This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒർസിനി, ഫെലിസ്‌ (1819 - 58)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഒര്‍സിനി, ഫെലിസ്‌ (1819 - 58)

Orsini, Felice

ഇറ്റാലിയന്‍ വിപ്ലവകാരി. 1819-ല്‍ മെല്‍ഡോലയില്‍ ജനിച്ചു. ആസ്റ്റ്രിയ-ഹങ്‌ഗറിയില്‍ നിന്നും ഇറ്റലിയെ മോചിപ്പിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. ഇറ്റലിയിലെ വിപ്ലവനേതാവായ ഗിസ്സെപ്പെ മസ്സിനിയുടെ അനുയായി എന്നനിലയില്‍ ഇദ്ദേഹം 1848-49 കാലത്ത്‌ റോമില്‍ നടന്ന കലാപങ്ങളില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന്‌ സ്വിറ്റ്‌സര്‍ലണ്ട്‌, ഹങ്‌ഗറി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ മസ്സിനിയുടെ പ്രതിനിധിയായി പ്രവര്‍ത്തിച്ചു. 1854-ല്‍ ഹംഗറിയില്‍വച്ച്‌ അറസ്റ്റുചെയ്യപ്പെട്ടെങ്കിലും അടുത്തവര്‍ഷം ഇദ്ദേഹം രക്ഷപ്പെട്ട്‌ ബ്രിട്ടനിലേക്കു കടന്നു. തന്റെ സാഹസികപ്രവൃത്തികള്‍ വിവരിക്കുന്ന രണ്ടു കൃതികള്‍-ആസ്‌ട്രിയന്‍ ഡഞ്‌ജിയന്‍സ്‌ ഇന്‍ ഇറ്റലി (1856), മെമ്മൊയാഴ്‌സ്‌ ആന്‍ഡ്‌ അഡ്‌വഞ്ചേഴ്‌സ്‌ ഒഫ്‌ എഫ്‌. ഒര്‍സിനി റിട്ടണ്‍ ബൈ ഹിംസെല്‍ഫ്‌ (1857)-ഇദ്ദേഹം പ്രസിദ്ധീകരിച്ചു. 1857-ല്‍ മസ്സിനിയുമായി തെറ്റിപ്പിരിഞ്ഞശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയായ കൗണ്ട്‌ കവൂറിന്റെ സഹായത്തോടെ സ്വദേശത്തേക്കു മടങ്ങാന്‍ ശ്രമിച്ചെങ്കിലും കവൂര്‍ ഇതില്‍ താത്‌പര്യം കാണിച്ചില്ല. തുടര്‍ന്ന്‌ ഫ്രഞ്ച്‌ ചക്രവര്‍ത്തി നെപ്പോളിയന്‍ III-നെ വധിക്കാനുള്ള ഗൂഢാലോചനകള്‍ ഒര്‍സിനി നടത്തി. നെപ്പോളിയന്റെ വധത്തിനുശേഷം ഫ്രാന്‍സിലുണ്ടാവുന്ന വിപ്ലവം ഇറ്റലിയിലേക്കും വ്യാപിക്കുമെന്ന ധാരണയിലാണ്‌ ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്‌. 1858 ജനു. 18-നു രാത്രിയില്‍ പാരിസിലൂടെ സഞ്ചരിച്ചിരുന്ന ചക്രവര്‍ത്തിയുടെ വാഹനത്തിലേക്ക്‌ ഇദ്ദേഹം മറ്റു രണ്ടുപേരുമായി ചേര്‍ന്ന്‌ ബോംബെറിഞ്ഞു. എന്നാല്‍ നെപ്പോളിയന്‍ രക്ഷപ്പെട്ടു; ഒര്‍സിനി തടവിലായി.

വധോദ്യമത്തിന്റെ പിന്നിലെ തന്റെ ലക്ഷ്യത്തെ വിചാരണവേളയില്‍ ഒര്‍സിനി ഇങ്ങനെ വ്യക്തമാക്കി: "ഇറ്റലിയില്‍ ഒരു വിപ്ലവം സംഘടിപ്പിക്കുന്നതിനുള്ള സുനിശ്ചിതമായ മാര്‍ഗം ഫ്രാന്‍സില്‍ അത്തരമൊന്നു സംഘടിപ്പിക്കുകയാണ്‌; എന്നാല്‍ ഫ്രാന്‍സില്‍ ഒരു വിപ്ലവം സംഘടിപ്പിക്കുന്നതിനുള്ള സുനിശ്ചിതമായ മാര്‍ഗം ചക്രവര്‍ത്തിയെ വധിക്കുകയാണ്‌'. എന്നാല്‍ മസാസ്‌ ജയിലില്‍ കഴിയുകയായിരുന്ന ഇദ്ദേഹത്തെ ചക്രവര്‍ത്തി രഹസ്യമായി സന്ദര്‍ശിച്ചു സംഭാഷണം നടത്തിയതായി ശ്രുതിയുണ്ടായിരുന്നു. വിചാരണസമയത്ത്‌ വമ്പിച്ച പൊതുജനതാത്‌പര്യവും അനുകമ്പയും നേടിയെങ്കിലും 1858-ല്‍ ഒര്‍സിനി വധിക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍