This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉമ്മന്‍ ചാണ്ടി (1943 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉമ്മന്‍ ചാണ്ടി (1943 - )

ഉമ്മന്‍ ചാണ്ടി

കോണ്‍ഗ്രസ്‌ നേതാവും കേരള മുഖ്യമന്ത്രിയും. 1943 ഒ. 31-ന്‌ പുതുപ്പള്ളി കരോട്ട്‌ വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും കുമരകം ഒരുവട്ടിത്തറ ബേബിയുടെയും പുത്രനായി കോട്ടയം ജില്ലയിലെ കുമരകത്ത്‌ ജനിച്ചു. ഉമ്മന്‍ ചാണ്ടിയുടെ മുത്തച്ഛന്‍ വി.ജെ. ഉമ്മന്‍ ശ്രീമൂലം പ്രജാ കൗണ്‍സിലിൽ അംഗമായിരുന്നു. പുതുപ്പള്ളി സെന്റ്‌ ജോർജ്‌ ഹൈസ്‌കൂള്‍, കോട്ടയം സി.എം.എസ്‌. കോളജ്‌, ചങ്ങനാശ്ശേരി എസ്‌.ബി. കോളജ്‌, എറണാകുളം ലോ കോളജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്‌കൂള്‍വിദ്യാർഥി ആയിരിക്കെ കെ.എസ്‌.യു.-വിലൂെടയാണ്‌ ഉമ്മന്‍ ചാണ്ടി രാഷ്ട്രീയത്തില്‍ എത്തുന്നത്‌. സാമ്പത്തികശാസ്‌ത്രത്തിലും നിയമത്തിലും ബിരുദം നേടിയിട്ടുള്ള ഇദ്ദേഹം പഠനകാലത്ത്‌ വിശ്വാസ്യതയുള്ള ഒരു വിദ്യാർഥിനേതാവ്‌ എന്ന നിലയിൽ ശ്രദ്ധേയനായി. 1962-63 കാലത്ത്‌ കെ.എസ്‌.യു. കോട്ടയം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഉമ്മന്‍ ചാണ്ടി 1967-ൽ കെ.എസ്‌.യു. -വിന്റെ സംസ്ഥാന പ്രസിഡന്റായി.

കെ.എസ്‌.യു. പ്രസിഡന്റായിരുന്നപ്പോള്‍ (1967-69) ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച "ഓണത്തിന്‌ ഒരു പറ നെല്ല്‌' എന്ന കാർഷിക പരിപാടി ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു. സ്‌കൂള്‍ അങ്കണത്തിലും വീട്ടുമുറ്റത്തും കൃഷി നടത്തിയ ഈ പരിപാടി വിദ്യാർഥികളെ മച്ചുമായി ബന്ധിപ്പിക്കുന്നതിൽ വലിയ പങ്കാണ്‌ വഹിച്ചത്‌.

1969-71 കാലയളവിൽ യൂത്ത്‌ കോണ്‍ഗ്രസ്‌ അധ്യക്ഷനെന്ന നിലയിൽ സമൂഹത്തിൽ നടത്തിയ ക്രിയാത്മകവും പുരോഗമനപരവുമായ ഇടപെടലുകളിലൂടെ സംഘടനയ്‌ക്ക്‌ ശക്തമായ ഒരു അടിത്തറ സൃഷ്‌ടിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റായിരിക്കവേ കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നാണ്‌ ഉമ്മന്‍ ചാണ്ടി ആദ്യമായി നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടത്‌. പിന്നീട്‌ 1977, 80, 82, 87, 91, 96, 2001, 06, 11-കളിലും ഇതേ മണ്ഡലത്തിൽനിന്ന്‌ ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി പത്തുതവണ ഒരേ മണ്ഡലത്തിൽ നിന്ന്‌ ജയിച്ച ഏക കോണ്‍ഗ്രസ്‌ നേതാവ്‌ എന്ന റിക്കാർഡിനുടമയാണ്‌ ഉമ്മന്‍ ചാണ്ടി.

1977-ൽ കരുണാകരന്‍ മന്ത്രിസഭയിലാണ്‌ ഇദ്ദേഹം ആദ്യമായി അംഗമാകുന്നത്‌. ഈ മന്ത്രിസഭയിൽ തൊഴിൽ വകുപ്പ്‌ മന്ത്രിയായിരുന്ന ഇദ്ദേഹം പിന്നീട്‌ എ.കെ. ആന്റണി മന്ത്രിസഭയിലും തൊഴിൽ മന്ത്രിയായി. 1981 ഡിസംബർ മുതൽ 82 മാർച്ച്‌ വരെ കെ. കരുണാകരന്‍ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്‌. തൊഴിൽരഹിതർക്ക്‌ തൊഴിലില്ലായ്‌മ വേതനം ആദ്യമായി അനുവദിക്കപ്പെട്ടത്‌ ഇദ്ദേഹം തൊഴിൽ മന്ത്രിയായിരിക്കവെയാണ്‌. 1980-ൽ കേരളത്തിലെ കോണ്‍ഗ്രസ്സിനുള്ളിൽ രൂപം കൊണ്ട ആന്റണിവിഭാഗത്തിലെ പ്രബല നേതാക്കളിൽ ഒരാളായിരുന്നു ഉമ്മന്‍ ചാണ്ടി. 1982-ൽ നിയമസഭാ കക്ഷി ഉപനേതാവായും യു.ഡി.എഫ്‌. കണ്‍വീനറായും (1982-85) പ്രവർത്തിച്ചു. 1991-ൽ കെ. കരുണാകരന്‍ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായി ചുമതലയേറ്റ ഇദ്ദേഹം 1994 ജൂണ്‍ 16-ന്‌ ധനമന്ത്രിസ്ഥാനം രാജിവച്ചു.

മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയുടെ (2001-2004) രാജിയെത്തുടർന്ന്‌ 2004 ആഗ. 31-ന്‌ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി (2004-2006) അധികാരമേറ്റു. 2006-11 കാലയളവിൽ ഇദ്ദേഹമായിരുന്നു പ്രതിപക്ഷനേതാവ്‌. 2011-ൽ വീണ്ടും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി. സാധാരണ ജനങ്ങളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങള്‍ പ്രദാനം ചെയ്യുന്ന ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇദ്ദേഹത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. ക്ഷേമപ്രവർത്തനങ്ങള്‍ക്കും വികസന പ്രവർത്തനങ്ങള്‍ക്കും തുല്യപരിഗണന നല്‌കികൊണ്ടുള്ള "വികസനവും കരുതലും' എന്ന നയമാണ്‌ ഇദ്ദേഹം സ്വീകരിച്ചത്‌. ബി.പി.എൽ. വിഭാഗത്തിന്‌ ആരോഗ്യഇന്‍ഷ്വറന്‍സ്‌ പദ്ധതി, ഒരു രൂപയ്‌ക്ക്‌ പ്രതിമാസം 25 കിലോ അരി, സ്‌കൂള്‍കുട്ടികള്‍ക്ക്‌ ഉച്ചഭക്ഷണത്തിനോടൊപ്പം മുട്ട, നിക്ഷേപ സൗഹൃദ സംസ്ഥാനം ലക്ഷ്യമാക്കിക്കൊണ്ടുള്ള "എമർജിങ്‌ കേരള' തുടങ്ങിയ പരിപാടികള്‍ നടപ്പിലാക്കുവാനും സ്‌മാർട്ട്‌സിറ്റി, വിഴിഞ്ഞം, കച്ചൂർ വിമാനത്താവളം, കൊച്ചി മെട്രാ എന്നിവയുടെ പ്രവർത്തനങ്ങള്‍ ഊർജിതമാക്കുവാനും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിനു കഴിഞ്ഞു. മുഖ്യമന്ത്രിയായപ്പോള്‍ ആരംഭിച്ച ബഹുജന സമ്പർക്ക പരിപാടിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. 2013-ൽ ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹം നേതൃത്വം നല്‌കിയ ജനസമ്പർക്കപരിപാടിയെയും ഐക്യരാഷ്‌ട്രസഭയുടെ പബ്ലിക്‌ സർവീസ്‌ അവാർഡിനു തിരഞ്ഞെടുത്തു. അഞ്ചുലക്ഷത്തോളം പരാതികള്‍ സ്വീകരിക്കാനും 22.68 കോടി ധനസഹായമായി നല്‌കാനും ഈ ജനസമ്പർക്ക പരിപാടിയിലൂടെ ഇദ്ദേഹത്തിനു കഴിഞ്ഞു. പോരാട്ടത്തിന്റെ ദിനരാത്രങ്ങള്‍, ചങ്ങല ഒരുങ്ങുന്നു, കാലത്തിനൊപ്പം കേരളത്തിന്റെ ഗുൽസാരി എന്നിവയാണ്‌ ഉമ്മന്‍ ചാണ്ടിയുടെ പ്രധാന കൃതികള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍