This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഡ്‌ജ്‌വർത്‌, ഫ്രാന്‍സിസ്‌ സിഡ്രാ (1845-1926)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എഡ്‌ജ്‌വര്‍ത്‌, ഫ്രാന്‍സിസ്‌ സിഡ്രാ (1845-1926)

Edgeworth, Francis Ysidro

ഫ്രാന്‍സിസ്‌ സിഡ്രാ എഡ്‌ജ്‌വര്‍ത്‌

ബ്രിട്ടീഷ്‌ ധനശാസ്‌ത്രജ്ഞന്‍. 1845 ഫെ. 8-ന്‌ അയര്‍ലണ്ടില്‍ ലോങ്‌ഫോര്‍ഡ്‌ കൗണ്ടിയിലെ എഡ്‌ജ്‌വര്‍ത്‌സ്‌ ടൗണ്‍ഹൗസില്‍ ജനിച്ചു. ഡബ്ലിനിലെ ട്രിനിറ്റി കോളജിലും ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയിലും പഠനം പൂര്‍ത്തിയാക്കി. ലണ്ടനിലെ കിങ്‌സ്‌ കോളജില്‍ തര്‍ക്കശാസ്‌ത്രാധ്യാപകനായാണ്‌ ജീവിതം ആരംഭിച്ചത്‌. പിന്നീട്‌ ധനശാസ്‌ത്രവിഭാഗത്തില്‍ പ്രാഫസറായി. 1891-ല്‍ ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയില്‍ പ്രാഫസറായി; ആള്‍ സോള്‍സ്‌ കോളജിലെ ഫെലോ ആയും തിരഞ്ഞെടുക്കപ്പെട്ടു. ഉപയോഗിതാസിദ്ധാന്ത(Utility theory)ത്തോട്‌ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഇദ്ദേഹം സൂചിക(Index)കളെക്കുറിച്ച്‌ അനവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്‌. "ഇന്‍ഡിഫറന്‍സ്‌കര്‍വ്‌' സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്‌ ഇദ്ദേഹമാണ്‌. ഒരു വ്യക്തിക്ക്‌ ആവശ്യമുള്ള രണ്ടു സാധനങ്ങള്‍ വിവിധ അളവുകളില്‍ ഉള്ളപ്പോള്‍ ഏതേതളവില്‍ അവ സ്വീകരിക്കാന്‍ ആ വ്യക്തി തയ്യാറാകുന്നു എന്നു കാണിക്കുന്നതാണ്‌ ഈ സിദ്ധാന്തം. ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്‌തമായ കൃതി മാത്തമാറ്റിക്കല്‍ സൈക്കിക്‌സ്‌ (1891) ആണ്‌. തുറന്ന വിപണിയിലെ കരാറുകളെ സംബന്ധിച്ച പഠനങ്ങളാണ്‌ ഈ ഗ്രന്ഥത്തിലെ കാതലായ ഭാഗം. സാമൂഹിക ശാസ്‌ത്രങ്ങളില്‍ ഗണിതാത്മകമാപനങ്ങളുടെ പങ്കിനെക്കുറിച്ചുള്ള ഒരു ആധികാരികഗ്രന്ഥവും കൂടിയാണിത്‌. ഉപയോഗിതാമാപനം, സംഭാവ്യതാമാപനം, ധനശാസ്‌ത്രസന്തുലനങ്ങളുടെ രേഖീയ നിര്‍ണയനം, സാംഖ്യികമാപനം, സൂചികകള്‍ എന്നിവയാണ്‌ മാത്തമാറ്റിക്കല്‍ സൈക്കിക്‌സിലെ പ്രതിപാദ്യം. ധനശാസ്‌ത്രത്തിന്റെ വിവിധ മേഖലകളെക്കുറിച്ച്‌ ഇദ്ദേഹം രചിച്ചിട്ടുള്ള ലേഖനങ്ങള്‍ സമാഹരിച്ച്‌ പേപ്പേഴ്‌സ്‌ റിലേറ്റിങ്‌ ടു പൊളിറ്റിക്കല്‍ എക്കോണമി എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സ്റ്റാറ്റിസ്റ്റിക്കല്‍ സൊസൈറ്റിയുടെ അധ്യക്ഷനും എക്കോണമിക്‌ ജേര്‍ണലിന്റെ എഡിറ്ററുമായിരുന്നു ഇദ്ദേഹം. 1907-ല്‍ റോയല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സൊസൈറ്റി ഗയ്‌മെഡല്‍ നല്‍കി ആദരിച്ചു. 1912-14 കാലയളവില്‍ പ്രസ്‌തുത സൊസൈറ്റിയുടെ പ്രസിഡന്റായി സേവനമനുഷ്‌ഠിച്ചു. 1926 ഫെ. 13-ന്‌ ഓക്‌സ്‌ഫഡില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍