This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോക് സ്,ടെഞ്ച് (1755 - 1824)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോക്സ്, ടെഞ്ച് (1755 - 1824)

Coxe Tench

ടെഞ്ച് കോക്സ്

അമേരിക്കന്‍ രാഷ്ട്രമീമാംസകനും ധനതത്ത്വശാസ്ത്രജ്ഞനും. അമേരിക്കന്‍ തുണിവ്യവസായത്തിന്റെ പിതാവ് എന്ന ഖ്യാതി ഇദ്ദേഹത്തിനുണ്ട്. പെന്‍സില്‍വാനിയ പ്രവിശ്യയില്‍ 1755 മേയ് 23-ന് ജനിച്ചു. ഫിലാഡല്‍ഫിയ കോളജില്‍ (ഇപ്പോഴത്തെ പെന്‍സില്‍വാനിയ സര്‍വകലാശാല) പഠിച്ചെങ്കിലും ബിരുദം കരസ്ഥമാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് നിയമം പഠിച്ച ഇദ്ദേഹം സ്വന്തമായി പ്രാക്റ്റീസ് ആരംഭിക്കുന്നതിനുപകരം കുടുംബവക വ്യവസായരംഗത്തേക്കു തിരിഞ്ഞു. 1776-ല്‍ ഫര്‍മന്‍ ആന്‍ഡ് കോക്സ് (Furmen & Coxe) എന്ന സ്ഥാപനത്തില്‍ അംഗമായി ചേര്‍ന്നു. വ്യാവസായികരംഗത്തെ വിശ്രമമില്ലാത്ത പ്രവര്‍ത്തനംമൂലം അമേരിക്കന്‍ വിപ്ലവഘട്ടത്തില്‍ ഒരു മധ്യവര്‍ത്തിനയം സ്വീകരിക്കാന്‍ ഇദ്ദേഹം ബാധ്യസ്ഥനായി. എന്നാല്‍ ഒരു തികഞ്ഞ രാജ്യസ്നേഹി എന്ന സ്വന്തം വ്യക്തിത്വം നിലനിര്‍ത്തുവാന്‍ എക്കാലത്തും ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു. 1786-ലെ അനാ പൊലീസ് കണ്‍വെന്‍ഷനി(Annapolis Convention)ലെ അംഗമായും 1788-ലെ കോണ്ടിനെന്റല്‍ കോണ്‍ഗ്രസ് (Continental Congress) അംഗമായും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1788-ല്‍ പ്രസിദ്ധീകരിച്ച ആന്‍ എക്സാമിനേഷന്‍ ഒഫ് ദ് കോണ്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ ദ് യുണൈറ്റഡ് സ്റ്റേറ്റ്സ് (An Examination of the Constitution for the United States) എന്ന ലഘുലേഖയില്‍ അമേരിക്കന്‍ ഭരണഘടനയെ ഇദ്ദേഹം സ്വാഗതം ചെയ്തിരുന്നു.

1789-ല്‍ ട്രഷറിയിലെ അസിസ്റ്റന്റ് സെക്രട്ടറിയായി കോക്സ് നിയമിക്കപ്പെട്ടു. 1792-ല്‍ കമ്മിഷണര്‍ ഒഫ് റവന്യൂ എന്ന തസ്തികയിലേക്ക് ഇദ്ദേഹം ഉയര്‍ത്തപ്പെട്ടെങ്കിലും 1797-ല്‍ ആ പദവിയില്‍ നിന്നും ഗവണ്‍മെന്റ് ഇദ്ദേഹത്തെ നീക്കം ചെയ്തു. ഇതിനെത്തുടര്‍ന്ന് കോക്സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്കു കൂറുമാറി. ജഫേഴ്സണ്‍ അമേരിക്കന്‍ പ്രസിഡന്റായി അവരോധിക്കപ്പെട്ടതിനെത്തുടര്‍ന്ന് 1803-ല്‍ ഇദ്ദേഹത്തെ പൊതുവിതരണസമ്പ്രദായത്തിന്റെ മേധാവിയായി നിയമിച്ചു. 1812-ല്‍ ഈ തസ്തിക നിര്‍ത്തലാക്കുന്നതുവരെ ഇദ്ദേഹം ഈ പദവിയില്‍ തുടര്‍ന്നിരുന്നു. സുന്ദരനും ഊര്‍ജസ്വലനും വാഗ്മിയുമായിരുന്ന കോക്സ് രണ്ടു വിവാഹം കഴിച്ചിരുന്നു; കുട്ടികളില്ലാതിരുന്ന ആദ്യഭാര്യ മരിച്ചതിനെത്തുടര്‍ന്നായിരുന്നു രണ്ടാം വിവാഹം. 1824-ല്‍ കോക്സ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍