This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉമിനീർഗ്രന്ഥികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:58, 1 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉമിനീർഗ്രന്ഥികള്‍

ഉമിനീർഗ്രന്ഥികള്‍

ഉമിനീർ ഉത്‌പാദിപ്പിക്കുന്ന ഗ്രന്ഥികള്‍. പചനപ്രക്രിയ നടക്കുന്ന അന്നപഥത്തിൽ ഭക്ഷണപദാർഥങ്ങളുമായി ആദ്യസമ്പർക്കം പുലർത്തുന്ന പചനസ്രവം ഉമിനീർ ആണ്‌. മനുഷ്യരിൽ മൂന്നുജോടി ഉമിനീർ ഗ്രന്ഥികളുണ്ട്‌. ഇവ വായയുടെ അന്തർഭാഗത്ത്‌ വിവിധ ഭാഗങ്ങളിലായി സ്ഥിതിചെയ്യുന്നു. ഈ ഗ്രന്ഥികളിൽ നിന്ന്‌ ഉത്‌പാദിപ്പിക്കപ്പെടുന്ന സ്രവങ്ങള്‍ പ്രത്യേക വാഹിനി(duct)കള്‍ വഴിയാണ്‌ വായയിൽ എത്തിച്ചേരുന്നത്‌. മൂന്നുജോടി ഉമിനീർഗ്രന്ഥികള്‍ താഴെപ്പറയുന്നവയാണ്‌:

1. പരോട്ടിഡ്‌ ഗ്രന്ഥികള്‍. ചെവിയുടെ താഴെയും ചിബുകാസ്ഥി(mandible)ക്കു മീതെയുമായി മുഖത്തിന്റെ ഇരുവശത്തുമായാണിവ സ്ഥിതിചെയ്യുന്നത്‌. ഉമിനീർഗ്രന്ഥികളിൽ ഏറ്റവും വലുപ്പംകൂടിയവയാണിവ. ഇവയിൽനിന്നുള്ള ഉമിനീർ സ്റ്റെന്‍സണ്‍ കുഴലു(Stenson's duct)കേള്‍ വഴി വായിൽ അണപ്പല്ലിന്റെ സമീപത്ത്‌ എത്തിച്ചേരുന്നു.

2. സബ്‌മാക്‌സിലറി ഗ്രന്ഥികള്‍. ഇവ കീഴ്‌ത്താടിയുടെ പേശികള്‍ക്കുള്ളിലായി സ്ഥിതിചെയ്യുന്നു. വാർട്ടണ്‍ കുഴലു(Wharton's)കെള്‍ വഴി ഇവയിൽ നിന്നുള്ള സ്രവം നാവിന്റെ അടിയിൽ എത്തിച്ചേരുന്നു.

3. സബ്‌ലിങ്‌ഗ്വൽ ഗ്രന്ഥികള്‍. ഇവ സബ്‌മാക്‌സിലറി ഗ്രന്ഥികളെക്കാള്‍ മുന്നോട്ടു നീങ്ങിയാണ്‌ സ്ഥിതിചെയ്യുന്നത്‌. വായയുടെ അടിഭാഗത്തുള്ള ഈ ഗ്രന്ഥികളിൽനിന്ന്‌ ഉമിനീർ നിരവധി ചെറുകുഴലുകള്‍ വഴി വായയിൽ എത്തുന്നു.

ഇവ കൂടാതെ ചുണ്ട്‌, കവിള്‍, നാക്ക്‌, മേലച്ചാക്ക്‌ എന്നിവയുടെ സബ്‌മ്യൂക്കോസാ കലകള്‍ക്കിടയിലായി വേറെയും നിരവധി ഗ്രന്ഥികളുണ്ട്‌. സൂക്ഷ്‌മഘടന. ഈ ഗ്രന്ഥികള്‍ക്കെല്ലാംതന്നെ സൂക്ഷ്‌മകോശങ്ങളാൽ നിർമിതമായ തേനറയുടെ ഘടനയാണുള്ളത്‌. രണ്ടുതരം കോശങ്ങള്‍ അടങ്ങിയിട്ടുള്ള ഇവ കൂട്ടായഘടനയോടു കൂടിയ കോശങ്ങള്‍ക്ക്‌ ഉദാഹരണമാണ്‌. ഈ ഗ്രന്ഥികളിൽ ചിലവ സീറസ്‌ (serous)ഗ്രന്ഥികളും മറ്റു ചിലവ ശ്ലേഷ്‌മ(mucous)ഗ്രന്ഥികളുമാണ്‌. ഇവ രണ്ടുംചേർന്ന ഘടനയുള്ളവയുമുണ്ട്‌. പരോട്ടിഡ്‌ ഗ്രന്ഥികള്‍ സീറസ്‌ ഗ്രന്ഥികളാണ്‌. ചെറുഗ്രന്ഥികള്‍ ശ്ലേഷ്‌മഗ്രന്ഥികളാണ്‌; സബ്‌മാക്‌സിലറി-സബ്‌ലിങ്‌ഗ്വൽ ഗ്രന്ഥികള്‍ കൂട്ടുഗ്രന്ഥികളും.

ദഹനപ്രക്രിയയ്‌ക്ക്‌ ആവശ്യമായ ദ്രാവകങ്ങളെല്ലാം തന്നെ സ്രവിക്കുന്ന പ്രക്രിയകളെ മൂന്നായി തരംതിരിക്കാം; നിരുപാധികപ്രവർത്തനം(unconditioned reflex), സോപാധികപ്രവർത്തനം(conditioned reflex), ഹോർമോണുകളുടെ പ്രവർത്തനം. ഉമിനീരിന്റെ സ്രാവം നിരുപാധികപ്രവർത്തനഫലമാണ്‌. ഒരു വസ്‌തു വായയുമായി സമ്പർക്കം പുലർത്തുമ്പോള്‍ ഉമിനീരുണ്ടാകുവാനുള്ള ഉത്തേജനം സംജാതമാകുന്നു. ഭക്ഷണത്തിന്റെ സ്വാദ്‌ ഈ പ്രചോദനത്തിൽ പ്രസക്തമല്ല. യാതൊരു സ്വാദുമില്ലാത്ത ഭക്ഷണത്തിനുപോലും ഉമിനീരിനെ സ്രവിപ്പിക്കാനുള്ള ശേഷിയുണ്ട്‌.

സ്വാനുഭവത്തിലൂടെ നിരുപാധികപ്രവർത്തനത്തിന്മേൽ കെട്ടിപ്പടുക്കുന്ന സംഭവവികാസങ്ങളാണ്‌ സോപാധികപ്രവർത്തനങ്ങള്‍. ജനിച്ചയുടനെതന്നെ സ്വാദിഷ്‌ഠങ്ങളായ ഭക്ഷണവസ്‌തുക്കളുടെ കാഴ്‌ചയോ വാസനയോ ശിശുവിൽ യാതൊരു പ്രതികരണവും സൃഷ്‌ടിക്കുന്നില്ല. ശിശു വളർന്ന്‌ പരിണതപ്രജ്ഞനായിത്തീരുന്നതോടുകൂടി സ്വന്തം അനുഭൂതികളിലൂടെ ഭക്ഷണവസ്‌തുക്കളുടെ ഗുണവിശേഷവും അനുഭവയോഗ്യതയും തമ്മിൽ ചില ബന്ധങ്ങള്‍ ഉപബോധമനസ്സിൽ സ്ഥാപിക്കപ്പെടുന്നു. ഈ അനുഭവപരമ്പരകളുടെ പശ്ചാത്തലത്തിൽ സോപാധികപ്രവർത്തനങ്ങള്‍ സ്ഥാപിതമാകുന്നതോടുകൂടി ഭക്ഷണപദാർഥങ്ങളുടെ ഭംഗി, വാസന എന്നീ ഗുണവിശേഷങ്ങള്‍പോലും ഉമിനീർ സൃഷ്‌ടിക്കുവാന്‍ പര്യാപ്‌തമായിത്തീരുന്നു. പാവ്‌ലോവിന്റെ പരീക്ഷണങ്ങള്‍ ഈ വസ്‌തുതകളെ സ്ഥിരീകരിച്ചിട്ടുണ്ട്‌. ഉമിനീർവിസർജനത്തിൽ ഹോർമോണുകള്‍ക്ക്‌ യാതൊരു പങ്കുമില്ല.

പ്രവർത്തനങ്ങള്‍. ഉമിനീരിന്റെ പ്രധാനകർത്തവ്യം കാർബോഹൈഡ്രറ്റുകളെ ദഹിപ്പിക്കുകയാണ്‌. ഉമിനീരിൽ ടയലിന്‍ (ptyalin)അഥവാ ഉമിനീരിലെ അമിലേസ്‌ എന്ന എന്‍സൈം മാത്രമേയുള്ളൂ. കാർബോഹൈഡ്രറ്റ്‌ പദാർഥങ്ങളിന്മേലുള്ള സെല്ലുലോസ്‌ ഉറ നീക്കംചെയ്‌തതിനുശേഷമേ ഉമിനീരിലുള്ള അമൈലേസിനു പ്രവർത്തിക്കുവാന്‍ സാധിക്കുകയുള്ളൂ. പാകം ചെയ്‌തതും നല്ലവച്ചം ചവച്ചരച്ചതുമായ ഭക്ഷണങ്ങളിലാണ്‌ ഉമിനീർ പ്രവർത്തിക്കുന്നത്‌. ടയലിന്റെ പചനപ്രക്രിയയുടെ പരിണാമഘട്ടങ്ങള്‍ താഴെപ്പറയുംപ്രകാരത്തിലാണ്‌. കാർബോഹൈഡ്രറ്റ്‌ (വേവിച്ച അരിഭക്ഷ്യം)അലിയുന്ന തരത്തിലുള്ള സ്റ്റാർച്ച്‌എറിത്രാ ഡെക്‌സ്‌ട്രിന്‍ എക്രാഡെക്‌സ്‌ട്രിന്‍മാള്‍ട്ടോസ്‌.

എറിത്രാ എന്ന പദം ചുവപ്പുവർണത്തെയും എക്രാ എന്ന വാക്ക്‌ നിറമില്ലായ്‌മയെയും കുറിക്കുന്നു. വേവിച്ച സ്റ്റാർച്ചും അല്‌പം ഉമിനീരും കുറച്ചുതുള്ളി അയോഡിനുംകൂടി ഒരു ടെസ്റ്റ്യൂബിലിട്ടാൽ ഉടനെയത്‌ നീലനിറമായിത്തീരും. സ്റ്റാർച്ചിന്‌ അയോഡിനെ നീലനിറമാക്കാനുള്ള കഴിവുണ്ട്‌. അല്‌പസമയത്തിനുള്ളിൽ എറിത്രാഡെക്‌സ്‌ട്രിന്‍ രൂപവത്‌കൃതമാകുന്നതോടുകൂടി ട്യൂബ്‌ ചുവപ്പുനിറമാകും. എക്രാഡെക്‌സ്‌ട്രിന്‍ ഉണ്ടാകുന്നതോടുകൂടി ട്യൂബിലെ നിറം ഇല്ലാതാകുകയും ചെയ്യും. ഉമിനീരിന്റെ പചനപ്രക്രിയയുടെ അവസാനഘട്ടം മാള്‍ട്ടോസ്‌ ഉണ്ടാകലാണ്‌. ഭക്ഷണം വായയിൽ കുറച്ചുസമയം മാത്രം തങ്ങുന്നതിനാൽ ഉമിനീർപ്രവർത്തനം കാര്യമായും ആമാശയത്തിലാണ്‌ നടക്കുന്നത്‌. ആമാശയത്തിലെ അമ്ലവും ഈ പ്രവർത്തനത്തെ സഹായിക്കും.

പചനപ്രക്രിയയെക്കാള്‍ ഒട്ടും അപ്രധാനമല്ലാത്ത ഉമിനീരിന്റെ മറ്റൊരു കൃത്യമാണ്‌ ഭക്ഷണപദാർഥങ്ങളെ നനയ്‌ക്കുകയെന്നത്‌. ഉണങ്ങിയ ഭക്ഷണപദാർഥങ്ങളെ അരച്ച്‌ ഉരുളയായി വിഴുങ്ങുവാന്‍ ഇതുമൂലം സാധ്യമാകുന്നു. ഒരുദിവസം ഏതാണ്ട്‌ 1500 മില്ലി ലിറ്റർ വരെ ഉമിനീർ വായയിൽ ഊറിവരുന്നുണ്ട്‌. ഉമിനീരിന്റെ ജലാംശം വായയെ വരള്‍ച്ചയില്ലാതാക്കി നനയ്‌ക്കുന്നതിനും വായ ശുദ്ധമായി സൂക്ഷിക്കുന്നതിനും സഹായകമാണ്‌. വായയുടെ ഈ നനവ്‌ ശബ്‌ദോച്ചാരണത്തിനും ആവശ്യമാണ്‌. കുറച്ചുദിവസം നീണ്ടുനിൽക്കുന്ന ടൈഫോയ്‌ഡ്‌ മാതിരിയുളള ജ്വരബാധയിൽ വായയുടെ വരള്‍ച്ചമൂലം പരോട്ടിഡ്‌ ഗ്രന്ഥിക്കു പഴുപ്പുവരാനിടയുണ്ട്‌. ഇതിന്‌ ഗ്ലിസറിന്‍ പുരട്ടുന്നതു നല്ലപ്രതിവിധിയാണ്‌. ഇതിനുംപുറമേ ഉമിനീർവഴി ചില രാസവസ്‌തുക്കള്‍ വിസർജിക്കപ്പെടാറുണ്ട്‌. മെർക്കുറി, ലെഡ്‌, അയോഡിന്‍ എന്നീ വസ്‌തുക്കള്‍ ഇപ്രകാരം വിസർജിക്കപ്പെടുന്നവയാണ്‌.

ഉമിനീരിലൂടെ സംക്രമിക്കാവുന്ന ചില രോഗങ്ങളുണ്ട്‌-പിള്ളവാതം, മുണ്ടിനീര്‌, പേപ്പട്ടിവിഷബാധ എന്നിവ. ഉമിനീർ അനാവശ്യമായി തുപ്പിക്കളയുന്നത്‌ ഒരു ദുശ്ശീലമാണ്‌. ദേഹത്തിനാവശ്യമായ ജലാംശവും ലവണവസ്‌തുക്കളും നഷ്‌ടപ്പെടുന്നതിനു പുറമേ ഇതുകൊണ്ട്‌ മേല്‌പറഞ്ഞ രോഗങ്ങളുടെ പകർച്ചയും ഉണ്ടാകുന്നതാണ്‌.

(ഡോ. കെ. മാധവന്‍കുട്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍