This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഋഷി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഋഷി

വേദമന്ത്രങ്ങളെ പ്രകാശിപ്പിക്കുന്ന ആചാര്യന്‍. ജ്ഞാനം കൊണ്ട്‌ വേദമന്ത്രങ്ങളെ ആവിഷ്‌കരിച്ചവനെന്നും സംസാരദുഃഖത്തെ ഇല്ലാതാക്കിയവനെന്നും ഋഷി എന്ന പദത്തിന്‌ അർഥമുണ്ട്‌. ഋഷി (വേദമന്ത്രങ്ങള്‍) + ദൃശ്‌ (കാണുക) എന്ന്‌ വിഗ്രഹിച്ച്‌ വേദമന്ത്രങ്ങളുടെ ദ്രഷ്‌ടാവാണ്‌ ഋഷി എന്ന്‌ നിർവചിക്കപ്പെടുന്നു. ഓരോ വേദമന്ത്രത്തിനും പ്രത്യേകം ഋഷികളുണ്ട്‌; ഓരോ മന്ത്രവും ഉച്ചരിക്കുന്നത്‌ അതിന്റെ ഋഷിയെയും ദേവതയെയും ഛന്ദസ്സിനെയും കൂട്ടി വേണമെന്ന്‌ അനുഷ്‌ഠാനകർത്താക്കളായ ശ്രുതിസ്‌മൃതികാരന്മാർ വിധിക്കുന്നു. "ഋഷയസ്സത്യവചസഃ' എന്നാണ്‌ അമരകോശത്തിൽ പറയുന്നത്‌.

ജ്ഞാനത്തെ ആർഷം, ദൈവം, മാനുഷം എന്നു മൂന്ന്‌ വിധത്തിൽ വിഭജിച്ചിരിക്കുന്നു. അന്യരുടെ ഉപദേശമോ സഹായമോ കൂടാതെ തപസ്സുകൊണ്ട്‌ ഉണ്ടാകുന്ന ജ്ഞാനമാണ്‌ ആർഷം; പ്രതിഭയിൽ മനസ്സിനെ സംയമനം ചെയ്‌താൽ അത്‌ സിദ്ധിക്കുമെന്ന്‌ പാതഞ്‌ജലയോഗദർശനത്തിൽ പറയുന്നു; അതിന്റെ പേരാണ്‌ പ്രാതിഭം. പ്രാതിഭംകൊണ്ട്‌ സർവവിഷയങ്ങളെയും അറിയാന്‍ കഴിയും. ഭൂത-വർത്തമാന-ഭാവി കാലങ്ങളിലെ എല്ലാം ആ ബുദ്ധിക്കു സുഗ്രഹമാണ്‌. അങ്ങനെയുള്ള ജ്ഞാനം സിദ്ധിച്ചവരാണ്‌ ഋഷികള്‍ എന്ന പേരിൽ അറിയപ്പെടുന്നത്‌.

ദേവന്മാരുടെ അനുഗ്രഹം കൊണ്ടും ഉപദേശം കൊണ്ടും ഉണ്ടാകുന്ന ജ്ഞാനം "ദൈവ'മാകുന്നു; അങ്ങനെ ഉണ്ടായ ദൈവജ്ഞാനംകൊണ്ടു ദേവതാസ്‌തുതിപരങ്ങളായ വേദങ്ങള്‍ ആവിഷ്‌കരിച്ച ഋഷിപദത്തിലെത്തിയവരും ധാരാളം ഉണ്ട്‌. ലൗകികഗുരുക്കന്മാരുടെ ഉപദേശവും അനുഗ്രഹവും കൊണ്ട്‌ സിദ്ധിക്കുന്ന ജ്ഞാനമാണ്‌ മാനുഷജ്ഞാനം; അങ്ങനെയുള്ള ജ്ഞാനം സിദ്ധിച്ച ചില മഹാന്മാർ പ്രാചീനകാലത്ത്‌ തപസ്സുകൊണ്ട്‌ ആർഷജ്ഞാനം നേടിയും ഉപാസനാസിദ്ധികൊണ്ട്‌ ദേവതാപ്രസാദം നേടിയും വേദമന്ത്രങ്ങള്‍ രചിച്ച്‌ ഋഷികളായിത്തീർന്നിട്ടുള്ളതിനും പല ദൃഷ്‌ടാന്തങ്ങള്‍ കാണുന്നുണ്ട്‌.

ഋക്‌, യജുസ്‌, സാമം, അഥർവം എന്നീ നാലു വേദങ്ങളും സാംഖ്യം, യോഗം, ന്യായം, വൈശേഷികം, പൂർവമീമാംസ, ഉത്തരമീമാംസ എന്നീ ആറു ദർശനങ്ങളും ആവിഷ്‌കരിച്ചത്‌ ഋഷികളാണെന്നു പറയപ്പെടുന്നു. ബ്രഹ്മർഷി, ദേവർഷി, മഹർഷി, പരമർഷി, കാണ്ഡർഷി, ശ്രുതർഷി, രാജർഷി എന്ന്‌ ഋഷികള്‍ ഏഴുവിധത്തിലുണ്ടെന്നപുരാണങ്ങളിൽ കാണുന്നു. വസിഷ്‌ഠന്‍, അഗസ്‌ത്യന്‍, ഭരദ്വാജന്‍ മുതലായവർ ബ്രഹ്മർഷികളും; കണ്വന്‍, മാർക്കണ്ഡേയന്‍ തുടങ്ങിയവർ ദേവർഷികളും; വ്യാസന്‍ മുതലായവർ മഹർഷികളും; ഭേളന്‍ മുതലായവർ പരമർഷികളും; ജൈമിനി മുതലായവർ കാണ്ഡർഷികളും; സുശ്രുതന്‍ മുതലായവർ ശ്രുതർഷികളും; ഋതുപർണന്‍, ജനകന്‍, ധ്രുവന്‍ മുതലായവർ രാജർഷികളും ആകുന്നു. ഇവരിൽ ആദ്യം പറയപ്പെട്ടവർക്ക്‌ പിന്നീടുള്ളവരെക്കാള്‍ ശ്രഷ്‌ഠത്വം കല്‌പിച്ചുകൊടുത്തിട്ടുണ്ട്‌.

ഋഷികളിൽ സപ്‌തർഷികള്‍ക്ക്‌ അത്യുന്നതമായ ഒരു സ്ഥാനമാണുള്ളത്‌. ബ്രഹ്മാവിന്റെ ഒരു പകലെന്നു പറയപ്പെടുന്ന ബ്രാഹ്മകല്‌പത്തിൽ പതിനാലു മനുക്കള്‍ ഭരണകർത്താക്കളായി വരും; ഓരോ മനുവിന്റെ കാലത്തും-ആധികാരികപുരുഷന്മാരായ ഏഴു ഋഷികള്‍-ധർമസംസ്ഥാപനത്തിനുവേണ്ടി ആവിർഭവിക്കും എന്നാണ്‌ വിഷ്‌ണുപുരാണത്തിൽ പറയുന്നത്‌.

""ചതുര്യുഗാന്തേ വേദാനാം ജായതേ കില വിപ്ലവഃ
പ്രവർത്തയന്തി താനേത്യ ഭുവം സപ്‌തർഷയോ ƒദിവഃ

എല്ലാ ചതുര്യുഗത്തിന്റെയും അവസാനമാകുമ്പോള്‍ വേദങ്ങള്‍ക്കും ലോപം വരും. അപ്പോള്‍ വേദങ്ങളുടെ പ്രവർത്തനം ഏറ്റവും ആവശ്യമായിത്തീരുന്നു. ആ ഘട്ടത്തിൽ സപ്‌തർഷികള്‍ സ്വർഗത്തിൽനിന്നു ഭൂതലത്തിൽ വന്ന്‌ ഉച്ഛിന്നവും വിപ്ലുതവുമായ വേദങ്ങളെ പ്രവർത്തിപ്പിക്കുന്നു എന്ന്‌ വിഷ്‌ണുപുരാണത്തിൽ പറയുന്നു. അതുകൊണ്ടാണ്‌ സപ്‌തർഷികള്‍ ഓരോ മനുവിന്റെ കാലത്തും പ്രത്യേകം പ്രത്യേകം ആവിർഭവിച്ചു ധർമത്തെ പ്രവർത്തിപ്പിക്കുമെന്ന്‌ പറയുന്നത്‌. ഒന്നാമത്തെ മനു സ്വായംഭുവനായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത്‌ മരീചി, അംഗിരസ്‌, അത്രി, പുലസ്‌ത്യന്‍, പുലഹന്‍, ക്രതു, വസിഷ്‌ഠന്‍ ഇവരായിരുന്നു സപ്‌തർഷികള്‍. രണ്ടാമത്തെ മനുവായ സ്വാരോചിഷന്റെ കാലത്ത്‌ ഊർജന്‍, സ്‌തംഭന്‍, പ്രാണന്‍, വാതന്‍, ഋഷഭന്‍, നിരയന്‍, പരീവാന്‍ ഇവരും മൂന്നാമത്തെ മനുവായ ഉത്തമന്റെ കാലത്ത രജസ്‌, ഗോത്രന്‍, ഊർധ്വബാഹു, സവനന്‍, അനഘന്‍, സുതപസ്‌, ശുക്രന്‍ ഇങ്ങനെ വസിഷ്‌ഠപുത്രന്മാർ ഏഴുപേരും, നാലാമത്തെ മനുവായ താമസന്റെ കാലത്ത്‌ ജ്യോതിർധാമാവ്‌, പൃഥു, കാവ്യന്‍, ചൈത്രന്‍, അഗ്നി, വനകന്‍, പീവരന്‍ ഇവരും അഞ്ചാമത്തെ മനുവായ രൈവതന്റെ കാലത്ത്‌ ഹിരണ്യരോമാവ്‌, വേദശ്രീ, ഊർധ്വബാഹു, വേദബാഹു, സുധാമാവ്‌, പർജന്യന്‍, മഹാമുനി എന്നീ ഏഴുപേരും ആറാമത്തെ മനുവായ ചാക്ഷുഷന്റെ കാലത്ത്‌ സുമേധസ്‌, വിരജസ്‌, ഹവിഷ്‌മാന്‍, ഉത്തമന്‍, മധു, അതിനാമാവ്‌, സഹിഷ്‌ണു എന്നിവരും സപ്‌തർഷികളായിരുന്നു. സൂര്യപുത്രനും മഹാതേജ്വസിയും ബുദ്ധിമാനുമായ ശ്രാധദേവനാണ്‌ ഏഴാം മന്വന്തരത്തിലെ മനു. സൂര്യപുത്രനാകയാൽ വൈവസ്വതമനു എന്നു കൂടി അദ്ദേഹത്തിന്‌ പേരുണ്ട്‌. ഇക്കാലത്ത്‌ വസിഷ്‌ഠന്‍, കശ്യപന്‍, അത്രി, ജമദഗ്നി, ഗൗതമന്‍, വിശ്വാമിത്രന്‍, ഭരദ്വാജന്‍ എന്നിവരെ സപ്‌തർഷികളായി കണക്കാക്കുന്നു. ഇനിയും ഏഴു മന്വന്തരങ്ങള്‍ക്കൂടി വരാനുണ്ടെന്നാണു സങ്കല്‌പം. അവയിൽ എട്ടാമത്തെ മനുവായി വരാന്‍ പോകുന്നതു സാവർണിയാണെന്നാണ്‌ പൗരാണികകാല കല്‌പഗണനാപ്രകാരമുള്ള വിശ്വാസം. ദീപ്‌തിമാന്‍, ഗാലവന്‍, രാമന്‍, ദ്രാണപുത്രനായ അശ്വത്ഥാമാവ്‌, പരാശരപുത്രനായ വ്യാസന്‍, ഋശ്യശൃംഗന്‍, കൃപന്‍ എന്നീ ഏഴു മഹർഷിമാരായിരിക്കും അക്കാലത്തെ സപ്‌തർഷികള്‍. ഒമ്പതാമത്തെ മനുവായി വരാന്‍ പോകുന്ന ദക്ഷസാവർണിയുടെ കാലത്തുള്ള സപ്‌തർഷികള്‍ സവനന്‍, ദ്യുതിമാന്‍, ഭവ്യന്‍, വസു, മേധാതിഥി, ജ്യോതിഷ്‌മാന്‍, സത്യന്‍ എന്നീ ഏഴു തപസ്വികളും പത്താമത്തെ മനുവാകാന്‍ പോകുന്ന ബ്രഹ്മസാവർണിയുടെ കാലത്തെ സപ്‌തർഷികള്‍ ഹവിഷ്‌മാന്‍, സുകൃതന്‍, സത്യന്‍, തപോമൂർത്തി, നാദാഗന്‍, അപ്രതിമൗജസ്‌, സത്യകേതു എന്നിവരുമായിരിക്കും. പതിനൊന്നാമത്തെ മനു ധർമസാവർണി ആണ്‌. അദ്ദേഹത്തിന്റെ കാലത്ത്‌ സപ്‌തർഷികളാകുന്നത്‌ നിസ്വരന്‍, അഗ്നിതേജസ്‌, വപുഷ്‌മാന്‍, ഘൃണി, ആരുണി, ഹവിഷ്‌മാന്‍, അനഘന്‍ എന്നീ മുനികളാണ്‌. പന്ത്രണ്ടാമത്തെ മനു രുദ്രസാവർണിയും അക്കാലത്തെ സപ്‌തർഷികള്‍ തപസ്വിയും സുതപസ്സും തപോമൂർത്തിയും തപോരതിയും തപോധൃതിയും തപോദ്യുതിയും തപോധനനും ആയിരിക്കും. പതിമൂന്നാമത്തെ മനുവാകാന്‍ പോകുന്നതു രുചി എന്ന പേരിൽ അറിയപ്പെടുന്ന മഹാതപസ്വിയാണ്‌; അക്കാലത്തു നിർമോഹന്‍, തത്ത്വദർശി, നിഷ്‌പ്രകമ്പ്യന്‍, നിരുത്സുകന്‍, ധൃതിമാന്‍, അവ്യയന്‍, സുതപസ്‌ എന്ന പേരുകളിൽ അറിയപ്പെടുന്ന മഹർഷിമാരായിരിക്കും സപ്‌തർഷികള്‍. പതിനാലാമത്തെ മനുവാകാന്‍ പോകുന്നതു ഭൗമന്‍ എന്ന പേരിൽ പ്രസിദ്ധനായിരിക്കും; അദ്ദേഹത്തിന്റെ കാലത്ത്‌ അഗ്നിബാഹു, ശുചി, ശുക്രന്‍, മാഗധന്‍, അഗ്നീധ്രന്‍, യുക്തന്‍, ജിതന്‍ തുടങ്ങി ഏഴു തപസ്വികള്‍ സപ്‌തർഷികളായിത്തീരും എന്ന്‌ വിഷ്‌ണുപുരാണം രണ്ടാം അംശത്തിൽ വർണിക്കപ്പെട്ടുകാണുന്നു. മാർക്കണ്ഡേയപുരാണം, ഭാഗവതം തുടങ്ങി മറ്റു പുരാണങ്ങളിലും സപ്‌തർഷികളെ വിവരിച്ചിട്ടുണ്ട്‌. അവരുടെ പേരുകള്‍ക്ക്‌ അല്‌പം വ്യത്യാസം ചില പുരാണങ്ങളിൽ കാണുന്നുണ്ടെങ്കിലും മറ്റു കാര്യങ്ങളിൽ പറയത്തക്ക വ്യത്യാസമൊന്നുമില്ല.

സൃഷ്‌ടിയുടെ ആരംഭത്തിൽ തപസ്സുചെയ്‌തിരുന്ന അയോനിജന്മാരായ വ്യക്തികളുടെ അടുക്കൽ ബ്രഹ്മം-വേദം-സ്വയം ആവിർഭവിച്ചു. വേദത്തിന്റെ ഈ സ്വതഃപ്രാപ്‌തി കാരണം ആ അയോനിസംഭവന്മാർ ഋഷികളായിത്തീർന്നു എന്ന്‌ തൈത്തരീയാരണ്യകം രണ്ടാം പ്രപാഠകം ഒന്നാം അനുവാകത്തിൽ വർണിച്ചിട്ടുണ്ട്‌.

ബ്രഹ്മത്തെ അപരോക്ഷമായി സാക്ഷാത്‌കരിച്ച ബ്രഹ്മർഷികളിൽ പ്രവൃത്തിമാർഗപ്രവർത്തകന്മാരും നിവൃത്തിമാർഗപ്രവർത്തകന്മാരും ഉണ്ട്‌. അവരിൽ വസിഷ്‌ഠാദികള്‍ പ്രവൃത്തിമാർഗപ്രവർത്തകരും, സനകന്‍, സനന്ദന്‍, സനാതനന്‍, സനൽകുമാരന്‍ മുതലായവർ നിവൃത്തിമാർഗപ്രവർത്തകരുമാണ്‌. ഈ മഹർഷിമാരുടെ മാഹാത്മ്യവും ധർമപ്രചാരണവും കൂടുതലായി ഉണ്ടായിരുന്നതു ഭാരതത്തിലാണ്‌. അതുകൊണ്ട്‌ ഭാരതത്തിന്‌ ഋഷിഭൂമി എന്നും ഇവിടത്തെ സംസ്‌കാരത്തിന്‌ ആർഷ സംസ്‌കാരം എന്നും കൂടി പേരു സിദ്ധിച്ചിട്ടുണ്ട്‌. ഋഷിശബ്‌ദത്തിന്‌ പല അർഥങ്ങളും ആരണ്യകങ്ങളിലും പുരാണേതിഹാസങ്ങളിലും കൊടുത്തിട്ടുണ്ട്‌. ഋഷികളുടെ ജനനത്തെക്കുറിച്ച്‌ പല അസാധാരണ കഥകളും ഉണ്ട്‌. ഔർവർ ജനിച്ചത്‌ മാതാവിന്റെ തുടയിൽനിന്നാണ്‌; ഭരതമുനി മാതാവിന്റെ വയറ്റിൽ മൂന്നു വർഷം കിടന്നശേഷവും.

പല ഋഷികളും വൈദികമന്ത്രങ്ങളുടെ കർത്താക്കള്‍ കൂടി ആയിരുന്നു. വാല്‌മീകി രാമായണവും വ്യാസന്‍ മഹാഭാരതവും രചിച്ചു. ഇതു കൂടാതെ ഗ്യാലവന്‍, കുശീകന്‍, ഭരതന്‍, ഉദ്ദാലകന്‍, വാമദേവന്‍ തുടങ്ങിയ ഋഷികള്‍ വൈദികസങ്കീർത്തനങ്ങള്‍ രചിച്ചിട്ടുണ്ട്‌. ""ഋഷീത്യേവ ഗതൗ ധാതുഃ ശ്രുതൗ സത്യേ തപസ്യഥ ഏതത്‌ സന്നിയതസ്‌തസ്‌മിന്‍ ബ്രഹ്മണാ സ ഋഷിഃ സ്‌മൃതഃ എന്ന്‌ വായുപുരാണത്തിൽ പറയുന്നതനുസരിച്ച്‌ ഋഷി എന്ന ധാതുവിന്‌ ഗതി, ശ്രുതി, സത്യം, തപസ്‌ എന്നു നാലർഥമുണ്ടെന്ന്‌ സിദ്ധിക്കുന്നു. അതിനാൽ ഗതിയും ശ്രുതിയും സത്യവും തപസ്സും നിയമേന ഉള്ളവരെല്ലാം ഋഷികളാണെന്ന്‌ മനസ്സിലാക്കാം. ദുർഗാചാര്യന്‍ "ഋഷിർദർശനാൽ' എന്നാണ്‌ ഋഷിശബ്‌ദത്തിന്‌ നിർവചനം കൊടുത്തിരിക്കുന്നത്‌. ഇന്ദ്രിയാതീതമായ തത്ത്വത്തെ അപരോക്ഷമായി സാക്ഷാത്‌കരിച്ച വിശിഷ്‌ടപുരുഷനാണ്‌ ഋഷി എന്നു നിർവചനം വ്യക്തമാക്കുന്നു. ഋഷിശബ്‌ദത്തിന്‌ വേദം, ഋഷിപ്രാക്തമായ മന്ത്രം, രശ്‌മി, ചന്ദ്രന്‍, ഏഴ്‌ എന്ന സംഖ്യ, ഒരിക്കലും ഋതുവാകാത്ത സ്‌ത്രീ എന്നും നിഘണ്ടുകാരന്മാർ അർഥം പറഞ്ഞു കാണുന്നു.

(സ്വാമി വിദ്യാനന്ദതീർഥപാദർ; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8B%E0%B4%B7%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍