This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐസോക്രാറ്റിസ്‌ (ബി.സി. 436 - 338)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഐസോക്രാറ്റിസ്‌ (ബി.സി. 436 - 338)

Isocrates

അഥീനിയന്‍ വാഗ്മിയും അലങ്കാരശാസ്‌ത്രജ്ഞനും. മികച്ച വിദ്യാഭ്യാസചിന്തകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളിലും ഇദ്ദേഹം പ്രഗല്‌ഭനായിരുന്നു. ബി.സി. 436-ല്‍ ആഥന്‍സില്‍ ജനിച്ചു. ആറ്റിക്കയിലെ ഒരു ധനികനും പുല്ലാങ്കുഴല്‍ നിര്‍മാതാവുമായ തിയോഡറസ്‌ ആണ്‌ പിതാവ്‌. അക്കാലത്തെ പ്രസിദ്ധരായ പത്തു പ്രഭാഷകരുടെ കൂട്ടത്തില്‍ ഇദ്ദേഹവും ഉള്‍പ്പെട്ടിരുന്നു. ഇദ്ദേഹം സ്വതേ വാഗ്മിയായിരുന്നെങ്കിലും നേര്‍ത്ത ശബ്‌ദവും സഭാകമ്പവും നിമിത്തം പലപ്പോഴും പൊതുവേദികളില്‍ പ്രസംഗിക്കുവാന്‍ സാധിച്ചിരുന്നില്ല. സോക്രട്ടീസിന്റെ ശിഷ്യനായിരുന്ന ഇദ്ദേഹം അധ്യാപകന്‍, രാജ്യസ്‌നേഹി എന്നീ നിലകളിലും പ്രശസ്‌തിയാര്‍ജിച്ചിരുന്നു. ആഥന്‍സില്‍ ഇദ്ദേഹം സ്ഥാപിച്ച "സ്‌കൂള്‍ ഒഫ്‌ ഓറട്ടറി' ബി.സി. 4-ാം നൂറ്റാണ്ടിലെ പ്രസിദ്ധരായ ഗ്രീക്ക്‌ വാഗ്മികളെയും രാഷ്‌ട്രമീമാംസകരെയും ദാര്‍ശനികരെയും ചരിത്രകാരന്മാരെയും പരിശീലിപ്പിച്ചിരുന്നു. ഐസോക്രാറ്റിസ്സിന്റെ തത്ത്വങ്ങളെ സ്വന്തം മനോധര്‍മമനുസരിച്ച്‌ ശിഷ്യന്മാര്‍ വികസിപ്പിച്ചു. ഇത്‌ ഗ്രീക്ക്‌ ഗദ്യസാഹിത്യത്തെ വളരെയധികം സ്വാധീനിച്ചു. ഈ സ്ഥാപനത്തെ "ദി ലാബറട്ടറി ഒഫ്‌ എലൊക്വന്‍സ്‌' എന്ന്‌ റോമിലെ പ്രഗല്‌ഭ വാഗ്മിയായിരുന്ന മാര്‍ക്കസ്‌ ടുള്ളിയസ്‌ സിസറോ(Marcus Tullius Cicero) വിശേഷിപ്പിച്ചിട്ടുണ്ട്‌. ഐസോക്രാറ്റിസ്സിന്റെ അധ്യാപനത്തിനു ലഭിച്ച ഏറ്റവും നല്ല അഭിനന്ദനമാണിതെന്നു പറയാം. അന്യോന്യം യുദ്ധം ചെയ്‌തിരുന്ന നഗരരാഷ്‌ട്രങ്ങള്‍ തമ്മില്‍ സമാധാനത്തിന്റെയും ഐകമത്യത്തിന്റെയും ആദര്‍ശം പ്രചരിപ്പിക്കുകയും പൊതുവായ ഒരു ലക്ഷ്യത്തിന്റെ പേരില്‍ അവയെ യോജിപ്പിക്കാന്‍ ഇദ്ദേഹം ശ്രമിക്കുകയും ചെയ്‌തു. ഈ ആദര്‍ശമാണ്‌ മാസിഡോണിയയിലെ ഫിലിപ്പ്‌ II-ാമനെ പൂര്‍വദേശങ്ങള്‍ കീഴടക്കുന്നതിനായി ഗ്രീക്ക്‌ നഗരരാഷ്‌ട്രങ്ങളെ ഒന്നാക്കാന്‍ പ്രരിപ്പിച്ചത്‌. ഫിലിപ്പിന്റെ പുത്രനായ അലക്‌സാണ്ടര്‍ III ഈ ദൗത്യം പ്രാവര്‍ത്തികമാക്കിത്തീര്‍ത്തു. ഐസോക്രാറ്റിസ്‌ തയ്യാറാക്കിയ പ്രബന്ധങ്ങള്‍ ഉത്തമകലാസൃഷ്‌ടികളായി കണക്കാക്കപ്പെടുന്നു. ഇദ്ദേഹം നടത്തിയ 60 പ്രസംഗങ്ങളില്‍ 28 എണ്ണം പ്രാമാണികങ്ങളായി അംഗീകരിക്കപ്പെട്ടവയാണ്‌. രണ്ടു പ്രസംഗപരിശീലനാഭ്യാസങ്ങള്‍, സോഫിസ്റ്റുകള്‍ക്കെതിരെയൊരു വിളംബരം, ചില കോടതി പ്രസംഗങ്ങള്‍, ഒന്‍പതു കത്തുകള്‍ എന്നിവയാണ്‌ ഐസോക്രാറ്റിസ്സിന്റെ പ്രധാനകൃതികള്‍. ഇവയ്‌ക്കു പുറമേ അദ്ദേഹം രചിച്ച അനവധി രാഷ്‌ട്രീയ ലഘുലേഖകളും ലഭിച്ചിട്ടുണ്ട്‌. "പാനിജെറിക്ക്‌' എന്ന പേരിലുള്ള ഈ ലഘുലേഖകളിലാണ്‌ ഇദ്ദേഹത്തിന്റെ പ്രശസ്‌തി നിലനില്‌ക്കുന്നത്‌. ഗ്രീക്ക്‌ നഗരരാഷ്‌ട്രങ്ങളെ ഏകോപിപ്പിച്ച്‌ അവയ്‌ക്ക്‌ ശക്തിനല്‌കുക, തകര്‍ന്നുകൊണ്ടിരുന്ന പേര്‍ഷ്യന്‍ സാമ്രാജ്യത്തെ അവരുടെ കീഴില്‍ കൊണ്ടുവരിക എന്നിവയായിരുന്നു ഇതിലെ പ്രതിപാദ്യവിഷയങ്ങള്‍. ഐസോക്രാറ്റിസ്‌ ബി.സി. 388-ല്‍ ആഥന്‍സില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍