This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒർകാണാ, ആന്ദ്രിയ ദി സിയോന്‍ (1308? - 68)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഒര്‍കാണാ, ആന്ദ്രിയ ദി സിയോന്‍ (1308? - 68)

Orcagna, Andrea de Cione

ഇറ്റലിക്കാരനായ ചിത്രകാരന്‍. ശില്‌പി, വാസ്‌തു വിദ്യാവിദഗ്‌ധന്‍ എന്നീ നിലകളിലും ഇദ്ദേഹം പ്രശസ്‌തിയാര്‍ജിച്ചിരുന്നു. 1308-നോടടുപ്പിച്ച്‌ ഒരു സ്വര്‍ണപ്പണിക്കാരന്റെ മകനായി ജനിച്ചു. ആന്ദ്രിയ എന്ന പേരിലാണ്‌ ഇദ്ദേഹം അറിയപ്പെട്ടിരുന്നത്‌. 1344 മുതല്‍ 68 വരെയായിരുന്നു കലാകാരന്‍ എന്ന നിലയില്‍ ഇദ്ദേഹത്തിന്റെ പുഷ്‌കലകാലം. 14-ാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തില്‍ പ്രശസ്‌തി ആര്‍ജിച്ചിരുന്ന തഷ്‌കന്‍ കലാകാരന്മാരില്‍ ഏറ്റവും ഉന്നതന്‍ ആന്ദ്രിയ ആയിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരന്മാരായ ജകോപോ, മാറ്റിയോ, നര്‍ദോ ദി സിയോന്‍ എന്നിവരും പ്രഗല്‌ഭകലാകാരന്മാരായിരുന്നു.

ഫ്‌ളോറന്‍സില്‍ സെന്റ്‌ മറിയ നോവെല്ലയിലെ സ്‌ട്രാസ്സി ചാപ്പലിന്റെ ആള്‍ത്താരാനിര്‍മാണത്തില്‍ 1354 മുതല്‍ 1357 വരെ ഇദ്ദേഹം വ്യാപൃതനായിരുന്നു. ഗിയോട്ടോ തുടങ്ങിയ കലാകാരന്മാര്‍ പിന്തുടര്‍ന്നുവന്ന യാഥതഥ്യ ശൈലി ആന്ദ്രിയ ഇവിടെ ഉപയോഗിച്ചിട്ടില്ല. പകരം റോമന്‍ ചിത്രകലയുടെയും ബൈസാന്തിയന്‍ ചിത്രകലയുടെയും ശൈലിയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. ഒര്‍സാന്‍ മൈക്കള്‍ ദേവാലയത്തിനുവേണ്ടി നിര്‍മിച്ച ടാബര്‍ നാക്ക്‌ളിന്റെ നിര്‍മാണം ആന്ദ്രിയയുടെ ചുമതലയിലാണ്‌ നടന്നത്‌. ഇത്‌ ആന്ദ്രിയയുടെ വാസ്‌തുവിദ്യാവൈദഗ്‌ധ്യത്തിന്‌ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതില്‍ കൊത്തിവച്ചിട്ടുള്ള ദൈവദൂതന്മാരുടെയും മാലാഖമാരുടെയും മറ്റും ശില്‌പങ്ങള്‍ ഉദാത്തങ്ങളാണ്‌. "ഡോര്‍മിഷന്‍, അസംഷന്‍ ഒഫ്‌ ദി വെര്‍ജിന്‍' എന്നീ റിലീഫ്‌ ശില്‌പങ്ങള്‍ ആന്ദ്രിയയുടെ രചനകളാണെന്ന്‌ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളവയാണ്‌.

വാസ്‌തുവിദ്യാവിദഗ്‌ധന്‍ എന്ന നിലയില്‍ ലബ്‌ധപ്രതിഷ്‌ഠനായിട്ടും ചിത്രകാരന്‍ എന്ന നിലയില്‍ അറിയപ്പെടുന്നതിലായിരുന്നു ആന്ദ്രിയയ്‌ക്കു താത്‌പര്യം. ഗിയോട്ടോ, സിയനീസ്‌ മാസ്റ്റേഴ്‌സ്‌ തുടങ്ങിയവരുടെ ചിത്രകലാശൈലി ആന്ദ്രിയയെ സ്വാധീനിച്ചിരുന്നു. കലാരംഗത്തുള്ള ഇദ്ദേഹത്തിന്റെ ബഹുമുഖങ്ങളായ കഴിവുകളെ മാനിച്ച്‌ ആന്ദ്രിയയെ വിശ്വകലാകാരന്മാരുടെ പട്ടികയിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. 1368 ആഗ. 25-ന്‌ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍