This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏബ്രഹാം തോമസ്‌ കോവൂർ (1898 - 1978)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഏബ്രഹാം തോമസ്‌ കോവൂര്‍ (1898 - 1978)

ഏബ്രഹാം തോമസ്‌ കോവൂര്‍

യുക്തിവാദിയും സാമൂഹിക പരിഷ്‌കര്‍ത്താവും. 1898 ഏ. 10-ന്‌ കേരളത്തിലെ തിരുവല്ലയില്‍ കത്തനാരായിരുന്ന ഐയ്‌പ്‌ തോമസ്സിന്റെയും മറിയത്തിന്റെയും മകനായി ഏ.ടി. കോവൂര്‍ ജനിച്ചു. ബംഗാളിലെ ബംഗബാസി കോളജില്‍നിന്ന്‌ സസ്യശാസ്‌ത്രത്തില്‍ ബിരുദം നേടി. കോവൂര്‍ തന്റെ സ്വന്തം നാട്ടില്‍ കുറെനാള്‍ അധ്യപകനായി ജോലിനോക്കി. 1928-ല്‍ സിലോണില്‍ ജാഫ്‌നാകോളജില്‍ ലക്‌ചററായി ജോലിയില്‍ പ്രവേശിച്ചു. 1943-ല്‍ റിച്‌മണ്ടിലെ ഗാലിയിലെ കോളജില്‍ പ്രാഫസറായി നിയമിക്കപ്പെട്ടു. അചിരേണ കൊളംബോയിലെ പ്രസിദ്ധമായ തേഴ്‌സ്റ്റണ്‍ കോളജില്‍ പ്രാഫസറായ ഇദ്ദേഹം ശ്രീലങ്കയിലെ പൗരത്വം സ്വീകരിച്ചു. 1959-ല്‍ ജോലിയില്‍നിന്ന്‌ വിരമിച്ചു.

മതവിശ്വാസങ്ങള്‍ ഉള്‍ക്കൊണ്ടുതന്നെയാണു വളര്‍ന്നുവന്നതെങ്കിലും കോവൂര്‍ ശാസ്‌ത്രവിഷയങ്ങളും ലോകപ്രസിദ്ധരായ പല ശാസ്‌ത്രീയ ചിന്തകന്മാരുടെ ഗ്രന്ഥങ്ങളും പഠിച്ചതിന്റെ ഫലമായി ഒരു സ്വതന്ത്രചിന്തകനും യുക്തിവാദിയും ഗവേഷകനുമായി മാറി. വളരെ ശ്രദ്ധയോടെ പഠിക്കുകയും തീവ്രമായി വിശ്വസിക്കുകയും ചെയ്‌തിരുന്ന തന്റെ മതഗ്രന്ഥമായ ബൈബിളിലെ അസംഭാവ്യതകളും പൂര്‍വാപര വൈരുധ്യങ്ങളും ഇദ്ദേഹത്തെ അതിലുള്ള വിശ്വാസത്തെ ഇല്ലാതാക്കാന്‍ പ്രരിപ്പിച്ചു. തുടര്‍ന്നു മറ്റുള്ള പ്രധാനമതങ്ങളെക്കുറിച്ചും ഇദ്ദേഹം പഠിച്ചു. അര്‍ഥശൂന്യവും യുക്തിരഹിതവുമായ ആചാരങ്ങളും നടപ്പുകളും ധ്വംസിക്കുന്നതില്‍ ഇദ്ദേഹം ജാഗരൂകനായി.

കോവൂര്‍, അധ്യാപകവൃത്തിയില്‍നിന്ന്‌ വിരമിച്ചതിനുശേഷമാണ്‌ സാമൂഹികരംഗത്തു കൂടതലായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്‌. അതോടൊപ്പം മനശ്ശാസ്‌ത്രത്തില്‍ നിരന്തരമായ ഗവേഷണങ്ങളും പഠനങ്ങളും നടത്തി. ഇദ്ദേഹത്തിന്‌ യു.എസ്സിലെ മിനസോട്ടാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഫിലോസഫി ഓണററി ഡോക്‌ടറേറ്റ്‌ ബിരുദം നല്‌കി.

മന്ത്രവാദികള്‍, ആചാര്യന്മാര്‍, സിദ്ധന്മാര്‍, സന്യാസിമാര്‍, ബാബാമാര്‍, അവതാരങ്ങള്‍, ഭാഗ്യംപറയുന്നവര്‍, കൈനോട്ടക്കാര്‍, ജ്യോത്സ്യന്മാര്‍, ദൈവജ്ഞന്മാര്‍ എന്നൊക്കെ അവകാശപ്പെടുന്നവരുടെ അദ്‌ഭുതസിദ്ധികളെയും ഭൂതപ്രതാദിപ്രതിഭാസങ്ങളെയും ഇദ്ദേഹം ശാസ്‌ത്രീയമായി പരിശോധിച്ചു. കൂടാതെ ദൈവദത്തമെന്നു പറയപ്പെടുന്ന കഴിവുകള്‍ പ്രകടിപ്പിക്കാന്‍ വൈഭവമുണ്ടെന്ന്‌ അവകാശപ്പെടുന്നവരുടെ അവകാശവാദങ്ങള്‍ തെളിയിക്കാന്‍ പ്രാഫ. കോവൂര്‍ ഒരു വെല്ലുവിളി തന്നെ നടത്തി. ഒരു കവറിലടക്കം ചെയ്‌ത കറന്‍സി നോട്ടിന്റെ നമ്പര്‍ പറയുക, തീക്കനലില്‍ അരമിനിട്ട്‌ നേരം പൊള്ളലേല്‌ക്കാതെ നില്‌ക്കുക, ശൂന്യതയില്‍ നിന്നെന്തെങ്കിലും സാധനം വരുത്തുക, വെള്ളത്തിന്റെ മീതെ നടക്കുക, ജലത്തെ പെട്രാളോ വീഞ്ഞോ ആക്കി മാറ്റുക മുതലായവയില്‍ ഏതെങ്കിലും ഒന്നു ചെയ്യുന്നതായാല്‍ ഒരു ലക്ഷം രൂപ നല്‌കുന്നതാണെന്നും വാഗ്‌ദാനം ചെയ്‌തിരുന്നു. ഈ വെല്ലുവിളികൊണ്ട്‌ കോവൂര്‍ ലക്ഷ്യമാക്കിയത്‌ സാധാരണക്കാരായ ജനങ്ങളില്‍ യുക്തിബോധം വളര്‍ത്തി, അവരെ ബോധവാന്മാരാക്കുകയെന്നതായിരുന്നു.

ലോകം ഇന്നു പരക്കെ സ്വീകരിച്ചിട്ടുള്ള ജനാധിപത്യവും സോഷ്യലിസവും പ്രാവര്‍ത്തികമാക്കുന്നതിന്‌ ജനങ്ങള്‍ യുക്തിബോധമുള്ള പൗരന്മാരായാല്‍ മാത്രമേ സാധിക്കയുള്ളൂ എന്ന തന്റെ സുചിന്തിതമായ അഭിപ്രായമാണ്‌ മേല്‌പറഞ്ഞ ഉദ്ദേശ്യം രൂപവത്‌കരിക്കാന്‍ ഇദ്ദേഹത്തെ പ്രരിപ്പിച്ചത്‌. ഇദ്ദേഹം ശ്രീലങ്കയിലും ഇന്ത്യയിലും സഞ്ചരിച്ച്‌ സിദ്ധന്മാരുടെയും ബാബാമാരുടെയും അദ്‌ഭുതസിദ്ധി പ്രകടനങ്ങളുടെ ഉള്ളുകള്ളികള്‍ പൊളിച്ചുകാട്ടുവാന്‍ ശ്രമിച്ചു. നിരവധി അന്താരാഷ്‌ട്ര സമ്മേളങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഇദ്ദേഹം യുക്തിവാദപരമായ അനേകം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്‌.; അവ വിവിധ ഭാഷകളില്‍ തര്‍ജുമ ചെയ്യപ്പെട്ടിട്ടുമുണ്ട്‌. യുക്തിവാദം, അന്ധവിശ്വാസങ്ങള്‍, സംസാരിക്കുന്ന കുതിര, ആനമറുത. ഏ.റ്റി. കോവൂരിന്റെ തിരഞ്ഞെടുത്ത കൃതികള്‍ മുതലായ ഇദ്ദേഹത്തിന്റെ അനേകം പുസ്‌തകങ്ങള്‍ മലയാളത്തില്‍ തര്‍ജുമ ചെയ്യപ്പെട്ടിട്ടുണ്ട്‌.

യുക്തിവാദപരമായ ചിന്താരീതി ഉള്‍ക്കൊണ്ടിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി കുഞ്ഞമ്മയുടെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു ശരീരശാസ്‌ത്ര പഠനത്തിനായി വിട്ടുകൊടുത്തു(1974). പ്രാഫ. കോവൂര്‍ 1978 സെപ്‌. 18-ന്‌ കൊളംബോയില്‍ അന്തരിച്ചു. ഇദ്ദേഹത്തിന്റെ ശവശരീരവും മുന്‍ നിശ്ചയമനുസരിച്ച്‌ മെഡിക്കല്‍ കോളജിലേക്ക്‌ നല്‌കി.

(എം. പ്രഭ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍