This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണപിള്ള, പി. (1906 - 48)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണപിള്ള, പി. (1906 - 48)

പി.കൃഷ്ണപിള്ള

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകാംഗങ്ങളില്‍ പ്രമുഖന്‍; തൊഴിലാളി നേതാവ്. എളിയ ജീവിതം കൊണ്ടും എല്ലാവിഭാഗം ജനങ്ങളോടുമുള്ള സ്നേഹോഷ്മളമായ ഇടപെടല്‍ കൊണ്ടും കേരളത്തില്‍ രാഷ്ട്രീയ ചരിത്രത്തില്‍ 'സഖാവ്' എന്ന പേരുകൊണ്ട് അനശ്വരനായ കമ്യൂണിസ്റ്റാണ് പി. കൃഷ്ണപിള്ള. വൈക്കം മയിലേഴത്തു നാരായണപിള്ളയുടെയും പാര്‍വതി അമ്മയുടെയും പത്തു മക്കളില്‍ മൂന്നാമത്തെ മകനായി 1906 ആഗ. 19-ന് ജനിച്ചു. സാമ്പത്തികമായി തകര്‍ന്നുകൊണ്ടിരുന്ന തറവാടായിരുന്നു ഇദ്ദേഹത്തിന്റേത്. 13-ാം വയസ്സില്‍ അമ്മയും 14-ാം വയസ്സില്‍ അച്ഛനും മരിച്ചു. അഞ്ചാംക്ലാസ് ജയിച്ചെങ്കിലും സാമ്പത്തികക്ലേശംമൂലം പഠനം തുടരാന്‍ കഴിഞ്ഞില്ല.

പില്ക്കാലത്ത് രാഷ്ട്രീയത്തിലെന്നപോലെ സാമൂഹിക പ്രശ്നങ്ങളിലും ഇദ്ദേഹം ഉത്പതിഷ്ണുവായി മാറി. ഇതിനു പശ്ചാത്തലമൊരുക്കിയത് 1924-ലെ വൈക്കം സത്യഗ്രഹമായിരുന്നു.

1927-ല്‍ നാടുവിട്ട കൃഷ്ണപിള്ള അലഹബാദിലെത്തി ഹിന്ദി പഠിക്കുകയും 'സാഹിത്യവിശാരദ്' പരീക്ഷ ജയിക്കുകയും ചെയ്തു. 1929-ല്‍ ദക്ഷിണ ഭാരത് ഹിന്ദി പ്രചാരസഭയുടെ പ്രവര്‍ത്തകനായി കേരളത്തില്‍ മടങ്ങിവന്നു. 1930 ജനുവരിയില്‍ പയ്യന്നൂരില്‍ സംഘടിപ്പിക്കപ്പെട്ട ഉപ്പു സത്യഗ്രഹജാഥയില്‍ കോണ്‍ഗ്രസ് സന്നദ്ധഭടനായി പ്രവര്‍ത്തിക്കുന്നതിന് കോഴിക്കോട്ടെത്തി സത്യഗ്രഹത്തില്‍ സജീവമായി പങ്കെടുത്തു. ഉപ്പു നിയമങ്ങളെ ലംഘിക്കാന്‍ മേയ് 12-ന് കോഴിക്കോട്ടു കടപ്പുറത്ത് തടിച്ചുകൂടിയ സത്യഗ്രഹികളെ അകറ്റാനുള്ള ശ്രമത്തില്‍ സന്നദ്ധഭടന്മാരും പൊലീസുകാരും തമ്മില്‍ ബലപരീക്ഷ നടന്നു. പതാക മുറുകെപിടിച്ചിരുന്ന കൃഷ്ണപിള്ളയെ പൊലീസ് ക്രൂരമായി മര്‍ദിച്ചെങ്കിലും പതാക വിട്ടുകൊടുത്തില്ല. അറസ്റ്റു ചെയ്യപ്പെട്ട ഇദ്ദേഹത്തെ ഒമ്പതു മാസത്തെ തടവുശിക്ഷയ്ക്കു വിധിച്ചു.

അവര്‍ണര്‍ ഉള്‍പ്പെടെയുള്ള എല്ലാ ഹിന്ദുക്കളുടെയും ക്ഷേത്രപ്രവേശനത്തിനു വേണ്ടി ഗുരുവായൂര്‍ ക്ഷേത്രത്തിനുമുമ്പില്‍ 1931 നവംബര്‍ 1-ന് ഒരു സത്യഗ്രഹം നടത്താന്‍ കേരള സ്റ്റേറ്റ് കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു. ഗുരുവായൂര്‍ ശ്രീകോവിലിന്റെ കവാടത്തിലുള്ള മണിയടിക്കുന്നതിന് പാരമ്പര്യമനുസരിച്ച് കേരള ബ്രാഹ്മണര്‍ക്കു മാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് കൃഷ്ണപിള്ള സോപാനത്തില്‍ കയറി മണിയടിച്ചു. ഇതിന്റെ പേരില്‍ യാഥാസ്ഥിതിക ഹിന്ദുക്കളുടെ ക്രൂരമര്‍ദനത്തിനു വിധേയനായി.

കണ്ണൂര്‍ ജയിലില്‍ തടവുകാരനായി കഴിയുമ്പോള്‍ അവിടെ ഉണ്ടായിരുന്ന കമ്യൂണിസ്റ്റ് പ്രവര്‍ത്തകരോട് കൂടുതല്‍ അടുക്കാനും മമതാബന്ധം സ്ഥാപിക്കാനും ഇദ്ദേഹത്തിനു സൗകര്യം ലഭിച്ചു. ക്രമേണ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ഇദ്ദേഹം തന്റെ പ്രവര്‍ത്തനമേഖലയായി തെരഞ്ഞെടുത്തതു കോഴിക്കോടാണ്. മില്‍ത്തൊഴിലാളികള്‍, കൈത്തറിനെയ്ത്തു തൊഴിലാളികള്‍ എന്നിവര്‍ക്കു പുറമേ കയര്‍വ്യവസായം, പ്രസ് മുതലായ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും പ്രത്യേകം പ്രത്യേകമായി ട്രേഡ് യൂണിയനുകള്‍ സംഘടിപ്പിച്ചു. അങ്ങനെ കോഴിക്കോട് തൊഴിലാളി പ്രസ്ഥാനത്തിന്റെ ഒരു ശക്തികേന്ദ്രമായിത്തീര്‍ന്നു.

ഇദ്ദേഹം ആലപ്പുഴയിലെ തൊഴിലാളികളുമായും അടുത്ത ബന്ധം പുലര്‍ത്തിവന്നു; അവരെ സംഘടിതരാക്കുന്നതിലും വര്‍ഗബോധമുള്ളവരാക്കിമാറ്റുന്നതിലും നിസ്തുലമായ സേവനമനുഷ്ഠിച്ചു. തൊഴിലാളികളുടെയിടയില്‍ വര്‍ഗബോധവും ശാസ്ത്രീയ സോഷ്യലിസത്തെക്കുറിച്ചുള്ള അറിവും പകരുവാന്‍ ഇദ്ദേഹം ചര്‍ച്ചകളും ക്ലാസുകളും നടത്തി. തത്ഫലമായി കേരളത്തില്‍ പുതിയൊരു രാഷ്ട്രീയ നേതൃത്വംതന്നെ തൊഴിലാളിവര്‍ഗത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വരുവാനിടയായി.

1934-ല്‍ മുംബൈയില്‍ നടന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയോഗത്തില്‍വച്ച് കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റു ചിന്താഗതിക്കാരുടെ ഒരു സമ്മേളനം കൂടുകയുണ്ടായി. ഇതില്‍ കൃഷ്ണപിള്ള സജീവമായി പങ്കെടുത്തു. ഈ സമ്മേളനമാണ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റു പാര്‍ട്ടിക്കു രൂപംകൊടുത്തത്. അധികം താമസിയാതെ അതുപോലെ ഒരു സമ്മേളനം കോഴിക്കോട്ടു നടത്തുകയും അവിടെ വച്ചു കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകത്തിനു രൂപം നല്‍കുകയും ചെയ്തു. അതിനുശേഷം കൃഷ്ണപിള്ളയും ഇ.എം.എസ്. നമ്പൂതിരിപ്പാടും ചേര്‍ന്നു കേരളത്തിലുടനീളം സഞ്ചരിച്ചു കോണ്‍ഗ്രസ് സംഘടനയില്‍ത്തന്നെയുള്ള ഒരു വിഭാഗം ആളുകളെ കൂട്ടിച്ചേര്‍ത്തു കോണ്‍ഗ്രസ്-സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഘടകങ്ങള്‍ അവിടെവിടെയായി സ്ഥാപിച്ചു.

ഈ കാലഘട്ടത്തിലാണു രാജഭരണം നിലനിന്നിരുന്ന തിരുവിതാംകൂറിലും കൊച്ചിയിലും സമത്വത്തിനും പൗരസ്വാത ന്ത്യ്രത്തിനും ഉത്തരവാദിത്ത ഭരണത്തിനും വേണ്ടിയുള്ള പ്രക്ഷോഭണം ആരംഭിച്ചത്. സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക സമത്വത്തിനു വേണ്ടി നടത്തിയ തിരുവിതാംകൂറിലെ നിവര്‍ത്തന പ്രസ്ഥാനത്തെ (1932-38) സോഷ്യലിസ്റ്റു ചിന്താഗതിക്കാരനായ കൃഷ്ണപിള്ള ശക്തമായി പിന്താങ്ങുകയും ന്യായീകരിക്കുകയും ചെയ്തു. തുടര്‍ന്ന് 1938-ല്‍ ഉത്തരവാദ ഭരണ പ്രക്ഷോഭത്തിനായി തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപവത്കരിച്ചപ്പോള്‍ കോണ്‍ഗ്രസ്സിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടു ശക്തമായ ഒരു പൊതുപണിമുടക്കിനു തൊഴിലാളികളെ ആഹ്വാനം ചെയ്യാനും സമരരംഗത്ത് അവരെ ഉറപ്പിച്ചു നിര്‍ത്താനും ഇദ്ദേഹം അക്ഷീണം പ്രയത്നിച്ചിരുന്നു.

ആശയപരമായി കമ്യൂണിസത്തോടായിരുന്നു കൃഷ്ണപിള്ളയ്ക്ക് ആഭിമുഖ്യം. അതുകൊണ്ട് 1939-ല്‍ പിണറായിയില്‍ വച്ചുചേര്‍ന്ന കോണ്‍ഗ്രസ് സോഷ്യലിസ്റ്റു പാര്‍ട്ടിയുടെ യോഗം കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ രൂപവത്കരണത്തിനു തീരുമാനമെടുത്തപ്പോള്‍ കൃഷ്ണപിള്ള, പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളായി മാറി.

1940 ജനുവരിയില്‍ കൃഷ്ണപിള്ള ഒളിവില്‍ പോയി. പാര്‍ട്ടിപ്രവര്‍ത്തകരുടെ രഹസ്യയോഗങ്ങള്‍ സംഘടിപ്പിക്കുക, പാര്‍ട്ടിയുടെ അടിസ്ഥാനഘടകമായ സെല്ലുകള്‍ രൂപവത്കരിക്കുക, പാര്‍ട്ടിയുടെ രഹസ്യകേന്ദ്രങ്ങള്‍ സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങള്‍ ആരംഭിച്ചത് അതോടുകൂടിയാണ്.

1940 ഡിസംബറില്‍ കൃഷ്ണപിള്ള രഹസ്യമായി വൈക്കത്തെത്തി. വിവരമറിഞ്ഞ് പൊലീസ് ഉടന്‍തന്നെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു തിരുവനന്തപുരത്തെ സെന്‍ട്രല്‍ ജയിലിലാക്കി. പിന്നീട് അവിടെ നിന്നും കന്യാകുമാരിയിലേക്ക് ഇദ്ദേഹത്തെ മാറ്റി. ഈ ജയില്‍വാസകാലത്താണ് കത്തിടപാടുകള്‍ മുഖേന തന്റെ ഭാവി വധുവായ തങ്കമ്മയെ പരിചയപ്പെട്ടത്. 1942 മാര്‍ച്ചില്‍ ജയില്‍ വിമോചിതനായ ഉടനെതന്നെ ഇദ്ദേഹം വിവാഹിതനായി.

കയ്യൂര്‍ സമരത്തെത്തുടര്‍ന്നു തൂക്കിക്കൊല്ലുവാന്‍ വിധിക്കപ്പെട്ട കമ്യൂണിസ്റ്റുപാര്‍ട്ടി പ്രവര്‍ത്തകരെ ജയിലില്‍ ചെന്നുകണ്ട് അവര്‍ക്ക് ആത്മവിശ്വാസവും ആശ്വാസവും പകരുവാന്‍ കൃഷ്ണപിള്ള ശ്രമിക്കുകയുണ്ടായി.

1942-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേലുള്ള നിരോധനം നീങ്ങുകയും കമ്യൂണിസ്റ്റുകാര്‍ പരസ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ തുടങ്ങുകയും ചെയ്തു. ഫാസിസ്റ്റു പ്രവണതകള്‍ക്കെതിരായി ജനങ്ങളെ സംഘടിപ്പിക്കുന്നതിനും അവരെ നയിക്കുന്നതിനുമായി കമ്യൂണിസ്റ്റ്പാര്‍ട്ടി രംഗപ്രവേശം ചെയ്തു. 1942 സെപ്തംബറില്‍ ബോംബെ(ഇന്നത്തെ മുംബൈ)യില്‍വച്ചു നടന്ന കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തിന്റെ ഒമ്പതു ദിവസത്തെ പരിപാടികളില്‍ കൃഷ്ണപിള്ള പങ്കെടുത്തു. 1943 മാര്‍ച്ചില്‍ കോഴിക്കോട്ടുവച്ചുനടന്ന കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ അഖില കേരള സമ്മേളനം ഇദ്ദേഹത്തെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

രണ്ടാം ലോകയുദ്ധത്തിനുശേഷം രാജ്യമൊട്ടാകെ പല പ്രക്ഷോഭങ്ങളും അലയടിച്ചുയര്‍ന്നു. 1946-ല്‍ തിരുവിതാംകൂറിലെ തൊഴിലാളികളും കൃഷിക്കാരും ദിവാന്‍ ഭരണത്തിനെതിരായി ആലപ്പുഴയിലെ പുന്നപ്ര-വയലാര്‍ പ്രദേശങ്ങളില്‍ ശ്രദ്ധേയമായ ഒരു സായുധ സംഘട്ടനത്തിനു നേതൃത്വം നല്‍കി. പുന്നപ്ര-വയലാര്‍ സംഘട്ടനത്തിന്റെ ആസൂത്രണത്തിലും വടക്കന്‍ മലബാറിലെ കൃഷിത്തൊഴിലാളികളുടെ സംഘടിത പ്രവര്‍ത്തനങ്ങളിലും കൃഷ്ണപിള്ള സജീവമായി പങ്കുകൊണ്ടു.

1948 ഫെബ്രുവരി-മാര്‍ച്ചില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു അഖിലേന്ത്യാസമ്മേളനം കൊല്‍ക്കത്തയില്‍ നടന്നു. അവിടെവച്ചു കൃഷ്ണപിള്ളയെ പുതിയ കേന്ദ്രകമ്മിറ്റിയിലെ അംഗമായി തിരഞ്ഞെടുത്തു. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ കൊല്‍ക്കത്താ തീസിസിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് പലരെയും അറസ്റ്റ് ചെയ്തു. എന്നാല്‍ കൃഷ്ണപിള്ള ഒളിവില്‍ പോയി. 1948 ആഗ. 19-ന് ആലപ്പുഴ പട്ടണത്തിനു വടക്കുള്ള മുഹമ്മയ്ക്കു സമീപം ഒരു കയര്‍ ഫാക്റ്ററി തൊഴിലാളിയുടെ ഭവനത്തില്‍ താമസിച്ച് ജില്ലാ നേതൃത്വസമ്മേളനത്തിനുവേണ്ടി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിക്കൊണ്ടിരുന്ന അവസരത്തില്‍ സര്‍പ്പദംശനമേറ്റ് മരണമടഞ്ഞു.

(ജെ. ഷീല ഐറിന്‍ ജയന്തി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍