This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഡെലിങ്ക്‌, ജെറാള്‍ഡ്‌ (1640-1707)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എഡെലിങ്ക്‌, ജെറാള്‍ഡ്‌ (1640-1707)

Edelink, Gerald

ജെറാള്‍ഡ്‌ എഡെലിങ്ക്‌

ഫ്രാങ്കോ-ഫ്‌ളെമിഷ്‌ ചിത്രകാരനും എന്‍ഗ്രവറും. 1640 ഒ. 20-ന്‌ ആന്റ്‌ വെര്‍പ്പില്‍ ജനിച്ചു. 12 വയസ്സായപ്പോള്‍ത്തന്നെ ഗാസ്‌പര്‍ ഗുബെര്‍ട്ടിയുടെ കീഴില്‍ ചിത്രരചന അഭ്യസിക്കാന്‍ തുടങ്ങി. പിന്നീട്‌ കോര്‍ണേലിസ്‌ ഗാലെയുടെ ശിഷ്യനായി പഠനവും ഉപരി അഭ്യാസവും നടത്തി. 1663-ഓടുകൂടി ആന്റ്‌വെര്‍പ്‌ ഗില്‍ഡിലെ പ്രമുഖചിത്രകാരനായിത്തീര്‍ന്നു. 1665-ല്‍ ലൂയി 14-ാമന്റെ മന്ത്രി കോള്‍ബര്‍ട്ടിന്റെ ക്ഷണമനുസരിച്ച്‌ എഡെലിങ്ക്‌ പാരിസിലേക്കു പോവുകയും കൊട്ടാരഎന്‍ഗ്രവറായ ഫ്രാന്‍സ്വാദ പോര്‍ട്ട്‌ലെയുടെ കീഴില്‍ കുറേക്കാലം പ്രവര്‍ത്തിക്കുകയും ചെയ്‌തു; പിന്നീട്‌ ലൂയി 14-ാമന്റെ എന്‍ഗ്രവറായി നിയമിതനായി. ചക്രവര്‍ത്തി ഇദ്ദേഹത്തിന്‌ ഗോബെലിന്‍സ്‌ ടാപെസ്‌ട്രി ഫാക്‌ടറിയില്‍ താമസസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും പെന്‍ഷന്‍ നല്‍കി സഹായിക്കുകയും ചെയ്‌തു. 1672-ല്‍ ഇദ്ദേഹം വിവാഹിതനായി. 1677-ല്‍ റോയല്‍ അക്കാദമി ഒഫ്‌ പെയിന്റിങ്‌ ആന്‍ഡ്‌ സ്‌കള്‍പ്‌ചറില്‍ അംഗമാവുകയും ഫിലിപ്‌ ദിഷാപെന്‍ വരച്ച ഒരു ചിത്രത്തിന്റെ എന്‍ഗ്രവിങ്‌ തയ്യാറാക്കുകയും ചെയ്‌തു. 17-ാം ശതകത്തിലെ എറ്റവും പ്രശസ്‌തിയാര്‍ജിച്ച എന്‍ഗ്രവിങ്ങുകള്‍ എഡെലിങ്കിന്റേതായിരുന്നു. 300-ല്‍ കുറയാത്ത എന്‍ഗ്രവിങ്ങുകള്‍ ഇദ്ദേഹത്തിന്റതായുണ്ട്‌. 1707 ഏ. 2-ന്‌ പാരിസില്‍ എഡെലിങ്ക്‌ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍