This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓകെയ്‌സി, ഷോന്‍ (1880 - 1964)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓകെയ്‌സി, ഷോന്‍ (1880 - 1964)

O'Casey, Sean

ഷോന്‍ ഓകെയ്‌സി

ഐറിഷ്‌ (ഇംഗ്ലീഷ്‌) നാടകകൃത്ത്‌. 1880 മാ. 30-ന്‌ ഡബ്ലിനില്‍ ജനിച്ചു. ബാല്യകാലം ദാരിദ്യ്രത്താല്‍ ക്ലേശഭരിതമായിരുന്നു. മൂന്നു വര്‍ഷമേ സ്‌കൂളില്‍ പഠിക്കാന്‍ കഴിഞ്ഞുള്ളൂ; സ്വയം വിദ്യാഭ്യാസമായിരുന്നു ഏറെയും. 1927-ല്‍ ഐലിന്‍ റെയ്‌നോള്‍ഡ്‌സിനെ(Eileen Reynolds) വിവാഹം ചെയ്‌തു. 13-ാമത്തെ വയസ്സില്‍ ഡബ്ലിനിലെ ഒരു വ്യാപാരശാലയില്‍ ജോലിക്കു ചേര്‍ന്നു. അതിനുശേഷം തുറമുഖത്തൊഴിലാളിയായും ഇഷ്‌ടികചുമട്ടുകാരനായും പണിയെടുത്തു. 1913-ലെ ഡബ്ലിന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ പണിമുടക്കില്‍ പങ്കെടുത്ത ഇദ്ദേഹം ഐറിഷ്‌ സിറ്റിസണ്‍ ആര്‍മിയിലും സേവനമനുഷ്‌ഠിക്കുകയുണ്ടായി. 1923 മുതല്‍ ഡബ്ലിനിലെ ആബി തിയറ്ററുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. മൂന്നു വര്‍ഷത്തിനുശേഷം ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കി. ഓകെയ്‌സിയുടെ ആദ്യകാല കൃതികളില്‍ പ്രധാനം ദ്‌ ഷാഡോ ഒഫ്‌ എ ഗണ്‍മാന്‍ (1925), ജൂണോ ആന്‍ഡ്‌ ദ്‌ പേക്കോക്ക്‌ (Juno and the Paycock, 1925), ദ്‌ പ്ലൗ ആന്‍ഡ്‌ ദ്‌ സ്റ്റാഴ്‌സ്‌ (1926) എന്നീ ചേരിനാടകങ്ങളാണ്‌ (Slum Plays). ഐെറിഷ്‌ സ്വാതന്ത്യ്രസമരം പശ്ചാത്തലമാക്കിയ ഈ കൃതികളില്‍ ഒരു ചേരിവാസിയുടെ വീക്ഷണകോണിലൂടെയാണ്‌ ഓകെയ്‌സി നോക്കിക്കാണുന്നത്‌. എല്ലാ യുദ്ധങ്ങളുടെയും നേര്‍ക്ക്‌ ധാര്‍മികരോഷംകൊള്ളുന്ന നാടകകൃത്ത്‌, പോരാട്ടവുമായി നേരിട്ടു ബന്ധപ്പെടാത്ത ആളുകളുടെ മേല്‍ യുദ്ധം വിതയ്‌ക്കുന്ന ദുരന്തം എത്രമാത്രം ദാരുണമാണെന്നു കാട്ടിത്തരുന്നു. കുടികിടപ്പു ജീവിതത്തിന്റെ(tenement life) ദുരന്താത്മകതയുടെ സ്‌തോഭജനകവും സൂക്ഷ്‌മവുമായ ചിത്രം വരച്ചുകാട്ടുന്ന ഈ നാടകങ്ങള്‍ അക്കാലത്തെ അയര്‍ലണ്ടിന്റെ രാഷ്‌ട്രീയ സാമൂഹിക ചരിത്രത്തിന്‌ ഒരനുബന്ധമാണെന്നു പറയാം.

1925-ല്‍ രചിച്ച ദ്‌ ഷാഡോ ഒഫ്‌ എ ഗണ്‍മാന്‍ എന്ന നാടകമാണ്‌ ഓകെയ്‌സിയെ പ്രശസ്‌തിയിലേക്കുയര്‍ത്തിയത്‌. ആംഗ്ലോ-ഐറിഷ്‌ യുദ്ധകാലത്ത്‌ മിനി പവല്‍ (Minnie Powell) എന്ന യുവതിയുടെ പ്രമം പിടിച്ചുപറ്റാന്‍വേണ്ടി തോക്കുധാരിയായി നടക്കുന്ന ഡോണല്‍ ഡവോറന്‍ (Donal Davoren)എന്ന വ്യാജകവിയുടെ ദുരന്തം ഇതില്‍ ചിത്രീകരിക്കുന്നു. ഐറിഷ്‌ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച ജൂണോ ആന്‍ഡ്‌ ദ്‌ പേക്കോക്കില്‍ കുടുംബദുരന്തമാണ്‌ വിഷയം. ഗൃഹനാഥനായ ജാക്ക്‌ ബോയ്‌ല്‍ മദ്യപാനാസക്തനായി നടക്കുമ്പോള്‍ ഭാര്യ ജൂണോ കുടുംബം പുലര്‍ത്താന്‍ പണിപ്പെടുന്നു. എന്നാല്‍ ദുരന്തങ്ങള്‍ ഒന്നിനു പിറകേ ഒന്നായി കടന്നുവരുന്നു. മകന്‍ ജോണി ഒറ്റുകാരനാണെന്ന സംശയത്താല്‍ വെടിവച്ചുകൊല്ലപ്പെടുന്നു; പുത്രി മേരി കാമുകനാല്‍ വഞ്ചിക്കപ്പെടുന്നു; കൈവരുമെന്നാശിച്ച ധനം ലഭിക്കുന്നുമില്ല. ഓകെയ്‌സിയുടെ നാടകങ്ങളില്‍ സ്‌ത്രീകഥാപാത്രങ്ങളും പുരുഷകഥാപാത്രങ്ങളും തമ്മില്‍ കാണുന്ന വൈരുധ്യം ഇവിടെയും ദര്‍ശിക്കാം. സ്‌ത്രീകള്‍ പൊതുവേ ധീരചിത്തരും ലൗകികസ്വഭാവമുള്ളവരുമാണ്‌; പുരുഷന്മാരാകട്ടെ സ്വപ്‌നജീവികളും പൊങ്ങച്ചക്കാരും. 1916-ലെ ഈസ്റ്റര്‍ വിപ്ലവത്തിന്റെ ദുരന്തം ഏറ്റുവാങ്ങിയ റ്റെനിമെന്റ്‌ നിവാസികളാണ്‌ ദ്‌ പ്ലൗ ആന്‍ഡ്‌ ദ്‌ സ്റ്റാഴ്‌സിലെ കേന്ദ്രബിന്ദു. ആദര്‍ശധീരരായ ഒരുപിടി ഐറിഷുകാര്‍ സ്വാതന്ത്യ്രസമരത്തിലേക്ക്‌ എടുത്തുചാടുമ്പോള്‍ ബഹുഭൂരിപക്ഷം വരുന്ന ജനത ദൂരെമാറിനിന്നു കൈയടിക്കുകയാണു ചെയ്യുന്നത്‌.

യാഥാതഥ്യത്തില്‍ നിന്നകലുന്ന ഓകെയ്‌സിയെയാണ്‌ ദ്‌ സില്‍വര്‍ റ്റാസി (The Silver Tassie, 1928), വിതിന്‍ ദ്‌ ഗെയ്‌റ്റ്‌സ്‌ (Within the Gates, 1933)എന്നീ ഇടക്കാല നാടകങ്ങളില്‍ നാം കാണുന്നത്‌. 1923-ല്‍ രചിച്ച കാത്‌ലീന്‍ ലിസന്‍സ്‌ ഇന്‍: എ ഫാന്റസി എന്ന നാടകം പ്രതീകാത്മക കഥാപാത്രങ്ങളടങ്ങിയ ഒരു വിചിത്ര കല്‌പനയാണെങ്കിലും പ്രതീകവാദത്തിന്റെ (Symboli-sm)യും അഭിവ്യഞ്‌ജനവാദത്തിന്റെ (expressionism)യും ബോധപൂര്‍വമായ പരീക്ഷണം കാണുന്നത്‌ ദ്‌ സില്‍വര്‍ റ്റാസിയിലാണ്‌. യുദ്ധമുന്നണിയില്‍ പോയി തിരിച്ചുവരുമ്പോള്‍ കാമുകിയെ നഷ്‌ടപ്പെടുന്ന ഒരു ഫുട്‌ബോള്‍ താരത്തിന്റെ ദുരന്തം ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. അടിമുടി അഭിവ്യഞ്‌ജനാത്മകമായ രണ്ടാമങ്കം യാഥാതഥ്യാധിഷ്‌ഠിതമായ മറ്റങ്കങ്ങളോടു ചേര്‍ത്തുവച്ച്‌ യുദ്ധത്തിന്റെ ഭീകരത ആവിഷ്‌കരിക്കുകയാണ്‌ നാടകകൃത്ത്‌ ചെയ്യുന്നത്‌. വിതിന്‍ ദ്‌ ഗെയ്‌റ്റ്‌സ്‌ എന്ന നാടകമാകട്ടെ പൂര്‍ണമായും എക്‌പ്രഷനിസ്റ്റ്‌ സങ്കേതങ്ങള്‍ അവലംബിച്ച്‌ രചിച്ചതാണ്‌. വിരുദ്ധവികാരങ്ങളില്‍പ്പെട്ടുഴലുന്ന ഒരു യുവതിയും അവരെ തങ്ങളുടെ വഴിക്കുകൊണ്ടുവരാന്‍ ശ്രമിക്കുന്ന ബിഷപ്പും സ്വപ്‌നാടകനുമാണ്‌ (Dreamer)ഇതിലെ കഥാപാത്രങ്ങള്‍. വസന്തം, ഗ്രീഷ്‌മം, ശരത്‌, ശിശിരം എന്നീ നാലു ഋതുക്കളെ പ്രതിനിധാനം ചെയ്യുന്ന വിധത്തില്‍ പ്രഭാതം, മധ്യാഹ്നം, സായംസന്ധ്യ, നിശ എന്നുപേരുള്ള നാലങ്കങ്ങളായി വിഭജിച്ചുകൊണ്ടുള്ള നാടകഘടന അദ്വിതീയമാണ്‌. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം ഈ നാടകത്തില്‍ വായനക്കാര്‍ക്ക്‌ അനുഭവവേദ്യമാകുന്നു.

ഓകെയ്‌സിയുടെ പില്‍ക്കാല നാടകങ്ങള്‍ രംഗപ്രയോഗത്തില്‍ വലിയ വിജയമായിരുന്നില്ല. ദ്‌ സ്റ്റാര്‍ ടേണ്‍സ്‌ റെഡ്‌ (1940), റെഡ്‌ റോസസ്‌ ഫോര്‍ മി (1942), ഓക്‌ ലീവ്‌സ്‌ ആന്‍ഡ്‌ ലാവന്‍ഡര്‍ (Oak Leaves and Lavender, 1946) എന്നീ നാടകങ്ങളില്‍ ഓകെയ്‌സിയുടെ കമ്യൂണിസ്റ്റാഭിമുഖ്യം പ്രകടമാണ്‌. 1913-ലെ ഐറിഷ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ തൊഴിലാളികളുടെ പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ രചിച്ചതാണ്‌ റെഡ്‌ റോസസ്‌ ഫോര്‍ മി എന്ന നാടകം. പ്രിയതമയുടെ വിലക്കുകളെ വകവയ്‌ക്കാതെ സമരത്തില്‍ പങ്കെടുത്ത്‌ വീരമൃത്യു വരിക്കുന്ന അയമണ്‍ ബ്രയ്‌ഡന്‍ (Ayamonn Breydon) എന്ന ആദര്‍ശധീരന്റെ കഥ ഇതില്‍ ചിത്രീകരിക്കുന്നു. കക്ഷിരാഷ്‌ട്രീയത്തിന്റെ പ്രചരണപരതയില്‍ നിന്നു തികച്ചും മുക്തമായ കാവ്യസുഭഗമായ ഒരു നാടകമാണിത്‌. ഓകെയ്‌സിയുടെ അവസാനനാടകങ്ങള്‍ അയര്‍ലണ്ടിലെ ജനജീവിതത്തെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ ദര്‍ശനം ഉള്‍ക്കൊള്ളുന്നു. പര്‍പ്പിള്‍ ഡസ്റ്റ്‌ (Purple Dust, 1940) കോക്കഡൂഡില്‍ ഡാന്‍ഡി (Cock-a-Doodle Dandy, 1949), ദ്‌ ബിഷപ്‌സ്‌ ബോണ്‍ഫയര്‍(The Bishop's Bonfire, 1955)ദ്‌ ഡ്രംസ്‌ ഒഫ്‌ ഫാദര്‍ നെഡ്‌ (1960), ബിഹൈന്‍ഡ്‌ ദ്‌ ഗ്രീന്‍ കര്‍ട്ടന്‍ (1961) എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. അയര്‍ലണ്ടിലെ സാങ്കല്‌പിക ഗ്രാമങ്ങള്‍ പശ്ചാത്തലമായ ഈ കൃതികളില്‍ ഓകെയ്‌സി ഐറിഷ്‌ പുരോഹിത വര്‍ഗത്തെ നിശിതമായി വിമര്‍ശിക്കുന്നു; ലൈംഗികാനുഭൂതി, ജീവിതാനന്ദം തുടങ്ങിയവ ആസ്വദിക്കാന്‍ വായനക്കാരെ ആഹ്വാനം ചെയ്യുന്നു. ഗ്രാമീണ ജീവിതത്തിന്റെ സുഖദായകത്വം ആസ്വദിക്കാന്‍വേണ്ടി രണ്ട്‌ ഇംഗ്ലീഷുകാര്‍ അയര്‍ലണ്ടിനു പടിഞ്ഞാറുള്ള ഒരു ബംഗ്ലാവില്‍ ചേക്കേറുന്നതാണ്‌ പര്‍പ്പിള്‍ ഡസ്റ്റിലെ ഇതിവൃത്തം. ജീവിതസുഖങ്ങളുടെയും ലൈംഗികാനുഭൂതിയുടെയും പ്രതീകമായ കോഴിക്കെതിരെ പടപൊരുതുന്ന പുരോഹിതനും അയാളുടെ പ്യൂരിറ്റന്‍ പരിവാരങ്ങളുമാണ്‌ കോക്കഡ്യൂഡില്‍ ഡാന്‍ഡിയിലെ മുഖ്യ ശ്രദ്ധാകേന്ദ്രം. മറ്റു കൃതികള്‍. സോങ്‌സ്‌ ഒഫ്‌ ദ്‌ റെന്‍ (Songs of the Wren, 2 vols, 1918) മോര്‍ റെന്‍ സോങ്‌സ്‌ (1918) എന്നീ രണ്ടു കാവ്യങ്ങള്‍കൂടി ഓകെയ്‌സി രചിച്ചിട്ടുണ്ട്‌. ഗദ്യകൃതികളുടെ കൂട്ടത്തില്‍ മികച്ചുനില്‌ക്കുന്നത്‌ ആറുവാല്യത്തിലുള്ള ആത്മകഥയാണ്‌-ഐ നോക്‌ അറ്റ്‌ ദ്‌ ഡോര്‍ (1939), പിക്‌ചേഴ്‌സ്‌ ഇന്‍ ദ്‌ ഹാള്‍വേ (1942), ഡ്രംസ്‌ അണ്‍ഡര്‍ ദ്‌ വിന്‍ഡോ (1945), ഐറിഷ്‌ ഫോളന്‍, ഫെയര്‍ ദീ വെല്‍ (Irishfallen, Fare Thee Well, 1949), റോസ്‌ ആന്‍ഡ്‌ ക്രൗണ്‍ (1952), സണ്‍സെറ്റ്‌ ആന്‍ഡ്‌ ഈവ്‌ നിങ്‌ സ്റ്റാര്‍ (1956) എന്നിവ. 1964 സെപ്‌. 18-ന്‌ ഓകെയ്‌സി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍