This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഔഷധ സസ്യങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഔഷധ സസ്യങ്ങള്‍

ഔഷധപ്രാധാന്യമുള്ള സസ്യങ്ങള്‍. ആയുര്‍വേദ വിജ്ഞാനത്തില്‍ പരമപ്രധാനമായ ഒരു സ്ഥാനം ഔഷധ സസ്യങ്ങള്‍ക്കുണ്ട്‌. ചരിത്രാതീതകാലം മുതല്‌ക്കുതന്നെ ഔഷധസസ്യങ്ങളെപ്പറ്റിയും അവയുടെ ഉപയോഗക്രമങ്ങളെപ്പറ്റിയും മനുഷ്യന്‌ അറിവുണ്ടായിരുന്നു. ഋഗ്വേദത്തിലെ ഔഷധസസ്യങ്ങളെപ്പറ്റിയുള്ള പരാമര്‍ശം ഏറ്റവും പുരാതനരേഖയായി കണക്കാക്കാം. ചരകസംഹിത, സുശ്രുതസംഹിത എന്നിവകളില്‍ ഔഷധസസ്യങ്ങളെപ്പറ്റി പ്രതിപാദനമുണ്ട്‌. പത്താം നൂറ്റാണ്ടുമുതല്‍ മുഗള്‍രാജാക്കന്മാരുടെ ആക്രമണകാലം വരെ ഇന്ത്യന്‍ ഔഷധസസ്യങ്ങളുടെ പ്രചാരവും പ്രാധാന്യവും നിലനിന്നിരുന്നു. ഈ കാലഘട്ടത്തിന്റെ അന്ത്യത്തില്‍ ആയുര്‍വേദ ഔഷധങ്ങള്‍ ഭാരതത്തില്‍ നിന്നും വിദേശരാജ്യങ്ങളിലേക്ക്‌ കയറ്റി അയയ്‌ക്കപ്പെട്ടു തുടങ്ങി. ഈജിപ്‌ത്‌, ഗ്രീസ്‌, റോം, അറേബ്യ എന്നീ നാടുകളില്‍ ഇന്ത്യന്‍ ഔഷധസസ്യങ്ങള്‍ കൊണ്ടുള്ള ഔഷധങ്ങള്‍ക്ക്‌ വമ്പിച്ച പ്രചാരമുണ്ടായിരുന്നു. പക്ഷേ, മുഗള്‍ രാജാക്കന്മാരുടെ വരവോടുകൂടി ആയുര്‍വേദ ചികിത്സാക്രമം ഏതാണ്ട്‌ പുറന്തള്ളപ്പെടുകതന്നെ ചെയ്‌തു.

വളരെ പഴക്കമുള്ള ചില സംസ്‌കൃത കൃതികളില്‍ ഔഷധ സസ്യങ്ങളെപ്പറ്റിയുള്ള നിര്‍വചനവും തരംതിരിവും ഉപയോഗക്രമവും ഭാരതീയ രീതിയില്‍ കൊടുത്തിട്ടുണ്ട്‌. ആയുര്‍വേദത്തിലെ "കല്‌പസ്ഥാന'ത്തില്‍ ഔഷധസസ്യങ്ങളെപ്പറ്റി സവിസ്‌തര വര്‍ണനം കാണുന്നു. പുരാതന ബുദ്ധമത ഗ്രന്ഥങ്ങളില്‍ ഔഷധസസ്യത്തോട്ടങ്ങളെപ്പറ്റിയും സസ്യങ്ങള്‍ ശേഖരിക്കേണ്ട സമയം, ഉപയോഗിക്കേണ്ട സസ്യഭാഗങ്ങള്‍ എന്നിവയെപ്പറ്റിയും വിശദമായി പറഞ്ഞിരിക്കുന്നു. അതനുസരിച്ച്‌ ഏകവര്‍ഷികളെ കായ്‌കള്‍ മൂപ്പെത്തുന്നതിനുമുമ്പും, ദ്വിവര്‍ഷികളെ വസന്തകാലത്തിലും, ചിരസ്ഥായികളെ ഹേമന്തത്തിലും, കമ്പുകളും തണ്ടുകളും അവയുടെ വളര്‍ച്ചയുടെ പ്രഥമവര്‍ഷത്തിലും, വേരുകള്‍ ശൈത്യകാലങ്ങളിലും, ഇലകള്‍ വേനല്‍ക്കാലങ്ങളിലും, തൊലിയും തടിയും മഴക്കാലങ്ങളിലും ശേഖരിക്കുന്നത്‌ ഉത്തമമാണ്‌. ഔഷധസസ്യങ്ങളെപ്പറ്റി മാത്രമല്ല വെള്ളത്തിലും പാലിലും തയ്യാറാക്കുന്ന കഷായങ്ങള്‍, വാറ്റുമരുന്നുകള്‍, ചൂര്‍ണങ്ങള്‍, ആസവങ്ങള്‍, ഔഷധത്തൈലങ്ങള്‍ തുടങ്ങി 26-ഓളം തയ്യാറിപ്പുകളെപ്പറ്റിയും ഈ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്‌.

ഇന്ത്യ ഔഷധസസ്യങ്ങളാല്‍ അനുഗൃഹീതമായ ഒരു രാജ്യമാണ്‌. ഏതാണ്ട്‌ ആയിരത്തിഅഞ്ഞൂറിലേറെ ഇനം ഔഷധസസ്യങ്ങള്‍ ഇവിടെയുണ്ട്‌. ഇരുപതിനായിരത്തിലേറെ സ്‌പീഷിസുകള്‍ സസ്യസമ്പത്തായുള്ള ഇവിടെ ഔഷധസസ്യങ്ങളുടെ എണ്ണം അത്ര വലുതാണെന്നു പറയാന്‍ വയ്യെങ്കിലും ഉള്ള ഔഷധസസ്യങ്ങളെപ്പോലും മുഴുവന്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഒരു കാലഘട്ടത്തില്‍ പ്രചാരം കുറഞ്ഞുപോയ ആയുര്‍വേദ ചികിത്സാ ശാസ്‌ത്രത്തിന്‌ ഒരു നവോത്ഥാനം കൈവന്നിട്ടുള്ളതിനാല്‍ ഔഷധസസ്യങ്ങളുടെ കൃഷിയിലും പരിരക്ഷയിലും ഇന്ന്‌ ശ്രദ്ധ ഏറിവരുന്നുണ്ട്‌.

സ്വഭാവത്തിലും ഉത്‌പാദനത്തിലും വൈവിധ്യം പുലര്‍ത്തുന്ന ഔഷധസസ്യങ്ങളെ തിരിച്ചറിയുക എന്നത്‌ ശ്രമകരമായ ഒരു ജോലിയാണ്‌. ചിലയിനം ഔഷധച്ചെടികളെ തിരിച്ചറിയുന്നതിന്‌ വൈദഗ്‌ധ്യം നേടിയ ചില സമുദായങ്ങളുണ്ട്‌. ഉത്തരമധ്യ ഇന്ത്യയിലെ മുഷറാകളും, ബംഗാളിലെ അധഃകൃതവര്‍ഗക്കാരായ ബേഡീയ, ബാഗ്‌ദീ, കൈബര്‍ത്ത്‌, പോദ്‌, ചണ്ഡാല, കോരാ, കാരങ്കാ എന്നിവരും മുംബൈ പരിസരങ്ങളിലെ ചന്ദ്രാ, ഭീല്‍, ഗാമത്താ വര്‍ഗക്കാരും കേരളത്തിലെ തോടരും കാണികളും ഇപ്പറഞ്ഞതിന്‌ ഉദാഹരണങ്ങളാണ്‌.

പാശ്ചാത്യദേശത്ത്‌ ഔഷധസസ്യങ്ങളുടെ കൃഷി വ്യാവസായികാടിസ്ഥാനത്തില്‍ ആരംഭിച്ചത്‌ 16-17-ാം ശതകത്തിലാണ്‌. ഇവയുടെ 50-ഓളം തോട്ടങ്ങള്‍ എ.ഡി. 1560-ല്‍ ഇറ്റലിയിലുണ്ടായിരുന്നതായി രേഖകളുണ്ട്‌. സമീപകാലത്തായി ഇന്ത്യയിലും ഔഷധസസ്യത്തോട്ടങ്ങള്‍ വിപുലമായ തോതില്‍ നിര്‍മിച്ചു വരുന്നു. ലോകത്തെമ്പാടുമുള്ള ഔഷധസസ്യങ്ങളുടെ 75 ശതമാനവും ഇന്ത്യയില്‍ കാണപ്പെടുന്നുണ്ട്‌. അതിനുകാരണം ഇവിടത്തെ കാലാവസ്ഥ, മണ്ണും മറ്റു സാഹചര്യങ്ങളും, വര്‍ഷപാതം, സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം എന്നിവ ചെടികളുടെ വളര്‍ച്ചയ്‌ക്ക്‌ അനുഗുണമായതാണ്‌. ഔഷധസസ്യങ്ങളില്‍ മിക്കതും വനങ്ങളില്‍ വളരുന്നു. ഇവയില്‍ നല്ലൊരുപങ്ക്‌ നാട്ടിന്‍പുറങ്ങളില്‍ വളര്‍ത്താവുന്നവയാണ്‌. വനങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന സസ്യസമ്പത്ത്‌ തിരഞ്ഞുപിടിക്കുവാന്‍ പ്രയാസമുണ്ട്‌. പ്രകൃത്യാ വളരുന്ന ഔഷധസസ്യങ്ങളെ കണ്ടുപിടിച്ചാല്‍ത്തന്നെ പ്രായേണ ഗതാഗതസൗകര്യം കുറവായ ഭാഗങ്ങളില്‍ നിന്ന്‌ അവയെ വളര്‍ത്താന്‍ പറ്റിയ നിലയില്‍ എത്തിക്കുക എന്നതും ക്ലേശകരമായ ജോലി തന്നെ. ഈ വസ്‌തുതകളെ കണക്കിലെടുത്ത്‌ ഔഷധസസ്യസംഭരണത്തെയും കൃഷിയെയും പരിപോഷിപ്പിക്കുന്നതിന്‌ ബ്രിട്ടീഷ്‌ കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങളില്‍ ഔഷധസസ്യക്കൃഷി ആരംഭിക്കുകയുണ്ടായി.

ഔഷധസസ്യങ്ങളുടെ കൃഷി ശാസ്‌ത്രീയമായ രീതിയില്‍ വിപുലമായി ആരംഭിച്ചതോടെ വംശനാശത്തിന്റെ വക്കിലെത്തിനിന്നിരുന്ന നിരവധി സ്‌പീഷിസുകള്‍ സുലഭമായിത്തുടങ്ങി. കര്‍പ്പൂരം, കാസ്‌കാര, ഹമാമെലിസ്‌, പൊതിന, സ്‌ടിറാക്‌സ്‌, തൈമസ്‌ എന്നീ സസ്യങ്ങള്‍ ഇപ്രകാരം പുനഃസ്ഥാപിക്കപ്പെട്ടവയാണ്‌. സസ്യങ്ങളുടെ ഔഷധമൂല്യം. ഔഷധസസ്യങ്ങളിലും വിഷസസ്യങ്ങളിലും അടങ്ങിയിട്ടുള്ള ചില രാസവസ്‌തുക്കളാണ്‌ അവയുടെ ഈ പ്രത്യേക സ്വഭാവത്തിനു നിദാനം. അമൈന്‍സ്‌, ആല്‍ക്കലോയ്‌ഡുകള്‍ എന്നിവയാണ്‌ മുഖ്യമായ രാസവസ്‌തുക്കള്‍. ഇതോടൊപ്പം സസ്യങ്ങളില്‍ അടങ്ങിയിട്ടുള്ള ഗ്ലൈക്കോസൈഡുകളുടെ പ്രവര്‍ത്തനങ്ങളും ഔഷധ-വിഷസ്വഭാവങ്ങള്‍ക്കു നിദാനമാണ്‌. വിഷമയമുള്ള സസ്യങ്ങള്‍ക്ക്‌ സാധാരണ കയ്‌പുരസമാണുള്ളത്‌. അപ്പോസൈനേസീ കുടുംബത്തില്‍പ്പെട്ട അരളിയും സ്‌ക്രാഫുലാരിയേസി കുടുംബത്തില്‍പ്പെട്ട ഡിജിറ്റാലിസും ഇതിനുദാഹരണങ്ങളാണ്‌. ഉദ്ദേശം 50 കുടുംബങ്ങളില്‍പ്പെട്ട നാനൂറോളം ചെടികളില്‍ ഗ്ലൈക്കോസൈഡ്‌ കാണപ്പെടുന്നുണ്ട്‌. തവള, മത്സ്യം, ഷഡ്‌പദങ്ങള്‍ എന്നിവയ്‌ക്ക്‌ ഇവ മാരകമാണ്‌. ഒന്നിന്‌ രണ്ടുലക്ഷം എന്ന അനുപാതത്തില്‍ നേര്‍ത്തതാക്കിയാല്‍പ്പോലും ഇവ മത്സ്യങ്ങളെ കൊന്നൊടുക്കുന്നു. മനുഷ്യന്‌ ഇത്‌ ഉദരരോഗങ്ങള്‍, ഛര്‍ദി എന്നിവയ്‌ക്കു കാരണമാകും. ശീതരക്തമുള്ള ജന്തുക്കളുടെ ശ്വസനാവയവങ്ങളെ ഈ രാസവസ്‌തു തകരാറിലാക്കുന്നു. സോപ്പിന്‍കായ്‌മരം ഇതിനുദാഹരണമാണ്‌.

ചില സസ്യങ്ങളില്‍ സ്ഥിരതൈലങ്ങളും ബാഷ്‌പശീലതൈലങ്ങളും അടങ്ങിയിട്ടുണ്ട്‌. ഈ പദാര്‍ഥങ്ങളുടെ സാന്നിധ്യം സസ്യങ്ങള്‍ക്കും അവയുടെ വിഭവങ്ങള്‍ക്കും ചില പ്രത്യേക ഗന്ധങ്ങള്‍ നല്‌കുന്നു. ഇതില്‍ ചിലതിന്‌ ഷഡ്‌പദങ്ങളെ അകറ്റിനിറുത്തുവാന്‍ കഴിവുണ്ട്‌. യൂക്കാലിപ്‌റ്റസ്‌, കടുക്‌, ഉള്ളി എന്നിവ ഉദാഹരണങ്ങളാണ്‌.

ഔഷധസസ്യങ്ങളില്‍ അടങ്ങിയിട്ടുള്ള മറ്റൊരു പദാര്‍ഥമാണ്‌ ടോക്‌സാന്‍ബുലിന്‍. ആവണക്ക്‌, പരുത്തി എന്നീ ചെടികളില്‍ ഇത്‌ കാണപ്പെടുന്നു. കന്നുകാലികള്‍ക്ക്‌ ഇത്‌ കൂടിയ തോതില്‍ വിഷമാണെങ്കിലും, കുറഞ്ഞ മാത്രയില്‍ തുടര്‍ച്ചയായി നല്‍കിയാല്‍ പ്രതിരക്ഷ ലഭിക്കും.

റെസിന്‍ (resin) ഔഷധസസ്യങ്ങളിലെ ഒരു പ്രധാന ഘടകമാണ്‌. അംബെലിഫെറേ കുടുംബത്തില്‍പ്പെട്ട ചില കാട്ടുചെടികളിലാണിത്‌ കൂടുതലായും കണ്ടുവരുന്നത്‌. കശുമാവിന്റെ കുടുംബത്തില്‍പ്പെട്ട ചില ചെടികളിലും ഇതു കാണാനുണ്ട്‌.

റോഡോഡെന്‍ഡ്രാണ്‍ എന്നയിനം ചെടിയില്‍ കണ്ടുവരുന്ന ആള്‍ഡ്രാമിഡോ ടോക്‌സിനും രൂക്ഷവിഷശക്തിയുള്ള ഒരു പദാര്‍ഥമാണ്‌. സസ്യങ്ങളിലെ ആന്റിബയോട്ടിക്കുകളും ഔഷധസസ്യങ്ങളുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. പെനിസിലിന്‍, സ്‌ട്രപ്‌റ്റൊമൈസിന്‍ എന്നീ ഔഷധങ്ങള്‍ സസ്യജന്യങ്ങളാണ്‌.

ചില പ്രധാനപ്പെട്ട ഔഷധസസ്യങ്ങള്‍ ഇനി പറയുന്നവയാണ്‌: അതിവിടയം, അമുക്കിരം, അമൃത്‌, അമ്ലവേതനം, അശോകം, ആടലോടകം, ആര്യവേപ്പ്‌, ആവണക്ക്‌, ഇഞ്ചി, ഇഞ്ചിപ്പുല്ല്‌, ഇരട്ടിമധുരം, ഈശ്വരമൂലി, ഉമ്മം, ഏലം, ഏഴിലംപാല, ഇപകാക്‌, കഞ്ചാവ്‌, കടുകുരോഹിണി, കണിക്കൊന്ന, കണ്ടകാരി, കറുവ, കാട്ടുജീരകം, കാട്ടുപുകയില, കായം, കാര്‍കോകില്‍, കിരിയാത്ത്‌, കുടകപ്പാല, കുപ്പമേനി, കുറുന്തോട്ടി, കൂവളം, കുരുമുളക്‌, കൊടങ്ങല്‍, കൊട്ടം, കോള്‍ച്ചിക്കം, മേന്തോന്നി, ക്രാശാണി, ജഡാധരം, ഗ്രാമ്പൂ, ചന്ദനം, ചരളം, ചിറ്റരത്ത, ജടാമാഞ്ചി, ജാതി, ഞാവല്‍, ഞെരിഞ്ഞില്‍, തഴുതാമ, താന്നി, തിപ്പലി, തുളസി (തൃത്താവ്‌), തൊണ്ടി, ത്രികോല്‌പക്കൊന്ന, നരിവെങ്കായം, നറുനീണ്ടി, നിലപുഷ്‌പി, നിലപ്പാല, നിലവേപ്പ്‌, നീര്‍ബ്രഹ്‌മി, നീര്‍മാതളം, നെല്ലി (ആമലകം), പാച്ചോറ്റി, പാല്‍മുതുക്ക്‌, പുതിന, പൂനം, പ്ലാശ്‌, ബെല്ലഡോണ, മഞ്ഞള്‍, മരദരിശിനി, മരമഞ്ഞള്‍, മരവെട്ടി, മൈലാഞ്ചി, യുഗ്‌മഫലം, യൂക്കാലിപ്‌റ്റസ്‌, രാമച്ചം, ലഘുഫലം, വയമ്പ്‌, വയല്‍ച്ചുള്ളി, വലേറിയന്‍, വള്ളിപ്പാല, വാളന്‍പുളി, വിഴാലരി, വെള്ളത്തഴുതാമ, വള്ളി ഉഴിഞ്ഞ, വിഷ്‌ണുക്രാന്തി, വെള്ളഎരുക്ക്‌, വേങ്ങ, ശതാവരി, ശംഖുപുഷ്‌പം, സര്‍പ്പഗന്ധി, സിങ്കോണ, സിന്ദൂരം, സോമ, സ്‌നിഗ്‌ധജീരകം, ഹേമന്തഹരിതം, പാവിട്ട, പുന്ന, മുക്കുറ്റി, മുഞ്ഞ.

ഇവ കൂടാതെ ഔഷധപ്രാധാന്യമുള്ള നിരവധി സസ്യങ്ങള്‍ ഭാരതത്തിലുണ്ട്‌. ഇവയെക്കുറിച്ചുള്ള സസ്യശാസ്‌ത്രപരമായും ഔഷധശാസ്‌ത്രപരമായുമുള്ള പഠനങ്ങള്‍ വമ്പിച്ച തോതില്‍ നടന്നുകൊണ്ടിരിക്കുന്നു.

(എസ്‌. രാമചന്ദ്രന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍