This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഫ്‌ക, ഫ്രാന്‍സ്‌ (1883-1924)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കഫ്‌ക, ഫ്രാന്‍സ്‌ (1883-1924)

Kafka, Franz

ഫ്രാന്‍സ്‌ കഫ്‌ക

ആസ്റ്റ്രിയന്‍ സാഹിത്യകാരന്‍. ജര്‍മന്‍ഭാഷയില്‍ രചന നടത്തിയ കഫ്‌കയുടെ നോവലുകള്‍ ആധുനിക ലോകസാഹിത്യത്തിലെ ക്ലാസ്സിക്കുകളായിട്ടാണ്‌ കരുതപ്പെടുന്നത്‌. ആധുനികത, അസ്‌തിത്വവാദം, സര്‍റിയലിസം തുടങ്ങിയ നവീന സാഹിത്യപ്രസ്ഥാനങ്ങളില്‍ കഫ്‌കയുടെ സ്വാധീനം ഗണ്യമാണ്‌. പില്‌ക്കാല സാഹിത്യപ്രസ്ഥാനമായ "മാജിക്കല്‍ റിയലിസ'ത്തിന്റെ ആവിര്‍ഭാവം കഫ്‌കയുടെ കൃതികളാണെന്ന അഭിപ്രായവും നിലവിലുണ്ട്‌. ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ലോകസാഹിത്യപ്രതിഭകളായ അല്‍ബേര്‍ കാമു, ലൂയി ബോര്‍മാസ്‌, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്‌, കാര്‍ലോസ്‌ ഫൂയന്തസ്‌ തുടങ്ങിയവരിലൊക്കെ കഫ്‌കയുടെ സ്വാധീനം പ്രകടമാണ്‌.

പഴയ ആസ്റ്റ്രിയ ഹംഗേറിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രേഗിലെ ഒരു ജൂതകുടുംബത്തില്‍ 1883 ജൂല. 3നു ജനിച്ചു. പ്രേഗില്‍ ജര്‍മന്‍ ഭാഷ സംസാരിക്കുന്ന ജൂതര്‍ ഒരു ന്യൂനപക്ഷമായിരുന്നു. മുഖ്യധാരാസമൂഹം ഇവരെ തികഞ്ഞ അവഗണനയോടെയാണ്‌ വീക്ഷിച്ചത്‌. കഫ്‌കയുടെ പിതാവായ ഹെര്‍മന്‍ കഫ്‌ക ആധിപത്യസ്വഭാവമുള്ളയാളും കര്‍ക്കശമായ അച്ചടക്കത്തിന്റെ വക്താവുമായിരുന്നു. ജൂതന്യൂനപക്ഷത്തിന്‌ അനുഭവിക്കേണ്ടിവന്ന സാമൂഹ്യമായ തിരസ്‌കാരവും കുടുംബത്തിനുള്ളിലെ പട്ടാളച്ചിട്ടയും കഫ്‌കയുടെ സ്വഭാവരൂപീകരണത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്‌. പിതാവിന്റെ ഏകാധിപത്യത്തോട്‌ കലഹിച്ച കഫ്‌കയില്‍ കലാപോന്‍മുഖത മാത്രമല്ല, ഭയം, വിഷാദം, അന്തര്‍മുഖത്വം തുടങ്ങിയ ഭാവങ്ങളും രൂഢമൂലമായിത്തീര്‍ന്നിരുന്നു. അടിച്ചമര്‍ത്തപ്പെട്ടതും വിഷാദഗ്രസ്‌തവുമായ ഒരു ബാല്യത്തിന്റെ തേങ്ങലും കുതറലും കഫ്‌കയുടെ രചനകളില്‍ നിറയുന്നുണ്ട്‌. ആറു മക്കളില്‍ മൂത്തവനായ കഫ്‌കയുടെ ഇളയ രണ്ടു സഹോദരന്മാര്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ അന്തരിക്കുകയുണ്ടായി. കഫ്‌കയുടെ മൂന്നു സഹോദരിമാരും നാസി ക്യാമ്പുകളില്‍ കൊല്ലപ്പെടുകയാണുണ്ടായത്‌.

പ്രേഗ്‌ സര്‍വകലാശാലയില്‍ നിയമപഠനം നടത്തിയ കഫ്‌കയ്‌ക്ക്‌ 1906ല്‍ "ഡോക്ടര്‍ ഒഫ്‌ ലോ' ബിരുദം ലഭിച്ചു. ജര്‍മനു പുറമേ ചെക്ക്‌, ഫ്രഞ്ച്‌ ഭാഷകളും കഫ്‌കയ്‌ക്കു വശമായിരുന്നു. 1907ല്‍ ഒരു ഇറ്റാലിയന്‍ ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ ചേര്‍ന്ന കഫ്‌ക ഒരു വര്‍ഷം കഴിഞ്ഞ്‌ ജോലി ഉപേക്ഷിച്ചു. തുടര്‍ന്ന്‌ ബൊഹീമിയയിലെ "വര്‍ക്കേഴ്‌സ്‌ ആക്‌സിഡന്റ്‌ ഇന്‍ഷുറന്‍സ്‌ ഇന്‍സ്റ്റിറ്റ്യൂട്ടി'ല്‍ ഇന്‍ഷുറന്‍സ്‌ ഓഫീസറായി ചേര്‍ന്നു. തൊഴിലില്‍ മികവ്‌ കാണിച്ചതിന്‌ ഇദ്ദേഹത്തിന്‌ പാരിതോഷികങ്ങള്‍ ലഭിച്ചതായി ജീവചരിത്രകാരന്മാര്‍ പറയുന്നു. "സേഫ്‌റ്റി ഹെല്‍മെറ്റ്‌' എന്ന ആശയം ആവിഷ്‌കരിച്ചത്‌ കഫ്‌കയാണെന്ന്‌ മാനേജ്‌മെന്റ്‌ വിദഗ്‌ധനായ പീറ്റര്‍ ഡ്രക്കര്‍ "മാനേജിങ്‌ ഇന്‍ ദ്‌ നെക്‌സ്റ്റ്‌ സൊസൈറ്റി' എന്ന കൃതിയില്‍ പറയുന്നു. 1912ല്‍ ഇതിന്റെ പേരില്‍ കഫ്‌കയ്‌ക്ക്‌ മെഡല്‍ ലഭിക്കുകയുണ്ടായി.

1917ല്‍ ക്ഷയരോഗബാധിതനായ കഫ്‌കയുടെ ആരോഗ്യം ക്ഷയിച്ചു. വിഷാദരോഗം, ആകാംക്ഷ, മൈഗ്രന്‍, ഉറക്കമില്ലായ്‌മ, മലബന്ധം തുടങ്ങി ഒട്ടേറെ മനോശരീരപീഡകള്‍ ജീവിതത്തിലുടനീളം കഫ്‌കയെ വേട്ടയാടിയിരുന്നു. ക്ഷയരോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന്‌, കെയ്‌ര്‍ലിംഗിലെ ക്ഷയരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം 1924 ജൂണ്‍ 3ന്‌ അന്തരിച്ചു.

ഔപചാരികമതത്തോട്‌ ജീവിതത്തിലുടനീളം ശക്തമായ വിമുഖത പുലര്‍ത്തിയ കഫ്‌കയ്‌ക്ക്‌ ജൂതമതത്തിലെ "ഹാസിദിസം' (Hasidism) എന്ന വിഭാഗത്തിന്റെ ആദര്‍ശങ്ങളോട്‌ ആഭിമുഖ്യമുണ്ടായിരുന്നു. കഫ്‌കയുടെ പ്രധാനപ്പെട്ട നോവലുകള്‍ പ്രസിദ്ധീകരിച്ചത്‌ മരണാനന്തരമാണ്‌. ജീവിച്ചിരിക്കുമ്പോള്‍ വളരെ കുറച്ച്‌ ചെറുകഥകള്‍ മാത്രമാണ്‌ പ്രസിദ്ധീകൃതമായത്‌. "മെറ്റമോര്‍ഫോസിസ്‌' എന്ന ചെറുകഥയൊഴിച്ച്‌ മിക്ക കൃതികളും അപൂര്‍ണവുമായിരുന്നു. മരണാസന്നനായ കഫ്‌ക തന്റെ കൈയെഴുത്തു പ്രതികള്‍ നശിപ്പിക്കണമെന്ന്‌ ആത്മമിത്രമായിരുന്ന മാര്‍ക്‌സ്‌ ബ്രാഡിനോട്‌ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അദ്ദേഹമതു നടപ്പാക്കിയില്ല. അവസാന വര്‍ഷങ്ങളില്‍ കഫ്‌കയുടെ കാമുകിയായ ഡോറ ഡയമെന്റിന്റെ കൈവശമുണ്ടായിരുന്ന 20 നോട്ടുബുക്കുകളും 35 കത്തുകളും 1933ല്‍ നാസി പൊലീസ്‌ പിടിച്ചെടുത്തു. പക്ഷേ, മാക്‌സ്‌ ബ്രാഡ്‌ തന്റെ കൈവശമുണ്ടായിരുന്ന കൈയെഴുത്തുപ്രതികള്‍ പ്രസിദ്ധം ചെയ്‌തു.

അല്ലായിരുന്നുവെങ്കില്‍, ലോകസാഹിത്യത്തിന്‌ ചില ക്ലാസ്സിക്കുകള്‍ നഷ്ടമാകുമായിരുന്നു. "ദ്‌ ട്രയല്‍' (1925), "ദ്‌ കാസില്‍' (1926), "അമേരിക്ക' (1927) എന്നീ നോവകളും പുറമേ, "ദ്‌ പീനല്‍ കോളനി', "ദ്‌ മെറ്റമോര്‍ഫോസിസ്‌', "ദ്‌ സണ്‍സ്‌', "കോണ്ടംപ്ലേഷന്‍', "ദ്‌ ജഡ്‌ജ്‌മെന്റ്‌' തുടങ്ങിയ കഥകളുമാണ്‌ കഫ്‌കയുടെ പ്രധാന കൃതികള്‍.

1912ല്‍ ഫെലിസ്‌ ബോയറിനെ വിവാഹം കഴിച്ചെങ്കിലും 1917ല്‍ വിവാഹമോചിതരായി. ഏതാണ്ട്‌ ഈ കാലയളവിലാണ്‌ ഇദ്ദേഹത്തിന്റെ സര്‍ഗാത്മകജീവിതം ആരംഭിക്കുന്നത്‌. ആദ്യകഥ, ജഡ്‌ജ്‌മെന്റ്‌ ആണ്‌. 1914 ലാണ്‌ "ദ്‌ ട്രയല്‍' എന്ന നോവല്‍ രചിക്കുന്നത്‌. അധികാരം, ബ്യൂറോക്രസി, നിയമത്തിന്റെ നിര്‍വികാരതഎന്നിവയും അവയെ അതിജീവിക്കാന്‍ ജോസഫ്‌. കെ എന്ന കഥാപാത്രം നടത്തുന്ന സംഘര്‍ഷഭരിതവും ആശയറ്റതുമായ ശ്രമങ്ങളുമാണ്‌ ഈ നോവലിന്റെ ഇതിവൃത്തം. ഒരു കുറ്റവും ചെയ്യാത്ത ജോസഫ്‌.കെ ഒരു ദിവസം രാവിലെ അറസ്റ്റ്‌ ചെയ്യപ്പെടുന്നു. പക്ഷേ, ആരോപണങ്ങള്‍ തെറ്റാണെന്നു തെളിയിക്കേണ്ടത്‌ ജോസഫ്‌. കെയുടെ ബാധ്യതയാണ്‌. ആധുനിക നിയമസമ്പ്രദായത്തിന്റെയും നീതിന്യായസംവിധാനത്തിന്റെയും വൈരുധ്യങ്ങളിലേക്ക്‌ അഗാധമായ ഉള്‍ക്കാഴ്‌ചയോടെ ഈ കൃതി കടന്നു ചെല്ലുന്നു. ആധുനിക നിയമവും കോടതിയും പീഡന യന്ത്രമായി മാറുന്നതെങ്ങനെയെന്നും ആ യന്ത്രം അതിന്റെ ഇരകളെ കൊല്ലുന്നതെങ്ങനെയെന്നും "വിചാരണ' വ്യക്തമാക്കുന്നു. നിയമവ്യവസ്ഥയുടെ ദയാരാഹിത്യത്തിന്റെ ഇരയാണ്‌ ജോസഫ്‌. കെ. ഇതേ പ്രമേയം തന്നെയാണ്‌ വിഖ്യാതനോവലായ "ദ്‌ കാസിലി'ന്റെയും പ്രമേയം. കൊട്ടാരം സ്ഥിതി ചെയ്യുന്ന ഗ്രാമത്തില്‍ ഭൂമി സര്‍വേയറുടെ വേഷത്തില്‍ കെ. എത്തുന്നു. ഗ്രാമീണരില്‍ നിന്നു മറഞ്ഞുനില്‍ക്കുന്നതും, മൂടല്‍മഞ്ഞും ഇരുട്ടും മൂടി നില്‍ക്കുന്നതും, അവിടൊരു കൊട്ടാരമുണ്ടെന്ന്‌ തെളിയിക്കാന്‍ വേണ്ട ചെറിയൊരു പ്രകാശം പോലുമില്ലാത്തതുമായ അതിനിഗൂഢതയാണ്‌ കെ. അനുഭവിക്കുന്നത്‌. ഗ്രാമത്തെ ഭരിക്കുന്നതും നിയന്ത്രിക്കുന്നതുമെല്ലാം കൊട്ടാരത്തിന്റെ നിഗൂഢതയാണ്‌. കൊട്ടാരമേധാവിയായ ക്ലാമിനെ കാണാനും താന്‍ ഔദ്യോഗികമായി നിയോഗിക്കപ്പെട്ട സര്‍വേയറാണെന്ന്‌ ബോധ്യപ്പെടുത്താനും കെ. ശ്രമിക്കുന്നു. പക്ഷേ ക്ലാമിന്റെ അസിസ്റ്റന്റുമാര്‍ കെ.യെ സഹായിക്കുന്നില്ല. ക്ലാമിന്റെ മുന്‍ വെപ്പാട്ടിയും മദ്യശാലാജോലിക്കാരിയുമായ ഫ്രയ്‌ഡയുമായി കെ. പ്രണയത്തിലാവുന്നു. പക്ഷേ, തന്നെ കെ. ഉപയോഗിക്കുകയാണെന്നു മനസിലാക്കിയ ഫ്രയ്‌ഡ കെ.യെ ഉപേക്ഷിച്ചു. കൊട്ടാരത്തില്‍ കയറിപ്പറ്റാനുള്ള കെ.യുടെ ശ്രമങ്ങള്‍ പരാജയപ്പെടുന്നു. ഗ്രാമത്തെ ഭരിക്കുന്ന, എന്നാല്‍ ഗ്രാമവാസികള്‍ക്കന്യവും അപരിചിതവുമായ കൊട്ടാരം അധികാരത്തിന്റെ പ്രതീകമാണ്‌. ആധുനിക അധികാരവ്യവസ്ഥ ജനങ്ങളില്‍ സൃഷ്ടിക്കുന്ന അന്യവത്‌കരണവും ഭയവുമാണ്‌ ദി കാസില്‍ എന്ന നോവല്‍ അനാവരണം ചെയ്യുന്നത്‌. അപമാനവീകരണം, ബ്യൂറോക്രസി, സമഗ്രാധിപത്യം തുടങ്ങി ആധുനിക മനുഷ്യാവസ്ഥയെ അഭിമുഖീകരിക്കുന്ന അഗാധവൈപരീത്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്‌മനിരീക്ഷണങ്ങളാണ്‌ കഫ്‌കയുടെ കൃതികളെ ശ്രദ്ധേയമാക്കുന്നത്‌. ഭരണകൂടം രാവണന്‍കോട്ടപോലെ ഭീതിജനകമാണെന്ന്‌ കഫ്‌ക പറയുന്നു.

"ന്യൂനപക്ഷ സാഹിത്യ'(Minor Literature)ത്തിന്റെ മികച്ച ഉദാഹരണമാണ്‌ കഫ്‌കയുടെ കൃതികളെന്ന്‌ ഷാക്ക്‌ ദെല്യൂസും ഫെലിക്‌സ്‌ ഗോത്താരിയും പറയുന്നു. ന്യൂനപക്ഷങ്ങളുടെ ഭാഷയും സാഹിത്യവും എന്ന അര്‍ഥത്തിലല്ല, ന്യൂനപക്ഷസാഹിത്യം എന്ന്‌ ഇവര്‍ ഉപയോഗിക്കുന്നത്‌. ഭൂരിപക്ഷ ഭാഷയിലെഴുതുമ്പോള്‍ത്തന്നെ, അതിന്റെ അധികാരവ്യവഹാരങ്ങളെ അതിനുള്ളില്‍ നിന്നുകൊണ്ടു തന്നെ അട്ടിമറിക്കുന്നതാണ്‌ ന്യൂനപക്ഷസാഹിത്യം. ന്യൂനപക്ഷസാഹിത്യത്തിന്റെ രാഷ്‌ട്രീയസ്വഭാവമാണ്‌ മറ്റൊരു പ്രത്യേകത. ഇവിടെ ഭാഷപ്രതിനിധാനാത്മകമല്ലാതാവുകയും അധികാരത്തിനെതിരായ പ്രതിയന്ത്രമായി മാറുകയും ചെയ്യുന്നു. അതുകൊണ്ടാണ്‌ കഫ്‌കയുടെ കൃതികള്‍ ന്യൂനപക്ഷസാഹിത്യത്തിന്റെ ഉത്തമമാതൃകകളാകുന്നത്‌. ബ്യൂറോക്രസി, ജൂഡീഷ്യറി തുടങ്ങിയ ആധുനിക അധികാര സ്വരൂപങ്ങള്‍ക്കുള്ളില്‍ അകപ്പെട്ട മനുഷ്യരുടെ ധര്‍മസങ്കടം, ഭയം, അപമാനം, അപമാനവീകരണം തുടങ്ങിയ അവസ്ഥകളുടെ അനുഭവതീവ്രതയാണ്‌ കഫ്‌ക വായനക്കാര്‍ക്ക്‌ നല്‍കുന്നത്‌. ആധുനിക ഭരണകൂട വ്യവസ്ഥ എങ്ങനെ ജീവിത നിഷേധിയായ ഭീകരയന്ത്രമായിരിക്കുന്നു എന്ന്‌ ബോധ്യപ്പെടുത്തുന്ന കൃതികള്‍ ആധുനിക നോവല്‍ സാഹിത്യത്തില്‍ അപൂര്‍വമാണ്‌. സിംബലിസം, സൂചകവത്‌കരണം തുടങ്ങിയ ആധുനിക സാഹിത്യസങ്കേതങ്ങളെ ബോധപൂര്‍വം അട്ടിമറിക്കുന്ന കഫ്‌കയുടെ കൃതികള്‍, വാസ്‌തവത്തില്‍, ആധുനിക ലോകനോവല്‍ സാഹിത്യത്തിന്റെ വിപ്ലവശക്തിയെയാണ്‌ പ്രകാശിപ്പിക്കുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍