This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സ്പോര്‍ട്സ് കൗണ്‍സില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സ്പോര്‍ട്സ് കൗണ്‍സില്‍

കേരളത്തിലെ കായിക കലകളുടെ സര്‍വതോമുഖമായ അഭിവൃദ്ധി ലക്ഷ്യമാക്കി സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം. 1954-ല്‍ സ്ഥാപിച്ച 'തിരു-കൊച്ചി സ്പോര്‍ട്സ് കൗണ്‍സില്‍' 1956-ല്‍ കേരള സംസ്ഥാനം നിലവില്‍ വന്നതോടുകൂടി 'കേരള സ്പോര്‍ട്സ് കൗണ്‍സില്‍' ആയി രൂപാന്തരപ്പെട്ടു.

കേരള സ്പോര്‍ട്സ് കൗണ്‍സില്‍ -തിരുവനന്തപുരം

ഇന്ത്യയിലെ പ്രഥമ സ്പോര്‍ട്സ് കൗണ്‍സില്‍ ആയി കണക്കാക്കപ്പെടുന്ന ഈ സംഘടന രൂപവത്കരിക്കുവാന്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചതും ആരംഭംമുതല്‍ 15 വര്‍ഷക്കാലം തുടര്‍ച്ചയായി ഇതിന്റെ പ്രസിഡന്റ് പദം അലങ്കരിച്ചതും ലഫ്. കേണല്‍ ഗോദവര്‍മരാജയായിരുന്നു.

കായികവിനോദ മത്സരരംഗത്ത് കേരള ഗവണ്‍മെന്റിന് ആവശ്യമായ ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്കുക; കേരളത്തില്‍ സ്പോര്‍ട്സിന്റെ വളര്‍ച്ചയ്ക്കു നാനാവിധമായ നടപടികള്‍ സ്വീകരിക്കുകയും വേണ്ട പ്രേത്സാഹനങ്ങള്‍ നല്കുകയും ചെയ്യുക; സ്പോര്‍ട്സ് അസോസിയേഷനുകളെ അവയുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ അംഗീകരിക്കുക; അങ്ങനെ അംഗീകാരം കിട്ടി അംഗങ്ങളാകുന്ന അസോസിയേഷനുകളുടെ എല്ലാവിധ അംഗീകൃത പരിപാടികള്‍ക്കും സാങ്കേതികം, സാമ്പത്തികം തുടങ്ങിയ എല്ലാ സഹായസഹകരണങ്ങളും നല്കുക; മെഡിക്കല്‍, എന്‍ജിനീയറിങ്, ആയുര്‍വേദം തുടങ്ങിയ എല്ലാ പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലകളിലും കായിക താരങ്ങള്‍ക്കു നീക്കിവച്ചിട്ടുള്ള സീറ്റുകളിലേക്ക് അര്‍ഹരായ പ്രഗല്ഭ കായികതാരങ്ങളെ നിര്‍ദേശിക്കുക; സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ഹോസ്റ്റലുകള്‍ നടത്തുക, കായികതാരങ്ങള്‍ക്ക് പരിശീലനം നല്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക; സംസ്ഥാന-ദേശീയ-അന്തര്‍ദേശീയ തലങ്ങളിലുള്ള മത്സരങ്ങളിലും സര്‍വകലാശാല, സ്കൂള്‍ വിഭാഗങ്ങളില്‍ മേല്പറഞ്ഞ മൂന്നു തലത്തിലുംപെട്ട മത്സരങ്ങളിലും പങ്കെടുക്കുകയും സ്ഥാനമാനങ്ങള്‍ കൈവരിക്കുകയും ചെയ്യുന്ന കായികതാരങ്ങള്‍ക്ക് വിദ്യാഭ്യാസവേതനം തുടങ്ങി വിവിധ തരത്തിലുള്ള സാമ്പത്തിക സഹായങ്ങള്‍ നല്കുക; കായികമേഖലയില്‍ മികവു തെളിയിച്ചവര്‍ക്ക് പെന്‍ഷന്‍ നല്കുക തുടങ്ങിയ പ്രോത്സാഹജനകമായ പരിപാടികള്‍ എല്ലാം കൗണ്‍സിലിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്നവയാണ്.

കേരള ക്രിക്കറ്റ് അസോസിയേഷന്‍, കേരള ഫുട്ബോള്‍ അസോസിയേഷന്‍, കേരള അക്വാട്ടിക് അസോസിയേഷന്‍ എന്നിവയുള്‍പ്പെടെ 37 അസോസിയേഷനുകള്‍ കേരള സ്പോര്‍ട്സ് കൗണ്‍സിലുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

(എന്‍. പരമേശ്വരന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍