This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എത്യോപ്യന്‍ ഭാഷകളും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എത്യോപ്യന്‍ ഭാഷകളും സാഹിത്യവും

Ethiopian Languages and Literature

ആഫ്രാ-ഏഷ്യാറ്റിക്‌(ഹമിറ്റോ-സെമിറ്റിക്‌) ഗോത്രത്തില്‍ സെമിറ്റിക്‌ ഉപസമൂഹത്തിലെ എത്യോപ്യന്‍ ശാഖയില്‍പ്പെട്ട ഭാഷകള്‍. ഈ ഭാഷകള്‍ എത്യോപ്യയില്‍ പ്രചാരത്തിലിരിക്കുന്നു. അംഹാറിക്‌, ടിഗ്ര, ടിഗ്രിന്യ, ഗുരേജ്‌, ഹരാരി, ഗീസ്‌ എന്നിവയാണ്‌ ഈ ശാഖയിലെ പ്രധാനഭാഷകള്‍. ബി.സി. ആയിരാമാണ്ടോടുകൂടി ദക്ഷിണ അറേബ്യയില്‍ നിന്ന്‌ ആഫ്രിക്കവഴി സെമിറ്റിക്‌ ജനത എത്യോപ്യയില്‍ കുടിയേറിയതായി കരുതപ്പെടുന്നു. തദ്ദേശീയ ഭാഷാസ്വാധീനംകൊണ്ട്‌ ഒരു ദക്ഷിണ അറേബ്യന്‍ സെമിറ്റിക്‌ ഭാഷ വളര്‍ന്നു വരികയും ഈ ഭാഷ ഗീസ്‌ എന്നറിയപ്പെടുകയും ചെയ്‌തു. എത്യോപ്യയിലെ ദേശീയഭാഷയായ അംഹാറികിനും ഗേ അസ്‌ അഥവാ എത്യോപിക്‌ എന്നറിയപ്പെട്ടിരുന്ന പുരാതനഭാഷയ്‌ക്കും സാദൃശ്യം വളരെ കുറവാണ്‌. എത്യോപ്യന്‍ ശാഖയിലെ മറ്റു ഭാഷകള്‍ ഗീസില്‍ നിന്ന്‌ രൂപംകൊണ്ടവയാണ്‌. ടിഗ്രിന്യ, ടിഗ്ര, അംഹാറിക്‌ എന്നിവ ഉത്തര എത്യോപ്യയിലാണു പ്രധാനമായും സംസാരിക്കുന്നത്‌. 11-ാം ശതകം വരെ എത്യോപ്യയില്‍ സംസാരഭാഷയായിരുന്ന ഗീസിന്‌ ആ പദവി നഷ്‌ടപ്പെടുകയും അത്‌ മതപരമായ ആവശ്യങ്ങള്‍ക്കുമാത്രമായി ചുരുങ്ങുകയും ചെയ്‌തു. ലസന ഗേ അസ്‌ എന്ന പുരാതനരൂപത്തില്‍ നിന്നു ജന്മംകൊണ്ട ഈ ഭാഷാനാമം വിദ്യാഭ്യാസപരവും മതപരവുമായ കാര്യങ്ങള്‍ക്കാണ്‌ ഉപയോഗിച്ചിരുന്നത്‌. ശാസ്‌ത്രഭാഷ അഥവാ പുസ്‌തകഭാഷ എന്നും ലസന ഗേ അസ്‌ പദത്തിന്‌ അര്‍ഥമുണ്ട്‌. എത്യോപ്യയില്‍ പ്രാദേശിക ഭാഷകള്‍ക്ക്‌ പുറമേ, ബുദ്ധിജീവികള്‍ക്കിടയിലും ഔദ്യോഗിക വൃത്തങ്ങളിലും ഇംഗ്ലീഷിനു വളരെ പ്രചാരം സിദ്ധിച്ചിട്ടുണ്ട്‌. കൂടാതെ ഇറ്റാലിയന്‍-അറബിഭാഷകളും പല സ്ഥലങ്ങളിലും വ്യവഹാരത്തിലിരിക്കുന്നു.

എത്യോപ്യന്‍ ഭാഷാലിപി

എത്യോപ്യ അറേബ്യന്‍ അധീനതയിലായിരുന്നു എന്ന ചില ചരിത്രകാന്മാരുടെ അഭിപ്രായത്തെ സ്ഥിരീകരിക്കത്തക്ക രീതിയില്‍ സെമിറ്റിക്‌ ഗോത്രത്തില്‍ നിന്ന്‌ ഉദ്‌ഭവിച്ച ഈ ഭാഷയുടെ ധാതുരൂപങ്ങള്‍, ഘടന, വ്യാകരണം എന്നിവയില്‍ അറബിഭാഷയുടെ ഒരു പ്രാദേശികരൂപമായ ഹിമ്യറ്റെക്‌ ഭാഷയുമായി സാദൃശ്യം പുലര്‍ത്തുന്നു. അക്ഷരമാലയിലും ഗേ അസ്‌ ഭാഷ ഹിമ്യറ്റെറ്റ്‌ ഭാഷാഭേദവുമായി സാജാത്യം പുലര്‍ത്തുന്നു. 26 വ്യഞ്‌ജനങ്ങളും ഏഴു സ്വരങ്ങളും ഈ ഭാഷയിലുണ്ട്‌. വാക്കുകള്‍ വേര്‍തിരിക്കാന്‍ ഉപചിഹ്നങ്ങള്‍ ഉപയോഗിക്കാറില്ല. പകരം രണ്ടു കുത്തുകള്‍ ആണ്‌ ഉപയോഗിക്കുന്നത്‌. എത്യോപ്യയില്‍ ക്രിസ്‌തുമതം പ്രചരിപ്പിക്കുന്നതിന്‌ മുമ്പ്‌ അക്ഷരങ്ങള്‍ വലത്തുനിന്ന്‌ ഇടത്തേക്കാണ്‌ എഴുതിയിരുന്നതെങ്കിലും ക്രിസ്‌തുമതാഗമനത്തോടുകൂടി അക്ഷരങ്ങള്‍ ഇടത്തുനിന്നു വലത്തേക്ക്‌ എഴുതാന്‍ തുടങ്ങി. ധാതുരൂപത്തിലെന്നല്ല, ആശയവിനിമയപ്രക്രിയയിലും ഗേ അസ്‌ ഭാഷ അറബിയില്‍ നിന്നും പിന്നിലാണ്‌. ഈ ഭാഷയിലെ ധാതുരൂപങ്ങള്‍ അറബി, ഹീബ്രു, സിറിയക്‌ (ചാര്‍ഡിയന്‍), ഗ്രീക്‌, ആഫ്രിക്കന്‍ എന്നീ ഭാഷകളില്‍ നിന്നും കടമെടുത്തവയാണ്‌. പൗരസ്‌ത്യ ഭാഷാവിദഗ്‌ധനും ജര്‍മന്‍കാരനുമായ വില്‍ഹെല്‍മ്‌ ജസീനിയസിന്റെ അഭിപ്രായത്തില്‍ ഗേ അസ്‌ ഭാഷയിലെ മൂന്നിലൊന്നു ഭാഗം ധാതുക്കളും അറബിയില്‍നിന്നു വന്നവയാണ്‌. വ്യാകരണപരമായി അറബിഭാഷയോട്‌ സാദൃശ്യം പുലര്‍ത്തുന്നുണ്ടെങ്കിലും നാമരൂപങ്ങള്‍ എബ്രായഭാഷയോടു സാരൂപ്യം പ്രകടിപ്പിക്കുന്നു.

ലോകജനതയ്‌ക്കു സെമിറ്റിക്‌ ജനതയുടെ സംഭാവനയാണ്‌ അക്ഷരമാല. ബി.സി. 15-ാം ശതകത്തില്‍ രൂപംകൊണ്ടു. പിന്നീട്‌ എബ്രായ, അരാമിയന്‍ എന്നീ ജനവിഭാഗങ്ങള്‍ ഇതു സ്വീകരിക്കുകയുണ്ടായി. ബി.സി. 1000-ാമാണ്ടില്‍ ഗ്രീക്കുജനത ഈ ആശയം കടമെടുത്തതോടുകൂടി ലോകമെമ്പാടും പ്രചാരം സിദ്ധിച്ചു. സാഹിത്യം. എത്യോപ്യന്‍ സാഹിത്യം പല ഭാഷകളിലെയും കൃതികള്‍ ഉള്‍ക്കൊള്ളുന്നതാണ്‌. 19-ാം ശതകംവരെയുള്ള സാഹിത്യം ഒരു ദക്ഷിണ അറേബ്യന്‍ സെമിറ്റിക്‌ ഭാഷയായ "ഗിഇസ്സി'ലുള്ള ഏതാനും കൃതികള്‍ മാത്രമായിരുന്നു. സാഹിത്യഭാഷ മിക്ക കാലഘട്ടങ്ങളിലും സാധാരണക്കാരുടെ ഭാഷയെ പ്രതിഫലിപ്പിച്ചിരുന്നില്ല. ഗേ അസ്‌ ഭാഷയിലും ഗ്രീക്കുഭാഷയിലുമുള്ള ശിലാലിഖിതസാഹിത്യം നാലാം ശതകത്തില്‍ രൂപംകൊണ്ടു. ആറാം ശതകം വരെ വ്യാപകമായ തോതില്‍ ശിലാലിഖിതങ്ങള്‍ അരങ്ങേറുകയുണ്ടായി. മതപരമായ സാഹിത്യഗ്രന്ഥങ്ങള്‍ പലതും ഗേ അസ്‌ ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടത്‌ ആറാം ശതകത്തിലാണ്‌. പില്‍ക്കാലത്തെ എത്യോപ്യന്‍ സംസ്‌കാരത്തിന്റെ വളര്‍ച്ചയില്‍ പ്രസ്‌തുതഗ്രന്ഥങ്ങള്‍ നിര്‍ണായകപങ്കു വഹിച്ചിട്ടുണ്ട്‌. ഏഴുമുതല്‍ പതിമൂന്നുവരെയുള്ള നൂറ്റാണ്ടുകള്‍ എത്യോപ്യന്‍ സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ശൂന്യതയുടെ കാലഘട്ടമായിരുന്നു.

13-ാം ശതകം മുതല്‍ 15-ാം ശതകംവരെയുള്ള നവോത്ഥാനകാലത്തെ സാഹിത്യഗ്രന്ഥങ്ങള്‍ മിക്കവയും അറബി, സിറിയക്‌, ഗ്രീക്‌ തുടങ്ങിയ ഭാഷകളില്‍ നിന്നുള്ള തര്‍ജുമകളായിരുന്നു. ഇക്കാലത്തുണ്ടായ പ്രസിദ്ധ കൃതിയാണ്‌ കെബ്രാനാഗാസ്റ്റ്‌. ചരിത്രസംഭവങ്ങളും പുരാണകഥകളും പ്രതിരൂപാത്മകമായ രീതിയില്‍ അവതരിപ്പിച്ചിട്ടുള്ള കൃതിയാണിത്‌. ഈ കാലഘട്ടത്തില്‍ എത്യോപ്യയില്‍ ക്രിസ്‌തുമതം പ്രചരിക്കുകയും മതാനുഷ്‌ഠാനങ്ങള്‍ക്കുള്ള കാനോനകള്‍ ഗേ അസ്‌ ഭാഷയില്‍ രചിക്കപ്പെടുകയും ചെയ്‌തു. ഗ്രീക്കില്‍ നിന്ന്‌ അറബിയില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട സിനോദോസും ദ്‌ ദാസ്‌കാലിയയും ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടവയാണ്‌. ഗാസെച്ഛായിലെ അബ്ബജിയോര്‍ജിസ്‌ എന്ന വൈദികന്‍ രചിച്ച സാ അതത്‌ ആരാധനാക്രമങ്ങളെ വിവരിക്കുന്നു. 1350-ല്‍ എത്യോപ്യന്‍ മെത്രാപ്പോലിത്തയായി വാഴിക്കപ്പെട്ട അബൂസലാമാ എന്ന പണ്ഡിതന്‍ ബൈബിള്‍ വിവര്‍ത്തനം തെറ്റുതിരുത്തി പുനഃപ്രസാധനം ചെയ്‌തു. ജെബ്രാഹെമാമത്‌, ഗാഡ്‌ലാഹാവാവൃത്‌ എന്നിവ ഇക്കാലത്തെ ശ്രദ്ധേയങ്ങളായ രണ്ടു കൃതികളാണ്‌. 15-ാം ശതകത്തില്‍ അനേകം ഐതിഹ്യകാവ്യങ്ങളും കല്‌പിതകഥകളും ഗേ അസ്‌ ഭാഷയില്‍ രചിക്കപ്പെട്ടു. മതപരഗീതങ്ങള്‍, പുരാവൃത്താഖ്യാനങ്ങള്‍, പുണ്യാത്മാക്കളുടെ ജീവചരിത്രങ്ങള്‍ മുതലായവയും ഇക്കാലത്തെ എത്യോപ്യന്‍ സാഹിത്യത്തെ സമ്പുഷ്‌ടമാക്കി. 1434-68 കാലഘട്ടത്തില്‍ ഭരണാധികാരിയായിരുന്ന സാറാ യാക്കൂബ്‌ അനേകം വേദസിദ്ധാന്ത കൃതികള്‍ രചിക്കുകയുണ്ടായി. ജോര്‍ജ്‌ ദി അര്‍മേനിയന്‍, നാവൊദ്‌ ചക്രവര്‍ത്തി എന്നിവരാണ്‌ ഈ കാലഘട്ടത്തിലെ മുഖ്യകവികള്‍. സങ്കീര്‍ത്തനഗ്രന്ഥങ്ങള്‍ പലതും ഇവര്‍ വിരചിച്ചു. ലേഖനരൂപത്തിലുള്ള ആദ്യത്തെ കൃതി രചിക്കപ്പെട്ടതും ഇക്കാലത്താണ്‌. സാറാ യാക്കൂബിന്റെ രാജസദസ്സിലുണ്ടായിരുന്ന ഒരു പുരോഹിതന്‍ തുടക്കം കുറിച്ച രാജവാഴ്‌ചയുടെ ചരിത്രം പില്‌ക്കാലത്ത്‌ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. സമകാലിക യുദ്ധങ്ങള്‍ വിവരിക്കുന്ന ചില സാഹിത്യസൃഷ്‌ടികളും ഇക്കാലത്ത്‌ ഉണ്ടായിട്ടുണ്ട്‌.

കെബ്രാനാഗാസ്റ്റിലെ ഒരു പേജ്‌

19-ാം ശതകത്തിന്റെ പൂര്‍വാര്‍ധത്തില്‍ നടന്ന മുസ്‌ലിം ആക്രമണങ്ങളാണ്‌ ഗേ അസ്‌ സാഹിത്യത്തിന്റെ അപചയത്തിനു വഴിതെളിച്ചത്‌. ഇസ്‌ലാം മതത്തിലേക്കു നിര്‍ബന്ധിതമായി പരിവര്‍ത്തനം ചെയ്യപ്പെട്ടവരെ ക്രസ്‌തവവിശ്വാസത്തിലേക്കു പ്രത്യാനയിക്കാന്‍ രചിക്കപ്പെട്ട നിരവധി കൃതികളില്‍ ആന്‍ ക്വാസാ അമീന്‍, മഷാ ഫാക്വേദര്‍, മഹാഫാനെസ്സേഹ എന്നിവ പ്രാധാന്യമര്‍ഹിക്കുന്നു. സാവാനാനാഫസ്‌, ഫെക്കറാമലകോട്‌, ഹെയ്‌ മനോടാ അബാഹ്‌ എന്നീ ഗ്രന്ഥങ്ങളും ക്രിസ്‌തുമതത്തിന്റെ ഭദ്രതയ്‌ക്കുവേണ്ടി രചിക്കപ്പെട്ടവയാണ്‌. 16-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ പുരോഹിതനായ ബാഹ്‌റേ രചിച്ച എ ഹിസ്റ്ററി ഒഫ്‌ ദ്‌ ഗല്ലാ എത്യോപ്യന്‍ സാഹിത്യത്തിലെ ആദ്യത്തെ സാമൂഹിക ശാസ്‌ത്രഗ്രന്ഥമാണ്‌. 1600 അടുപ്പിച്ച്‌ നിക്കിയുമിലെ മെത്രാനായ ജൊഹാന്നസ്‌ മഡ്‌ബ്ബര്‍ ഈജിപ്‌ഷ്യന്‍ ആക്രമണചരിത്രം രചിച്ചു. ഡബ്രാലിബാനൊസ്സിലെ സാലിക്‌ ബൃഹത്തായ ഒരു ആധ്യാത്മിക വിജ്ഞാനകോശത്തിന്റെ വിവര്‍ത്തനവും ഗേ അസ്‌ ഭാഷയില്‍ നിര്‍വഹിക്കുകയുണ്ടായി. 17-19 ശതകങ്ങളില്‍ ഗേ അസ്‌ എത്യോപ്യയിലെ ഒരു സാഹിത്യഭാഷയായി തുടര്‍ന്നു. 19-ാം ശതകത്തില്‍ രചിക്കപ്പെട്ട ദി ഇന്‍ക്വയറീസ്‌ ഒഫ്‌ സാറാ യാക്കൂബ്‌ എന്ന ചരിത്രഗ്രന്ഥമാണ്‌ ഗേ അസ്‌ ഭാഷയില്‍ അവസാനമായി രചിക്കപ്പെട്ട ഗദ്യകൃതി. ഇറ്റാലിയന്‍ പുരോഹിതനായ ഗിസ്‌തോദാ അര്‍ബിനോയാണ്‌ ഗ്രന്ഥകര്‍ത്താവ്‌. യൂറോപ്യന്‍ ഭാഷകളിലെ അനേകം തത്ത്വശാസ്‌ത്രഗ്രന്ഥങ്ങളും സാഹിത്യകൃതികളും പരിഭാഷപ്പെടുത്തി ഇദ്ദേഹം എത്യോപ്യയില്‍ ഒരു ജ്ഞാനോദ്ദീപനത്തിനു വഴിയൊരുക്കി. സന്ന്യാസാശ്രമങ്ങളിലും പള്ളികളിലും മാത്രമേ പില്‌ക്കാലത്ത്‌ ഏതെങ്കിലും വിധത്തിലുള്ള ഗേ അസ്‌ കവിതകള്‍ രചിക്കപ്പെട്ടതായി കാണുന്നുള്ളൂ.

ദെബ്രാബെര്‍ഹന്‍ ദേവാലയത്തിനുള്ളിലെ ഫ്രസ്‌കോ ചുമര്‍ച്ചിത്രങ്ങള്‍

14-ാം ശതകത്തിലാണ്‌ എത്യോപ്യന്‍-അംഹാറിക്‌ ഭാഷയില്‍ സാഹിത്യകൃതികള്‍ പ്രത്യക്ഷമായത്‌. അംദാ സെയോണ്‍ ക എന്ന രാജാവിന്റെ യുദ്ധവിജയങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട്‌ എഴുതിയ ചില ഗാനങ്ങളാണ്‌ ഏറ്റവും പ്രാചീനമായ സാഹിത്യസൃഷ്‌ടി. ആദ്യകാലകൃതികള്‍ ദ്‌ റോയല്‍ സോങ്‌സ്‌ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 16-ാം ശതകത്തിനുശേഷം ഗി ഇസ്സ്‌ ഭാഷയിലുള്ള ഒട്ടുവളരെ കൃതികള്‍ക്ക്‌ അംഹാറിക്ക്‌ ഭാഷ്യങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്‌. 17-ാം ശതകത്തില്‍ മതഗ്രന്ഥങ്ങള്‍ പലതും അംഹാറിക്കില്‍ രചിക്കപ്പെടുകയും വിവര്‍ത്തനം ചെയ്യപ്പെടുകയുമുണ്ടായി. അബുദവിവാബേസ്‌ സിനുസ്‌ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു പണ്ഡിതന്‍ 19-ാം ശതകത്തിന്റെ ആരംഭത്തില്‍ ബൈബിള്‍ അംഹാറിക്കിലേക്ക്‌ വിവര്‍ത്തനം ചെയ്‌തു. തിയോഡര്‍ II-ന്റെ ഭരണകാലത്താണ്‌ (1855-68) അംഹാറിക്‌ ഭാഷയില്‍ ആദ്യമായി ചരിത്രകൃതികള്‍ രചിക്കപ്പെട്ടത്‌. അലാക്വാസനാബ്‌ തിയോഡര്‍ കക-ന്റെ ചരിത്രം സമാഹൃതരൂപത്തില്‍ പ്രസിദ്ധീകരിച്ചു. സാഹിത്യമേന്മയേറിയ കൃതിയാണിത്‌. ദേഹദേഹികള്‍ക്കുള്ള ബന്ധത്തെ വ്യാഖ്യാനിക്കുന്ന ഒരു ദാര്‍ശനിക ഗ്രന്ഥവും ഇദ്ദേഹം രചിക്കുകയുണ്ടായി. ബന്യന്റെ പില്‍ഗ്രിംസ്‌ പ്രാഗ്രസ്‌ എന്ന വിശ്രുതകാവ്യം 1892-ല്‍ ഗദ്യപദ്യങ്ങള്‍ ഇടകലര്‍ത്തി അംഹാറിക്കിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടു. 20-ാം ശതകത്തിന്റെ ആദ്യഘട്ടത്തില്‍ മറ്റൊരു ചരിത്രകാരനായ ഗുബ്ര സെലസി മെനലിക്‌ കക-ന്റെ ചരിത്രം പ്രസിദ്ധീകരിച്ചു. മധ്യമയുഗത്തിലെ എത്യോപ്യന്‍ സംസ്‌കാരത്തിന്റെ തെളിമയാര്‍ന്ന ചിത്രം ഈ കൃതിയില്‍ നിന്നു ലഭിക്കുന്നു.

ആധുനിക അംഹാറിക്‌ സാഹിത്യത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്ന ആഫാ-വാര്‍ക്വ ഗബ്രാ ഇച്ചാസ്‌ കസ്സ്‌ 1908-ല്‍ ആദ്യത്തെ എത്യോപ്യന്‍ നോവല്‍ ലിബ്ബ്‌ വല്ലാഡ താരിക്‌ രചിച്ചു. ചില സഞ്ചാരകഥകളും മനലിക്‌ കക-ന്റെ ജീവചരിത്രവും ഇദ്ദേഹം രചിക്കുകയുണ്ടായി. ഹെയ്‌ലി സലാസി ചക്രവര്‍ത്തി പ്രാത്സാഹിപ്പിച്ചതിന്റെ ഫലമായി ബ്ലാറ്റന്‍ ഗെറ്റാഹോറൂയ്‌ എന്ന സാഹിത്യകാരന്‍ വഡാജെലബ്ബെ, ആഡിസ്‌ അലാം എന്നീ പ്രതിരൂപാത്മക നോവലുകള്‍ രചിച്ചു. 1920-കളിലും 30-കളിലും "യങ്‌ അബിസിനിയന്‍സ്‌' എന്ന പേരില്‍ ഒരു സംഘം ആധുനിക സാഹിത്യകാരന്മാര്‍ അംഹാറിക്‌ ഭാഷയില്‍ സാഹിത്യരചന നടത്തി. ഇവരില്‍ പ്രമുഖനായ ഹെറുയി വാല്‍ ദ്‌ സെലസ്‌ ദേശീയബോധം വളര്‍ത്തുന്ന പല കൃതികളും രചിക്കുകയുണ്ടായി. മൈ ഹാര്‍ട്ട്‌ ആസ്‌ മൈ ഫ്രണ്ട്‌ (1923) എന്ന നോവലെറ്റും അഡ്വൈസ്‌ റ്റു എ സണ്‍: ദ്‌ മെമൊറി ഒഫ്‌ എ ഫാദര്‍ (1931), ഐ ആന്‍ഡ്‌ മൈ ഫ്രണ്ട്‌സ്‌ (1935), എ ന്യൂ വേള്‍ഡ്‌ എന്നീ നോവലുകളും ഇദ്ദേഹത്തിന്റെ കൃതികളില്‍ ശ്രദ്ധേയങ്ങളാണ്‌. രണ്ടാം ലോകയുദ്ധത്തിനുശേഷം എത്യോപ്യയില്‍ അംഹാറിക്‌ സാഹിത്യത്തിന്‌ നവോത്ഥാനം അനുഭവപ്പെട്ടുതുടങ്ങി. അനേകം നോവലുകളും കവിതകളും നാടകങ്ങളും രചിക്കപ്പെട്ടുവെങ്കിലും തത്ത്വശാസ്‌ത്രപരവും ചരിത്രപരവുമായ രചനകള്‍ക്കാണ്‌ കൂടുതല്‍ പ്രചാരം ലഭിച്ചത്‌. ധാര്‍മികവും ദേശാഭിമാനപരവുമായ അനേകം കൃതികള്‍ രചിക്കുവാന്‍ ചക്രവര്‍ത്തി സാഹിത്യകാരന്മാര്‍ക്ക്‌ ഉദാരമായ പ്രാത്സാഹനം നല്‍കി. ആധുനിക അംഹാറിക്‌ സാഹിത്യകാരന്മാരില്‍ പ്രതിരൂപാത്മക നോവലുകളുടെയും നാടകങ്ങളുടെയും കര്‍ത്താവായ ബീറ്റ്‌വാഡ്ഡാസ്‌ മകൊണ്ണന്‍ എന്‍ഡന്‍കാക്വാ, നാടകകൃത്തും ജീവചരിത്രകാരനുമായ ബ്‌ബാഡാമിക്കായേല്‍, ചരിത്രപണ്ഡിതനായ തറ്റ്‌ലാസാഡേക്ക്‌ മകൂര്യ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. 20-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ പ്രസിദ്ധിനേടിയ മെങ്‌ഗിസ്‌തു ലെമ്മ കവിയും നാടകകൃത്തുമാണ്‌. ഏതാനും ഭാവഗീതങ്ങളും ഹാസ്യനാടകങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്‌. 1970-കളില്‍ പ്രസിദ്ധനായ അംഹാറിക്‌ സാഹിത്യകാരന്‍ അയലെന്‍ മലാതു രചിച്ച ഭാവഗീതങ്ങളില്‍ വിപ്ലവാത്മകത പ്രകടമാണ്‌. ഡോ. ജോണ്‍സന്റെ റാസലസ്സും ഹിറോടോട്ടസിന്റെ ചരിത്രവും ആധുനിക വിവര്‍ത്തിത കൃതികളില്‍ ശ്രദ്ധേയങ്ങളാണ്‌. 1976-ല്‍ ആഡിസ്‌ അബാബ നാഷണല്‍ തിയെറ്ററിന്റെ ഡയറക്‌ടറായ തെസ്‌ഫയെ ഗെസ്സസ്സെ ആധുനിക നാടകവേദിയുടെ ഉപജ്ഞാതാവായി അറിയപ്പെടുന്നു. എത്യോപ്യന്‍ അഭയാര്‍ഥിയായി അമേരിക്കയിലെത്തിയ മാവി അസ്‌ഗെഡോം 2002-ല്‍ പ്രസിദ്ധീകരിച്ച ആത്മകഥയായ ഓഫ്‌ ബീറ്റില്‍സ്‌ ആന്‍ഡ്‌ ഏഞ്ചല്‍സ്‌ എന്ന കൃതി ഏറെ പ്രസിദ്ധിനേടി. ജനാധിപത്യത്തിനും നീതിക്കുംവേണ്ടി പോരാടുന്ന എത്യോപ്യന്‍ ആക്ഷേപഹാസ്യ സാഹിത്യകാരനായ ഹമാതുമാ 2007-ല്‍ പ്രസിദ്ധീകരിച്ച ഡിമോക്രാറ്റിക്‌ കാനിബലിസം എന്ന കൃതി ആഫ്രിക്കന്‍ ജനാധിപത്യ വൈകൃതങ്ങളെ ഷെമായി വിമര്‍ശിക്കുന്നു. 2011-ലെ ഡേറ്റന്‍ സാഹിത്യ സമാധാന പുരസ്‌കാരത്തിന്‌ പരിഗണിക്കപ്പെട്ട ബിനിത്‌ ദ ലയണ്‍സ്‌ ഗേസ്‌ എന്ന നോവലിന്റെ രചയിതാവായ മാസാമെങ്‌ഗിസ്‌തെ അമേരിക്കയിലേക്ക്‌ കുടിയേറിയ എത്യോപ്യന്‍ സാഹിത്യകാരിയാണ്‌. കവിത, കഥ, ഭക്തിസംവര്‍ധകകൃതികള്‍ തുടങ്ങിയവയുടെ രചനകള്‍ക്കും പത്രപ്രവര്‍ത്തനത്തിനും അംഹാറിക്‌ ഭാഷയില്‍ അദ്‌ഭുതപൂര്‍വമായ പ്രാമുഖ്യം കൈവന്നുകഴിഞ്ഞിട്ടുണ്ട്‌.

(ആര്‍.എസ്‌.എ. കെ.പി.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍