This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉരലും ഉലക്കയും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉരലും ഉലക്കയും

ഉരൽ

നെല്ല്‌, ഗോതമ്പ്‌ മുതലായ ധാന്യങ്ങള്‍ കുത്തി ഉമിയും തവിടും വേർപെടുത്തുന്നതിനും അരി പൊടിക്കുന്നതിനുമുള്ള ഉപകരണങ്ങള്‍. തടികൊണ്ടോ കരിങ്കല്ലുകൊണ്ടോ ആണ്‌ ഉരൽ നിർമിക്കാറുള്ളത്‌. ഒരു മീറ്ററോളം ഉയരത്തിൽ ഏകദേശം വൃത്തസ്‌തംഭാകൃതിയിൽ നിർമിക്കപ്പെടുന്ന ഇതിന്റെ മുകളിൽ മധ്യഭാഗത്തായി ഒരു കുഴിയുണ്ട്‌. ഉലക്ക തടികൊണ്ടും ഇരുമ്പുകൊണ്ടും ഉണ്ടാക്കാറുണ്ട്‌. തെങ്ങ്‌, കരിമ്പന, പൂവരശ്‌, മഞ്ചിണാത്തി എന്നീ വൃക്ഷങ്ങളുടെ തടി ഉലക്കയുണ്ടാക്കുന്നതിന്‌ ഉപയോഗിക്കാറുണ്ട്‌. ഒന്നരമീറ്ററോളം നീളമുള്ള നീണ്ടുരുണ്ട ഒരു തടിയാണിത്‌. ഇതിന്റെ രണ്ടറ്റത്തും പിച്ചളകൊണ്ടോ ഇരുമ്പുകൊണ്ടോ മൂടി (പൂണ്‌, ചിറ്റ്‌) വയ്‌ക്കുന്നു. ഒരുവശത്തുള്ള മൂടി തുറന്നും മറുവശത്തുള്ളത്‌ പൊതിഞ്ഞുമിരിക്കും. തുറന്നവശം ധാന്യങ്ങള്‍ അവച്ച്‌ വൃത്തിയാക്കുന്നതിനും അടഞ്ഞവശം ധാന്യങ്ങളും മറ്റും പൊടിക്കുന്നതിനും ഉപയോഗിക്കുന്നു. ഇരുമ്പുലക്കയ്‌ക്ക്‌ താരതമ്യേന നീളം കുറവാണ്‌.

ഉലക്ക

കൃഷിചെയ്യുകയും കാർഷികവിഭവങ്ങള്‍ സംസ്‌കരിച്ചെടുക്കുകയും ചെയ്‌തുതുടങ്ങിയ കാലം മുതൽക്കേ മനുഷ്യർ ഉരലും ഉലക്കയും മറ്റും ഉപയോഗിച്ചിരുന്നതായി പുരാവസ്‌തുഗവേഷണങ്ങള്‍ തെളിയിക്കുന്നു. ആധുനികയുഗത്തിൽ വൈദ്യുതിയുടെ പ്രവേശത്തോടെ ഈ മാതിരി ഉപകരണങ്ങള്‍ക്ക്‌ പകരം ഹള്ളറുകള്‍, ഫ്‌ളവർ മില്ലുകള്‍, മിക്‌സറുകള്‍ എന്നിവ സ്ഥാനം പിടിച്ചിട്ടുണ്ട്‌. തൊഴിൽസാധ്യതകള്‍ കുറവായ അവികസിതരാജ്യങ്ങളിൽ ഇന്നും ഉരലും ഉലക്കയും ഉപയോഗപ്പെടുത്തുന്നുണ്ട്‌. കൈക്കുത്തരിക്ക്‌ മില്ലിൽ കുത്തിയെടുക്കുന്നതിനെക്കാള്‍ വളരെ പോഷകമൂല്യം കൂടുമെന്നതിനാൽ ഉരലിന്റെയും ഉലക്കയുടെയും ഉപയോഗം പ്രാത്സാഹിപ്പിക്കപ്പെടേണ്ടതാണ്‌. പഴയ കേരളീയത്തറവാടുകളിൽ ധാന്യങ്ങള്‍ കുത്തുക, പൊടിക്കുക, ആട്ടുക എന്നീ പ്രവൃത്തികള്‍ ചെയ്യുന്നതിനായി പ്രത്യേകം ഉരൽപ്പുരകള്‍ നിർമിച്ചിരുന്നു. ഉരലിനെയും ഉലക്കയെയും ആസ്‌പദമാക്കിയുളള പല പഴഞ്ചൊല്ലുകളും പ്രചാരത്തിലുണ്ട്‌. "ഉരലുതിന്നാലും വിരലുമറ വേണം; വിരൽ വീർത്താൽ ഉരലാകുമോ; ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം' എന്നിവ ഉദാഹരണം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍