This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപവേദങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:52, 9 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉപവേദങ്ങള്‍

അനാദികളും അപൗരുഷേയങ്ങളും എന്നു വിശ്വസിക്കപ്പെടുന്ന ഋക്‌, യജുസ്‌, സാമം, അഥർവം എന്നീ വേദങ്ങളോടു ചേർന്നു നില്‌ക്കുന്നവയും ഏതാണ്ട്‌ തുല്യസ്ഥാനീയങ്ങളും ആയ ഉത്‌കൃഷ്‌ടകൃതികള്‍. ഋഗേ്വദത്തിന്‌ ആയുർവേദവും, യജുർവേദത്തിന്‌ ധനുർവേദവും, സാമവേദത്തിന്‌ ഗാന്ധർവവേദവും, അഥർവവേദത്തിന്‌ ശില്‌പവേദം അഥവാ സ്ഥാപത്യവേദവും ഉപവേദങ്ങളാണ്‌. (അർഥശാസ്‌ത്രവും ഉപവേദമാണെന്നാണ്‌ ചില ആചാര്യന്മാരുടെമതം.) ആയുർവേദത്തിലെ ചികിത്സാഭാഗം മാത്രമാണ്‌ ഋഗ്വേദത്തോടു ചേർന്നുനില്‌ക്കുന്നതെന്നും ശസ്‌ത്രക്രിയ അഥർവവേദത്തിന്റെ അനുബന്ധമാണെന്നും ഒരു അഭിപ്രായമുണ്ട്‌. എല്ലാ വേദങ്ങളിലും ആയുർവേദം അന്തർഭവിച്ചിരിക്കുന്നതുകൊണ്ടും, എല്ലാ വേദങ്ങളും ആയുർവേദത്തെ ആശ്രയിക്കുന്നതുകൊണ്ടും, അതിനെ അഞ്ചാമത്തെ വേദമായി അംഗീകരിക്കേണ്ടതാണെന്നും ചിലർക്കഭിപ്രായമുണ്ട്‌. ആത്രയന്‍, അഗ്നിവേശന്‍, ഹാരീതന്‍ തുടങ്ങിയവരുടെ സംഹിതകളിലാണ്‌ ആയുർവേദമെന്ന പദം ആദ്യമായി പ്രയോഗിക്കപ്പെട്ടിരിക്കുന്നത്‌. കാശ്യപസംഹിതയിൽ ആയുർവേദത്തിന്‌ അഥർവവേദത്തോടുള്ള ബന്ധം വ്യക്തമാക്കപ്പെട്ടിരിക്കുന്നു.

ആയുർവേദാചാര്യന്മാരുടെ ഉപദേശങ്ങളെ സമാഹരിച്ച്‌ അവരുടെ ശിഷ്യന്മാർ തയ്യാറാക്കിയ ഗ്രന്ഥങ്ങളെയാണ്‌ സംഹിതകളെന്നു പറയുന്നത്‌. ആദ്യകാലങ്ങളിൽ വൈദ്യശാസ്‌ത്രസംബന്ധമായ എല്ലാ ഭാരതീയവിജ്ഞാനവും ആയുർവേദപദംകൊണ്ട്‌ വ്യവഹരിക്കപ്പെട്ടിരുന്നു. മറ്റു പല വിദ്യകളുടെയുമെന്നപോലെ ആയുർവേദത്തിന്റെയും ഉത്‌പത്തി ബ്രഹ്മാവിൽനിന്നാണെന്ന്‌ പൗരാണികർ പറയുന്നു. ആയുർദൈർഘ്യത്തിനും അതിന്‌ ആധാരമായ ആരോഗ്യസ്ഥിതിക്കും ആവശ്യമായ കാര്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന വിജ്ഞാനശാഖ എന്നാണ്‌ ആയുർവേദമെന്ന പദത്തിന്റെ അർഥം. ആയിരം അധ്യായങ്ങളിലായി ഒരു ലക്ഷം ശ്ലോകങ്ങളടങ്ങിയതായിരുന്നു ബ്രഹ്മനിർമിതമായ ആദ്യത്തെ വൈദ്യശാസ്‌ത്രഗ്രന്ഥമെന്ന്‌ സുശ്രുതാചാര്യന്‍ പറയുന്നു. വിശിഷ്‌ടമായ ആ വൈദ്യശാസ്‌ത്രഗ്രന്ഥത്തിൽ ആയുസ്സിന്റെ തത്ത്വത്തെക്കുറിച്ച്‌ പ്രതിപാദിക്കുകയും ആയുഷ്‌കാലം വർധിക്കുവാനോ കുറയുവാനോ കാരണങ്ങളായിത്തീരുന്ന അവസ്ഥകളെ വിവരിക്കുകയും രോഗങ്ങളുടെ ലക്ഷണം, കാരണം, ചികിത്സ എന്നിവയെപ്പറ്റി വിസ്‌തരിച്ചു പറയുകയും ചെയ്‌തിട്ടുണ്ട്‌. ബ്രഹ്മാവിൽനിന്നു ദക്ഷപ്രജാപതിക്കും ദക്ഷപ്രജാപതിയിൽ നിന്ന്‌ അശ്വിനീകുമാരന്മാർക്കും അവരിൽനിന്നു ദേവേന്ദ്രനും ദേവേന്ദ്രനിൽ നിന്നു ഭരദ്വാജമഹർഷിക്കും, ഭരദ്വാജനിൽനിന്നും പുനർവസുവിനും അദ്ദേഹത്തിൽനിന്നും ആത്രയനും ഈ വിദ്യ ലഭിച്ചുവത്ര. ആയുർവേദത്തിന്റെ ഈ ഗുരുപരമ്പരയിൽ അല്‌പം വ്യത്യാസം ഇല്ലാതില്ല. ആത്രയമഹർഷി രചിച്ച കൃതികളിൽ ഏറ്റവും പ്രമുഖമായിട്ടുള്ളത്‌ ആത്രയസംഹിത ആണ്‌. അതിൽ അഞ്ചു ഭാഗങ്ങളിലായി 16,500 ശ്ലോകങ്ങളുണ്ട്‌. അനന്തരകാലീനരായ പല ഗ്രന്ഥകാരന്മാരും ഈ കൃതിയെ ആധാരമാക്കിയാണ്‌ ഗ്രന്ഥരചന നടത്തിയത്‌. ആത്രയനിൽനിന്നു പല ശിഷ്യന്മാരും വിദ്യ ഗ്രഹിച്ചിട്ടുണ്ടെങ്കിലും അഗ്നിവേശന്‍, ഭേളന്‍, ജാതുകർണന്‍, പരാശരന്‍, ക്ഷീരപാണി, ഹാരീതന്‍ എന്നിവരാണ്‌ മുഖ്യന്മാർ. അവരെല്ലാം ഗ്രന്ഥങ്ങള്‍ രചിച്ച്‌ പ്രശസ്‌തിയാർജിച്ചിട്ടുണ്ട്‌.

ആയുർവേദം. ആദികാലത്തിൽ ആയുർവേദത്തിൽ പ്രപഞ്ചപരിണാമത്തെ ആകെത്തന്നെ ഉള്‍പ്പെടുത്തി പ്രതിപാദിച്ചിരുന്നുവെന്നുകാണുന്നുണ്ട്‌. പില്‌ക്കാലത്താണ്‌ അതു വൈദ്യശാസ്‌ത്രം മാത്രമായി സങ്കോചിച്ചത്‌. ബ്രഹ്മനിർമിതമാണെന്നു കരുതപ്പെടുന്ന ആയുർവേദത്തെ എട്ടു തന്ത്രങ്ങളായി വിഭജിച്ചിരിക്കുന്നു.

1. ശല്യം. ശസ്‌ത്രക്രിയയുടെ വിവിധരീതികളും ശസ്‌ത്രക്രിയയ്‌ക്കുശേഷമുള്ള ചികിത്സാരീതികളുമാണ്‌ ഇതിൽ അടങ്ങിയിരിക്കുന്നത്‌.

2. ശാലാക്യം. നേത്രരോഗം, നാസാരോഗം, ആസ്യരോഗം, ശ്രാത്രരോഗം മുതലായവയുടെ ചികിത്സയാണ്‌ ഇതിലെ പ്രതിപാദ്യം

3. കായചികിത്സ. ശരീരത്തെ സാമാന്യമായി ആക്രമിക്കുന്ന രോഗങ്ങളുടെ ചികിത്സയാണ്‌ ഇതിൽ.

4. ഭൂതവിദ്യ. ദുർദേവതാബാധകൊണ്ട്‌ ഉണ്ടാകുന്ന ഉപ്രദവങ്ങള്‍; പ്രാർഥനകള്‍, ബലികള്‍, ഔഷധങ്ങള്‍ എന്നിവകൊണ്ട്‌ ഈ ഉപദ്രവങ്ങളെ മാറ്റുന്ന വഴികള്‍ എന്നിവയാണ്‌ ഇതിൽ വിവരിക്കപ്പെട്ടിരിക്കുന്നത്‌.

5. കുമാരഭൃത്യം. കുട്ടികളുടെ സംരക്ഷണം, അവർക്കുണ്ടാകുന്ന രോഗങ്ങള്‍, അവയുടെ ചികിത്സാവിധികള്‍ എന്നിവയാണ്‌ ഇതിൽ അടങ്ങിയിരിക്കുന്നത്‌

6. അംഗദം. വിഷങ്ങള്‍ക്കുള്ള ഔഷധങ്ങളാണ്‌ ഇതിലെ പ്രതിപാദ്യം

7. രസായനം. ഓജസ്സിനെ നിലനിർത്തുന്നതും യൗവനത്തെ വീണ്ടും ഉണ്ടാക്കുന്നതും ധാരണാശക്തിയെ വർധിപ്പിക്കുന്നതുമായ ഔഷധങ്ങളെ ഇതിൽ വിവരിക്കുന്നു.

8. വാജീകരണം. സന്തത്യുത്‌പാദനത്തിനുള്ള ശക്തിക്ഷയത്തെ അകറ്റി പുഷ്‌ടിയുണ്ടാക്കുവാനുള്ള മാർഗങ്ങളെക്കുറിച്ച്‌ വിവരിക്കുന്ന തന്ത്രമാണിത്‌.

സുശ്രുതന്‍, ചരകന്‍, വാഗ്‌ഭടന്‍, മാധവാചാര്യന്‍, ഭാവമിശ്രന്‍, ശാർങ്‌ഗധരന്‍ തുടങ്ങിയ നിരവധി ആചാര്യന്മാർ ആയുർവേദത്തെ പുഷ്‌ടിപ്പെടുത്തിയിട്ടുണ്ട്‌. ഇവരെ ചരിത്രഘട്ടത്തിലെ ആചാര്യന്മാരായി അംഗീകരിക്കാവുന്നതാണ്‌. ആയുർവേദം മനുഷ്യചികിത്സയെയാണ്‌ മുഖ്യമായി ലക്ഷ്യമാക്കുന്നതെങ്കിലും ഹസ്‌ത്യായുർവേദം, അശ്വായുർവേദം, വൃക്ഷായുർവേദം മുതലായ വിഭാഗങ്ങളും ഇതിലുണ്ട്‌. നോ. ആയുർവേദം

ധനുർവേദം. രണ്ടാമത്തെ ഉപവേദമായ ധനുർവേദം യജുർവേദത്തോടു ചേർന്നതാണ്‌. ആയുധവിദ്യയാണിത്‌. ഈ ഉപവേദത്തിൽ ആദ്യം രാജ്യഭരണതന്ത്രവും ഉള്‍പ്പെട്ടിരുന്നു. ഇന്ന്‌ അതു ധാനുഷ്‌ക്കം (യുദ്ധശാസ്‌ത്രം) മാത്രമായി. പലതരം ആയുധങ്ങളായ ഗദ, ശൂലം, കുന്തം, പരശു, മഴു തുടങ്ങിയവയുടെ നിർമാണരീതി; പദ്‌മവ്യൂഹം, ചക്രവ്യൂഹം, ഗരുഡവ്യൂഹം തുടങ്ങിയ പലതരം സേനാവിന്യാസക്രമങ്ങള്‍; ആയോധനകലകള്‍ എന്നിവയെല്ലാം ധനുർവേദവിഷയങ്ങളാണ്‌. ധനുർവേദാധ്യയനത്തിനായി ധാരാളം ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്‌. മഹാഭാരതത്തിലും അഗ്നിപുരാണത്തിലും ധനുർവേദത്തെക്കുറിച്ചുള്ള പരാമർശങ്ങളും പ്രതിപാദ്യങ്ങളും കാണാം. സേനയുടെ ചതുരംഗങ്ങളായ പദാദി (കാലാള്‍), അശ്വാരൂഢം (കുതിര), രഥാരൂഢം (തേര്‌), ഗജാരൂഢം (ആന) എന്നിവ ധനുർവേദത്തിന്റെ നാലു പാദങ്ങളായി കല്‌പിക്കപ്പെടുന്നു. ഈ ഉപവേദത്തിൽ അസ്‌ത്രമെന്നും ശസ്‌ത്രമെന്നും വേറെ രണ്ടു വിഭാഗങ്ങളും കാണാം. ചിലരുടെ സിദ്ധാന്തപ്രകാരം ഋജു, മായ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാണ്‌ ധനുർവേദത്തിനുള്ളത്‌. പത്ത്‌ അംഗങ്ങളും നാലു ചരണങ്ങളും ഈ ഉപവേദത്തിനുണ്ട്‌. ധനുർവേദം മൂർത്തിമാനായി സുബ്രഹ്മണ്യനെ സേവിച്ചതായി മഹാഭാരതം ശല്യപർവത്തിൽ പ്രസ്‌താവമുണ്ട്‌. യുദ്ധരീതി അനുസരിച്ച്‌ യന്ത്രമുക്തം, പാണിമുക്തം, മുക്തസന്ധാരിതം, അമുക്തം, ബാഹുമുക്തം എന്നിങ്ങനെ അഞ്ചു പിരിവുകളും ഇതിനുണ്ട്‌. യന്ത്രത്തിൽക്കൂടി പ്രക്ഷേപിക്കുന്നത്‌ യന്ത്രമുക്തം, ഉദാ. കവിണ, വില്ല്‌ മുതലായവ; കൈകൊണ്ട്‌ പ്രക്ഷേപിക്കുന്നത്‌ പാണിമുക്തം, ഉദാ. കല്ല്‌, ഗദ മുതലായവ; കൈയിൽനിന്നു വിടാതെ ആഞ്ഞു പ്രയോഗിക്കുന്നതു മുക്തസന്ധാരിതം, ഉദാ. കുന്തം മുതലായവ; പിടിവിടാതെ പ്രയോഗിക്കുന്നത്‌ അമുക്തം, ഉദാ. വാള്‍ മുതലായവ. ആയുധംകൂടാതെ കൈകള്‍ മാത്രം കൊണ്ടുള്ളത്‌ ബാഹുമുക്തം. അമ്പും വില്ലും കൊണ്ടുള്ള യുദ്ധമായിരുന്നു ഉത്തമം. കുന്തപ്രയോഗം മധ്യമം; വാള്‍കൊണ്ടും ബാഹുക്കള്‍കൊണ്ടും നടത്തുന്ന യുദ്ധം അധമമെന്നും നീചമെന്നും കരുതിയിരുന്നു. യുദ്ധത്തിൽ അമ്പ്‌ തുടങ്ങിയ ഉപകരണങ്ങള്‍ക്കുളള മേന്മ കൂടുതലായി ഇവിടെ ഉപലക്ഷിക്കപ്പെടുന്നു. ആയുധപ്രയോഗം ക്ഷത്രിയരാണ്‌ കുലവിദ്യയായി സ്വീകരിച്ചിരുന്നതെങ്കിലും ധനുർവേദാചാര്യന്മാർ അധികവും ബ്രാഹ്മണരായിരുന്നു. പരശുരാമന്‍, കൃപർ, ദ്രാണർ മുതലായ ധനുർവേദ ഗുരുക്കന്മാരെ പുരാണങ്ങള്‍ അനുസ്‌മരിക്കുന്നുണ്ട്‌.

ഗാന്ധർവവേദം. ഇത്‌ സാമവേദത്തോടു ചേർന്നതാണ്‌. ആദികാലത്ത്‌ ഇത്‌ ഇന്നു കരുതപ്പെടുംപോലെ സംഗീതം മാ്രതമായിരുന്നില്ല. ഭാരതത്തിലെ എല്ലാ കലാവിഭാഗങ്ങളും അതിൽ ഉള്‍പ്പെട്ടിരുന്നു. കാമശാസ്‌ത്രം ഗാന്ധർവവേദത്തിലുള്‍പ്പെട്ടതാണെന്ന്‌ ആർഷജ്ഞാനത്തിൽ നാലപ്പാട്ടു നാരായണമേനോന്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഗാന്ധർവവേദം സംഗീതപ്രതിപാദകമാണ്‌. ഭാരതത്തിൽ സംഗീതത്തിന്റെ ആരംഭം വേദകാലത്താണ്‌. ഇന്നത്തെ ശാസ്‌ത്രീയസംഗീതത്തിന്റെ പ്രഭവസ്ഥാനം സാമഗാനമാണ്‌. സോമയാഗങ്ങളിലും മറ്റും ദേവന്മാരെ സ്‌തുതിക്കുന്നതിനുവേണ്ടി യാഗവേദിക്കരികിൽനിന്ന്‌ പാടിയിരുന്നവയാണ്‌ സാമഗാനങ്ങള്‍.

നല്ല ഗീതം അഥവാ സമ്യക്കായ ഗീതം എന്ന അർഥത്തിലാണ്‌ സംഗീതം എന്നു പേരുണ്ടായത്‌. സംഗീതം ഒരു ശമനൗഷധമാണ്‌; അതിന്റെ കഴിവുകള്‍ അപരിമേയങ്ങളാണ്‌. സംഗീതത്തിന്റെ ഉദ്‌ഭവം സരസ്വതിയിൽ നിന്നാണെന്ന്‌ ശതപഥബ്രാഹ്മണം പറയുന്നു. സംഗീതജ്ഞനായ വിശ്വവസു ഒരിക്കൽ സോമം മോഷ്‌ടിച്ചുവെന്നും അതറിഞ്ഞ ദേവന്മാർ സോമം വീണ്ടെടുക്കുന്നതിനായി വാഗ്‌ദേവിയായ സരസ്വതിയെ നിയോഗിച്ചുവെന്നും മറ്റുമുള്ള ഐതിഹ്യം ഇന്നും നിലവിലുണ്ട്‌. വാഗ്‌ദേവിയുടെ രൂപസൗന്ദര്യത്തിൽ ആകൃഷ്‌ടരായ ഗന്ധർവന്മാർ "സോമം നിങ്ങളുടേതും വാഗ്‌ദേവി ഞങ്ങളുടേതുമായിരിക്കട്ടെ' എന്നു പറഞ്ഞുവത്ര. ദേവന്മാരുടെ ഒരു വിഭാഗമായ ഈ ഗന്ധർവന്മാർ ഭാരതത്തിന്റെ വടക്കുപടിഞ്ഞാറുള്ള ഒരു പ്രവിശ്യയിൽ വസിച്ചിരുന്നവരാണെന്ന്‌ ഒരു വിശ്വാസമുണ്ട്‌. അവർക്ക്‌ ഒരു സംഗീതവിഭാഗമുണ്ടായിരുന്നുവെന്നും അതു ഗാന്ധർവഗ്രാമമെന്ന പേരിൽ അറിയപ്പെട്ടിരുന്നുവെന്നും ചില സംഗീതചരിത്രകാരന്മാർ പ്രസ്‌താവിച്ചിട്ടുണ്ട്‌. ഗന്ധർവന്മാരാണ്‌ ഭാരതീയ സംഗീതത്തിനു വിലപ്പെട്ട പല സംഭാവനകളും നല്‌കിയതത്ര. അക്കാരണത്താൽ ലൗകികസംഗീതത്തെ ഗാന്ധർവം അഥവാ ഗന്ധർവവിദ്യയെന്നു നാമകരണം ചെയ്‌തു. ഗന്ധർവന്മാർക്കും സംഗീതത്തിനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ പരിഗണിച്ചാണ്‌ സംഗീതപ്രതിപാദകമായ ശാസ്‌ത്രത്തിന്‌ ഗാന്ധർവവേദമെന്ന പേരു ലഭിച്ചത്‌.

ഋഗേ്വദകാലം മുതൽ അനുദാത്തം, സ്വരിതം, ഉദാത്തം എന്നീ മൂന്നു സ്വരങ്ങളിലൂടെയുള്ള സംഗീതം നിലനിന്നുപോന്നു. ശാസ്‌ത്രീയരീതികളെ അവലംബമാക്കിയാണ്‌ സാമഗാനങ്ങള്‍ പാടിയിരുന്നത്‌. ഏറ്റവും താണ സ്ഥായിയിലുള്ള "നി' എന്ന സ്വരം അനുദാത്തവും മധ്യസ്ഥായിയിലെ "സ' സ്വരിതവും അടുത്ത മേലെ സ്വരമായ "രി' ഉദാത്തവുമായിരുന്നു. അങ്ങനെ ആദിസംഗീതം "നിസരി' എന്ന മൂന്നു സ്വരങ്ങളെയാണ്‌ ഉള്‍ക്കൊണ്ടിരുന്നത്‌. വേദസംഗീതമെന്നു പറഞ്ഞാൽ സാമഗാനമെന്നർഥം: "ഗീതിരൂപാഃ മന്ത്രം സാമാനി' (ഗീതിരൂപത്തിലുള്ള മന്ത്രങ്ങളാണ്‌ സാമങ്ങള്‍) എന്നാണ്‌ വേദഭാഷ്യകാരനായ സായണാചാര്യന്‍ പറഞ്ഞിട്ടുള്ളത്‌.

മനുഷ്യകണ്‌ഠത്തിന്റെ കഴിവു വളർന്ന്‌ "ഗ', "ധ'എന്നിങ്ങനെ രണ്ടു സ്വരങ്ങള്‍കൂടി ഉള്‍ക്കൊണ്ട്‌ "ഗരിസനിധി' എന്നിങ്ങനെ അഞ്ചു സ്വരങ്ങളായിത്തീർന്നു. സാമഗാനം ആദ്യം പാടിയിരുന്നത്‌ ഈ അഞ്ചു സ്വരങ്ങളിലായിരുന്നു. ഈ കാലഘട്ടത്തെ ഗവേഷകന്മാർ സാമകാലഘട്ടം എന്നു വിളിക്കുന്നു. പിന്നീട്‌ സ്വരപഞ്ചകം വളർന്ന്‌ സപ്‌തസ്വരങ്ങളടങ്ങിയ ഒരു സ്വരസമൂഹമായിത്തീർന്നു. ആദ്യമായി സപ്‌തസ്വരങ്ങള്‍ കേട്ടുതുടങ്ങിയത്‌ സാമഗാനത്തിലാണ്‌. സാമഗാനത്തിൽ ഏഴു ശുദ്ധ സ്വരങ്ങളുണ്ടെന്നും ഈ ശുദ്ധ സ്വരങ്ങളടങ്ങിയ ഒരു സ്ഥായിയിൽ സ്‌പഷ്‌ടമായ 22 ശ്രുതികള്‍ 4, 3, 2, 4, 4, 3, 2 എന്ന തോതിൽ അടങ്ങിയിട്ടുണ്ടെന്നും മറ്റുമുള്ള വസ്‌തുതകള്‍ ഭരതന്‍, ശാർങ്‌ഗധരന്‍, ദേവന്‍ തുടങ്ങിയവർ തെളിയിച്ചത്‌ ഗാന്ധർവവേദത്തിൽ നടത്തിയ ഗവേഷണങ്ങളുടെ ഫലമായിട്ടാണ്‌. നോ. സംഗീതം; സാമവേദം

ശില്‌പവേദം. സ്ഥാപത്യവേദം അഥവാ ശില്‌പേവദമെന്ന നാലാമത്തെ ഉപവേദം അഥർവവേദത്തോട്‌ ബന്ധപ്പെട്ടതാണ്‌. ക്ഷേത്രങ്ങള്‍, ഭവനങ്ങള്‍, ഗോപുരങ്ങള്‍, കോട്ടകള്‍, രാജകൊട്ടാരങ്ങള്‍ മുതലായവ പണിയുന്നതു സംബന്ധിച്ച ഭാരതീയ വാസ്‌തുവിദ്യയാണ്‌ സ്ഥാപത്യം. ഇതും മറ്റു പല വിജ്ഞാനശാഖകളെയും പോലെ, ബ്രഹ്മാവിന്റെ മുഖത്തുനിന്നു നിർഗമിച്ചതായിട്ടാണ്‌ സങ്കല്‌പിക്കപ്പെട്ടിട്ടുള്ളത്‌. നിർമാണത്തിൽ പ്രധാന കർത്താവ്‌ സ്ഥപതി(മൂത്താശാരി)യായതുകൊണ്ടാണ്‌ സ്ഥാപത്യമെന്ന്‌ ശില്‌പവേദത്തിനു പേരു ലഭിച്ചത്‌. ശില്‌പശാസ്‌ത്രം, തച്ചുശാസ്‌ത്രം, സ്ഥാപത്യം എന്നീ പേരുകള്‍ ഇതിന്റെ പര്യായങ്ങളായി പ്രയോഗിക്കപ്പെടുന്നു. നോ. ആർക്കിടെക്‌ചർ

ചില ഗ്രന്ഥങ്ങളിൽ "കാരണേ്യാപവേദം' എന്നൊരു ഉപവേദത്തെക്കുറിച്ച്‌ പറയുന്നുണ്ട്‌; ഇന്ന്‌ ആ പേര്‌ നിലവിലില്ല. കാരണ്യോപവേദത്തിൽ മനുഷ്യജീവിതത്തിന്റെ എല്ലാ വിഭാഗങ്ങളും ഉള്‍പ്പെടുന്നുണ്ടത്ര. പാരമ്പര്യസിദ്ധമായ ഈ ശാസ്‌ത്രത്തിൽ ശില്‌പകലയിൽ പാലിക്കപ്പെടേണ്ട നിയമങ്ങളെക്കുറിച്ചാണ്‌ പ്രതിപാദിച്ചിരിക്കുന്നത്‌. ശില്‌പശാസ്‌ത്രപ്രതിപാദകങ്ങളായ ഗ്രന്ഥങ്ങള്‍ മിക്കതും ഇന്നു നഷ്‌ടമായിത്തീർന്നിരിക്കുന്നു. അവശേഷിച്ച താളിയോലകളിൽ ചിലതൊക്കെ ടി. ഗണപതിശാസ്‌ത്രികള്‍ മുതലായ പണ്ഡിതന്മാർ തേടിപ്പിടിച്ച്‌ പ്രസാധനം ചെയ്‌തിട്ടുണ്ട്‌. ഭാരതീയ കലകളെയും കൊത്തുപണികളെയും കുറിക്കുന്ന ഈ ശാസ്‌ത്രത്തെ വാസ്‌തുശാസ്‌ത്രം, ശില്‌പശാസ്‌ത്രം, ചിത്രസൂത്രം എന്നിങ്ങനെ മൂന്നായി തരംതിരിക്കാം.

വേദങ്ങളോളം പഴക്കം ശില്‌പശാസ്‌ത്രത്തിനുണ്ട്‌. വേദങ്ങളിലും പുരാണങ്ങളിലും ഗൃഹനിർമാണത്തെക്കുറിച്ച്‌ ധാരാളം പ്രതിപാദനങ്ങളുണ്ട്‌. ഗൃഹനിർമാണത്തിനുള്ള സ്ഥാനം കണ്ടെത്തുന്ന രീതി, ഗൃഹദൈർഘ്യം, വിസ്‌തൃതി, ഉയരം തുടങ്ങിയ വിഷയങ്ങളാണ്‌ ശില്‌പശാസ്‌ത്രഗ്രന്ഥങ്ങളിലെ പ്രതിപാദ്യം. വാസ്‌തുവിദ്യ എന്നൊരു ശില്‌പശാസ്‌ത്രഗ്രന്ഥമുണ്ട്‌. അതിൽ വിശ്വകർമാവിനെ ശില്‌പികളുടെ ദേവനായി പറഞ്ഞിരിക്കുന്നു. 16 അധ്യായങ്ങളുള്ളതാണ്‌ ഈ ഗ്രന്ഥം. 7 അധ്യായങ്ങളുള്ള മനുഷ്യാലയചന്ദ്രികയാണ്‌ വാസ്‌തുപ്രതിപാദകമായ മറ്റൊരു കൃതി. ഭവനനിർമാണത്തെക്കുറിച്ചാണ്‌ ഇതിൽ മുഖ്യമായി പ്രതിപാദിച്ചിരിക്കുന്നത്‌. 34 അധ്യായങ്ങളുള്ള മയമതം എന്ന ഗ്രന്ഥം മയനാൽ രചിക്കപ്പെട്ടതാണെന്നു കരുതപ്പെടുന്നു. ഗോപുരങ്ങള്‍, മണ്ഡപങ്ങള്‍, കൊട്ടാരങ്ങള്‍, വാതിലുകള്‍, ലിംഗങ്ങള്‍, പീഠങ്ങള്‍ മുതലായവയുടെ നിർമാണരീതികളെക്കുറിച്ച്‌ ഈ ബൃഹദ്‌ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ബൃഹത്സംഹിത, സമരാങ്കണസൂത്രം, വിശ്വകർമപ്രകാശം തുടങ്ങിയ ഗ്രന്ഥങ്ങളെല്ലാം ശില്‌പശാസ്‌ത്രപ്രതിപാദകങ്ങളാണ്‌. പല പുരാണങ്ങളിലും ശില്‌പവേദത്തെക്കുറിച്ചുള്ള സവിസ്‌തരവിവരണങ്ങള്‍ കാണാം. മത്സ്യപുരാണത്തിലെ 252 മുതൽ 257 വരെയുള്ള അധ്യായങ്ങളിൽ ശില്‌പവേദത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നു. അഗ്നിപുരാണം 104-ാം അധ്യായത്തിൽ പ്രാസാദലക്ഷണവും 105-ൽ ഗൃഹാദിവാസ്‌തുവും 106-ൽ നഗരാദിവാസ്‌തുവും പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ഗരുഡപുരാണത്തിലെ 46-ാം അധ്യായത്തിൽ വാസ്‌തുനിർണയവും 47-ാം അധ്യായത്തിൽ പ്രാസാദലക്ഷണവും വർണിക്കപ്പെട്ടിരിക്കുന്നു. സാമുദായികം, ഗാർഹികം, രാഷ്‌ട്രീയം, സാമ്പത്തികം തുടങ്ങിയ പല വിഷയങ്ങളും ആദ്യകാലഘട്ടങ്ങളിൽ കാരണ്യോപവേദമെന്നു പറയപ്പെട്ടിരുന്നതായി കാണാം.

ചില പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം അർഥശാസ്‌ത്രവും ഉപവേദമാണ്‌. സൂത്രകാലഘട്ടത്തിന്റെ അവസാനത്തോടുകൂടി അർഥശാസ്‌ത്രം പ്രാമാണികമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരുന്നു. സൂത്രഗ്രന്ഥങ്ങളിൽ അർഥശാസ്‌ത്രത്തിന്റെ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകള്‍ കാണുമ്പോള്‍ അതിന്റെ മൂല്യം അനുമാനിക്കാവുന്നതേയുള്ളൂ. ആശ്വലായനഗൃഹസൂത്രത്തിൽ ആദിത്യന്‍ എന്നുപേരുള്ള അർഥശാസ്‌ത്രവിശാരദനായ ഒരു ആചാര്യനെക്കുറിച്ചും മഹാഭാരതത്തിൽ ഹിന്ദുരാജനീതിശാസ്‌ത്രത്തിന്റെ ചരിത്രത്തെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്‌. ഈദൃശഗ്രന്ഥങ്ങളിൽനിന്നു വിജ്ഞാനം ആർജിച്ചാണ്‌ കൗടല്യന്‍ അർഥശാസ്‌ത്രം രചിച്ചത്‌. ധർമശാസ്‌ത്രഗ്രന്ഥങ്ങളിൽ അർഥശാസ്‌ത്ര ചർച്ചകളും സിദ്ധാന്തങ്ങളും കാണുന്നു. അർഥശാസ്‌ത്രപ്രതിപാദകങ്ങളായ ഗ്രന്ഥങ്ങള്‍ പലതുണ്ടെങ്കിലും കൗടല്യന്റെ അർഥശാസ്‌ത്രമാണ്‌ സർവാദരണീയം. അദ്ദേഹം സ്വകൃതിയിൽ പൂർവികന്മാരായ ഇരുപതോളം അർഥശാസ്‌ത്രപ്രണേതാക്കളെ സ്‌മരിച്ചിരിക്കുന്നു. അവരുടെ കൃതികളെക്കുറിച്ചുള്ള വിവരണങ്ങളും അതിലുണ്ട്‌. സൂത്രങ്ങള്‍, ഭാഷ്യം എന്നുപേരുള്ള ഗദ്യം, ഇടയ്‌ക്കിടെ സമർഥകപദ്യങ്ങള്‍ എന്നിങ്ങനെയാണ്‌ ഗ്രന്ഥത്തിന്റെ സാമാന്യസ്വരൂപം. അഗ്നിപുരാണത്തിലും മത്സ്യപുരാണത്തിലും അർഥശാസ്‌ത്രവിഷയങ്ങളെയും ആചാര്യന്മാരെയും കുറിച്ച്‌ പ്രസ്‌താവിച്ചുകാണുന്നു. ശുക്രനീതിസാരം പ്രസിദ്ധമായ ഒരു അർഥശാസ്‌ത്രഗ്രന്ഥമാണ്‌. കാമന്ദകന്റെ നീതിസാരം ശുക്രന്റെ കൃതിയുടെ ഒരു പരിഷ്‌കൃതരൂപമാണ്‌. നീതിവാക്യാമൃതം, രാജനീതിരത്‌നാകരം, വീരമിത്രാദയം, രാജനീതി മയൂഖം, രാജനീതികല്‌പതരു, രാജനീതികാമധേനു തുടങ്ങിയ കൃതികള്‍ അർഥശാസ്‌ത്രപതിപാദകങ്ങളാണ്‌. നോ. അർഥശാസ്‌ത്രം

(കെ. നിർമലാനന്ദന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍