This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെല്ലര്‍, ഗോട്ഫ്രീഡ് (1819 - 90)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെല്ലര്‍, ഗോട്ഫ്രീഡ് (1819 - 90)

Keller, Gottfried

ഗോട്ഫ്രീഡ് കെല്ലര്‍

ഗ്രീന്‍ ഹെന്റി എന്ന നോവലിന്റെ രചയിതാവായ സ്വിസ് സാഹിത്യകാരന്‍. ജര്‍മന്‍ സാഹിത്യത്തില്‍ 19-ാം നൂറ്റാണ്ടിലെ 'പൊയറ്റിക്കല്‍ റിയലിസ'ത്തിന്റെ വക്താവായ ഇദ്ദേഹം 1819 ജൂല. 19-ന് സ്വിറ്റ്സര്‍ലണ്ടിലെ ഗ്ലാറ്റ്ഫെല്‍ഡനില്‍ ജനിച്ചു.

1848-50 കാലഘട്ടത്തില്‍ ഹൈഡല്‍ഹര്‍ഗില്‍ പഠിക്കുന്ന കാലത്ത് 'ഫൊര്‍മെര്‍ഡ്' എന്ന സ്വതന്ത്ര ജനാധിപത്യ പ്രസ്ഥാനത്തില്‍ പങ്കെടുത്തിരുന്ന ഇദ്ദേഹത്തെ ക്രിസ്ത്യന്‍ ലോകത്തിന്റെ വിമര്‍ശകനും നരവംശ ശാസ്ത്രജ്ഞനുമായിരുന്ന ഫൊയര്‍ബഹിന്റെ പ്രഭാഷണങ്ങള്‍ ഏറെ ആകര്‍ഷിച്ചിരുന്നു. ജര്‍മനിയുടെ ജനാധിപത്യ പ്രതീക്ഷകള്‍ 1848-ല്‍ ഫ്രാങ്ക്ഫുട്ടിലെ 'പാള്‍സ്കിര്‍ഹെ' സംഭവത്തോടെ തകര്‍ന്നെങ്കിലും അതേ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ അവിടെ ജനാധിപത്യം പുനഃപ്രതിഷ്ഠ നേടുകയുണ്ടായി. തുടര്‍ന്നു തന്റെ അഞ്ചു വര്‍ഷത്തെ ബെര്‍ലിന്‍ വാസം മതിയാക്കി കെല്ലര്‍ സ്വന്തം നാട്ടി (സൂറിക്ക്) ലേക്കു മടങ്ങി. 1861-നും 76-നും ഇടയ്ക്ക് ഗുമസ്തപ്പണിയിലേര്‍പ്പെട്ടിരുന്നെങ്കിലും സാഹിത്യരചനയ്ക്കുവേണ്ടിത്തന്നെയായിരുന്നു ഇദ്ദേഹം അധികസമയവും വിനിയോഗിച്ചിരുന്നത്.

ഗ്രീന്‍ ഹെന്റി (ഡെര്‍ ഗ്രൂയീനെ ഹൈന്റിക്ക്) എന്ന ഇദ്ദേഹത്തിന്റെ പ്രധാന കൃതി ആത്മകഥാപരമാണ്. ഗോയിഥെയുടെ 'വില്‍ഹെം മൈസ്റ്റര്‍' എന്ന കഥാപാത്രത്തിന്റെ സ്വാധീനത ഇതില്‍ നല്ലവണ്ണം കാണുന്നുണ്ട്. യാഥാസ്ഥിതിക ചിന്താഗതിക്കാരനായ ഒരു വിദ്യാര്‍ഥിക്കു പിന്നീടുണ്ടാകുന്ന മാനസിക വളര്‍ച്ചയും വികാസവും അയാളും സമൂഹവുമായുള്ള ബന്ധവുമാണ് ഇതിലെ പ്രതിപാദ്യം. അയാളുടെ ആരാധനാപാത്രമായ ഹൈന്റിക്കിന്റെ (ഹെന്റിയുടെ) മാനസിക ജീവിതവും യഥാതഥമായി ചിത്രീകരിച്ചിരിക്കുന്നു. 1855-ല്‍ പ്രസിദ്ധീകൃതമായ ഈ നോവല്‍ അദ്ദേഹം തന്നെ 1880-ല്‍ വിപുലമായി പരിഷ്കരിച്ചു. ജീവിതത്തിലും വ്യക്തികളുടെ സ്നേഹബന്ധത്തിലും സമൂഹമേല്പിക്കുന്ന ആഘാതം ഇദ്ദേഹത്തിന്റെ 'ഗ്രാമത്തിലെ റോമിയോയും ജൂലിയറ്റും' (റോമിയോ ഉണ്‍ഡ് ജൂലിയറ്റ് ഔഫ് ദേം ഡോര്‍ഫ്) എന്ന ചെറുകഥയില്‍ വികാര തീവ്രതയോടെ അവതരിപ്പിച്ചിരിക്കുന്നു. സെല്‍ഡ് വയ്ലായിലെ ആള്‍ക്കാര്‍ (ഡീലോയ്റ്റ ഫൊണ്‍ സെല്‍ഡ് വയ്ലാ) എന്ന ചെറുകഥാ സമാഹാരത്തിന്റെ ഒന്നാം ഭാഗത്തിലാണ് ഈ കഥ (1856). ഇതേ സമാഹാരത്തിന്റെ രണ്ടാം ഭാഗത്തിലുള്ള (1873-74) 'വസ്ത്രങ്ങള്‍ മനുഷ്യരെ മോടിപിടിപ്പിക്കുന്നു' (ക്ലൈഡര്‍ മാഹന്‍ ലോയ്റ്റെ) എന്ന കഥയും പ്രശസ്തമാണ്. യാഥാസ്ഥിതിക സമൂഹത്തില്‍ യാഥാര്‍ഥ്യത്തിനും സത്യത്തിനും തത്ത്വത്തിനും, ബാഹ്യാവസ്ഥയോടും അഭിനയത്തോടും കാപട്യത്തോടുമുള്ള ബന്ധമാണ് ഇതില്‍ കാണിച്ചിരിക്കുന്നത്. അപഗ്രഥനത്തിനും വിമര്‍ശനത്തിനും വിവരണത്തിനുമുള്ള കെല്ലറുടെ കഴിവുകള്‍ക്ക് ഒരു ദൃഷ്ടാന്തമാണ് ഈ ചെറുകഥ. 1878-79-ല്‍ രണ്ടു ഭാഗങ്ങളിലായി ഇദ്ദേഹത്തിന്റെ നോവലെറ്റുകള്‍ പ്രസിദ്ധീകരിച്ചു.

തന്റെ രാഷ്ട്രീയ ചിന്താഗതി പ്രതിഫലിപ്പിക്കുന്ന പദ്യങ്ങള്‍ ഇദ്ദേഹം 1846-ലും മറ്റുള്ളവ 'പദ്യസമാഹാരം' (ഗിസമ്മെല്‍റ്റെ ഗെഡിഹ്റ്റെ) എന്ന പേരില്‍ 1883-ലും പ്രസിദ്ധീകരിച്ചു. 1856-ല്‍ ഇറങ്ങിയ മാര്‍ട്ടിന്‍ സലാണ്ടര്‍ എന്ന കൃതി കൂടുതല്‍ ഗൗരവമേറിയ വിഷയമാണു കൈകാര്യം ചെയ്യുന്നത്. ഒരു ജനാധിപത്യ സമൂഹത്തിലെ ഉപയോഗമുള്ള ഒരംഗമാകാന്‍ വ്യക്തിക്ക് എങ്ങനെയുള്ള പരിശീലനം (വിദ്യാഭ്യാസം) ആണ് ആവശ്യമെന്നും അത്തരമൊരു സമൂഹത്തിന്റെ ഘടന എങ്ങനെയായിരിക്കണമെന്നും ഈ നോവലില്‍ ഇദ്ദേഹം വിവരിക്കുന്നു. ആദ്യകാല കൃതികളിലെ നര്‍മബോധം ഇതില്‍ കാണുന്നില്ല. ഒരു പക്ഷേ തന്റെ ജനാധിപത്യ പ്രതീക്ഷകള്‍ മണ്ണടിയുകയും സ്വിറ്റ്സര്‍ലണ്ടില്‍ മുതലാളിത്ത വ്യവസ്ഥിതി രൂപമെടുക്കുകയും ചെയ്തതിന്റെ പ്രതിഫലനമാവാം ഇത്. 1890 ജൂല. 15-ന് ഇദ്ദേഹം സൂറിച്ചില്‍ അന്തരിച്ചു.

(ഡോ. ഡബ്ള്യു. ആദം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍