This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കന്യാമറിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കന്യാമറിയം

കന്യാമറിയം

യേശുക്രിസ്‌തുവിന്റെ മാതാവ്‌. മറിയത്തിന്റെ മാതാപിതാക്കളെയും ജന്മസ്ഥലത്തെയും കുറിച്ച്‌ ശരിയായ ചരിത്രരേഖകളില്ല. പിതാവ്‌ യുയാക്കീമും മാതാവ്‌ ഹന്നയുമായിരുന്നുവെന്ന്‌ പാരമ്പര്യപരാമര്‍ശമുണ്ട്‌. പലസ്‌തീനിലെ ഗലീലയില്‍ നസറേത്ത്‌ എന്ന ഗ്രാമത്തില്‍ വളര്‍ന്നുവരവേ, കന്യകയായ മറിയത്തിന്‌ യോസേഫുമായി വിവാഹം നിശ്ചയിക്കപ്പെട്ടിരുന്നു. വിവാഹത്തിനു മുമ്പ്‌ ദൈവദൂതന്‍ പ്രത്യക്ഷനായി, പരിശുദ്ധാത്മാവ്‌ അവളുടെ മേല്‍ ആവസിക്കുമെന്നും ദൈവപുത്രനായ ക്രിസ്‌തു അവളിലൂടെ ജനിക്കുമെന്നും അറിയിച്ചു. അങ്ങനെ, കന്യകയായ മറിയം യേശുക്രിസ്‌തുവിന്റെ മാതാവായി. യേശുവിന്റെ ജനനവാര്‍ത്ത വിവരിക്കുന്ന സുവിശേഷ ഭാഗങ്ങളില്‍ കന്യാമറിയത്തിന്റെ വ്യക്തിത്വം തെളിഞ്ഞു നില്‌ക്കുന്നു (വി. മത്താ. 1:2; വി. ലൂക്കൊസ്‌ 1:2). പുതിയനിയമത്തില്‍ അപ്പോ. പ്രവൃത്തികളിലും കന്യാമറിയം പരാമര്‍ശിക്കപ്പെടുന്നുണ്ട്‌ (1:4).

"നിത്യകന്യകയും ദൈവമാതാവുമായ മറിയം' എന്നാണ്‌ പുരാതന സഭകള്‍ കന്യാമറിയത്തിനെ വിശേഷിപ്പിക്കുന്നത്‌. കന്യകയായിരിക്കെ, യേശുവിന്‌ ജന്മം നല്‌കിയതുകൊണ്ടും ശിഷ്ടായുസ്സ്‌ കന്യകയായി ജീവിച്ചതുകൊണ്ടും മറിയത്തിനെ നിത്യകന്യക എന്നു വിളിക്കുന്നു. എ.ഡി. 325ല്‍ നിഖ്യായില്‍ സമ്മേളിച്ച സഭയുടെ ഒന്നാം സാര്‍വത്രിക സുന്നഹദോസും 431ല്‍ എഫേസോസില്‍ കൂടിയ മൂന്നാം സാര്‍വത്രിക സുന്നഹദോസും കന്യാമറിയം ദൈവമാതാവ്‌ (Thetofcos ദൈവപ്രസവത്രി) ആണെന്ന വിശ്വാസം ഉറപ്പിച്ചു പ്രഖ്യാപിച്ചു. 3-ാം ശ. മുതല്‍ തന്നെ സഭാപിതാക്കന്മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ ഈ അഭിധാനം ഉപയോഗിച്ചു തുടങ്ങിയിരുന്നു. ദൈവാരാധനയ്‌ക്ക്‌ വിഘാതമാവും എന്നു വാദിച്ചുകൊണ്ട്‌ കന്യാമറിയത്തിനോടുള്ള ആദരവ്‌ നവീകരണസഭകള്‍ നിരാകരിക്കുന്നു. മധ്യകാലയുഗങ്ങളില്‍ കത്തോലിക്കാസഭയില്‍ ഉണ്ടായ അതിരുകവിഞ്ഞ ആദരവാണ്‌ ഇതിനു വഴിയൊരുക്കിയത്‌. പുരാതന സഭകള്‍ എല്ലാം കന്യാമറിയത്തിനെ സഭയിലെ വിശുദ്ധന്മാരുടെ ഗണത്തില്‍ മുഖ്യസ്ഥാനം നല്‌കി ആദരിച്ചു പോരുന്നു.

കത്തോലിക്കാസഭ കന്യാമറിയത്തിന്‍െറ അമലോദ്‌ഭവത്തില്‍ വിശ്വസിക്കുന്നു. 1854ല്‍ പീയൂസ്‌ ഒന്‍പതാമന്‍ മാര്‍പ്പാപ്പാ ഇത്‌ സഭാവിശ്വാസങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. കന്യാമറിയം മരിച്ച്‌ സംസ്‌കരിക്കപ്പെട്ട ശേഷം ശരീരം സ്വര്‍ഗത്തിലേക്ക്‌ എടുക്കപ്പെട്ടു എന്നൊരു വിശ്വാസം 4-ാം ശ. മുതല്‍ കാണുന്നുണ്ട്‌. 1950ല്‍ പീയൂസ്‌ പന്ത്രണ്ടാമന്‍ മാര്‍പ്പാപ്പാ ഇതും സഭാവിശ്വാസമായി പ്രഖ്യാപിച്ചിട്ടുണ്ട്‌.

ക്രിസ്‌തു കഴിഞ്ഞാല്‍ സഭയില്‍ ഏറ്റവും ഉന്നതസ്ഥാനം (അപ്പോസ്‌തലന്മാരേക്കാള്‍ ഉപരിയായിട്ടുള്ളത്‌) ആണ്‌ കന്യാമറിയത്തിന്‌ പുരാതനസഭകള്‍ നല്‌കുന്നത്‌.

(റവ. പൗലോസ്‌ മാര്‍ഗ്രിഗോറിയോസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍