This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഊരാളിക്കുറുമർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഊരാളിക്കുറുമർ

കോഴിക്കോട്‌, പാലക്കാട്‌, കച്ചൂർ ജില്ലകളിലെ വനപ്രദേശങ്ങളിൽ വസിക്കുന്ന ഒരു ഗിരിവർഗജനത. ഊരാളിക്കുറുമരു, ഊരാളിക്കുറുമ്പന്‍, വേട്ടക്കുറുമന്‍ എന്നീ പേരുകളിലും ഇവർ അറിയപ്പെടുന്നു. കർണാടകത്തിലും തമിഴ്‌നാട്ടിലും ഇവരെ കാണാം. കർണാടകത്തിൽ ഇവരുടെ പേര്‌ ബേട്ടക്കുറുമ്പന്മാർ എന്നും തമിഴ്‌നാട്ടിൽ കുറുമ്പന്മാർ എന്നുമാണ്‌.

ഇവരുടെ നിറം കറുപ്പാണ്‌. നീണ്ടതലയും ഉയർന്ന താടിയെല്ലുകളും പരന്ന മൂക്കുമാണ്‌ മറ്റു പ്രത്യേകതകള്‍. കന്നഡ, തമിഴ്‌, തുളു, തെലുഗു, മലയാളം എന്നീ ഭാഷകളുടെ ഒരു സങ്കരമാണ്‌ ഇവർ സംസാരിക്കുന്നത്‌. എന്നാൽ കന്നഡപദങ്ങളാണ്‌ അധികവും. കർണാടക വംശജരാണിവരെന്നതിന്റെ തെളിവാണത്‌. അവിടെനിന്ന്‌ തമിഴ്‌നാട്ടിലും കേരളത്തിലും കുടിയേറിപ്പാർത്തവരാണിവർ.

ഉജ്ജ്വലമായ ഒരു ചരിത്രപാരമ്പര്യം ഇവർ അവകാശപ്പെടുന്നു. 8-ാം ശതകംവരെ ദക്ഷിണേന്ത്യയിൽ ആധിപത്യം സ്ഥാപിച്ചിരുന്ന പല്ലവന്മാരാണ്‌ ഇവരുടെ പൂർവികരെന്ന്‌ വിശ്വസിക്കപ്പെടുന്നു. എട്ടാം ശതകത്തിന്റെ ആരംഭത്തിൽ പല്ലവന്മാരെ ചോളന്മാരും ചാലൂക്യന്മാരും ആക്രമിച്ചു. ചോളരാജാവായ അഡോണി അവരെ കാടുകളിലേക്കു തുരത്തി. വനത്തിലെ ജീവിതം പഴയ സംസ്‌കാരത്തെ നശിപ്പിച്ചുകളഞ്ഞു. ഏതായാലും ദക്ഷിണഘട്ടത്തിലെ പൂർവവാസികളാണ്‌ ഇവരെന്നു കരുതുന്നതിൽ തെറ്റില്ല. മലബാറിലെ കുറുമ്പ്രനാട്‌ എന്ന സ്ഥലനാമം ഈ വർഗവുമായി ബന്ധപ്പെട്ടതാണ്‌.

ഊരാളിക്കുറുമർ സാധാരണ ചെറിയ ചെറിയ ചേരികളിൽ താമസിക്കുന്നു. മുളകൊണ്ടുണ്ടാക്കിയ കുടിലുകള്‍ പുല്ലോ വയ്‌ക്കോലോ ഉപയോഗിച്ച്‌ മേയുന്നു. അടുത്തകാലംവരെ ഊരാളിക്കുറുമർ നാടോടികളായിരുന്നു. ആഹാരം തേടി കാടുകളിൽ അലയുകയായിരുന്നു അവരുടെ തൊഴിൽ. ഏതാണ്ട്‌ ഏഴ്‌ ദശകങ്ങളേ ആയിട്ടുള്ളൂ അവർ സ്ഥിരവാസക്കാരായിട്ട്‌. പലരും വനംവകുപ്പിന്റെ കീഴിലും തോട്ടങ്ങളിലും തൊഴിലാളികളാണ്‌. കുറേപ്പേർ കൃഷിയിൽ ഏർപ്പെട്ടുകഴിയുന്നു. നിലം ഉഴുകയെന്നത്‌ അവരുടെ വിശ്വാസത്തിനെതിരാണ്‌. ഉഴുന്നതുമൂലം ഭൂമിദേവിക്കു മുറിവേൽക്കുമെന്നാണ്‌ അവരുടെ സങ്കല്‌പം. കരകൗശലവേലയിലും ഇവർക്കു പരിചയം സിദ്ധിച്ചിട്ടുണ്ട്‌. വട്ടികളും കുട്ടകളും മറ്റും ഇവർ നെയ്‌തുണ്ടാക്കുന്നു.

മൂപ്പന്‍സമ്പ്രദായം ചില വിഭാഗങ്ങള്‍ക്കിടയിൽ നിലവിലുണ്ട്‌. മൂപ്പന്‍സ്ഥാനം പരമ്പരാഗതമോ തെരഞ്ഞെടുപ്പിലൂടെ ലഭ്യമാകുന്നതോ ആകാം. മൂപ്പനെ നിശ്ചയിക്കുന്നതിന്‌ പ്രത്യേക നിബന്ധനകളില്ല. വനത്തെപ്പറ്റിയും ഔഷധിയെപ്പറ്റിയും ഉള്ള അറിവാണ്‌ മൂപ്പനാകാനുള്ള യോഗ്യതകള്‍. ഒരിക്കൽ തെരഞ്ഞെടുക്കപ്പെട്ട മൂപ്പന്‍ മരണംവരെ ആ സ്ഥാനത്തു തുടരുന്നു.

ഇവർ ഭൂതപ്രതപിശാചുക്കളെ ആരാധിക്കുന്നു. വൃക്ഷച്ചുവട്ടിലും പാറക്കെട്ടിന്നടിയിലും ഇവർ ഇഷ്‌ടദേവതകളെ പ്രതിഷ്‌ഠിച്ചു പൂജിക്കുന്നു. ശക്തിയെയും ശിവനെയും ആരാധിക്കുന്ന പതിവുമുണ്ട്‌. ശിവനെ ഭൈരവന്‍ എന്ന പേരിൽ ആരാധിക്കുന്ന ഇവർ ഹിന്ദുക്കളെപ്പോലെ ശിവലിംഗത്തെ ആരാധിക്കുന്നില്ലെന്നത്‌ ഒരു പ്രത്യേകതയാണ്‌. സർപ്പാരാധനയും ഇക്കൂട്ടർക്കില്ല. മാംസഭുക്കുകളാണ്‌ ഊരാളിക്കുറുമർ. വരന്റെ മാതാപിതാക്കളാണ്‌ വിവാഹാലോചനയ്‌ക്കു മുന്‍കൈ എടുക്കുന്നത്‌. മൂപ്പനോ പൂജാരിയോ കാർമികത്വം വഹിക്കുന്നു. താലികെട്ടാണ്‌ പ്രധാന ചടങ്ങ്‌. വിവാഹമോചനം അനുവദനീയമാണ്‌. കുട്ടിക്കു പേരിടുന്നത്‌ അച്ഛനോ അച്ഛന്റെ കുടുംബത്തിൽപ്പെട്ട പ്രായമുള്ള പുരുഷനോ ആയിരിക്കും. പൂർവികരുടെ പേരാണ്‌ സാധാരണ സ്വീകരിക്കപ്പെടുക.

ശവം കുളിപ്പിച്ച്‌ ശുചിയായ വസ്‌ത്രമോ ഇലകളോകൊണ്ട്‌ പൊതിഞ്ഞ്‌ ശ്‌മശാനത്തിൽ കുഴിച്ചിടുന്നു. ശവത്തിന്റെ തല പടിഞ്ഞാറായും മുഖം തെക്കോട്ടുനോക്കുന്ന മട്ടിൽ ചരിഞ്ഞ രീതിയിലുമാണ്‌ സംസ്‌കരിക്കുക. ഭാര്യയുടെ കെട്ടുതാലി ഭത്താവിന്റെ ശവക്കുഴിയിൽ നിക്ഷേപിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍