This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓയ്‌ലർ, ലിയൊണാർഡ്‌ (1707 - 83)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓയ്‌ര്‍, ലിയൊണാര്‍ഡ്‌ (1707 - 83)

Euler, Leonhard

സ്വിസ്‌ ഗണിതശാസ്‌ത്രജ്ഞന്‍. ആധുനിക ഗണിതവിശ്ലേഷണ (Mathematical Analysis)ത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാള്‍. 1707 ഏ. 15-നു ബാസലില്‍ ജനിച്ചു. പ്രസിദ്ധ ഗണിതശാസ്‌ത്രജ്ഞനായ ബെര്‍ണോളിയുടെ ശിഷ്യനായിരുന്നു ഇദ്ദേഹം. 1727-ല്‍ സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗിലെ അക്കാദമി ഒഫ്‌ സയന്‍സസ്സില്‍ അംഗമായി. 1730-ല്‍ ഭൗതികശാസ്‌ത്രപ്രാഫസറും 1733-ല്‍ ഗണിതശാസ്‌ത്രവകുപ്പു മേധാവിയുമായി. ഗവേഷണരംഗത്തെ അത്യധ്വാനത്തിന്റെ ഫലമായി 1735-ല്‍ ഒരു കണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടു. ഫ്രഡറിക്‌ ദ്‌ ഗ്രറ്റിന്റെ ക്ഷണപ്രകാരം 1741-ല്‍ ഇദ്ദേഹം ബെര്‍ലിന്‍ അക്കാദമി ഒഫ്‌ സയന്‍സസ്‌ അംഗമായി. ഇവിടെവച്ച്‌ 25 വര്‍ഷക്കാലത്തിനുള്ളില്‍ അനേകം ഗവേഷണലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. 1766-ല്‍ കാതറീന്‍ ദ്‌ ഗ്രറ്റിന്റെ ക്ഷണം സ്വീകരിച്ച്‌ റഷ്യയിലേക്കുതന്നെ മടങ്ങി. സെന്റ്‌ പീറ്റേഴ്‌സ്‌ബര്‍ഗില്‍ വച്ച്‌ മറ്റേ കണ്ണിന്റെ കാഴ്‌ചയും നഷ്‌ടപ്പെട്ടു. തികച്ചും അന്ധനായിട്ടും ഇദ്ദേഹം പ്രവര്‍ത്തനനിരതനായിരുന്നു.

ബഹുമുഖമായ വ്യക്തിത്വമുണ്ടായിരുന്ന ഓയ്‌ലര്‍ നിരവധി ആധികാരികഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഭൗതിക ശാസ്‌ത്രത്തിലും ജ്യോതിശ്ശാസ്‌ത്രത്തിലും ഇദ്ദേഹം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടെങ്കിലും മികച്ച കൃതികള്‍ ഗണിതശാസ്‌ത്ര വിഷയങ്ങളിലാണ്‌. ഇദ്ദേഹത്തിന്റെ കൃതികള്‍ ഗണിതശാസ്‌ത്രത്തെ സമൂലം സ്വാധീനിച്ചിട്ടുണ്ട്‌. പ്രാഥമിക ജ്യാമിതി മുതല്‍ ഏറ്റവും വികസ്വരമായ കലനം (Calculus) വരെ ഓയ്‌ലര്‍ കൈകാര്യം ചെയ്‌തിരുന്നു. e, π, iഎന്നീ ചിഹ്നങ്ങള്‍ ഇദ്ദേഹത്തിന്റെ കൃതികളിലൂടെയാണ്‌ പ്രചാരത്തില്‍ വന്നത്‌. eπi + 1 = 0 എന്ന സമവാക്യം കണ്ടുപിടിച്ചതും ഓയ്‌ലര്‍ ആണ്‌. ത്രികോണമിതീയ ഫലനങ്ങള്‍ (trigonometric functions)സംഖ്യാനുപാതങ്ങള്‍ (numerical ratios) ഉപയോഗിച്ച്‌ വിശ്ലേഷണാത്മകരീതിയില്‍ ആദ്യമായി പഠനം നടത്തിയത്‌ ഇദ്ദേഹമാണ്‌. സംഖ്യാസിദ്ധാന്ത(theory of Numbers)ത്തില്‍ ഓയ്‌ലര്‍ നിരവധി നൂതന തത്ത്വങ്ങള്‍ കണ്ടുപിടിച്ചു. ദ്വിഘാത വ്യുത്‌ക്രമനിയമം (Law of quadratic raciprocity, 1772)അവയില്‍ പ്രധാനമായ ഒന്നാണ്‌. അവകലജ്യാമിതി (Differential Geometry), കലനം(Calculus)എന്നീ ശാഖകളിലും മികച്ച സംഭാവനകളാണ്‌ ഇദ്ദേഹം ചെയ്‌തിട്ടുള്ളത്‌. പ്രത്യേകമായ പ്രായോഗികതലങ്ങളില്‍ ഗണിതശാസ്‌ത്രസിദ്ധികള്‍ വിശ്ലേഷണാത്മകരീതിയില്‍ പ്രയോജനപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയെന്നതായിരുന്നു ഓയ്‌ലറുടെ പ്രവര്‍ത്തനസ്വഭാവം. 1783 സെപ്‌. 18-ന്‌ ഇദ്ദേഹം സെന്റ്‌ പീറ്റേഴ്‌സ്‌ബര്‍ഗില്‍ (ലെനിന്‍ഗ്രാഡ്‌) നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍