This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേശവചന്ദ്ര സെന്‍ (1838 - 84)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Ap (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==കേശവചന്ദ്ര സെന്‍ (1838 - 84)== 1857-നുശേഷം ഇന്ത്യയിലുണ്ടായ സാമൂഹിക പരി...)
അടുത്ത വ്യത്യാസം →

Current revision as of 12:09, 15 ഏപ്രില്‍ 2016

കേശവചന്ദ്ര സെന്‍ (1838 - 84)

1857-നുശേഷം ഇന്ത്യയിലുണ്ടായ സാമൂഹിക പരിവര്‍ത്തനത്തെ ഉള്‍ക്കൊള്ളുകയും ഇന്ത്യന്‍ നവോത്ഥാനത്തിന്റെ ചൈതന്യം തുടര്‍ന്നുകൊണ്ടുപോകാന്‍ പ്രയത്നിക്കുകയും ചെയ്ത സാമൂഹികപരിഷ്കര്‍ത്താവ്. പേരുകേട്ട 'കോലൂതല' സെന്‍ കുടുംബത്തില്‍ മോഹന്‍സെന്നിന്റെയും ശാരദാദേവിയുടെയും പുത്രനായി 1838 ന. 19-നു കൊല്‍ക്കത്തയില്‍ ജനിച്ചു. സെന്‍ കുടുംബക്കാര്‍ വൈഷ്ണവമതാനുയായികളായ 'വൈദ്യ' ജാതിക്കാരായിരുന്നു. ശാന്തനും വിനീതനും മതാചാരങ്ങളില്‍ അത്യന്തം പ്രതിപത്തിയുള്ളവനുമായി വളര്‍ന്നുവന്ന കേശവ് 1845-ല്‍ സ്കൂള്‍ വിദ്യാഭ്യാസം 1ആരംഭിക്കുകയും 1854-ല്‍ കൊല്‍ക്കത്തയിലെ ഹിന്ദു കോളജില്‍ ചേര്‍ന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ചെയ്തു. 1856 ഏ. 27-നു തന്റെ 18-ാമത്തെ വയസ്സില്‍ ഇദ്ദേഹം ജഗന്‍മോഹിനി ദേവിയെ വിവാഹം ചെയ്തു. ബംഗാള്‍ ബാങ്കില്‍ 1859 മുതല്‍ 61 വരെ ഗുമസ്തനായി ജോലിനോക്കി. 1866-ല്‍ ഏതാനും മാസക്കാലം കൊല്‍ക്കത്ത മിന്റിലെ ദിവാനായും സേവനമനുഷ്ഠിച്ചു.

കേശവചന്ദ്ര സെന്‍

പാശ്ചാത്യദര്‍ശനങ്ങളില്‍ അതീവതാത്പര്യം കാണിച്ചെങ്കിലും, ഇന്ത്യന്‍ ദര്‍ശനങ്ങളിലും ചരിത്രത്തിലും ബംഗാളി സംസ്കൃത സാഹിത്യത്തിലും വേദങ്ങളിലും ഭഗവദ്ഗീതയിലും ഇദ്ദേഹത്തിനു അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. രാജ്നാരായണ്‍ ബോസിന്റ ബ്രഹ്മോയിസം എന്ന കൃതി ഇദ്ദേഹത്തെ ഏറ്റവുമധികം സ്വാധീനിക്കുകയുണ്ടായി. ഇതാണ് ഇദ്ദേഹത്തെ ദൈവവിശ്വാസത്തിലേക്കു നയിച്ചത്.

'യങ് ബംഗാള്‍' എന്ന ലഘുലേഖയില്‍ (1860) ഇദ്ദേഹം ഇങ്ങനെ എഴുതുകയുണ്ടായി: 'വിജ്ഞാനസമ്പാദനത്തിനായി പരിശീലിപ്പിച്ച മനസ്സും, വിശ്വാസത്തിനും ധാര്‍മികതയ്ക്കുംവേണ്ടി പരിശീലിപ്പിച്ച ഹൃദയവും തമ്മില്‍ വേര്‍തിരിക്കുന്ന ഒരതിര്‍വരമ്പുണ്ട്.' 1857-ല്‍ ബ്രഹ്മസമാജില്‍ ചേര്‍ന്ന കേശവ്, അതിന്റെ പരിമിതികളെ പരിഹരിച്ചുകൊണ്ട് കൂടുതല്‍ ശക്തമാക്കാന്‍ ശ്രമിച്ചു. സാമൂഹിക പരിഷ്കരണത്തിനുവേണ്ടി ഗോദയിലിറങ്ങിയ ഇദ്ദേഹം 1855-ല്‍ 'കോലൂതല'യില്‍ അക്ഷരാഭ്യാസമില്ലാത്ത മുതിര്‍ന്നവര്‍ക്കുവേണ്ടി ഒരു സായാഹ്ന സ്കൂള്‍ സ്ഥാപിക്കുകയും 1859-ല്‍ ഉമേഷ് ചന്ദ്രദത്തയുടെ വിധവാവിവാഹം എന്ന നാടകം അവതരിപ്പിക്കുകയും ചെയ്തു.

സാമൂഹിക പരിഷ്കാരങ്ങള്‍ക്കും ധാര്‍മിക, ആത്മീയ, മാനവിക വിദ്യാഭ്യാസത്തിനും ഊന്നല്‍കൊടുക്കുക; ജാതിസമ്പ്രദായവും തൊട്ടുകൂടായ്മയും പാടെ ഇല്ലാതാക്കുക; സ്ത്രീവിദ്യാഭ്യാസം പ്രചരിപ്പിക്കുക; പ്രാദേശികവിദ്യാഭ്യാസത്തിനും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്കുക തുടങ്ങിയവയ്ക്കു ഇദ്ദേഹം നേതൃത്വംനല്കി. 1862-ല്‍ കേശവ് 'മനുഷ്യനിര്‍മിതമായ ദൈവത്തിനു നിരക്കാത്ത ഒരു തിന്മയായി' തൊട്ടുകൂടായ്മയെ പുച്ഛിച്ചുതള്ളി. 1861-ല്‍ ദേവേന്ദ്രനാഥ ടാഗൂറിനെഴുതിയ ഒരു കത്തില്‍ 'നിയമസാധുത നല്കിക്കൊണ്ടുള്ള മിശ്രവിവാഹത്തി'നു നടപടി സ്വീകരിക്കുന്നതിനുള്ള സന്നദ്ധത പ്രകടിപ്പിച്ചു. ഇതിന്റെ ഫലമായി 1862-ല്‍ ആദ്യത്തെ മിശ്രവിവാഹം ഇദ്ദേഹത്തിന്റെ ശ്രമത്തോടെ നടത്തപ്പെട്ടു. 1872-ലെ ബ്രാഹ്മണവിവാഹനിയമം പ്രാബല്യത്തില്‍ വരുന്നതുവരെ ഇദ്ദേഹം അതിനുവേണ്ടി അക്ഷീണം പ്രയത്നിച്ചു.

സ്ത്രീവിദ്യാഭ്യാസത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനുംവേണ്ടി ഇദ്ദേഹം അനുഷ്ഠിച്ച സേവനങ്ങള്‍ നിരവധിയാണ്. സ്ത്രീകള്‍ക്കുവേണ്ടി 1864-ല്‍ ബാമബോധിനി പത്രിക എന്ന ബംഗാളി മാസിക ആരംഭിച്ചു. ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനു വനിതാസമ്മേളനം വിളിച്ചുകൂട്ടുകയും 1865-ല്‍ 'ബ്രഹ്മികസമാജം' സ്ഥാപിക്കുകയും ചെയ്തു. 1871-ല്‍ 'നേറ്റീവ് ലേഡീസ് നോര്‍മല്‍ സ്കൂള്‍' എന്ന പേരില്‍ തുടങ്ങിയ സ്ഥാപനം 1882-ല്‍ 'നേറ്റീവ് ലേഡീസ് ഇന്‍സ്റ്റിറ്റ്യൂഷന്‍' ആയിത്തീരുകയും പിന്നീട് 'വിക്ടോറിയ ഇന്‍സ്റ്റിറ്റ്യൂഷന്‍' എന്ന പേരില്‍ പ്രസിദ്ധമാകുകയും ചെയ്തു.

ഇദ്ദേഹം 1862-ല്‍ കല്‍ക്കത്ത കോളജ് തുടങ്ങുകയും 1872-ല്‍ ആല്‍ബര്‍ട്ട് കോളജ് സ്ഥാപിക്കുവാന്‍ സഹായിക്കുകയും ചെയ്തു. 1870-71-ല്‍ ഒരു ഇന്‍ഡസ്ട്രിയല്‍ സ്കൂള്‍ സ്ഥാപിക്കുകവഴി സ്വതന്ത്രമായി ജീവിതമാര്‍ഗം കണ്ടെത്താനുള്ള സ്വയംതൊഴില്‍ പരിശീലനമെന്ന തത്ത്വം പ്രചരിപ്പിക്കുവാന്‍ ശ്രമിച്ചു. പ്രാദേശികഭാഷയാണ് പൊതുജനവിദ്യാഭ്യാസത്തിനുള്ള ഏറ്റവും ഫലപ്രദമായ മാധ്യമമെന്ന് ഇദ്ദേഹം ഉറച്ചുവിശ്വസിച്ചു.

പത്രപ്രവര്‍ത്തനമേഖലയില്‍ കേശവിന്റെ സംഭാവനകള്‍ ഏറെ വിലപ്പെട്ടവയാണ്. ഇന്ത്യന്‍ മിറര്‍ എന്ന പേരില്‍ 1861-ല്‍ ഇംഗ്ളീഷ് ഭാഷയില്‍ പ്രസിദ്ധീകരിച്ചിരുന്ന ദ്വൈവാരിക, 1871 ആയപ്പോഴേക്കും ദിനപത്രമായി മാറിക്കഴിഞ്ഞിരുന്നു. ധര്‍മതത്ത്വ (1864), സുലാവ് സമാചാര്‍ (1870), ധര്‍മബോധന്‍ (1872), സണ്‍ഡേ മിറര്‍ (1873), ബാലക് ബന്ധു (1878), പരിചാരിക (1880) തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ ഇദ്ദേഹം തുടങ്ങുകയും ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗത്തില്‍ ഇവ പുതിയ വഴിത്തിരിവുണ്ടാക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ കൃതികളില്‍ ഇംഗ്ലീഷിലെഴുതിയ ട്രൂ ഫെയ്ത്ത്, ന്യൂ സംഹിത, യോഗ-ഒബ്ജക്റ്റീവ് ആന്‍ഡ് സബ്ജക്റ്റീവ്, ദി ന്യൂ ഡിസ്പെന്‍സേഷന്‍, റിലിജ്യന്‍ ആന്‍ഡ് ഹാര്‍മണി, ലക്ചേഴ്സ് ഇന്‍ ഇന്ത്യ, പ്രേയേഴ്സ്, ലക്ചേഴ്സ് ഇന്‍ ഇംഗ്ലണ്ട് എന്നിവയും ബംഗാളി ഭാഷയിലെഴുതിയ ബ്രഹ്മോഗീതോപനിഷത്ത്, ജീവന്‍വേദ, സാധുസമാഗമ എന്നിവയും പ്രാധാന്യമര്‍ഹിക്കുന്നു.

1859-ല്‍ കേശവ് ദേവേന്ദ്രനാഥ ടാഗൂറിനോടുകൂടി സിലോണില്‍ ഒരു പ്രസംഗപര്യടനം നടത്തി. 1868-ലും ഇദ്ദേഹം തനിച്ച് സിലോണില്‍ പര്യടനം നടത്തുകയുണ്ടായി. 1870-ല്‍ പാശ്ചാത്യസംസ്കാരത്തെ അടുത്തറിയുന്നതിനും പഠിക്കുന്നതിനുംവേണ്ടി ഇംഗ്ളണ്ടില്‍ ചെന്നപ്പോള്‍ 'മദ്യവിപത്തി'നെതിരായി ഇദ്ദേഹം പ്രവര്‍ത്തിച്ചു. ഇതിനുവേണ്ടി 'ബോണ്ട് ഒഫ് ഹോപ്' എന്ന പേരില്‍ ഒരു സംഘടന രൂപവത്കരിച്ചു. ലഘുലേഖകള്‍ വിതരണംചെയ്തും ഗവണ്‍മെന്റിന്റെ ശ്രദ്ധയിലെത്തിച്ചു. പാശ്ചാത്യലോകത്തിലെ പ്രമുഖവ്യക്തികളായിരുന്ന ഗ്ളാഡ്സ്റ്റണ്‍, മാക്സ്മുള്ളര്‍, ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ മുതലായവരുമായി അഭിമുഖസംഭാഷണങ്ങള്‍ നടത്തി. വിക്ടോറിയ രാജ്ഞിയുമായി ഇദ്ദേഹം ഇന്ത്യന്‍ പ്രശ്നങ്ങളെക്കുറിച്ചു സംഭാഷണം നടത്തുകയും പൊതുവേദികളില്‍ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തു.

അഞ്ചു പ്രധാന ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടു 1870-ല്‍ കേശവ്, 'ഇന്ത്യന്‍ റിഫോം അസോസിയേഷന്‍' ആരംഭിച്ചു. രാജാറാം മോഹന്‍റോയിക്കും ദേവേന്ദ്രനാഥ ടാഗൂറിനുംശേഷം 'ബ്രഹ്മസമാജി'ന്റെ മൂന്നാമത്തെ പ്രവാചകനായി കേശവിനെ കണക്കാക്കിവരുന്നു. ഇദ്ദേഹത്തിനു 'ബ്രഹ്മാനന്ദ' (ദൈവത്തില്‍ ആനന്ദിക്കുന്നവന്‍) എന്ന ബഹുമതി നല്കുകയും 1862-ല്‍ 'ബ്രഹ്മസമാജി'ന്റെ 'മന്ത്രി'യെന്ന പദവി ദേവേന്ദ്രനാഥ ടാഗൂറില്‍നിന്നും ലഭിക്കുകയും ചെയ്തു. മതപരമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും മതാനുഷ്ഠാനങ്ങള്‍ നടത്തുന്നതിനുംവേണ്ടി 1857-ല്‍ 'ഗോഡ്വിന്‍ ഫ്രറ്റേണിറ്റി' എന്ന സംഘടനയും 1860-ല്‍ ധാര്‍മികസംസ്കാരത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചു പഠിക്കുന്നതിനുവേണ്ടി 'സംഘാതസഭ' എന്ന സംഘടനയും ആരംഭിച്ചു.

ദേവേന്ദ്രനാഥടക്കമുള്ള നേതാക്കള്‍ ആഢ്യത്വത്തിനും ആഭിജാത്യത്തിനും അടിമപ്പെട്ടപ്പോള്‍ ക്രിയാത്മകമായ സാമൂഹിക നവോത്ഥാന പരിപാടികള്‍ 'സമാജി'ന്റെ ലക്ഷ്യമായിരിക്കണമെന്ന് ഇദ്ദേഹം വാദിച്ചു. 'സമാജി'ന്റെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുസമുദായത്തില്‍മാത്രം ഒതുങ്ങി നില്ക്കണമെന്ന യാഥാസ്ഥിതിക സമീപനത്തെ ഇദ്ദേഹം നഖശിഖാന്തം എതിര്‍ത്തു. ഒരു പുതിയ തലമുറയുടെ വികാസത്തിനു ദേവേന്ദ്രനാഥിന്റെ യാഥാസ്ഥിതിക ചിന്താഗതി സ്വീകാര്യമായിരുന്നില്ല. ഇതിന്റെ ഫലമായി 'ബ്രഹ്മസമാജ'ത്തില്‍ പിളര്‍പ്പുണ്ടാക്കുകയും 1866 ന. 11-നു കേശവിന്റെ നേതൃത്വത്തില്‍ 'ബ്രഹ്മസമാജ് ഒഫ് ഇന്ത്യ' രൂപവത്കരിക്കുകയും ചെയ്തു.

കേശവ് പ്രചരിപ്പിച്ചുവന്ന ആശയങ്ങള്‍ക്കു വിരുദ്ധമായി പ്രായപൂര്‍ത്തിയാകാത്ത തന്റെ ഇളയമകളെ 'കൂച്ച് ബിഹാറി'ലെ ഹിന്ദുരാജകുമാരനു ഹൈന്ദവ വിധിപ്രകാരം വിവാഹം കഴിച്ചുകൊടുത്തതില്‍ പ്രതിഷേധിച്ച് 'ബ്രഹ്മസമാജ് ഒഫ് ഇന്ത്യ' വീണ്ടും പിളര്‍പ്പിനെ അഭിമുഖീകരിച്ചു. ഒരു വിഭാഗം പുറത്തുപോകുകയും 'സാധാരണ്‍ ബ്രഹ്മസമാജ്' എന്ന പേരില്‍ പുതിയസഭ ഉണ്ടാക്കുകയും ചെയ്തു.

ഇദ്ദേഹം പാശ്ചാത്യ സംസ്കാരത്തിന്റെ നല്ല വശങ്ങളെ സ്വാഗതം ചെയ്യുകയും അതേ അവസരത്തില്‍ത്തന്നെ ഇന്ത്യന്‍ സംസ്കാരത്തിന്റെ പൈതൃകം നിലനിര്‍ത്തണമെന്നു വാദിക്കുകയും ചെയ്തു. പ്രധാനമായും സാമൂഹിക മതപരിഷ്കാരങ്ങളിലാണ് ശ്രദ്ധിച്ചിരുന്നതെങ്കിലും ദേശീയതയെക്കുറിച്ചു ഇദ്ദേഹത്തിന് വളരെ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. 1884 ജനു. 8-ന് 45-ാമത്തെ വയസ്സില്‍ ചന്ദ്രസെന്‍ നിര്യാതനായി.

(രാജന്‍ വേങ്ങര)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍