This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപേന്ദ്രഭംജ്‌ (1685 - 1725)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:37, 11 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉപേന്ദ്രഭംജ്‌ (1685 - 1725)

ഒഡിയാമഹാകവി. ഒരു നാടുവാഴിയായിരുന്ന നീലകണ്‌ഠന്റെ പുത്രനായി ഉപേന്ദ്രന്‍ 1685 ഡിസംബറിൽ ജനിച്ചു. രണ്ടുവർഷത്തെ രാജ്യഭരണത്തിനുശേഷം സഹോദരനായ ധനഭംജിനാൽ അധികാരത്തിൽനിന്ന്‌ നിഷ്‌കാസിതനായ നീലകണ്‌ഠന്‍ ശേഷിച്ച കാലം മുഴുവന്‍ നയാഗഡിൽ കഴിച്ചുകൂട്ടി. ഇതിനിടയ്‌ക്ക്‌ ഉപേന്ദ്രന്‍ ഓഡ്‌ഗോവിലുള്ള ക്ഷേത്രത്തിലെ രഘുനാഥമൂർത്തിയെ ഉപാസിക്കുകയും "രാമതാരക' മന്ത്രം ചൊല്ലി ദേവനെ പ്രസാദിപ്പിച്ച്‌ കവിത്വശക്തിനേടുകയും ചെയ്‌തു എന്നൊരു ഐതിഹ്യമുണ്ട്‌.

സംസ്‌കൃതത്തിൽ ന്യായം, വേദാന്തം, ദർശനം, രാജനീതി, അലങ്കാരം, വ്യാകരണം എന്നിവയിലും സംഗീതകലയിലും ഉപേന്ദ്രന്‍ ചെറുപ്പത്തിൽത്തന്നെ പ്രാവീണ്യം നേടി. തന്റെ ആദ്യഭാര്യയായിരുന്ന ബാണാപൂർരാജകുമാരിയുടെ നിര്യാണത്തിനുശേഷം ഇദ്ദേഹം നയാഗഡിലെ നാടുവാഴിയായ ലഡുകേശ്വരന്റെ സഹോദരിയെ പരിണയിച്ചു. ഉപേന്ദ്രന്‌ ഈ രാജാവിൽ നിന്ന്‌ വീരവരന്‍ എന്ന ബഹുമതിബിരുദവും കിട്ടിയിട്ടുണ്ട്‌. ദ്വിതീയപത്‌നിയും നേരത്തേ അന്തരിച്ചു. 40-ാം വയസ്സിൽ ഉപേന്ദ്രഭംജ്‌ കഥാവശേഷനായി (1725).

രാമചന്ദ്രഛോട്ടാരായ്‌ മുതൽ യദുവാണി വരെ ഒഡിയാസാഹിത്യചരിത്രത്തിൽ രണ്ടു നൂറ്റാണ്ടുകാലം നീണ്ടുനിൽക്കുന്ന രീതിഘട്ട(formalist style)ത്തിലെ ഏറ്റവും ശ്രദ്ധേയനായ കവിയാണ്‌ ഉപേന്ദ്രഭംജ്‌. മഹാകാവ്യങ്ങള്‍, പൗരാണികവും കാല്‌പനികവുമായ വിഷയങ്ങളെ അധികരിച്ചുള്ള ഖണ്ഡകാവ്യങ്ങള്‍, സംഗീതശാസ്‌ത്രം, അലങ്കാരസിദ്ധാന്തങ്ങള്‍ തുടങ്ങിയ വിവിധ ശാഖകളിൽ ഇദ്ദേഹം നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. വിവാഹം, യുദ്ധസന്നാഹം, ഉത്സവങ്ങള്‍, സാമൂഹികാചാരങ്ങള്‍ തുടങ്ങിയവയുടെ ദീർഘമായ വർണനകള്‍ ഉപേന്ദ്രകാവ്യസൃഷ്‌ടികളുടെ സവിശേഷതകളാണ്‌. സ്‌ത്രീസൗന്ദര്യം, ശൃംഗാരം എന്നിവ വർണിക്കുമ്പോള്‍ ഇദ്ദേഹം ചിലപ്പോള്‍ സഭ്യതാസീമകളെ അതിലംഘിച്ചിട്ടുള്ളതായി ആരോപണമുണ്ടായിട്ടുണ്ട്‌. ശ്രീഹർഷന്റെ നൈഷധീയ ചരിതം മഹാകാവ്യത്തിലെ ശബ്‌ദശക്തിയും അർഥപുഷ്‌ടിയും ഇദ്ദേഹത്തിന്റെ രചനയെ സാരമായി സ്വാധീനിച്ചിട്ടുണ്ട്‌. ലാവണ്യവതി, കോടിബ്രഹ്മാണ്ഡസുന്ദരി, പ്രമസുധാനിധി, കലാകൗതുകം, ഗീതാഭിധാനം, രാമലീലാമൃതം, സുഭദ്രാപരിണയം തുടങ്ങിയവയാണ്‌ ഉപേന്ദ്രഭംജിന്റെ മുഖ്യ സാഹിത്യസൃഷ്‌ടികള്‍.

എല്ലാ ചരണങ്ങളും "വ' ലിപിയിൽ ആരംഭിക്കുന്ന വൈദേഹീശവിലാസം ഇദ്ദേഹത്തിന്റെ പ്രാസപ്രയോഗനിപുണതയ്‌ക്ക്‌ ഉദാഹരണമാണ്‌. രസസിദ്ധാന്തപ്പറ്റിയുള്ള സൂക്ഷ്‌മപഠനമുള്‍ക്കൊള്ളുന്ന രസപഞ്ചകം എന്ന കാവ്യം ഈ കവി ഒരു കാവ്യമീമാംസാവിശാരദന്‍ കൂടിയാണെന്ന്‌ വ്യക്തമാക്കുന്നു. ഒഡിയാസാഹിത്യത്തിലെ ദിനകൃഷ്‌ണന്‍, ഭൂപതിപണ്ഡിതന്‍, ലോകനാഥവിദ്യാധരന്‍ എന്നീ മഹാകവികള്‍ ഭംജിന്റെ സമകാലികരാണ്‌. അഭിമന്യു, യദുമണി കവിസൂര്യബലദേവന്‍ തുടങ്ങിയ ഏതൽകാലകവികളിലും അഗനാഥന്‍, ഗംഗാധരന്‍ തുടങ്ങിയ ആധുനിക കവികളിലും ഭംജിന്റെ കാവ്യരചനാശൈലി പ്രതിഫലിക്കുന്നു. ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ പലതും മദ്രാസ്‌, ആന്ധ്ര, കൽക്കത്ത എന്നീ സർവകലാശാലകള്‍ പാഠപുസ്‌തകങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍