹാരം. ഇതുകൊണ്ടാവണം ഇവയ്‌ക്കു യൂക്കാലിപ്‌റ്റസ്‌ മണമുള്ളത്‌. ജര്‍മന്‍ ജന്തുശാസ്‌ത്രകാരനായ ബേണ്‍ഹാര്‍ഡ്‌ഗ്രിമെക്ക്‌ ഇവയ്‌ക്ക്‌ "ചുമഗുളികയുടെ മണമുള്ള ജീവികള്‍' എന്നാണു പേരിട്ടിരിക്കുന്നത്‌. ഏതാണ്ടു പന്ത്രണ്ടോളം സ്‌പീഷീസ്‌ മരങ്ങളെ (Gum trees) ഇവ ഇരയാക്കാറുണ്ട്‌.

കോവാലകള്‍ വളരെ ചെറിയ തോതിലേ പെറ്റുപെരുകാറുള്ളൂ. മിക്കപ്പോഴും ഇവ ഒറ്റയ്‌ക്കാണ്‌ കഴിഞ്ഞുകൂടുന്നത്‌. പ്രജനനകാലത്ത്‌ ഒരു ആണ്‍കോവാല നയിക്കുന്ന ചെറിയ പെണ്‍പടയെ കാണാറുണ്ട്‌. ഗര്‍ഭകാലം 25 മുതല്‍ 35 ദിവസങ്ങള്‍വരെയാണ്‌. ഒരു പ്രസവത്തില്‍ സാധാരണ ഒരു കുഞ്ഞു മാത്രമേ കാണാറുള്ളൂ. കുഞ്ഞിന്‌ 3/4 ഇഞ്ച്‌ നീളവും 1/5 ഔണ്‍സ്‌ ഭാരവും കാണും. ജനിച്ചുകഴിഞ്ഞ്‌ ആറുമാസത്തോളം പൂര്‍ണമായും രോമാവൃതമായ നിലയില്‍ ഭ്രൂണസഞ്ചിക്കുള്ളിലാണ്‌ കുഞ്ഞുങ്ങള്‍ കഴിഞ്ഞുകൂടുന്നത്‌. സഞ്ചിയില്‍നിന്ന്‌ ആറുമാസം കഴിഞ്ഞ്‌ പുറത്തുവരുന്ന കുഞ്ഞുങ്ങള്‍ വീണ്ടും ഒരു ആറുമാസം കൂടി മാതാവിന്റെ ചുമലിലും പുറത്തുമായി കഴിഞ്ഞുകൂടുന്നു. നാലു വയസ്സു പ്രായമാകുന്നതോടെ ഇവ ലൈംഗിക വളര്‍ച്ച നേടും. ഇരുപതു വര്‍ഷമാണ്‌ കോവാലയുടെ ആയുര്‍ദൈര്‍ഘ്യം.

ആസ്റ്റ്രേലിയയില്‍ ഒരു കാലത്ത്‌ സമൃദ്ധമായി കാണപ്പെട്ടിരുന്ന ഇവയുടെ സംഖ്യ ഇന്ന്‌ വളരെയധികം ചുരുങ്ങിയിട്ടുണ്ട്‌. വിനോദത്തിനുവേണ്ടിയും വിലപിടിപ്പുള്ള ചര്‍മത്തിനുവേണ്ടിയും ഇവയെ ധാരാളമായി വേട്ടയാടിവരുന്നു. വംശനാശഭീഷണി നേരിടുന്ന ഒരു ജീവിയിനമായി ഇവ മാറിയിട്ടുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BE%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍