This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോവളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:30, 13 ജനുവരി 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കോവളം

Kovalam

കേരളത്തിലെ അന്താരാഷ്‌ട്ര പ്രശസ്‌തമായ വിനോദ സഞ്ചാരകേന്ദ്രം. തിരുവനന്തപുരത്തുനിന്ന്‌ 13 കി.മീ. തെക്കുപടിഞ്ഞാറായി കടലോരത്ത്‌ സ്ഥിതിചെയ്യുന്നു. കടലോര സുഖവാസകേന്ദ്രമെന്ന നിലയില്‍ പ്രസിദ്ധമായ കോവളത്തെ "സഞ്ചാരികളുടെ പറുദീസ' എന്ന്‌ വിശേഷിപ്പിക്കാറുണ്ട്‌. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ഉടമസ്‌തതയിലുള്ള ആധുനിക ഹോട്ടലുകളും, കായികവും മാനസികവുമായ ഉല്ലാസത്തിനുതകുന്ന സ്ഥാപനങ്ങളും ഇവിടെയുണ്ട്‌. ഉദാരമായ പ്രകൃതിഭംഗികൊണ്ട്‌ അനുഗൃഹീതമാണ്‌ കോവളം ഗ്രാമവും കടലോരവും.

"കോവകുളം' (രൂ.ഭേ.കോവക്കുളം) എന്നായിരുന്നു കോവളത്തിന്റെ പ്രാചീനനാമധേയം. "നരിത്തൊണ്ടു മലയ്‌ക്കും' കോവക്കുളത്തു തുറയ്‌ക്കും കിഴക്ക്‌ നെടുനീള മണ്‍കോട്ട കല്‌പിച്ച്‌ ഇടുവിക്കയില്‍ എന്ന പഴയ റവന്യൂ മാനുവലില്‍ രേഖപ്പെടുത്തിയിരിക്കുന്നു (എ.ഡി. 1746, റവന്യൂ മാനുവല്‍ V.8). സമുദ്രത്തിലേക്കുന്തിനില്‌ക്കുന്ന സ്ഥലവിഭാഗം, മുനമ്പ്‌ എന്ന അര്‍ഥത്തിലാവാം കോവളം സ്ഥലനാമമായത്‌. കോ(ന്‍) + അളം = രാജാവിന്റെ തീരദേശം എന്നും നിഷ്‌പത്തി നല്‌കിക്കാണുന്നു.

തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കരത്താലൂക്കില്‍ വിഴിഞ്ഞം വില്ലേജുള്‍പ്പെടുന്ന വിഴിഞ്ഞംപഞ്ചായത്തിലെ ഒരു വാര്‍ഡാണ്‌ കോവളം. വടക്ക്‌ അക്ഷാംശം. 8º 05', കിഴക്ക്‌ രേഖാംശം. 77º 15' ആണ്‌ കോവളത്തിന്റെ സ്ഥാനം. ഇതേ പഞ്ചായത്തിലെ പുല്ലൂര്‍ക്കോണം വാര്‍ഡിലേക്കും കോവളത്തെ ചില സ്ഥാപനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. കോവളം, ടൗണ്‍ഷിപ്പ്‌, വിഴിഞ്ഞം, പിറവിളാകം, വെങ്ങാനൂര്‍, തൈവിളാകം, കിടകാരക്കുഴി, മുല്ലൂര്‍, തോട്ടം, നെല്ലിക്കുന്ന്‌, കടയ്‌ക്കുളം, മൂക്കാല, തെന്നൂര്‍ക്കോണം, കോട്ടപ്പുറം, കരിമ്പള്ളിക്കര, ചരിവിള, കുരിശടി, പള്ളിപ്പുറം, ആഫീസ്‌, പുല്ലൂര്‍ക്കോണം, ഹാര്‍ബര്‍, ലൈറ്റ്‌ഹൗസ്‌ എന്നീ 22 വാര്‍ഡുകളുള്ള വിഴിഞ്ഞം പഞ്ചായത്തിന്‌ 12.62 ച.കി.മീ. വിസ്‌തൃതിയുണ്ട്‌. ജനസംഖ്യ: 42,402 (2011). തെക്കുംകിഴക്കും കോട്ടുകാല്‍-ബാലരാമപുരം പഞ്ചായത്തുകളും വടക്ക്‌ വെങ്ങാനൂര്‍ പഞ്ചായത്തും പടിഞ്ഞാറ്‌ അറബിക്കടലുമാണ്‌ അതിര്‍ത്തികള്‍. ജനസംഖ്യയില്‍ ഭൂരിപക്ഷവും നാടാര്‍, ക്രിസ്‌ത്യന്‍, മുസ്‌ലിം, വിശ്വകര്‍മ സമുദായക്കാരാണ്‌. അതിയന്നൂര്‍ വികസന ബ്ലോക്കിന്റെ പരിധിയില്‍പ്പെടുന്ന ഒരു സ്‌പെഷ്യല്‍ ഗ്രഡ്‌ പഞ്ചായത്തായ വിഴിഞ്ഞത്തിന്റെ സാമ്പത്തികാഭിവൃദ്ധിക്കു കോവളം നല്‌കുന്ന സംഭാവന ചെറുതല്ല.

സമുദ്രാഭിമുഖമായി നില്‌ക്കുന്ന വിശാലമായ ഒരു കുന്നിന്‍ചരിവില്‍ സമുദ്രത്തിലേക്ക്‌ ഉന്തിനില്‌ക്കുന്ന ഏതാനും പാറകളും വിസ്‌തൃതവും പ്രശാന്തവുമായ കടലോരവും സുഖകരമായ കാലാവസ്ഥയും ചേര്‍ന്ന്‌ കോവളത്തിന്‌ പണ്ടുകാലം മുതല്‍ തന്നെ പ്രസിദ്ധി നല്‌കിയിരുന്നു. കൃഷ്‌ണശാപത്തില്‍നിന്നു മുക്തിനേടുന്നതിന്‌ ദ്രാണപുത്രനായ അശ്വാത്ഥാമാവ്‌ ഈ കുന്നിന്‍ മുകളില്‍ തപസ്സുചെയ്‌തിരുന്നുവെന്നാണ്‌ ഐതിഹ്യം. നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌ തിരുവിതാംകൂര്‍ രാജാക്കന്മാരാണ്‌ കോവളത്തിന്റെ സുഖവാസപ്രാധാന്യം മനസ്സിലാക്കിയത്‌. വിശാലമായ കുന്നിന്‍ മുകളില്‍ ഒരു കൊട്ടാരം നിര്‍മിച്ച്‌ അവര്‍ ഇവിടം തങ്ങളുടെ വേനല്‍ക്കാല വസതിയാക്കി. കോവളം ഇന്ന്‌ ലോകത്തെ ശ്രദ്ധേയമായ അന്താരാഷ്‌ട്ര ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലൊന്നാണ്‌. ഈ കുന്നിന്‍ മുകളില്‍നിന്നു നോക്കിയാല്‍ കാണുന്ന ചുറ്റുമുള്ള ദൃശ്യങ്ങളും അനന്തമായ ആഴിപ്പരപ്പും അതീവ മനോഹരമാണ്‌. ഇന്ത്യാടൂറിസം ഡെവല്‌പ്‌മെന്റ്‌ കോര്‍പ്പറേഷനും കേരളാ ടൂറിസം ഡെവല്‌പ്‌മെന്റ്‌ കോര്‍പ്പറേഷനും ചേര്‍ന്ന്‌ ഒരു കടലോര സുഖവാസകേന്ദ്രമെന്ന നിലയില്‍ കോവളത്തെ വികസിപ്പിച്ചു.

സമുദ്രസ്‌നാനത്തിനു സൗകര്യമുള്ള ഇന്ത്യന്‍ തീരങ്ങളില്‍ പ്രധാനപ്പെട്ട ഒരിടമാണ്‌ കോവളം. സുഖകരവും ആരോഗ്യദായകവുമാണ്‌ ഇവിടത്തെ കുളി. കോവളം സമുദ്രത്തിലെ വെള്ളം കടുത്ത നീലനിറമാര്‍ന്നതാണ്‌. തെങ്ങിന്‍തോപ്പുകള്‍ നിറഞ്ഞ ഹരിതാഭമായ പ്രകൃതിയും ഈ കടലും ചേര്‍ന്നൊരുക്കുന്ന വശ്യമായ കാഴ്‌ച കാണികളെ ഹഠാദാകര്‍ഷിക്കും.

സംസ്ഥാന ടൂറിസം ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തിലുള്ള ഹോട്ടല്‍ സമുദ്രയും സര്‍ക്കാര്‍ ഗസ്റ്റ്‌ ഹൗസും കോവളത്തെത്തുന്ന സഞ്ചാരികള്‍ക്ക്‌ ആതിഥ്യം നല്‌കുന്നു. കൂടാതെ സ്വകാര്യ ഉടമസ്ഥതയിലുള്ള നിരവധി ഹോട്ടലുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌.

ടൂറിസ്റ്റ്‌ ബംഗ്ലാവിനടുത്തായി സമുദ്രത്തിലേക്കുന്തിനില്‌ക്കുന്ന പാറക്കെട്ടുകള്‍ക്കുള്ളിലെ "ഉടയാന്‍വഴി' എന്ന സമുദ്രാന്തര്‍ഗുഹ വളരെ അപകടകാരിയാണ്‌. ഹത്മാബീച്ചിലും അപകടം പതിയിരിക്കുന്ന സ്‌നാനഘട്ടമുണ്ട്‌. ചുഴിയില്‍പ്പെടുന്ന സഞ്ചാരികളെ രക്ഷപ്പെടുത്താന്‍ ഹത്മാബീച്ചില്‍ ലൈഫ്‌ ഗാര്‍ഡുകളെ നിയമിച്ചിട്ടുണ്ട്‌. ഒക്‌ടോബര്‍-മാര്‍ച്ചാണ്‌ കോവളത്തെ മുഖ്യ സീസണ്‍. ആഗസ്റ്റ്‌- സെപ്‌തംബര്‍ മാസങ്ങളിലും ടൂറിസ്റ്റുകള്‍ കൂട്ടത്തോടെ എത്താറുണ്ട്‌. ജര്‍മനി, സ്വിറ്റ്‌സര്‍ലന്റ്‌, ഇറ്റലി എന്നീ രാജ്യങ്ങളില്‍നിന്നാണ്‌ കൂടുതല്‍ വിദേശസഞ്ചാരികള്‍ വരാറുള്ളത്‌.

കോവളത്തെ വിനോദസഞ്ചാരികളുടെ വരവ്‌ (1985 മുതല്‍ 2005 വരെ) വര്‍ഷം വിദേശ ടൂറിസ്റ്റുകള്‍ ആഭ്യന്തര ടൂറിസ്റ്റുകള്‍ 1985 40,034 50,038 1990 39,950 58,025 1995 35,122 28,111 2000 44,440 11,519 2005 56268 79,388 ഇന്ത്യന്‍ബാന്ന്‌, സെന്‍ട്രല്‍ബാങ്ക് ഒഫ്‌ ഇന്ത്യ, ഫെഡറല്‍ ബാന്ന്‌, സ്റ്റേറ്റ്‌ബാങ്ക് ഒഫ്‌ ട്രാവന്‍കൂര്‍ തുടങ്ങി വിവിധ ബാന്നുകളുടെ ശാഖകളും എ.റ്റി.എം. കൗണ്ടറുകളും ഒരു പൊലീസ്‌ സ്റ്റേഷനും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഒരു ഗവണ്‍മെന്റ്‌ പ്രമറി സ്‌കൂള്‍ മാത്രമാണ്‌ കോവളം വാര്‍ഡിലുള്ള വിദ്യാഭ്യാസ സ്ഥാപനം. പഞ്ചായത്തിലുള്‍പ്പെട്ട വെങ്ങാനൂരും കോട്ടപ്പുറത്തുമായി 3 ഹൈസ്‌കൂളുകളുണ്ട്‌. കോവളത്തുനിന്ന്‌ 15 കി.മീ. ദൂരത്താണ്‌ കാഞ്ഞിരംകുളം കുഞ്ഞുകൃഷ്‌ണന്‍ നാടാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ്‌ കോളജ്‌. തിരുവനന്തപുരം ജില്ലയിലെ ഒരു അസംബ്ലി നിയോജക മണ്ഡലമാണ്‌ കോവളം. രാമകഥപ്പാട്ട്‌, ഭാരതംപാട്ട്‌ എന്നീ വിശ്രുതഗ്രന്ഥങ്ങളുടെ രചയിതാക്കളായ ആവാടുതുറ അയ്യിപ്പിള്ള ആശാന്‍, അയ്യനപ്പിള്ള ആശാന്‍ എന്നിവര്‍ കോവളത്തുകാരാണ്‌. എ.ഡി. 1500-നടുത്തു ജീവിച്ചിരുന്ന ഇവര്‍ കോവളം കവികള്‍ എന്നറിയപ്പെടുന്നു. അയ്യിപ്പിള്ള ആശാന്‍ രാമകഥപ്പാട്ടും അനുജനായ അയ്യനപ്പിള്ള ആശാന്‍ ഭാരതംപാട്ടും രചിച്ചു. പ്രശസ്‌ത പണ്ഡിതനും ഗവേഷകനുമായ ഡോ.പി.കെ. നാരായണപിള്ളയാണ്‌ ഈ ഗ്രന്ഥങ്ങളുടെ താളിയോലകള്‍ കണ്ടെടുത്തു പ്രസിദ്ധീകരിച്ചത്‌. കോവളം കവികള്‍ ധ്യാനമിരുന്ന്‌ കവിതചൊല്ലിയ കുലക്ഷേത്രമെന്നു വിശ്വസിക്കപ്പെടുന്ന പുളിക്കവിളാകംകാവും അതോടുചേര്‍ന്ന രണ്ടര സെന്റ്‌ സ്ഥലവും അടുത്തകാലത്ത്‌ പുരാവസ്‌തു വകുപ്പ്‌ ഏറ്റെടുക്കുകയുണ്ടായി.

"ഹത്മാ' ബീച്ചിനടുത്തായി ആധുനിക സജ്ജീകരണങ്ങളോടെ ഒരു ഹോട്ടല്‍ നിര്‍മിക്കാന്‍ വിഴിഞ്ഞം പഞ്ചായത്ത്‌ നടപടികളാരംഭിച്ചുവരുന്നു. 56 സെന്റ്‌ സ്ഥലം ഇതിനായി അക്വയര്‍ ചെയ്‌തിട്ടുണ്ട്‌. കരകൗശലവസ്‌തുക്കള്‍ നിര്‍മിക്കാനുള്ള ഒരു സ്ഥാപനം ആരംഭിക്കാനും പഞ്ചായത്ത്‌ തീരുമാനിച്ചിട്ടുണ്ട്‌. കോവളത്തിന്‌ രണ്ട്‌ കി.മീ. തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന വിഴിഞ്ഞം "ആയ്‌' രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. വിഴിഞ്ഞത്തെ വ്യാപാരക്കുത്തക സ്വന്തമാക്കാന്‍ പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ഇംഗ്ലീഷുകാരും പരസ്‌പരം മത്സരിച്ചിരുന്നു. ഇവിടത്തെ കത്തോലിക്കാപ്പള്ളി പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ചതാണ്‌. മത്സ്യബന്ധനകേന്ദ്രമായ ഇവിടെ ഒരു ലൈറ്റ്‌ഹൗസുണ്ട്‌. ട്രാന്‍സ്‌പോര്‍ട്ട്‌ സബ്‌ഡിപ്പോ, ഫിഷറീസ്‌ ഇന്‍സ്‌പെക്‌ടര്‍ ഓഫീസ്‌, ഗവ. ഐസ്‌പ്ലാന്റ്‌, ഫിഷറീസ്‌ ട്രെയിനിങ്‌ സെന്റര്‍, മറീന്‍ സര്‍വേ ഓഫീസ്‌, ഹാര്‍ബര്‍ എന്‍ജിനീയറിങ്‌ ഓഫീസ്‌, പൊലീസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുടെ ഓഫീസ്‌, പഞ്ചായത്താഫീസ്‌ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.

പഞ്ചായത്തിലെ 50 ശതമാനത്തോളം ജനങ്ങള്‍ മത്സ്യബന്ധനത്തെ ആശ്രയിച്ചു കഴിയുന്നവരാണ്‌; 20 ശതമാനത്തോളം കര്‍ഷകത്തൊഴിലാളികളും. കയര്‍, കരിങ്കല്‍ത്തൊഴിലാളികളും കോവളത്തും പരിസരത്തും ധാരാളമുണ്ട്‌. തെങ്ങ്‌, നെല്ല്‌, മരച്ചീനി, വാഴ തുടങ്ങിയവയാണ്‌ മുഖ്യകൃഷികള്‍.

വിഴിഞ്ഞത്തുനിന്ന്‌ എറണാകുളം, ആലപ്പുഴ, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിലേക്കുള്ള ബസ്സുകള്‍ കോവളംബീച്ച്‌ വഴിയാണ്‌ പോകുന്നത്‌. തിരുവനന്തപുരം-കോവളം റൂട്ടില്‍ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സര്‍വീസ്‌ നടത്തുന്നുണ്ട്‌. രാമേശ്വരത്തുനിന്നു വടക്കേക്കോട്ട, കന്യാകുമാരി, കുളച്ചല്‍വഴി വിഴിഞ്ഞത്തേക്ക്‌ ബോട്ട്‌സര്‍വീസ്‌ നടത്താന്‍ തമിഴ്‌നാട്‌ ടൂറിസം വകുപ്പ്‌ തീരുമാനിച്ചിട്ടുണ്ട്‌. തമിഴ്‌നാട്‌ ഷിപ്പിങ്‌ കോര്‍പ്പറേഷനായ പൂംപുഹാറായിരിക്കും ഈ സര്‍വീസ്‌ നടത്തുക. ഇതോടെ കോവളത്തേക്കുള്ള സഞ്ചാരികളുടെ എണ്ണവും ഗണ്യമായി വര്‍ധിക്കും.

(വിളക്കുടി രാജേന്ദ്രന്‍; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8B%E0%B4%B5%E0%B4%B3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍