This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊളോണിയല്‍ ആഫീസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊളോണിയല്‍ ആഫീസ്

Colonial Office

അധിവാസിതപ്രദേശങ്ങളുടെ പ്രശ്നങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് 1854-ല്‍ സ്ഥാപിതമായ ഒരു ബ്രിട്ടീഷ് ഭരണവകുപ്പ്. ബ്രിട്ടീഷ് കൊളോണിയല്‍ സാമ്രാജ്യത്തിന് മൂന്നൂറില്‍പ്പരം കൊല്ലത്തെ പഴക്കമുണ്ടെങ്കിലും കൊളോണിയല്‍ ആഫീസ് പ്രത്യേകമായി പ്രവര്‍ത്തിച്ചുതുടങ്ങിയത് 1854 മുതല്‍ മാത്രമാണ്. 1640-നും 1650-നും ഇടയ്ക്ക് ആരംഭിച്ച ആദ്യത്തെ ബ്രിട്ടീഷ് കോളനികളായ അമേരിക്കന്‍ കോളനികളുടെ മേല്‍ ഗവണ്‍മെന്റിന് വേണ്ടത്ര നിയന്ത്രണം ഇല്ലായിരുന്നു. തന്നിമിത്തം ഉണ്ടായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി ചാറല്‍സ് II-ന്റെ കാലത്ത് (1660-85) കോളനികളുടെ എതിര്‍പ്പുണ്ടായിരുന്നിട്ടും കോളനികളിലെ നിയമനിര്‍മാണം രാജാവിന്റെ നിയന്ത്രണത്തിന്‍ കീഴിലാക്കി. കോളനിഭരണം ആദ്യകാലത്ത് ബോര്‍ഡ് ഒഫ് ട്രേഡിന്റെ കീഴിലായിരുന്നു. വര്‍ധിച്ചു വരുന്ന ജോലിക്കൂടുതല്‍ പരിഗണിച്ച് കോളനിഭരണത്തിനായി ഒരു പ്രത്യേക സെക്രട്ടറി ഒഫ് സ്റ്റേറ്റിനെ നിയമിച്ചു. എങ്കിലും ഭരണം ബോര്‍ഡ് ഒഫ് ട്രേഡിന്റെ കീഴില്‍ത്തന്നെ ആയിരുന്നു. 1782-ല്‍ കോളനിഭരണം ഹോം ആഫീസിന്റെ കീഴിലായി. അതു തൃപ്തികരമല്ലാതെ വന്നതുകൊണ്ട് കോളനിഭരണം 1801-ല്‍ വാര്‍ ആഫീസിന്റെ കീഴിലാക്കി. ആ സംവിധാനവും ശരിയായി പ്രവര്‍ത്തിക്കാതിരുന്നതിനാലാണ് 1854-ല്‍ കൊളോണിയല്‍ ആഫീസ് പ്രത്യേകമാക്കിയത്. ഡൊമിനിയന്‍ പദവിയുള്ള രാജ്യങ്ങള്‍ കൊളോണിയല്‍ ആഫീസിന്റെ നിയന്ത്രണം ഇഷ്ടപ്പെടാതിരുന്നതുകൊണ്ട് 1925-ല്‍ ഒരു പ്രത്യേക ഡൊമിനിയന്‍ ആഫീസ് സൃഷ്ടിച്ചു. മറ്റ് കോളനികളുടെ ഭരണം കൊളോണിയല്‍ ആഫീസിന്റെ കീഴില്‍ തുടരുകയും ചെയ്തു.

കൊളോണിയല്‍ ആഫീസിന്റെ ഭരണം ഒരു സെക്രട്ടറി ഒഫ് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലായിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിലായി ചിതറിക്കിടന്നിരുന്നവരും വിവിധ ഭാഷക്കാരും മതക്കാരും സാംസ്കാരിക നിലവാരമുള്ളവരുമായ ജനങ്ങളുമായി ഇടപെടേണ്ട പ്രസ്തുത ആഫീസ് ദുര്‍വഹമായ ഒരു ഭാരമാണ് പേറിയിരുന്നത്. ഇക്കാരണത്താല്‍ ഉണ്ടാവുന്ന ഏതൊരു വീഴ്ചയുടെയും ഉത്തരവാദിത്തം കൊളോണിയല്‍ ആഫീസിന്റെ ചുമലില്‍ വീണിരുന്നു. വ്യത്യസ്തരായ അധികാരികള്‍ വിവിധ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് കുഴപ്പങ്ങള്‍ വര്‍ധിപ്പിക്കാനിടയാക്കി. പാര്‍ലമെന്റ് പ്രത്യേകമായ രാഷ്ട്രീയസാഹചര്യങ്ങള്‍ കണക്കിലെടുത്ത് കൊളോണിയല്‍ ആഫീസിന്റെ ശിപാര്‍ശകള്‍ക്കെതിരായിപ്പോലും നടപ്പിലാക്കുന്ന തീരുമാനങ്ങളുടെ അനന്തരഫലങ്ങള്‍ക്ക് ഉത്തരവാദിത്തം വഹിക്കേണ്ടതും പ്രസ്തുത ആഫീസായിരുന്നു. ഇവയ്ക്കെല്ലാം പുറമേയായിരുന്നു കോളനികളിലെ ജനങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി നടത്തിവന്ന നിരന്തരസമരങ്ങളും കോളനി ഉദ്യോഗസ്ഥന്മാര്‍ കാണിച്ചിരുന്ന വങ്കത്തങ്ങളും. കോളനികളിലെ യഥാര്‍ഥ പരിതഃസ്ഥിതികളോ കൊളോണിയല്‍ ആഫീസിന്റെ ശിപാര്‍ശകളോ കണക്കിലെടുക്കാതെ ട്രഷറിയും വാര്‍ ആഫീസും ബോര്‍ഡ് ഒഫ് ട്രേഡും നടപ്പിലാക്കിയിരുന്ന പദ്ധതികളുടെ ഉത്തരവാദിത്തവും വഹിക്കേണ്ടിയിരുന്നത് പ്രസ്തുത ആഫീസായിരുന്നു. ഈ പരിതഃസ്ഥിതികളില്‍ കൊളോണിയല്‍ ആഫീസ് നേരിടേണ്ടിയിരുന്ന സ്ഥിതിഗതികള്‍ അത്യന്തം ഗൗരവാവഹം തന്നെയായിരുന്നു.

കൊളോണിയല്‍ ആഫീസിലെ സ്ഥിരം ഉദ്യോഗസ്ഥന്മാരായിരുന്ന പ്രഗല്ഭമതികളുടെ കൂട്ടത്തില്‍ സര്‍ ജെയിംസ് സ്റ്റീഫന്‍ (1836-47), സര്‍ ഹെര്‍മന്‍ മെരിവേല്‍ (1847-59), സര്‍ റോബര്‍ട്ട് ഹെര്‍ബര്‍ട്ട് (1871-92), സര്‍ ഹെര്‍ബര്‍ട്ട് മീഡ് (1892-97) എന്നിവരുടെ നാമങ്ങള്‍ സുവിദിതങ്ങളാണ്. അവര്‍ കൈകാര്യം ചെയ്തിരുന്ന പ്രശ്നങ്ങളുടെ വൈവിധ്യം അദ്ഭുതാവഹമായിരുന്നു. ഭരണഘടനാപരവും നിയമപരവുമായ കാര്യങ്ങള്‍; ധനപരവും കറന്‍സി സംബന്ധവുമായ കാര്യങ്ങള്‍; ആരോഗ്യം, കൃഷി, വനസംരക്ഷണം, വാണിജ്യം, ചൂതാട്ടം, വേശ്യാവൃത്തി തുടങ്ങിയ സാമൂഹിക പ്രശ്നങ്ങള്‍ എന്നിങ്ങനെ എണ്ണമറ്റ പ്രശ്നങ്ങളായിരുന്നു ആഫീസിനു കൈകാര്യം ചെയ്യേണ്ടിയിരുന്നത്. ഈ കാര്യങ്ങളെക്കുറിച്ച് ആഫീസ് നടത്തിയിരുന്ന കത്തിടപാടുകളും കാലക്രമത്തില്‍ ക്രമാതീതമായി വര്‍ധിച്ചു. 1830-ല്‍ ഇവ 12,737 മാത്രമാണുണ്ടായിരുന്നതെങ്കില്‍ 1933 ആയപ്പോഴേക്കും 12,66.262 ആയി വര്‍ധിക്കുകയുണ്ടായി. ഈ പ്രശ്നങ്ങളെല്ലാം കാര്യക്ഷമമായി കൈകാര്യം ചെയ്തിരുന്ന ഒരു ഡിപ്പാര്‍ട്ടുമെന്റ് എന്ന ഖ്യാതി നേടുവാന്‍ കൊളോണിയല്‍ ആഫീസിനു കഴിഞ്ഞിരുന്നു.

(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍