This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്ണദാസന്‍ (1927-81)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കണ്ണദാസന്‍ (1927-81)

കണ്ണദാസന്‍

പ്രശസ്‌തനായ തമിഴ്‌കവിയും ഗാനരചയിതാവും. ഇദ്ദേഹം രാമനാഥപുരം ജില്ലയില്‍ തിരുപ്പത്തൂര്‍ താലൂക്കില്‍ ചിറുകൂടല്‍പ്പട്ടി എന്ന ഗ്രാമത്തില്‍ 1927 ജൂണ്‍ 6നു ചാത്തപ്പച്ചെട്ടിയാരുടെയും വിശാലാക്ഷിയുടെയും മകനായി ജനിച്ചു. മുത്തയ്യ എന്നാണ്‌ ആദ്യ നാമം. സാമ്പത്തികസൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ കാര്യമായ വിദ്യാഭ്യാസം നേടാന്‍ ഇദ്ദേഹത്തിന്‌ കഴിഞ്ഞില്ല; എങ്കിലും സ്വപ്രയത്‌നം കൊണ്ട്‌ തമിഴിലും ഇംഗ്ലീഷിലും അനല്‌പമായ പരിജ്ഞാനം നേടാന്‍ ഇദ്ദേഹത്തിനു സാധിച്ചു. 1944ല്‍ തിരുമകള്‍ എന്ന മാസികയില്‍ ഇദ്ദേഹത്തിന്റെ ആദ്യത്തെ കവിത (അവള്‍) പ്രസിദ്ധീകരിച്ചു. ഇക്കാലത്താണ്‌ "ശ്രീകൃഷ്‌ണന്റെ ദാസന്‍' എന്ന അര്‍ഥത്തിലുള്ള "കണ്ണദാസന്‍' എന്ന പേര്‌ സ്വീകരിച്ചത്‌. കുറേക്കഴിഞ്ഞപ്പോള്‍ കണ്ണദാസന്‍ തിരുമകള്‍ മാസികയുടെ പത്രാധിപരായി. മേധാവി, തിരൈഒലി, ചണ്ഡമാരുതം എന്നീ മാസികകളുടെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

1948ല്‍ "മോഡേണ്‍ തിയെറ്റേഴ്‌സ്‌' എന്ന സിനിമാക്കമ്പനിയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത്‌ കണ്ണദാസന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു വഴിത്തിരിവായിരുന്നു. ജൂപ്പിറ്റര്‍ പിക്‌ച്ചേഴ്‌സ്‌ നിര്‍മിച്ച "കന്നിയിന്‍ കാതലി' എന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ കണ്ണദാസന്റേതായിരുന്നു.

"കലങ്കാതിരു മനമേ ഉന്‍ കനവെല്ലാം നിനൈവാകും ഒരു ദിനമേ'

എന്ന അതിലെ ഒരു ഗാനത്തോടെ കണ്ണദാസന്‍ പ്രശസ്‌തനായിത്തീര്‍ന്നു. ഏതാണ്ട്‌ മൂന്നു ദശാബ്‌ദക്കാലം ഇദ്ദേഹം തമിഴ്‌സിനിമയില്‍ അജയ്യനായി കഴിഞ്ഞു. കണ്ണദാസനെപ്പോലെ സര്‍വജനസമ്മതി നേടിയ ഒരു ഗാനരചയിതാവ്‌ ഇന്നു തമിഴ്‌നാട്ടില്‍ വേറെയില്ല. 4,500ഓളം സിനിമാഗാനങ്ങള്‍ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്‌. പല സന്ദര്‍ഭങ്ങളിലായി രചിച്ചിട്ടുള്ള സ്‌തുതികളും ഗീതകങ്ങളുമായി നാലായിരത്തോളം വേറെയുമുണ്ട്‌.

ദ്രാവിഡമുന്നേറ്റക്കഴകമെന്ന രാഷ്‌ട്രീയ സംഘടനയില്‍ അംഗമായിരുന്ന കാലത്ത്‌ തൃശ്ശിനാപ്പള്ളിയിലുള്ള ഡാല്‍മിയാപുരം എന്ന സ്ഥലം കല്ലക്കുടി എന്നു പുനര്‍നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടു നടത്തിയ സമരത്തില്‍ പങ്കെടുത്ത കണ്ണദാസന്‌ 18 മാസത്തെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നു. ജയിലില്‍ വച്ച്‌ എഴുതിയ മാങ്കനി എന്ന കാവ്യനാടകം തമിഴ്‌ സാഹിത്യലോകത്ത്‌ ഇദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കി.

തെന്റല്‍, തെന്റല്‍ത്തിരൈ, മുല്ലൈ, കടിതം എന്നീ മാസികകള്‍ പല കാലങ്ങളിലായി കണ്ണദാസന്‍ നടത്തിയിരുന്നു; കണ്ണദാസന്‍ എന്ന പേരിലും ഒരു മാസിക നടത്തുകയുണ്ടായി. തൈപ്പാവൈ, കവിതാഞ്‌ജലി, ശ്രീകൃഷ്‌ണ അന്താദി എന്നീ കവിതാസമാഹാരങ്ങളും ചേരമാന്‍ കാതലി, ഉമൈയിന്‍ കോട്ടൈ, വനവാസം തുടങ്ങിയ ഗദ്യകൃതികളും വിളക്കു മട്ടുമാ ചുവപ്പ്‌ (1976) എന്ന നോവലും കണ്ണദാസന്റെ ശ്രഷ്‌ഠരചനകളാണ്‌. ഇദ്ദേഹത്തിന്റെ ഗാനങ്ങള്‍ സമാഹരിച്ച്‌ ആറ്‌ വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഏറ്റവും നല്ല ഗാനരചയിതാവിനുള്ള അവാര്‍ഡ്‌ 1970ല്‍ കേന്ദ്രഗവണ്‍മെന്റ്‌ കണ്ണദാസനു നല്‌കുകയുണ്ടായി. 1978 മാര്‍ച്ചില്‍ തമിഴ്‌നാട്‌ ഗവണ്‍മെന്റ്‌ കണ്ണദാസനെ ആസ്ഥാനകവിയായി നിയമിച്ചു. 1980ലെ സാഹിത്യ അക്കാദമി അവാര്‍ഡും തമിഴ്‌നാട്ടില്‍ നിന്നു നിരവധി മറ്റു ബഹുമതികളും ലഭിച്ചിട്ടുണ്ട്‌. 1981 ഒ.ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ അന്തരിച്ചു.

(പ്രാഫ. അമ്പലത്തറ ഉണ്ണികൃഷ്‌ണന്‍ നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍