This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എമേഴ്‌സണ്‍, റാൽഫ്‌ വാൽഡോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എമേഴ്‌സണ്‍, റാല്‍ഫ്‌ വാല്‍ഡോ

Emerson, Ralph Waldo (1803 - 82)

അമേരിക്കന്‍ ദാര്‍ശനികന്‍. കവി, ഉപന്യാസകാരന്‍ എന്നീ നിലകളിലും ഇദ്ദേഹം പ്രശസ്‌തനാണ്‌. 1803 മേയ്‌ 25-ന്‌ ബോസ്റ്റണിലെ ഏറ്റവും പുരാതനമായ ക്രസ്‌തവ ദേവാലയത്തിലെ വൈദികനായിരുന്ന വില്യം എമേഴ്‌സന്റെ പുത്രനായി ജനിച്ചു; മാതാവ്‌ റൂത്ത്‌ എസ്‌കിന്‍സ്‌. അവരുടെ ഏഴുമക്കളില്‍ മൂന്നാമനായിരുന്നു റാല്‍ഫ്‌ വാല്‍ഡോ എമേഴ്‌സണ്‍. എമേഴ്‌സന്റെ എട്ടാമത്തെ വയസ്സില്‍ പിതാവ്‌ മരിച്ചു. ആദ്യം ബോസ്റ്റണ്‍ ഗ്രാമര്‍ സ്‌കൂളിലും പിന്നീട്‌ നാലുവര്‍ഷക്കാലം (1813-17) ഹാര്‍വാര്‍ഡിലും വിദ്യാഭ്യാസം ചെയ്‌തു. ഒരു അധ്യാപകനായാണ്‌ എമേഴ്‌സണ്‍ ജീവിതമാരംഭിച്ചത്‌. അധ്യാപകജീവിതം ഇദ്ദേഹത്തെ തൃപ്‌തനാക്കിയില്ല. ജോലി ഉപേക്ഷിച്ചു ഹാര്‍വാര്‍ഡ്‌ ഡിവിനിറ്റി സ്‌കൂളില്‍ ദൈവശാസ്‌ത്രം അഭ്യസിക്കുകയും 1829-ല്‍ വൈദികവൃത്തി സ്വീകരിക്കുകയും ചെയ്‌തു. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ മൂന്നുവര്‍ഷത്തിനുശേഷം ആ ജോലിയും ഉപേക്ഷിച്ചു. ഇക്കാലത്തു ന്യൂഹാംഷയറിലെ എല്ലന്‍ ലൂയിസാ ടക്കര്‍ എന്ന യുവതിയെ വിവാഹം കഴിച്ചു. രണ്ടുവര്‍ഷത്തെ വിവാഹജീവിതത്തിനുശേഷം, ക്ഷയരോഗ ബാധിതയായിരുന്ന ടക്കര്‍ മരണമടഞ്ഞു. 1835-ല്‍ പ്ലിമത്തിലെ ലിഡിയാ ജാക്‌സണെ വിവാഹം ചെയ്‌തു കണ്‍കോര്‍ഡില്‍ താമസമുറപ്പിച്ചു. 1882 ഏ. 27ന്‌ മരിക്കുന്നതു വരെ എമേഴ്‌സണും കുടുംബവും കണ്‍കോര്‍ഡില്‍ത്തന്നെയാണ്‌ താമസിച്ചിരുന്നത്‌.

റാല്‍ഫ്‌ വാല്‍ഡോ എമേഴ്‌സണ്‍

സജീവ വൈദികവൃത്തിയില്‍ നിന്നു വിരമിച്ച എമേഴ്‌സണ്‍ തത്ത്വചിന്തയിലും സാഹിത്യത്തിലും മുഴുകി. ഇദ്ദേഹം മൂന്നുപ്രാവശ്യം (1833,1847,1872) യൂറോപ്യന്‍ പര്യടനം നടത്തുകയുണ്ടായി. പ്രശസ്‌തരായ സമകാലികചിന്തകരും സാഹിത്യനായകന്മാരുമായി നേരിട്ടു ബന്ധപ്പെടാന്‍ ഇദ്ദേഹത്തിന്‌ അവസരം ലഭിച്ചു. കോളറിഡ്‌ജ്‌, വേഡ്‌സ്‌വര്‍ത്ത്‌, കാര്‍ലൈല്‍ തുടങ്ങിയവര്‍ ഇദ്ദേഹത്തിന്റെ സാഹിത്യരചനയെയും ഷെഹല്‍, ഷെല്ലിങ്‌ തുടങ്ങിയവര്‍ ഇദ്ദേഹത്തിന്റെ തത്ത്വചിന്തയെയും അത്യധികം സ്വാധീനിച്ചു. തത്ത്വചിന്തയില്‍ ഒരു പുതിയ അതീന്ദ്രീയ പ്രസ്ഥാനത്തിന്റെ വക്താവായാണ്‌ ഇദ്ദേഹം രംഗപ്രവേശം ചെയ്‌തത്‌. ദര്‍ശനം. എമേഴ്‌സന്റെ ദര്‍ശനം ധാര്‍മികാദര്‍ശവാദമാണെന്നു പറയാം. പ്ലേറ്റോയുടെ ഭൗതികശാസ്‌ത്രത്തെയാണ്‌ അടിസ്ഥാനമാക്കിയിട്ടുള്ളതെങ്കിലും ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളുടെ അടിസ്ഥാനം പെരുമാറ്റത്തെക്കുറിച്ചുള്ള ഒരു പ്രായോഗിക ദര്‍ശനമാണ്‌. യുക്തിയും സ്‌നേഹവും ഒന്നിച്ചു ചേരുമ്പോഴുണ്ടാകുന്ന സ്വഭാവത്തിന്‌ എമേഴ്‌സണ്‍ കൂടുതല്‍ പ്രധാന്യം നല്‌കി.

തന്റെ ആദ്യകാല വൈദികപ്രഭാഷണങ്ങളില്‍പ്പോലും എമേഴ്‌സണ്‍ ക്രിസ്‌തുദര്‍ശനത്തിനു പുതിയ വ്യാഖ്യാനം നല്‌കിയിരുന്നു. ബാഹ്യാചാരങ്ങളുടെ സ്ഥാനത്ത്‌ ഇദ്ദേഹം ആന്തരികസത്തയ്‌ക്കു പ്രധാന്യം കൊടുത്തു. ധാര്‍മികനിയമത്തിനും നന്മയ്‌ക്കും സ്വഭാവവൈശിഷ്‌ട്യത്തിനും ഊന്നല്‍ നല്‌കികൊണ്ടുള്ള ഒരു വൈയക്തികതത്ത്വശാസ്‌ത്രം പ്രചരിപ്പിക്കാനാണ്‌ ഇദ്ദേഹം ശ്രമിച്ചത്‌. കാന്റിന്റെയും മറ്റു ജര്‍മന്‍ ആശയവാദികളുടെയും ചിന്താ പദ്ധതികള്‍ എമേഴ്‌സണെ ആകര്‍ഷിച്ചു. ഇവരുടെ ആശയവാദത്തിന്റെ ഒരു പുനരാവിഷ്‌കരണമാണ്‌ എമേഴ്‌സന്റെ അതീന്ദ്രിയവാദം. പ്രാപഞ്ചിക പ്രതിഭാസങ്ങളെ യാന്ത്രികമായി വ്യാഖ്യാനിക്കാന്‍ ഇദ്ദേഹം വിസമ്മതിച്ചു. 1836-ല്‍ പ്രസിദ്ധം ചെയ്‌ത "പ്രകൃതി' (Nature)എന്ന ഗ്രന്ഥത്തിലാണു തന്റെ ദാര്‍ശനിക ചിന്തകള്‍ ആദ്യമായി ഇദ്ദേഹം അവതരിപ്പിച്ചത്‌. സുഘടിതമായ ഒരു തത്ത്വശാസ്‌ത്രമല്ല എമേഴ്‌സന്റേത്‌; സുവ്യക്തങ്ങളായ അന്തര്‍ജ്ഞാനശകലങ്ങളുടെ ഒരു സമാഹാരമാണത്‌. മനുഷ്യനാണ്‌ പരമപ്രധാനമെന്നും പ്രകൃതി മനുഷ്യന്റെ ഉന്നമനത്തിനുതകുന്ന ഉപാധിയാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ പ്രകൃതി വെറും യാന്ത്രികപ്രപഞ്ചമല്ല, മനുഷ്യാത്മാവിന്റെ പ്രതിഫലനം കൂടിയാണ്‌. ഓരോ മനുഷ്യനിലും ഈശ്വരന്റെ അംശം ഉണ്ടെന്നുള്ളതുപോലെ ഓരോ പ്രപഞ്ച പ്രതിഭാസത്തിലും ഈശ്വരചൈതന്യം ദൃശ്യമാകുന്നു. മനുഷ്യന്‍ പൂര്‍ണനാണ്‌, അനധീനനാണ്‌; മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധം തന്മൂലം ആന്തരികവും ആണ്‌. മനുഷ്യന്റെയും പ്രപഞ്ചത്തിന്റെയും ആത്മാവിനെ അറിയുകയും അതിന്റെ ശബ്‌ദം ശ്രവിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ്‌ അതീന്ദ്രിയവാദി. 1841-ലും 1844-ലും പ്രസിദ്ധപ്പെടുത്തിയ ഉപന്യാസപരമ്പരയിലും പ്ലേറ്റോ, സ്വീഡന്‍ബര്‍ഗ്‌, ഷെയ്‌ക്‌സ്‌പിയര്‍, നെപ്പോളിയന്‍, മൊണ്ടെയ്‌ന്‍ തുടങ്ങിയ മഹാവ്യക്തികളെപ്പറ്റിയുള്ള വിമര്‍ശനാത്മക പഠനങ്ങളടങ്ങിയ മാതൃകാമനുഷ്യര്‍(Representative Men, 1850)എന്ന ഗ്രന്ഥത്തിലും എമേഴ്‌സന്റെ തത്ത്വശാസ്‌ത്രം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്‌.

ഗദ്യകാരനും കവിയും. 19-ാം നൂറ്റാണ്ടിലെ ഗദ്യസാഹിത്യകാരന്മാരില്‍ അഗ്രഗണ്യനാണ്‌ എമേഴ്‌സണ്‍ എന്നു നിഷേ അഭിപ്രായപ്പെടുന്നു. അന്തര്‍ജ്ഞാനിയായ കവി എന്ന നിലയിലും എമേഴ്‌സണ്‍ പ്രാമുഖ്യമര്‍ഹിക്കുന്നു. എമേഴ്‌സന്റെ ഗദ്യകൃതികള്‍ അദ്ദേഹത്തിന്റെ തത്ത്വശാസ്‌ത്രത്തിന്റെ സവിശേഷതകളെ മാത്രമല്ല, ഗദ്യശൈലിയുടെ ഗാംഭീര്യത്തെയും പ്രകടമാക്കുന്നവയാണ്‌. മുകളില്‍പ്പറഞ്ഞ ഗ്രന്ഥങ്ങളെ കൂടാതെ ഇംഗ്ലീഷ്‌ സ്വഭാവവിശേഷങ്ങള്‍ (English Traits, 1856), ജീവിതചര്യ (The Conduct of Life, 1860), സമൂഹവും ഏകാന്തതയും (Society and Solitude, 1870) സാഹിത്യവും സാമുഹ്യ ലക്ഷ്യങ്ങളും (Letters and Social Aims, 1875)എന്നിവയും എമേഴ്‌സന്റെ ഗദ്യശൈലിക്ക്‌ ഉത്തമനിദര്‍ശനങ്ങളാണ്‌. വിമര്‍ശനാത്മകചിന്തകനും ആദര്‍ശവാദിയായ ദാര്‍ശനികനുമെന്നതിലുപരി ജ്ഞാനിയായ ഒരു കവിയാണ്‌ എമേഴ്‌സണ്‍. ഇദ്ദേഹത്തിന്റെ ഗദ്യത്തിലും പദ്യത്തിലും കവിത്വത്തിന്റെ സ്‌ഫുരണം ദൃശ്യമാണ്‌. 1846-ല്‍ ആണ്‌ ഇദ്ദേഹത്തിന്റെ ആദ്യത്തെ കവിതാസമാഹാരം പ്രസിദ്ധീകൃതമായത്‌. 1867-ല്‍ മറ്റൊരു സമാഹാരവും പുറത്തുവന്നു. എമേഴ്‌സണ്‍ അതുല്യനായ ഗദ്യകാരനായിരുന്നു; എന്നാല്‍ കവിയെന്നനിലയില്‍ അത്രതന്നെ ഉന്നതനായിരുന്നോ എന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ട്‌. സമകാലിക ഭാവാത്മകകവിതയില്‍ നിന്നു രൂപത്തിലും ഭാവത്തിലും വ്യത്യസ്‌തമായിരുന്നു എമേഴ്‌സന്റെ കവിത. സുന്ദരമെന്നതിലേറെ ആ കവിത ശക്തമായിരുന്നു. "സ്വയം തീരങ്ങള്‍ കണ്ടെത്തുന്ന കവിത' എന്നാണ്‌ അത്‌ വിശേഷിപ്പിക്കപ്പെട്ടിരുന്നത്‌; പക്ഷേ അനുഭൂതിയുടെ തീവ്രതയില്‍ നിന്നല്ല, ബുദ്ധിവ്യാപാരത്തിന്റെ ഊഷ്‌മാവില്‍നിന്നാണ്‌ എമേഴ്‌സന്റെ കവിത ഉദ്‌ഭവിച്ചത്‌. അതിന്റെ ഗുണവും ദോഷവും ആ കവിതയ്‌ക്കുണ്ടായിരുന്നുതാനും. എമേഴ്‌സന്റെ കവിതയ്‌ക്കു രണ്ട്‌ ഒന്നാംകിട കവികളെ സൃഷ്‌ടിക്കാന്‍ കഴിഞ്ഞുവെന്നുപറയാം. വാള്‍ട്ട്‌ വിറ്റ്‌മാനും എമിലി ഡിക്കിന്‍സനും പ്രചോദനം ഉള്‍ക്കൊണ്ടത്‌ പ്രധാനമായി എമേഴ്‌സന്റെ കവിതയില്‍ നിന്നായിരുന്നു.

മറ്റെന്തിനെക്കാളും മനുഷ്യനെപ്പറ്റി, മനുഷ്യന്റെ മഹത്ത്വത്തെപ്പറ്റി, അവന്റെ ധാര്‍മികോന്നമനത്തെപ്പറ്റി എഴുതിയ എമേഴ്‌സണ്‍ പില്‌ക്കാല ചിന്തകരില്‍ ചെലുത്തിയ സ്വാധീനത കുറച്ചൊന്നുമായിരുന്നില്ല. നിഷേ, ബെര്‍ഗ്‌സണ്‍, വില്യം ജെയിംസ്‌, ഡ്യൂയി എന്നിവര്‍ക്ക്‌ വളരെയേറെ കടപ്പാടുണ്ട്‌. "ന്യൂമാന്റേതോ, കാര്‍ലൈലിന്റേതോ, ഗോയ്‌ഥേയുടേതോ പോലെ അര്‍വാചീനമായ, ഹൃദയഹാരിയായ, അവിസ്‌മരണീയമായ ഒരു നാദധാര' എന്നാണു മാത്യു അര്‍ണോള്‍ഡ്‌ എമേഴ്‌സണെപ്പറ്റി പ്രസ്‌താവിച്ചിട്ടുള്ളത്‌.

(ഡോ. കെ. വേലായുധന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍