This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കട്ടക്ക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കട്ടക്ക്‌

Cuttack

ഒറീസയില്‍ ബംഗാള്‍ ഉള്‍ക്കടലിനെ സ്‌പര്‍ശിച്ചു സ്‌ഥിതിചെയ്യുന്ന ഇതേ പേരുള്ള ജില്ലയുടെ ആസ്ഥാനനഗരം. സംസ്ഥാനത്തെ ഒരു മുഖ്യ സാംസ്‌കാരികകേന്ദ്രമാണ്‌ കട്ടക്ക്‌. തെക്കു പുരി; വടക്കു കിയോന്‍ഝഡും ബാലസോറും; പടിഞ്ഞാറു ധെന്‍കനാല്‍ എന്നിവയാണ്‌ അയല്‍ജില്ലകള്‍. സംസ്ഥാന തലസ്ഥാനമായ ഭുവനേശ്വറിന്‌ 28 കി.മീ. വ. മാറി സ്‌ഥിതിചെയ്യുന്ന കട്ടക്ക്‌ നഗരത്തിലൂടെയാണ്‌ ചെന്നൈകൊല്‍ക്കത്ത ദേശീയപാത കടന്നുപോകുന്നത്‌. ദക്ഷിണ പൂര്‍വ റെയില്‍വേയിലെ ഒരു പ്രമുഖ സ്റ്റേഷന്‍ കൂടിയാണ്‌ കട്ടക്ക്‌. മഹാനദിയുടെ ഡെല്‍റ്റാപ്രദേശത്ത്‌ വ്യാപിച്ചിട്ടുള്ള കാര്‍ഷിക പ്രധാനമായ ജില്ലയിലെ വ്യാവസായികവര്‍ത്തക കേന്ദ്രമായ കട്ടക്ക്‌നഗരം മഹാനദിയുടെ തന്നെ രണ്ടു കൈവഴികള്‍ക്കിടയ്‌ക്കാണ്‌ വികസിച്ചു വന്നിരിക്കുന്നത്‌.

ബാരാവതി കോട്ട, കട്ടക്ക്‌

ചരിത്രപ്രസിദ്ധമായ ഈ നഗരം 1948 വരെ സംസ്ഥാന തലസ്ഥാനമായിരുന്നു. പൂര്‍വതീരത്തിന്‌ 75 കി.മീ. ഉള്ളിലായാണ്‌ ഒറീസയിലെ ഏറ്റവും പ്രാചീനമായ ഈ നഗരത്തിന്റെ സ്ഥാനം. ഹിന്ദുരാജാക്കന്മാരുടെ ഭരണകാലത്ത്‌ രാജധാനിയായിരുന്ന ബാരാവതി കോട്ടയുടെ ഭഗ്‌നാവശിഷ്‌ടം മഹാനദിയുടെ തീരത്തു കാണപ്പെടുന്നു. മുസ്‌ലിം ഭാരണകാലത്ത്‌ (1633) പണികഴിപ്പിച്ച ലാല്‍ബാഗ്‌ കൊട്ടാരം, ജുമാമസ്‌ജിദ്‌ എന്നിവയ്‌ക്കു പുറമേ അമരേശ്വരക്ഷേത്രം തുടങ്ങിയ ദേവാലയങ്ങളും ബാരാവതി സ്റ്റേഡിയം, രക്തസാക്ഷികളുടെ സ്‌മരണാര്‍ഥം പണികഴിപ്പിച്ചിട്ടുള്ള ഷഹീദ്‌ഭവന്‍ തുടങ്ങിയവയും സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന വാസ്‌തുവിദ്യാ മാതൃകകളാണ്‌. കേന്ദ്ര നെല്ലു ഗവേഷണ സ്ഥാപനം (C.R.R.I), ഒറീസ സ്‌കൂള്‍ ഒഫ്‌ എഞ്ചിനീയറിങ്‌ തുടങ്ങിയവയുടെ ആസ്ഥാനമായ ഈ നഗരം സംസ്ഥാനത്തെ പ്രമുഖവിദ്യാഭ്യാസ കേന്ദ്രവുമാണ്‌.

കരകൗശലവസ്‌തുക്കള്‍ക്കു കീര്‍ത്തികേട്ട കട്ടക്കിലെ മറ്റൊരു പ്രമുഖ വ്യവസായം ധാന്യസംസ്‌കരണമാണ്‌. സംസ്ഥാനയുടമസ്ഥതയിലുള്ള കട്ടക്ക്‌ അയണ്‍ ആന്‍ഡ്‌ സ്റ്റീല്‍ ലിമിറ്റഡ്‌ നഗരത്തിലെ ബൃഹത്തായ ഒരു വ്യവസായ സ്ഥാപനമാണ്‌. തുണിമില്ലുകള്‍, പേപ്പര്‍ മില്ലുകള്‍, ഗ്ലാസ്‌ഫാക്‌റ്ററി തുടങ്ങിയ വ്യവസായ ശാലകളുടെയും ആസ്ഥാനമായ കട്ടക്ക്‌ സുഗമമായ കനാലുകള്‍, റോഡുകള്‍, റെയില്‍പ്പാതകള്‍ എന്നിവമൂലം സംസ്ഥാനത്തെ മുഖ്യ വാണിജ്യകേന്ദ്രമെന്ന പദവിയും നേടിയിരിക്കുന്നു. കട്ടക്ക്‌ ജില്ലയിലെ ജനങ്ങളില്‍ പകുതിയിലധികവും ഈ നഗരത്തിലാണ്‌ വസിക്കുന്നത്‌.

3915 ച.കി.മീ. വിസ്‌തൃതിയുള്ള ജില്ലയുടെ ഏറിയപങ്കും ഫലഭൂയിഷ്‌ഠമായ എക്കല്‍ മണ്ണാണ്‌. മഹാനദിയുടെ കൈവഴികളുടെയും ബ്രാഹ്‌മണിയുടെയും അഴിമുഖങ്ങള്‍ ഈ ജില്ലയിലാണ്‌. തന്‌മൂലം ജലസമൃദ്ധമായ തീരദേശം ചതുപ്പുകള്‍ നിറഞ്ഞു കാണപ്പെടുന്നു. അല്‌പമാത്രമായ കുന്നിന്‍ പുറങ്ങളൊഴികെയുള്ള ഭാഗങ്ങളൊക്കെയും ജലസേചനത്തിനു വിധേയമാണ്‌. നെല്ലാണ്‌ മുഖ്യവിള. ചണത്തിനു പുറമേ പരിപ്പുവര്‍ഗങ്ങളും കൃഷി ചെയ്യപ്പെടുന്നു. തീരദേശവാസികളുടെ മുഖ്യ ഉപജീവനമാര്‍ഗ-ം മത്സ്യബന്ധനമാണ്‌. കട്ടക്ക്‌ ജില്ലയിലെ ജനസംഖ്യ 23,40,686 (2001). ഈ ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്നു ലഭ്യമായിട്ടുള്ള ചരിത്രാവശിഷ്‌ടങ്ങള്‍ 7, 8ശ.ങ്ങളില്‍ ഇവിടം ഒരു പ്രധാന ബൗദ്ധ സങ്കേതമായിരുന്നുവെന്നു വ്യക്തമാക്കുന്നു. സുദീര്‍ഘമായ ഒരു ചരിത്രം തനതായുള്ള കട്ടക്ക്‌ ആര്‍ഷഭാരതസംസ്‌കാരം ഉള്‍ക്കൊള്ളുന്ന ഒരു ആധുനിക നഗരമാണ്‌. നോ. ഒറീസ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍