This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എലീനർ (1245? - 90)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എലീനർ (1245? - 90)

Eleanor

ഇംഗ്ലണ്ടിലെ എഡ്വേഡ്‌ I ന്റെ പത്‌നി. കസ്റ്റീലിലെ ഫെര്‍ഡിനന്‍ഡ്‌ III ആയിരുന്നു പിതാവ്‌. പൊന്തിയൂവിലെ പ്രഭുവായ സെമന്റെ പുത്രി ജൊവാന്‍ ആയിരുന്നു മാതാവ്‌. എലീനറുടെ സഹോദരനായ കസ്റ്റീലിലെ അല്‍ഫോന്‍സോ X ഗാസ്‌കനിയിലുള്ള തന്റെ അവകാശം എഡ്വേഡിനു വിട്ടുകൊടുത്തു. എലീനര്‍ ഇംഗ്ലണ്ടില്‍ വന്ന്‌ വിന്‍ഡ്‌സര്‍ ബംഗ്ലാവില്‍ താമസം തുടങ്ങി. അധികം താമസിയാതെ ഫ്യൂഡലിസ്റ്റു ശക്തികള്‍ ലെവിസ്‌ (Lewes)യെുദ്ധത്തില്‍ രാജകീയകക്ഷിയെ പരാജയപ്പെടുത്തി. സുരക്ഷിതത്വത്തിനുവേണ്ടി എഡ്വേഡ്‌ എലീനറെ ഫ്രാന്‍സിലേക്കയച്ചു. "ഈവ്‌ഷം' (Evesham) യുദ്ധത്തില്‍ എഡ്വേഡ്‌ വിജയിച്ചതോടെ 1265 ഒക്‌ടോബറില്‍ എലീനര്‍ ഇംഗ്ലണ്ടില്‍ മടങ്ങിയെത്തി. കുരിശുയുദ്ധത്തില്‍ (1270-73) എലീനര്‍ എഡ്വേഡിനെ അനുഗമിച്ചു. അക്രയില്‍ വച്ച്‌, വിഷംപുരട്ടിയ കഠാരയുടെ പ്രയോഗത്തില്‍ എഡ്വേഡിനു മുറിവേറ്റപ്പോള്‍ ആ മുറിവില്‍ നിന്നു തന്റെ അധരങ്ങള്‍കൊണ്ട്‌ എലീനര്‍ വിഷം വലിച്ചെടുത്തതായി ഐതിഹ്യമുണ്ട്‌. എഡ്വേഡിനെ ഇപ്രകാരം രക്ഷിച്ചതോടെ എലീനര്‍ പ്രഖ്യാതയായിത്തീര്‍ന്നു. 1274 ആഗ. 19-നു എഡ്വേഡിനോടൊപ്പം എലീനര്‍ രാജ്ഞിയായി അഭിഷിക്തയായി. 1279-ല്‍ തന്റെ മാതാവില്‍ നിന്നും പൊന്തിയൂകൗണ്ടിയുടെ അവകാശം ലഭിച്ചു. യഹൂദപണമിടപാടുകാരെ ഉപയോഗിച്ച്‌ ഭൂമി സമ്പാദിച്ചുവെന്നും കുടിയാന്മാരുടെമേല്‍ അന്യായമായ വ്യവസ്ഥകളിലേര്‍പ്പെടുത്തിയെന്നുമുള്ള ആരോപണങ്ങള്‍ക്ക്‌ അവര്‍ വിധേയയായി. എന്നാല്‍ വ്യക്തിപരമായി അവര്‍ ധര്‍മിഷ്‌ഠയും ദയാലുവുംതന്നെയായിരുന്നു. 1290-ല്‍ നോട്ടിങ്‌ഹാം ഷയറിലെ ഹാര്‍ബിയില്‍ അവര്‍ അകാലചരമമടഞ്ഞു. എലീനറുടെ സ്‌മരണയ്‌ക്കുവേണ്ടി, ലണ്ടനിലേക്കുള്ള യാത്രാമധ്യേ അവരുടെ മൃതദേഹമിറക്കിവച്ച സ്ഥലങ്ങളില്‍ എഡ്വേഡ്‌ പ്രസിദ്ധമായ "എലീനര്‍ കുരിശുകള്‍' സ്ഥാപിക്കുകയുണ്ടായി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%B2%E0%B5%80%E0%B4%A8%E0%B5%BC_(1245%3F_-_90)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍