This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒള്‍ബ്രാട്ട്‌, ഇവാന്‍ (1882 - 1952)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഒള്‍ബ്രാട്ട്‌, ഇവാന്‍ (1882 - 1952)

Ivan Olbracht

ചെക്ക്‌ നോവലിസ്റ്റ്‌. യഥാര്‍ഥ നാമം കമില്‍ സെമാന്‍ എന്നാണ്‌. വടക്കുകിഴക്കന്‍ ബൊഹീമിയയിലെ സെമിലി എന്ന സ്ഥലത്തു ജനിച്ചു. ഒരു സാഹിത്യകാരനായ അന്റോണിയോ സെമാന്‍ ആണ്‌ പിതാവ്‌. അദ്ദേഹം അന്റല്‍സ്റ്റാ സെക്‌ എന്ന തൂലികാനാമത്തില്‍ നോവലുകള്‍ രചിച്ചിരുന്നു. അങ്ങനെ പിതാവിന്റെ സാഹിത്യവാസന മകനില്‍ സ്വാധീനത ചെലുത്തി. നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഒള്‍ബ്രാട്ട്‌ അഭിഭാഷകനായില്ല; മറിച്ച്‌ ഒരു പത്രപ്രവര്‍ത്തകനാവുകയാണ്‌ ചെയ്‌തത്‌. തൊഴിലാളി പ്രസ്ഥാനവുമായി ബന്ധപ്പെടുകയും സോഷ്യലിസ്റ്റ്‌-കമ്യൂണിസ്റ്റ്‌ പത്രങ്ങളില്‍ സ്ഥിരം ലേഖകനാവുകയും ചെയ്‌തു. വിപ്ലവസാഹിത്യം രചിച്ചതിന്റെ പേരില്‍ ഇദ്ദേഹത്തിനു പലതവണ ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. 1942-ല്‍ നാസികള്‍ ഇദ്ദേഹത്തെ തടവിലാക്കിയെങ്കിലും 1945-ല്‍ പുതിയ മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ വാര്‍ത്താവിനിമയകാര്യാലയത്തിന്റെ മേധാവിയായി ഇദ്ദേഹം നിയമിക്കപ്പെട്ടു.

1913-ലാണ്‌ ഒള്‍ബ്രാട്ടിന്റെ ആദ്യകൃതി പ്രകാശിതമായത്‌. സര്‍ക്കസുകാരുടെ സാഹസികജീവിതത്തെ ആസ്‌പദമാക്കി രചിച്ച കാല്‌പനിക കഥകളുടെ ഒരു സമാഹാരമായിരുന്നു ഇത്‌. ഒന്നാം ലോകയുദ്ധകാലത്ത്‌ ഇദ്ദേഹം പ്രശസ്‌തിയിലേക്കുയര്‍ന്നു. "ഇരുളടഞ്ഞ ജയില്‍' എന്ന ശക്തമായ നോവല്‍ 1916-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഒരു അന്ധന്റെ അസ്വാസ്ഥ്യങ്ങളുടെ ചിത്രീകരണമാണ്‌ ഇതിന്റെ ഉള്ളടക്കം. 1919-ല്‍ പ്രസിദ്ധീകരിച്ച "ജസെനിയസ്‌ എന്ന നടന്റെ വിചിത്രമായ പ്രമം' എന്ന നോവലാണ്‌ ഒള്‍ബ്രാട്ടിനെ ചെക്കുനോവലിസ്റ്റുകളുടെ മുന്‍നിരയിലെത്തിച്ചത്‌. ഇതില്‍ വിഭക്ത വ്യക്തിത്വത്തിന്റെ പ്രലോഭനങ്ങള്‍ യുദ്ധഭൂമിയിലെയും അണിയറയിലെയും സജീവരംഗങ്ങളുടെ പശ്ചാത്തലത്തില്‍ വൈയക്തിക ചിന്തകള്‍ക്കും വ്യര്‍ഥമായ അന്തര്‍മുഖത്വത്തിനും അപ്പുറം സാമൂഹികവിശ്വാസം വിജയം വരിക്കുന്നതായി ചിത്രീകരിക്കുന്ന ഈ നോവല്‍ ഒരു സമുജ്വലസാഹിത്യസൃഷ്‌ടിയാണ്‌. ആനി എന്ന തൊഴിലാളി, ജയില്‍ക്കഥകള്‍ തുടങ്ങിയ കൃതികള്‍ രാഷ്‌ട്രീയപ്രചരണാംശം മുറ്റി നില്‍ക്കുന്നവയും കലാപരമായി പരാജയപ്പെട്ടവയുമാണ്‌. എന്നാല്‍ പിന്നീടു രചിച്ച "നിക്കൊളാസ്‌ സുഹാജ്‌ എന്ന കൊള്ളക്കാരന്‍' ഒള്‍ബ്രാട്ടിന്റെ പഴയ പ്രശസ്‌തി പുനഃസ്ഥാപിക്കുകതന്നെ ചെയ്‌തു.

ഇടതുപക്ഷ രാഷ്‌ട്രീയാശയങ്ങളോട്‌ ആഭിമുഖ്യം പുലര്‍ത്തിപ്പോന്ന ഒരു സാഹിത്യകാരനായിരുന്നു ഒള്‍ബ്രാള്‍ട്ട്‌. എന്നാല്‍ രാഷ്‌ട്രീയവിശ്വാസം കലാസിദ്ധികള്‍ക്കു തടസ്സമായിരുന്നില്ല. ഉപബോധമനസ്സിന്റെ അപഗ്രഥനരീതിയില്‍ തുടങ്ങി ഇതിഹാസോജ്വലമായ കഥാകഥനസങ്കേതത്തിലേക്ക്‌ വികസിപ്പിച്ചെടുത്ത ഒരു പ്രതിഭയുടെ ഉടമയാണ്‌ ഒള്‍ബ്രാട്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍