This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടല്‍ക്കിഴവന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കടല്‍ക്കിഴവന്‍

1. ഗ്രീക്കുപുരാണങ്ങളില്‍ നീറിയസ്‌ എന്നറിയപ്പെടുന്ന സമുദ്രദേവന്‍. കടല്‍ക്കിഴവന്‍ എന്ന അപരനാമധേയത്തിലും അറിയപ്പെട്ടിരുന്നു. ഭൂമിയുടെ ചരിത്രത്തിന്റെ ആദ്യദശയിലാണ്‌ നീറിയസ്‌ ജനിച്ചതെന്ന്‌ കരുതപ്പെടുന്നു. പൊണ്ടസ്‌ എന്ന അതിപ്രാചീന സമുദ്രദേവനാണ്‌ ഇദ്ദേഹത്തിന്റെ പിതാവ്‌; പുരാതന ഭൂദേവതയായ ജീയ (Gaea) ആണ്‌ മാതാവ്‌. നീറിയസ്സിന്റെ സുന്ദരികളായ അന്‍പതു പുത്രിമാര്‍ നീറിയഡുകള്‍ (Nereids) എന്ന പേരിലറിയപ്പെടുന്നു. നീറിയസ്‌ കാരുണ്യമുള്ളവനായിട്ടാണു പുരാണത്തില്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്‌. നാവികന്മാരെ സഹായിക്കുവാനും ഉപദേശിക്കുവാനു‌മായി സമുദ്രാപരിഭാഗത്തു ഇദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു എന്നാണ്‌ വിശ്വാസം. ദീര്‍ഘദര്‍ശന സമര്‍ഥനായ ഇദ്ദേഹം ട്രാജന്‍ യുദ്ധത്തിന്റെ പര്യവസാനം പ്രവചിച്ചിട്ടുണ്ടായിരുന്നു എന്നും ഐതിഹ്യമുണ്ട്‌.

2. നീറിയസ്സിന്റെ സ്വഭാവത്തിനു‌ നേരെ വിപരീതമായ പ്രകൃതമുള്ള ഒരു വൃദ്ധന്റെ വൃത്താന്തം അറബിക്കഥകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്‌. ഈ വൃദ്ധനെ ആസ്‌പദമാക്കിയാണു "കടല്‍ക്കിഴവന്‍' എന്ന ശൈലി പൊതുവേ പ്രചരിച്ചിട്ടുള്ളത്‌. സിന്‍ബാദ്‌ എന്നു പേരായ ഒരു അറബി നാവികന്‍ തന്റെ സഞ്ചാരജീവിതത്തില്‍ അനു‌ഭവിച്ച പല ക്ലേശങ്ങളും കഥയില്‍ വര്‍ണിക്കപ്പെട്ടിട്ടുണ്ട്‌. ഒരിക്കല്‍ ഒരു വൃദ്ധനെ (കടല്‍ക്കിഴവന്‍) ചുമലില്‍ എടുത്തുകൊണ്ടു സിന്‍ബാദിന്‌ സഞ്ചരിക്കേണ്ടി വന്നു. തനിക്കു ചെയ്യുന്ന സഹായത്തില്‍ പ്രീതിയോടെ പെരുമാറുന്നതിനു‌ പകരം ആ കിഴവന്‍ സ്വന്തം ആജ്ഞകളനു‌സരിക്കുന്നതിനു‌ സിന്‍ബാദിനെ നിര്‍ബന്ധിക്കുകയാണുണ്ടായത്‌. ആജ്ഞ അനു‌സരിച്ചില്ലെങ്കില്‍ ചുമലിലിരുന്നു കഴുത്തു ഞെക്കിക്കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു. ഒടുവില്‍ സിന്‍ബാദ്‌ വൃദ്ധനെ ധാരാളം കുടിപ്പിച്ചു മയക്കി, ചുമലില്‍ നിന്നു താഴെ വീഴ്‌ത്തിയശേഷം വധിച്ചു. ഈ കഥയിലെ വൃദ്ധന്‍കടല്‍ക്കിഴവന്‍സിന്‍ബാദിന്‌ ഒരു മാറാശല്യമായിരുന്നതിനാല്‍ "മാറാശല്യം' എന്ന അര്‍ഥത്തില്‍ "കടല്‍ക്കിഴവന്‍' എന്ന ശൈലി പ്രചരിച്ചു വരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍