This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എച്ചഗരെ ഇ എയ്‌ഥഗിറെ, ഹൊസ്സെ (1832-1916)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എച്ചഗരെ ഇ എയ്‌ഥഗിറെ,ഹൊസ്സെ (1832-1916)

Echegaray y Eizaguirre, Jose

ഹൊസ്സെ എച്ചഗരെ ഇ എയ്ഥഗിറെ

നോബല്‍സമ്മാന ജേതാവായ സ്‌പാനിഷ്‌ നാടകകൃത്ത്‌. 1832-ല്‍ മാഡ്രിഡില്‍ ജനിച്ചു. വിദ്യാഭ്യാസകാലത്ത്‌ ഗണിതശാസ്‌ത്രവും എന്‍ജിനീയറിങ്ങുമായിരുന്നു ഐച്ഛികവിഷയങ്ങള്‍. ശാസ്‌ത്ര, സാഹിത്യ, രാഷ്‌്രടീയമണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ച്‌ അസൂയാവഹമായ നേട്ടങ്ങളുണ്ടാക്കിയ വ്യക്തിയാണ്‌ എച്ചഗരെ. ഏതാണ്ട്‌ നാല്‌പതുവയസ്സ്‌ ആയപ്പോഴാണ്‌ സാഹിത്യരംഗത്തു ശ്രദ്ധപതിപ്പിച്ചു തുടങ്ങിയത്‌. വ്യക്തിത്വത്തിന്റെ സുന്ദരമായ ഭാവം പ്രകടമാക്കുന്നത്‌ സാഹിത്യത്തിന്റെ മേഖലയിലാണ്‌. 1868 വരെ സ്‌കൂള്‍ ഒഫ്‌ എന്‍ജിനീയറിങ്ങില്‍ അധ്യാപകനായിരുന്ന എച്ചഗരെ 1868-ലെ ലിബറല്‍ വിപ്ലവത്തിനുശേഷം രാഷ്‌ട്രീയരംഗത്തു പ്രവേശിച്ചു. പബ്ലിക്‌ വര്‍ക്‌സ്‌ നാഷണല്‍ ഡയറക്‌ടര്‍, ധനകാര്യമന്ത്രി എന്നിങ്ങനെ വിവിധ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്‌. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കു പോംവഴി കണ്ടെത്തുന്നതില്‍ സാമര്‍ഥ്യം പ്രദര്‍ശിപ്പിച്ചിരുന്നു. ധനകാര്യമന്ത്രിയായി സേവനം അനുഷ്‌ഠിക്കവേ ബാങ്ക്‌ ഒഫ്‌ സ്‌പെയിന്‍ സ്ഥാപിച്ചു.

നാടകത്തില്‍ പ്രത്യേക താത്‌പര്യം പുലര്‍ത്തിയിരുന്നുവെങ്കിലും 1874-ല്‍ മാത്രമേ കഴിവുകള്‍ പൂര്‍ണമായും ഈ രംഗത്തേക്കു തിരിച്ചുവിടാന്‍ കഴിഞ്ഞുള്ളൂ. നവീന കാല്‌പനിക-അതിഭാവുക നാടകങ്ങള്‍ മുതല്‍ സമകാലിക ഫ്രഞ്ചു പ്രവണതകള്‍ പ്രതിഫലിപ്പിക്കുന്ന പ്രമേയനാടകങ്ങള്‍ വരെ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ഏറ്റവും പ്രശസ്‌തിയാര്‍ജിച്ച എല്‍ ഗ്രാന്‍ ഗാലെറ്റൊ (1881) രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നു. എല്‍ ലിബ്രാ റ്റാലൊനാറിയോ എന്ന ശുഭാന്തനാടകവും ലാ എസ്‌പോസാ ദെല്‍ വെങ്‌ഗദോര്‍ എന്ന കാല്‌പനിക നാടകവും നേടിയ വിജയത്തെ നിഷ്‌പ്രഭമാക്കിക്കൊണ്ട്‌ 1875-ല്‍ എന്‍ എല്‍ പുഞോ ദെ ലാ എസ്‌പാദ അരങ്ങത്തെത്തിയതോടെയാണ്‌ ഇദ്ദേഹം പ്രശസ്‌തിയിലേക്കുയര്‍ന്നത്‌. പിന്നീടുള്ള മൂന്നു ദശാബ്‌ദക്കാലം ഗദ്യത്തിലും പദ്യത്തിലുമുള്ള അനേകം നാടകങ്ങള്‍ രചിച്ചു. എന്‍ എല്‍ പുഞോ ദെ ലാ എസ്‌പാദ, ഒ ലൊക്യുറാ ഒ സാന്റിദാദ്‌ (1876), എന്‍ എന്‍ സെനോ ദെ ല മ്യൂറൈറ്റ്‌ (1879), മരിയാന (1892), മഞ്ചാ ക്യൂ ലിംപിയാ (1895), എല്‍ ലോകോദിയോസ്‌ (1900) തുടങ്ങിയവ നാടകരചനയില്‍ ഇദ്ദേഹത്തിനുള്ള നിപുണതയുടെ ഉത്തമനിദര്‍ശനങ്ങളാണ്‌.

ചരിത്രപരമായ ഐതിഹ്യങ്ങളെ അടിസ്ഥാനമാക്കുന്ന കാല്‌പനിക നാടകങ്ങള്‍, സമകാലിക രാഷ്‌ട്രീയ ധാര്‍മിക പ്രശ്‌നങ്ങളെ അധികരിച്ചുള്ള നാടകങ്ങള്‍ എന്നിങ്ങനെ എച്ചഗരെയുടെ നാടകങ്ങളെ രണ്ടായി തരംതിരിക്കാം. ആധുനിക പ്രമേയങ്ങളില്‍ അധിഷ്‌ഠിതമായ രചനകളാണ്‌ കൂടുതല്‍ മികച്ചത്‌ എന്ന്‌ നിരൂപകര്‍ അഭിപ്രായപ്പെടുന്നു. ചില പില്‌ക്കാല നാടകങ്ങളില്‍ സ്‌കാന്‍ഡിനേവിയന്‍ നാടകരചയിതാക്കളായ ഇബ്‌സന്റെയും സ്‌ട്രിന്‍ബര്‍ഗിന്റെയും സ്വാധീനവും കാണുന്നുണ്ട്‌. പൊതുവേ പറഞ്ഞാല്‍ ഫ്രഞ്ച്‌-സ്‌പാനിഷ്‌ കാല്‌പനിക പ്രസ്ഥാനങ്ങളുടെയും കാല്‍ദെറോണിന്റെയും ഒരു സവിശേഷാര്‍ഥത്തില്‍ ഷെയ്‌ക്‌സ്‌പിയറുടെപോലും രീതികളിലേക്ക്‌ സ്‌പാനിഷ്‌ നാടകവേദിയെ ഇദ്ദേഹം കുറെയൊക്കെ മടക്കിക്കൊണ്ടുപോയി എന്നു പറയാറുണ്ട്‌. തൊട്ടുപിന്നാലെ എത്തിയ യുവസാഹിത്യകാരന്മാരുടെ തലമുറ ഈ പ്രതിലോമപരതയെ ശക്തമായി വിമര്‍ശിച്ചു. ജനപ്രീതിയുടെ പരകോടിയില്‍ നില്‍ക്കുമ്പോള്‍, എന്നല്ല, നോബല്‍ സമ്മാനം നേടി (1904) അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്ന കാലഘട്ടത്തില്‍ത്തന്നെയാണ്‌ ഇത്തരം രൂക്ഷവിമര്‍ശനങ്ങളും ഉണ്ടായത്‌ എന്നതും ശ്രദ്ധേയമാണ്‌.

"വൈകിയെത്തിയ കാല്‌പനികന്‍' എന്ന നിലയ്‌ക്കുപോലും എച്ചഗരെയെ കാണുന്നവരുണ്ട്‌. യാഥാര്‍ഥ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോടല്‍, ഒരു പ്രത്യേക ചട്ടക്കൂടില്‍ ഒതുങ്ങിനില്‍ക്കുന്ന കഥാപാത്രങ്ങള്‍, പ്രഭാഷണാത്മകമായ സംഭാഷണശൈലി എന്നിവയാണ്‌ എച്ചഗരെയുടെ പ്രത്യേകതകള്‍. എന്നാല്‍ യാഥാര്‍ഥ്യത്തില്‍നിന്നു വളരെ അകന്നു നില്‍ക്കുന്ന ഈ പ്രത്യേക ശൈലിക്ക്‌ അതിന്റേതുമാത്രമായ ആകര്‍ഷകത്വമുണ്ടെന്നുള്ളതു നിഷേധിക്കാനാവില്ല. ഉദ്വേഗം ജനിപ്പിക്കത്തക്കരീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ഈ നാടകകൃത്തിന്‌ പ്രത്യേക പാടവം ഉണ്ടായിരുന്നു. നാടകങ്ങള്‍ കൂടാതെ എച്ചഗരെ പത്രലേഖനങ്ങള്‍, സാങ്കേതിക വിഷയങ്ങളെ ആധാരമാക്കിയുള്ള പ്രബന്ധങ്ങള്‍, ചെറുകഥകള്‍ എന്നിവയും രചിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ആത്മകഥയായ റെകുയെര്‍ദോസ്‌ മരണാനന്തരം 1917-ലാണ്‌ പ്രസിദ്ധീകൃതമായത്‌. 1904-ല്‍ ഫ്രഡറിക്‌ മിസ്‌ട്രലുമായി സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം പങ്കുവച്ച എച്ചഗരെ 1916 സെപ്‌. 16-ന്‌ മാഡ്രിഡില്‍ അന്തരിച്ചു.

(എന്‍.എം.ജെ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍