This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിച്ച്‌നർ, ഹെർബർട്ട്‌ ഹൊറേഷ്യോ (1850-1916)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിച്ച്‌നർ, ഹെർബർട്ട്‌ ഹൊറേഷ്യോ (1850-1916)

Kitchener, Herbert Horatio

ഹെര്‍ബര്‍ട്ട്‌ ഹൊറേഷ്യോ കിച്ച്‌നര്‍

ബ്രിട്ടീഷ്‌ ഭരണകര്‍ത്താവും സൈനികനേതാവും. ഒന്നാം ലോകയുദ്ധത്തിന്റെ പ്രാരംഭദശയില്‍ ബ്രിട്ടീഷ്‌ സൈന്യത്തിന്റെ നേതൃത്വം വഹിച്ചിരുന്ന ഫീല്‍ ഡ്‌ മാര്‍ഷലാണിദ്ദേഹം. ബ്രിട്ടീഷ്‌ സൈനികോദ്യോഗസ്ഥന്റെ പുത്രനായി അയര്‍ലണ്ടിലെ ബാലി ലോങ്‌ഫോര്‍ഡില്‍ 1850 ജൂണ്‍ 24-ന്‌ ജനിച്ചു. സ്വിറ്റ്‌സര്‍ലണ്ടിലെ വിദ്യാഭ്യാസത്തിനുശേഷം ലണ്ടനടുത്തുള്ള റോയല്‍ മിലിട്ടറി അക്കാദമിയില്‍ നിന്ന്‌ പരിശീലനം നേടി. ഫ്രാങ്കോ-പ്രഷ്യന്‍ യുദ്ധ (1870) കാലത്ത്‌, ഒരു സന്നദ്ധഭടനെന്ന നിലയ്‌ക്ക്‌ ഫ്രാന്‍സിനുവേണ്ടി യുദ്ധത്തില്‍ പങ്കെടുത്തു. അടുത്തവര്‍ഷം റോയല്‍ എന്‍ജിനീയേഴ്‌സില്‍ ചേര്‍ന്നു. 1882-ല്‍ ഈജിപ്‌ത്‌ ബ്രിട്ടീഷ്‌ നിയന്ത്രണത്തിലായപ്പോള്‍, ഈജിപ്‌ഷ്യന്‍ സൈന്യത്തെ പുനഃസംഘടിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്മാരില്‍ ഒരാളായിരുന്നു കിച്ച്‌നര്‍. മരുഭൂമിയിലെ ദീര്‍ഘകാല സേവനത്തിനുശേഷം ഈജിപ്‌തിലെ കമാന്‍ഡറായി ഉയര്‍ന്ന ഇദ്ദേഹം 1896-ല്‍ സുഡാന്‍ തിരിച്ചുപിടിക്കാന്‍ ശ്രമമാരംഭിച്ചു. ഓംദൂര്‍മാന്‍ യുദ്ധത്തോടെ (1896) ഇദ്ദേഹത്തിന്റെ പരിശ്രമം വിജയത്തിലെത്തി. ഖര്‍ത്തൂമില്‍ ഇദ്ദേഹം, ജനറല്‍ ചാള്‍സ്‌ ഗോര്‍ഡന്റെ സ്‌മരണയ്‌ക്കായി, ഗോര്‍ഡന്‍ കോളജ്‌ സ്ഥാപിച്ചു. പില്‌ക്കാലത്ത്‌ ഖര്‍ത്തൂമിലെ പ്രഭു എന്ന പേരിലറിയപ്പെട്ട ഇദ്ദേഹത്തിന്റെ നയതന്ത്രജ്ഞതകൊണ്ട്‌ സുഡാനിലെ ഫഷോഡയില്‍ നിന്ന്‌ ഫ്രഞ്ചുകാരെ പിന്‍വലിപ്പിക്കാന്‍ കഴിഞ്ഞു. സൗത്ത്‌ആഫ്രിക്കയില്‍ ബോയര്‍മാരുമായുള്ള യുദ്ധത്തില്‍ പ്രാരംഭ പരാജയം നേരിട്ട ബ്രിട്ടീഷ്‌ സേനയെ സഹായിക്കാന്‍ ചീഫ്‌ ഒഫ്‌ സ്റ്റാഫ്‌ എന്ന നിലയി(1899)ല്‍ കിച്ച്‌നര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ഇദ്ദേഹത്തിന്റെ നയതന്ത്രജ്ഞത കൂടുതല്‍ വ്യക്തമാക്കി. 1902-ല്‍ കമാന്‍ഡര്‍-ഇന്‍-ചീഫായി ഇന്ത്യയിലെത്തിയ കിച്ച്‌നര്‍, സൈനിക നിയന്ത്രണത്തെ സംബന്ധിച്ചു സിവിലിയന്‍ അധികാരികളുമായി ഭിന്നതയിലായി. അതിനെത്തുടര്‍ന്ന്‌ കഴ്‌സന്‍ പ്രഭുവിന്‌ രാജിവയ്‌ക്കേണ്ടിവന്നു. 1911 മുതല്‍ 14 വരെ കോണ്‍സല്‍ -ജനറല്‍ എന്ന നിലയ്‌ക്ക്‌ ഈജിപ്‌തിലെ യഥാര്‍ഥ ഭരണം കൈയടക്കിയിരുന്നത്‌ ഇദ്ദേഹമായിരുന്നു.

1914-ല്‍ ഒന്നാം ലോകയുദ്ധാരംഭത്തില്‍ സര്‍വസമ്മതമായ അംഗീകാരത്തോടെ കിച്ച്‌നര്‍ യുദ്ധകാര്യങ്ങള്‍ക്കായുള്ള സ്റ്റേറ്റ്‌ സെക്രട്ടറിയായി നിയമിതനായി. നീണ്ട വര്‍ഷങ്ങള്‍ പൗരസ്‌ത്യരാജ്യങ്ങളില്‍ ചെലവഴിച്ച്‌ പ്രാമാണ്യത്തിലേക്കുയര്‍ന്ന കിച്ച്‌നര്‍ക്ക്‌ ബ്രിട്ടനിലെ സഹപ്രവര്‍ത്തകരുമായി യോജിച്ചുപോകാന്‍ കഴിഞ്ഞില്ല. ഒരു നീണ്ട യുദ്ധത്തെ മുന്‍കൂട്ടിക്കണ്ട കിച്ച്‌നര്‍ എഴുപത്‌ ഡിവിഷനുകളുള്ള ഒരു സൈന്യത്തെ സജ്ജീകരിക്കാന്‍ പദ്ധതി തയ്യാറാക്കി. 3 ദശലക്ഷം സന്നദ്ധഭടന്മാര്‍ കിച്ച്‌നറുടെ സൈന്യത്തില്‍ ചേര്‍ന്നു. ഇദ്ദേഹം പുനഃസംഘടിപ്പിച്ച ഇന്ത്യന്‍ സൈന്യവും ഒന്നാം ലോകയുദ്ധത്തില്‍ വലിയ പങ്കുവഹിച്ചു. 1916-ല്‍ ഒരു പ്രത്യേക ദൗത്യവുമായി എച്ച്‌. എം. എസ്‌. ഹാംപ്‌ഷയര്‍ എന്ന കപ്പലില്‍ റഷ്യയ്‌ക്കു പുറപ്പെട്ടപ്പോള്‍ ഓര്‍ക്കനി ദ്വീപിനു സമീപം ജര്‍മനിയുടെ ഒരു മൈനില്‍ തട്ടി ഇദ്ദേഹം സഞ്ചരിച്ചിരുന്ന കപ്പല്‍ കടലില്‍ താണു (1916 ജൂണ്‍ 5). ലണ്ടനിലെ സെന്റ്‌ പോള്‍ കത്തീഡ്രലില്‍ 7 ലക്ഷം പവന്‍ ചെലവു ചെയ്‌ത്‌ ഇദ്ദേഹത്തിന്‌ ഒരു സ്‌മാരകം പണിതിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍