This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉയിർപ്പുപെരുന്നാള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:04, 11 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉയിർപ്പുപെരുന്നാള്‍

Easter

യേശുക്രിസ്‌തു മരിച്ച്‌ അടക്കം ചെയ്‌തതിനുശേഷം ""മൂന്നാംദിവസമായ ആഴ്‌ചവട്ടത്തിന്റെ ഒന്നാം നാള്‍- ഞായറാഴ്‌ച-മരണത്തെ അതിജീവിച്ച്‌ ഉയിർത്തെഴുന്നേറ്റതിനെ അനുസ്‌മരിച്ച്‌ ക്രസ്‌തവർ ആചരിച്ചുവരുന്ന ഒരു വാർഷികപ്പെരുന്നാള്‍. മനുഷ്യവർഗത്തിന്റെ പാപങ്ങള്‍ക്കു പരിഹാരമായി ക്രൂശിൽ തറയ്‌ക്കപ്പെടുവാന്‍ സ്വയം ഏല്‌പിച്ചുകൊടുത്ത ക്രിസ്‌തു ക്രൂശിൽ വച്ച്‌ മരിച്ചതോടുകൂടി അദ്ദേഹത്തിന്റെ ആരാധകശിഷ്യന്മാരിൽ ഒരുവനായ അരിമത്യയിലെ ജോസഫ്‌, യേശുക്രിസ്‌തുവിന്റെ മൃതദേഹം ഏറ്റുവാങ്ങി "താന്‍ പാറയിൽ വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയിൽ' (മത്താ. 27.60) യഹൂദമത വിധിപ്രകാരം സംസ്‌കരിച്ചു. എന്നാൽ യേശു ജീവിച്ചിരുന്നപ്പോള്‍ താന്‍ പാപികളുടെ രക്ഷയ്‌ക്കായി ക്രൂശിതനായി മരിക്കുമെന്നും മൂന്നാം നാള്‍ ഉയിർത്തെഴുന്നേല്‌ക്കുമെന്നും പ്രസ്‌താവിച്ചിരുന്നു. അതിനാൽ യഹൂദമഹാപുരോഹിതന്‍ ഭരണാധിപനും ന്യായാധിപനുമായിരുന്ന പിലാത്തോസിൽനിന്ന്‌ പ്രത്യേകം അനുവാദം വാങ്ങി യേശുവിന്റെ മൃതദേഹം സംസ്‌കരിച്ചിരുന്ന ശവകുടീരം വലിയ ഒരു പാറകൊണ്ടു മൂടി മുദ്രവയ്‌പ്പിച്ചു അതിന്‌ പ്രത്യേകം കാവൽ ഏർപ്പെടുത്തി. ഈ മുദ്രയ്‌ക്ക്‌ ഭംഗം കൂടാതെതന്നെ കല്ല്‌ മാറ്റപ്പെടുകയും യേശു മരിച്ചവരിൽവച്ച്‌ ആദ്യമായി സ്വയം ഉയിർത്തെഴുന്നേല്‌ക്കുകയും ചെയ്‌തുവെന്ന്‌ വിശുദ്ധ ബൈബിളിലെ സുവിശേഷകന്മാർ പ്രസ്‌താവിക്കുന്നു. ഈ വിശ്വാസത്തെ ആധാരമാക്കി ക്രിസ്‌ത്യാനികള്‍ ആചരിച്ചുവരുന്ന ദിനമാണ്‌ ഉയിർപ്പുപെരുന്നാള്‍.

ഇംഗ്ലീഷ്‌ഭാഷയിൽ ഉയിർപ്പുപെരുന്നാള്‍ എന്നതിനുള്ള പദം "ഈസ്റ്റർ' (Easter) എന്നാണ്‌; പുരാതന ജർമന്‍ വംശജരുടെയിടയിൽ "എവോസ്റ്റ്ര' ഉഷസ്സിന്റെയും വസന്തത്തിന്റെയും ദേവതയായി പരിഗണിക്കപ്പെട്ടിരുന്നു. ഈ ദേവതയുടെ പേരിൽനിന്നാണ്‌ ഈസ്റ്റർ എന്ന പദം ഉദ്‌ഭവിച്ചിട്ടുള്ളതെന്ന്‌ കരുതപ്പെടുന്നു. ആധുനിക ജർമന്‍ ഭാഷയിൽ "ഓസ്റ്റേർണ്‍' എന്ന പദമാണ്‌ ഈസ്റ്ററിന്‌ ഉപയോഗിക്കുന്നത്‌. ഏപ്രിൽ മാസം വസന്തകാലമായതുകൊണ്ട്‌ പ്രസ്‌തുത മാസം ഓസ്റ്റേർണ്‍ മോണാത്‌ എന്നും വിളിക്കപ്പെട്ടിരുന്നു. വസന്തം നവജീവനെയും ചൈതന്യത്തെയും കുറിക്കുന്നു; അതുതന്നെ ഈസ്റ്റർ മഹാദിനവും.

തിരുനാള്‍. ക്രസ്‌തവവിശ്വാസത്തിന്റെ കേന്ദ്രബിന്ദുവാണ്‌, ക്രിസ്‌തുവിന്റെ ഉയിർപ്പ്‌. "ക്രിസ്‌തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥം. നിങ്ങളുടെ വിശ്വാസവും വ്യർഥം' എന്നു തുടങ്ങിയുള്ള വിശുദ്ധ പൗലോസിന്റെ പ്രഖ്യാപനത്തിൽനിന്നു (1 കൊരിതഢ:1417) ക്രിസ്‌തുവിന്റെ ഉയിർത്തെഴുന്നേല്‌പ്‌ ക്രസ്‌തവവിശ്വാസത്തിന്റെ അടിസ്ഥാനശിലകളിലൊന്നാണെന്നു വ്യക്തമാകുന്നു.

സഭയിലെ അതിപുരാതനമായ തിരുനാള്‍ ഉയിർപ്പുതന്നെയാണ്‌. മറ്റെല്ലാ പെരുന്നാളുകളും ഉയിർപ്പുപെരുന്നാളിനെ അടിസ്ഥാനമാക്കി ക്രമീകരിച്ചിരിക്കുന്നു. ആചരണാടിസ്ഥാനം. പഴയനിയമത്തെയും പുതിയ നിയമത്തെയും കോർത്തിണക്കുന്ന കച്ചിയാണ്‌ ഉയിർപ്പുപെരുന്നാള്‍. പഴയനിയമം പൊതുവിൽ യഹൂദന്മാരുടെ ദീർഘചരിത്രമാണ്‌. അതിൽ മനുഷ്യോത്‌പത്തി, അവന്റെ വീഴ്‌ച, അതിൽനിന്നും അവനുള്ള രക്ഷാവാഗ്‌ദാനം എന്നിവ ഉള്‍പ്പെടുന്നു. പഴയ നിയമത്തിൽ പെസഹാ യഹൂദന്മാരുടെ ഒരു പ്രധാന തിരുനാളാണ്‌. മിസ്രയീം (ഈജിപ്‌ത്‌) രാജാവായിരുന്ന ഫറവോന്റെ അടിമത്തത്തിലും ഊഴിയവേലയിലും നിന്ന്‌ യഹൂദജനതയ്‌ക്ക്‌ യഹോവ അദ്‌ഭുതകരമായി മോചനം നല്‌കിയതിന്റെ ഓർമയ്‌ക്കാണ്‌ പ്രസ്‌തുത ദിനം. ആ തിരുനാളിൽ അറുക്കപ്പെടുന്ന കളങ്കമില്ലാത്ത കുഞ്ഞാടിന്റെ രക്തം യഹൂദജനത അടിമത്തത്തിൽനിന്നു വിടുതൽ പ്രാപിച്ചതിന്റെ പ്രതീകമായിട്ടാണ്‌ കരുതിവരുന്നത്‌. ക്രിസ്‌തുവിന്റെ മരണമാകട്ടെ മാനവവംശത്തിന്‌ പാപത്തിന്റെ അടിമത്തത്തിൽനിന്നുള്ള മോചനത്തിനു നിദാനമാണ്‌. പുതിയ പെസഹാ അല്ലെങ്കിൽ ക്രിസ്‌ത്യാനികള്‍ ആചരിച്ചുവരുന്ന പെസഹാതിരുനാള്‍ ലോകജനതയുടെ വീണ്ടെടുപ്പിന്റെ മഹനീയ രഹസ്യം ഉള്‍ക്കൊള്ളുന്നു.

യഹൂദന്മാരുടെ പെസഹാതിരുനാളിൽ തന്നെയാണ്‌ പുതിയ പെസഹാകുഞ്ഞാടായ ക്രിസ്‌തു ബലികഴിക്കപ്പെടുന്നത്‌. തന്റെ മരണവും ഉത്ഥാനവുംകൊണ്ട്‌ പഴയ പെസഹാരഹസ്യത്തിന്‌ യേശു പൂർത്തീകരണം നല്‌കി, മുദ്രവയ്‌ക്കുന്നു. യഹൂദജനം പഴയ ഇസ്രയേലെന്നും ക്രിസ്‌തുവിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനം പുതിയ ഇസ്രയേലെന്നും വിളിക്കപ്പെടുന്നു. ഇവ രണ്ടിനെയും യോജിപ്പിക്കുന്നത്‌ ക്രിസ്‌തുതന്നെ. തന്നിമിത്തം ക്രിസ്‌ത്യാനികള്‍ ക്രിസ്‌തുവിന്റെ മരണവും ഉയിർപ്പും അനുസ്‌മരിക്കുന്ന അവസരത്തിൽത്തന്നെ പഴയനിയമത്തിലെ പെസഹയെയും അതിനോടനുബന്ധിച്ച്‌ യഹോവാ അവർക്കു നൽകിയ അനിർവചനീയങ്ങളായ അനുഗ്രഹങ്ങളെയും അനുസ്‌മരിക്കുന്നു.

ആചരണദിനം. യഹൂദന്മാർ പെസഹാ ആചരിക്കുന്നത്‌ അവരുടെ പഞ്ചാംഗം അനുസരിച്ച്‌ നീസാന്‍മാസം അതായത്‌ ഏ. 15-നാണ്‌. യഹൂദവംശത്തിൽ നിന്ന്‌ ക്രിസ്‌ത്യാനികളായവരും പില്‌ക്കാലത്ത്‌ ഇതേ തീയതിതന്നെ തുടർന്നുവന്നു. തദനുസരണം പുതിയ പെസഹയാകുന്ന ക്രിസ്‌തുവിന്റെ മരണം നീസാന്‍മാസം 15-ഉം ഉയിർപ്പുദിനം 17-ഉം ആയി ആചരിച്ചിരുന്നു. ആഴ്‌ചവട്ടത്തിലെ ഏതുദിനം എന്നൊരു പ്രത്യേക പരിഗണന ഈ ആചരണത്തിനുണ്ടെന്നു തോന്നുന്നില്ല. റോമിലും അലക്‌സാന്‍ഡ്രിയയിലും അന്ത്യോഖ്യയിലും ഓരോ പ്രത്യേക പരിഗണന വച്ചുകൊണ്ടാണ്‌ ഉയിർപ്പുപെരുന്നാള്‍ ആചരിച്ചിരുന്നത്‌. ക്രിസ്‌തു ഉയിർത്തെഴുന്നേറ്റത്‌ ഒരു ഞായറാഴ്‌ച ആയിരുന്നതുകൊണ്ട്‌ ഞായറാഴ്‌ചതന്നെ ഉയിർപ്പുപെരുന്നാള്‍ ആഘോഷിക്കണമെന്ന്‌ ഈ കേന്ദ്രങ്ങളിലും അവയുടെ കീഴിലുള്ള ദേവാലയങ്ങളിലും നിർദേശങ്ങള്‍ നല്‌കപ്പെട്ടിരുന്നു. ക്രിസ്‌ത്യാനികള്‍ ഇന്നു പൊതുവേ ഗ്രിഗോറിയന്‍ കലണ്ടർവച്ചാണ്‌ തിരുനാളുകള്‍ കണക്കാക്കുന്നത്‌. ക്രിസ്‌തുമസ്‌ പോലെ ഈസ്റ്റർ ഒരു നിശ്ചിത തീയതിയിൽ ആചരിക്കപ്പെടുന്നില്ല. മാറിമാറി വരുന്നു.

(മോസ്റ്റ്‌ റവ. ബെനഡിക്‌റ്റ്‌ മാർ ഗ്രിഗോറിയോസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍