This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എക്‌സെകിയാസ്‌ (ബി.സി. 6-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എക്‌സെകിയാസ്‌ (ബി.സി. 6-ാം ശ.)

exekias

അംഫോറ-വത്തിക്കാന്‍

മണ്‍പാത്രങ്ങളും പുഷ്‌പചഷകങ്ങളും നിര്‍മിക്കുന്നതില്‍ പ്രസിദ്ധിയാര്‍ജിച്ച ഒരു പുരാതന യവനശില്‌പി. ബി.സി. 550-നും 530-നും ഇടയ്‌ക്ക്‌ ഗ്രീസിലുണ്ടായ ശ്യാമവര്‍ണരൂപരേഖാങ്കിതമായ മണ്‍പാത്രങ്ങളില്‍ മുന്തി നില്‍ക്കുന്നത്‌ ഇദ്ദേഹത്തിന്റെ കലാസൃഷ്‌ടികളാണ്‌. സംരചനയുടെ സന്തുലിതാവസ്ഥയും രേഖാങ്കിത ചിത്രങ്ങളുടെ രൂപഭദ്രത ദ്യോതിപ്പിക്കന്ന ആഭിജാത്യവും രൂപരേഖകളിലുള്ള മിതത്വവും സൂക്ഷ്‌മതയും എക്‌സെകിയാസിന്റെ ശില്‌പങ്ങളുടെ സവിശേഷതകളാണ്‌. ഇദ്ദേഹവും സമകാലീനനായ ആമാസിസും ആ കാലഘട്ടത്തിലെ മണ്‍പാത്രങ്ങള്‍ക്കും ചഷകങ്ങള്‍ക്കും പ്രത്യേകിച്ച്‌ അംഫോറ എന്ന പേരിലറിയപ്പെട്ടിരുന്ന ഭരണികള്‍ക്കും പരിഷ്‌കൃതവും കൃശവും ആകര്‍ഷകവുമായ അലങ്കാരങ്ങള്‍കൊണ്ട്‌ മോടി നല്‍കി. അതേസമയം അവയുടെ ശക്തിക്കും ഈടിനും ഊനം തട്ടാതെ സൂക്ഷിക്കുകയും ചെയ്‌തിരുന്നു. ചിത്രാലങ്കാരങ്ങള്‍ പരിമിതമായ ഒരു സ്ഥലത്ത്‌ ഒരുക്കിയിട്ട്‌ കളിമണ്ണിന്റെ സ്വാഭാവികമായ ചുവപ്പുനിറം മറുഭാഗങ്ങളിലെ കറുത്ത വാര്‍ണീഷ്‌ ലേപനത്തിനെതിരെ എടുത്തു കാട്ടത്തക്കവണ്ണമായിരുന്നു ഇവര്‍ ഈ വക മണ്‍പാത്രങ്ങള്‍ നിര്‍മിച്ചിരുന്നത്‌. ഇളം നിറത്തിലുള്ള പശ്ചാത്തലത്തില്‍ കടുംകറുപ്പുനിറം പുരട്ടിയുണ്ടാക്കുന്ന ചിത്രങ്ങളുടെ വിശദാംശങ്ങള്‍ പോലും വ്യക്തമാക്കുവാന്‍ വേണ്ടവണ്ണം പ്രതലം കുഴിച്ചു വരയ്‌ക്കുക പതിവായിരുന്നു. എക്‌സെകിയാസിന്റെ ദൃശ്യശില്‌പങ്ങളുടെ മകുടോദാഹരണമായി ഇന്ന്‌ കാണാന്‍ കഴിയുന്നത്‌ വത്തിക്കാനിലെ അംഫോറായാണ്‌. ഒരു വശത്ത്‌ അക്കിലസും അജാക്‌സും പകിട കളിക്കുന്നതായി ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്‌. വളരെ ഉജ്ജ്വലവും മഹത്ത്വവുമായ ഒരു മുഹൂര്‍ത്തമാണ്‌ ചിത്രത്തിന്റെ വിഷയം. അതിലെ ഭാവാവിഷ്‌കരണം ആ മുഹൂര്‍ത്തത്തിന്റെ സാഹിത്യപരമായ എല്ലാ ഭാവങ്ങളെയും ആലേഖനം ചെയ്യുന്നതിനു മതിയായിട്ടുമുണ്ട്‌. എക്‌സെകിയാസ്‌ ഐതിഹ്യങ്ങളും പുരാണവിഷയങ്ങളും ചിത്രീകരണങ്ങള്‍ക്കായി സ്വീകരിച്ചിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍