This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓംസ്‌ക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:08, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓംസ്‌ക്‌

Omsk

റഷ്യയിലെ പശ്ചിമസൈബീരിയയിലുള്ള ഒരു നഗരം. ജനസംഖ്യ 11,54,000. വിസ്‌തീര്‍ണം: 573 സ്‌ക്വയര്‍ കി. മീ. ജനസംഖ്യാടിസ്ഥാനത്തില്‍ റഷ്യയിലെ രണ്ടാമത്തെയും വിസ്‌തീര്‍ണം അടിസ്ഥാനമാക്കി ഏഴാമത്തെയും നഗരമാണ്‌. സൈബീരിയന്‍ കൊസാക്ക്‌ ഹോസ്റ്റിന്റെ ഭരണകേന്ദ്രവുമാണ്‌ ഓംസ്‌ക്‌. 550 വ. 73038' കി. ഓംസ്‌ക്‌ ഒബ്‌ളാസ്റ്റിന്റെ തലസ്ഥാനമായ ഈ നഗരം ഇര്‍ത്തിഷ്‌, ഓം എന്നീ നദികളുടെ സംഗമസ്ഥാനത്താണ്‌ സ്ഥിതിചെയ്യുന്നത്‌. ഓബ്‌ നദീതടത്തിലെ പ്രമുഖ വിപണനകേന്ദ്രമായ ഓംസ്‌ക്‌ ട്രാന്‍സ്‌ സൈബീരിയന്‍ റെയില്‍പ്പാതയിലെ ഒരു പ്രധാന കവലയാണ്‌; ഇവിടെവച്ച്‌ ഈ റെയില്‍പ്പാത രണ്ടായിപ്പിരിഞ്ഞ്‌ യൂറാള്‍ മേഖലയിലെ വിവിധകേന്ദ്രങ്ങളിലേക്കു നീളുന്നു. ഓംസ്‌കിന്റെ പശ്ചിമപ്രദേശം സ്റ്റെപ്പ്‌ മാതൃകാ കാലാവസ്ഥയിലുള്ള കാര്‍ഷികമേഖലയാണ്‌; ഗവ്യപദാര്‍ഥങ്ങള്‍, ധാന്യങ്ങള്‍, ചണം, സൂര്യകാന്തി എണ്ണ എന്നിവ ഈ പ്രദേശത്ത്‌ വന്‍തോതില്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു. വടക്കുള്ള സൂചികാഗ്ര വനങ്ങളില്‍ നിന്നുള്ള തടിയിനങ്ങളും തെക്കുനിന്ന്‌ എത്തിച്ചേരുന്ന ഗവ്യോത്‌പന്നങ്ങള്‍, തുകല്‍ തുടങ്ങിയവയും ജലയാനങ്ങളില്‍ നിന്നു തീവണ്ടികളിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടുന്നത്‌ ഓംസ്‌കില്‍ വച്ചാണ്‌. അസംസ്‌കൃത പദാര്‍ഥങ്ങളുടെ വിപണനകേന്ദ്രമായ ഓംസ്‌ക്‌ വ്യവസായരംഗത്തും വളര്‍ച്ച പ്രാപിച്ചിട്ടുണ്ട്‌. കാര്‍ഷികയന്ത്രങ്ങള്‍, റെയില്‍ ഗതാഗതവുമായി ബന്ധപ്പെട്ട യന്ത്രങ്ങളും ഇതരസാധനങ്ങളും തുകല്‍ വസ്‌തുക്കള്‍ തുടങ്ങിയവ വന്‍തോതില്‍ നിര്‍മിക്കപ്പെട്ടുവരുന്നു. ധാന്യസംസ്‌കരണവും കാനിങ്ങും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌. സാര്‍ചക്രവര്‍ത്തിമാര്‍ 1716-ല്‍ നിര്‍മിച്ച കോട്ടയാണ്‌ ഓംസ്‌കിലെ നഗരാധിവാസത്തിനു തുടക്കം കുറിച്ചത്‌. രണ്ടാംലോകയുദ്ധകാലത്ത്‌ യുദ്ധോപകരണങ്ങളുടെ നിര്‍മാണം ഈ നഗരത്തില്‍ കേന്ദ്രീകരിക്കപ്പെട്ടു. എങ്കിലും സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്ന്‌ തൊഴിലില്ലായ്‌മ രൂക്ഷമായി. 1950-കളില്‍ സൈബീരിയയില്‍ എണ്ണക്കിണറുകളും വാതകശേഖരങ്ങളും കണ്ടുപിടിക്കപ്പെട്ടതോടെ ഓംസ്‌ക്‌ നഗരം കൂടുതല്‍ അഭിവൃദ്ധിപ്രാപിച്ചു.

സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയോടെ സ്റ്റേറ്റിന്റെ മേല്‍നോട്ടത്തിലായിരുന്ന കമ്പനികള്‍ സ്വകാര്യവത്‌കരിക്കപ്പെട്ടു. 2005-ല്‍ കസാക്കിസ്ഥാന്‍ റിപ്പബ്ലിക്കിന്റെ കണ്‍സുലേറ്റ്‌ ജനറല്‍ ഓഫീസ്‌ ഇവിടെ സ്ഥാപിതമായി. പ്രാദേശികതലസ്ഥാനവും പ്രമുഖവിദ്യാഭ്യാസകേന്ദ്രവുമായ ഓംസ്‌കില്‍ നിരവധി വിദ്യാഭ്യാസകേന്ദ്രങ്ങളും തിയെറ്ററുകളും കാഴ്‌ചബംഗ്ലാവുകളും സ്ഥിതിചെയ്യുന്നു. പുഷ്‌കിന്‍ സ്റ്റേറ്റ്‌ ലൈബ്രറി, മയക്കോവ്‌സ്‌കി എന്റര്‍ടെയ്‌ന്‍മെന്റ്‌ കോംപ്ലക്‌സ്‌ ഓംസ്‌ക്‌ ഡ്രാമാ തിയെറ്റര്‍, ഓംസ്‌ക്‌ ഡോര്‍മിഷന്‍ കത്തീഡ്രല്‍, മിഖേല്‍ വ്രൂബല്‍ മ്യൂസിയം ഒഫ്‌ ഫൈന്‍ ആര്‍ട്‌സ്‌, ഓംസ്‌ക്‌ കേഡറ്റ്‌ മിലിട്ടറി സ്‌കൂള്‍ എന്നിവ ഇവയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഓംസ്‌കിലെ ഫുട്‌ബാള്‍, ഹോക്കി ടീമുകള്‍ ദേശീയതലത്തില്‍ പ്രതിനിധീകരിക്കപ്പെടുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍