This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർസി, ലെലിയോ (1511 - 87)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓര്‍സി, ലെലിയോ (1511 - 87)

Orsi, Lelio

ഇറ്റാലിയന്‍ ചിത്രകാരനും വാസ്‌തുശില്‌പിയും. നൊവെല്ലറായിലെ റെഗ്ഗിയോ എമിലിയായില്‍ 1511-ല്‍ ജനിച്ചു. അസാധാരണ പ്രാഗല്‌ഭ്യംകൊണ്ട്‌ ഇറ്റാലിയന്‍ കലാലോകത്ത്‌ വ്യക്തിമുദ്ര പതിപ്പിച്ച ഈ കലാകാരന്റെ ആദ്യകാല പരിശീലനങ്ങളെക്കുറിച്ച്‌ കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും പ്രശസ്‌ത കലാകാരനായിരുന്ന കൊറേഗിയോയുടെ രചനാശൈലിയോട്‌ ഇദ്ദേഹത്തിന്‌ ആധമര്‍ണ്യമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്‌. പ്രത്യേകിച്ചും ചിത്രരചനയിലെ പ്രകാശ വിന്യാസ സമ്പ്രദായത്തില്‍. നിഴലും വെളിച്ചവും കറുപ്പും വെളുപ്പും നിറങ്ങളിലൂടെ ആവിഷ്‌കരിച്ചുണ്ടാക്കുന്ന അനുഭൂതിവിലാസം അനുവാചകഹൃദയങ്ങളിലുളവാക്കുന്ന വൈകാരിക വ്യാപാരങ്ങളെ അങ്ങേയറ്റം ചൂഷണം ചെയ്യുന്നതില്‍ ഓര്‍സിയുടെ കൈകള്‍ എപ്പോഴും വിജയിച്ചിട്ടുണ്ട്‌. അതിനൊരുദാഹരണമാണ്‌ അദ്ദേഹം രചിച്ച നേറ്റിവിറ്റി (തിരുപ്പിറവി) എന്ന ചിത്രം. നഗ്നലാവണ്യാവിഷ്‌കരണത്തില്‍ ചിലപ്പോഴൊക്കെ മൈക്കല്‍ ആഞ്‌ജലോയുടെ സ്വാധീനത ഇദ്ദേഹത്തില്‍ കണ്ടിട്ടുണ്ട്‌. സാക്രിഫൈസ്‌ ഒഫ്‌ ഐസക്‌ (Sacrifice of Issac) ഇതിനുദാഹരണമാണ്‌. കറുപ്പും വെളുപ്പും നിറങ്ങള്‍കൊണ്ട്‌ നിഴലും വസ്‌തുവും ചിത്രീകരിക്കുന്നതില്‍ക്കൂടി ആവിഷ്‌കരിക്കുന്ന പിരിമുറുക്കത്തിലും, രൂപവിന്യാസത്തിലുള്ള ആര്‍ജവത്വത്തിലും ഉത്തര ഇറ്റലിയുടെ സ്വാധീനതയാണ്‌ പ്രകടമാവുന്നത്‌. ഇദ്ദേഹം രചിച്ച ജേണി ടു എമ്മാവൂസ്‌ (Journey to Emmaus) എന്ന ചിത്രം ഈ വസ്‌തുത തെളിയിക്കുന്നു. നൊവെല്ലറയില്‍ ഒരു വാസ്‌തുശില്‌പിയായും, ബൊളോഞ്ഞയിലും പാര്‍മയിലും ഒരു അലങ്കാരപ്പണിക്കാരനായും മറ്റുമുള്ള ഇദ്ദേഹത്തിന്റെ കലാസപര്യ വൈവിധ്യമാര്‍ന്നതായിരുന്നു. 1587-ല്‍ നൊവെള്ളറയില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍