This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപഭോക്തൃ സംരക്ഷണനിയമം (1986)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉപഭോക്തൃ സംരക്ഷണനിയമം (1986)

ഉപഭോക്താക്കളുടെ താത്‌പര്യങ്ങള്‍ക്ക്‌ മെച്ചപ്പെട്ട സംരക്ഷണം നല്‌കുന്നതിലേക്കായി ഉപഭോക്തൃസമിതികളും ഉപഭോക്താക്കളുടെ തർക്കങ്ങള്‍ ഒത്തുതീർക്കുന്നതിനുവേണ്ടി മറ്റ്‌ അധികാരസ്ഥാപനങ്ങളും സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്നതിനുംവേണ്ടിയുള്ള നിയമം. 1986-ൽ ഇന്ത്യന്‍ പാർലമെന്റ്‌ പാസ്സാക്കിയ ഈ നിയമത്തിന്റെ മറ്റ്‌ ഉദ്ദേശലക്ഷ്യങ്ങള്‍ ഇനിപ്പറയുന്നവയാണ്‌: (i) സ്വത്തിനും ജീവനും അപകടമുണ്ടാക്കുന്ന സാധനങ്ങളുടെ പ്രചാരണം തടഞ്ഞ്‌ ഉപഭോക്താവിന്റെ താത്‌പര്യങ്ങള്‍ സംരക്ഷിക്കുക, (ii) സാധനത്തിന്റെ അളവ്‌ (തൂക്കം), ഗുണം, മേന്മ, വില എന്നിവ നിയന്ത്രിച്ച്‌ ഗുണനിലവാരമില്ലാത്ത വ്യാപാരം തടയുക, (iii) കഴിയുന്നിടത്തോളം അനാരോഗ്യകരമായ കമ്പോളമത്സരങ്ങള്‍ ഒഴിവാക്കുക, (iv)ഉപഭോക്താവിന്റെ താത്‌പര്യം സംരക്ഷിക്കുന്നതിനും പരാതി ഉന്നയിച്ചു പരിഹരിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഏർപ്പെടുത്തി അതിനുവേണ്ട അറിവും നിർദേശങ്ങളും നൽകുക. ഇതിനായി ജില്ലാഫോറം, സംസ്ഥാന ദേശീയകമ്മിഷനുകള്‍ സ്ഥാപിക്കുക.

ഈ നിയമത്തിൽ ഉപഭോക്താവ്‌ എന്ന പദത്തിന്‌ വളരെ അർഥവ്യാപ്‌തിയുണ്ട്‌. പ്രതിഫലം നൽകിയോ നൽകാമെന്നു വാഗ്‌ദാനം നൽകിയോ ഏതെങ്കിലും സാധനം വാങ്ങുന്ന ഏതൊരാളും ഉപഭോക്താവാണ്‌. എന്നാൽ ഒരു സാധനം വാങ്ങി മറിച്ചുവിൽക്കുന്നയാള്‍ ഉപഭോക്താവല്ല. അതുപോലെ കച്ചവട ആവശ്യത്തിനായി സാധനങ്ങള്‍ വാങ്ങുന്നയാളും ഉപഭോക്താവല്ല. ഉപഭോക്താവ്‌ സാധനങ്ങള്‍ വാങ്ങുമ്പോള്‍ നോക്കിവാങ്ങണം. 1930-ലെ സാധനവില്‌പന ആക്‌റ്റിൽ "സാധനം' എന്നാൽ പണം ഒഴികെ ഏതു തരത്തിലുമുള്ള ജംഗമവസ്‌തു എന്നർഥമാണ്‌ നൽകിയിട്ടുള്ളത്‌. മറ്റൊരർഥം ന്യൂനതയില്ലാത്ത പദാർഥം എന്നുമാണ്‌. അതിനാൽ ന്യൂനതയും തെറ്റുകുറ്റങ്ങളുമില്ലാത്ത സാധനം എന്ന്‌ ഇവിടെ സാധനങ്ങളെ വിവക്ഷിക്കാവുന്നതാണ്‌. സാധനങ്ങളുടെ പായ്‌ക്കറ്റിൽ വില അച്ചടിച്ചിരിക്കണം. ഇത്‌ നിർമാതാവിന്റെ ബാധ്യതയാണ്‌. ഈ വിലയെക്കാള്‍ കൂടുതൽ വിലയ്‌ക്ക്‌ വില്‌ക്കുവാനും പാടില്ല. ഗ്യാരന്റിയും വാറണ്ടിയും വില്‌പനയിലെ നിബന്ധനകളാണ്‌. സാധനങ്ങള്‍ ഗ്യാരന്റിപ്രകാരമുള്ള ഗുണനിലവാരം പുലർത്തുന്നില്ലെങ്കിലോ വാറണ്ടിയിൽ പറഞ്ഞിട്ടുള്ള നിബന്ധനകള്‍ നിറവേറ്റുന്നില്ലെങ്കിലോ ഉപഭോക്താവിന്‌ വ്യാപാരിയിൽ നിന്നു നഷ്‌ടപരിഹാരം ആവശ്യപ്പെടാം. ഉപഭോക്താവിന്‌ മനസ്സിലാകുന്ന ഭാഷയിൽ വേണം വാറണ്ടിയും ഗ്യാരന്റിയും നല്‌കേണ്ടത്‌. ഇംഗ്ലീഷ്‌ അറിയാത്തയാളിന്‌ അതിൽപ്പറയുന്ന വ്യവസ്ഥകള്‍ വായിക്കാന്‍ കഴിയില്ല. മലയാളത്തിലും മറ്റു സംസ്ഥാനഭാഷകളിലുംകൂടി ഗ്യാരന്റി-വാറണ്ടികള്‍ അച്ചടിച്ചുനൽകുന്നതിന്റെ കാരണവും മറ്റൊന്നല്ല. വ്യവസ്ഥകള്‍ ഏവർക്കും അറിയാന്‍ വേണ്ടിയാണ്‌. ഉപഭോക്താവിന്‌ അറിയുന്ന ഭാഷയിൽ വാറണ്ടി-ഗ്യാരന്റി കാർഡുകള്‍ ഒപ്പിട്ടു നൽകേണ്ടത്‌ വ്യാപാരിയുടെ കർത്തവ്യമാണ്‌.

വ്യാപാരിയും അന്യായമായ വ്യാപാരരീതിയും. ഏതെങ്കിലും സാധനങ്ങള്‍ (പണം ഒഴികെ) വിൽക്കുകയോ വിപണനം നടത്തുകയോ ചെയ്യുന്നയാളാണ്‌ വ്യാപാരി. വിൽക്കുന്ന സാധനത്തിന്റെ യഥാർഥ സ്ഥിതിയെക്കുറിച്ചും വിലയെക്കുറിച്ചും ഉപഭോക്താവിനെ അറിയിക്കേണ്ട ചുമതല വ്യാപാരിക്കുണ്ട്‌. അന്യായമായ വ്യാപാരരീതി ഒരിക്കലും സ്വീകരിക്കാന്‍ പാടില്ല. ആ രീതിയുടെ ഫലമായി ഉപഭോക്താവ്‌ സാധനം വാങ്ങുകയും അതിൽ നഷ്‌ടമോ, നാശമോ സംഭവിക്കുകയും ചെയ്യുമെങ്കിൽ വ്യാപാരി നഷ്‌ടപരിഹാരം നൽകേണ്ടിവരുമെന്ന്‌ സാരം. വില്‌പനയ്‌ക്കു വച്ചിരിക്കുന്ന സാധനം കേടുള്ളതായിരിക്കുക, സാധനങ്ങളിൽ കാണിച്ചിട്ടുള്ളതിൽ കൂടുതൽ വില വ്യാപാരി ഈടാക്കുക, ആപത്‌കരമായ സാധനങ്ങള്‍ വില്‌പനയ്‌ക്കു വയ്‌ക്കുക, ഗ്യാസ്‌ കണക്ഷന്‍ നൽകുമ്പോള്‍ സ്റ്റൗ നിർബന്ധിച്ച്‌ വാങ്ങിപ്പിക്കുക എന്നിവ അന്യായ വ്യാപാരരീതികളാണ്‌.

ജില്ലാഫോറം. (നിയമത്തിലെ 9-ാം വകുപ്പ്‌) പരാതി കേള്‍ക്കാനും തീരുമാനമെടുക്കാനും ഫോറത്തിന്‌ അധികാരം നൽകുന്നു. സംസ്ഥാനസർക്കാരാണ്‌ ജില്ലാഫോറങ്ങളിലെ അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കുന്നത്‌. ഫോറം അധ്യക്ഷനായ പ്രസിഡന്റിന്‌ ജില്ലാജഡ്‌ജിയുടെ യോഗ്യതകള്‍ വേണം. മറ്റ്‌ രണ്ട്‌ അംഗങ്ങള്‍ക്ക്‌ വിദ്യാഭ്യാസ സാമൂഹികപ്രവർത്തനങ്ങളിൽ പരിചയമുള്ളവരായിരിക്കണം. ഇരുപതുലക്ഷംവരെയുള്ള ക്ലെയിമുകള്‍ ഫോറത്തിലാണ്‌ നൽകേണ്ടത്‌. അഞ്ചുവർഷമാണ്‌ പ്രസിഡന്റ്‌, അംഗങ്ങള്‍ എന്നിവരുടെ ഔദ്യോഗിക കാലാവധി; എന്നാൽ അറുപത്തിയഞ്ചു വയസ്സു തികയുമ്പോള്‍ കാലാവധി അവസാനിക്കും. രണ്ടംഗങ്ങളിൽ ഒരാള്‍ വനിതയായിരിക്കണമെന്ന്‌ വ്യവസ്ഥയുണ്ട്‌. പ്രസിഡന്റും മറ്റൊരംഗവും ഹാജരുണ്ടെങ്കിൽ പരാതികള്‍ വിചാരണചെയ്‌ത്‌ ഫോറത്തിനു തീർപ്പുകല്‌പിക്കാനാകും. തർക്കം ഉദ്‌ഭവിച്ച ജില്ലയിൽത്തന്നെ പരാതി നല്‌കണം. ഉപഭോക്താവിനോ സംഘടനകള്‍ക്കോ കേന്ദ്ര-സംസ്ഥാനസർക്കാരുകള്‍ക്കോ തർക്കം ഉന്നയിക്കാം. എതിർകക്ഷിക്ക്‌ നോട്ടീസയച്ച്‌ അവരുടെ തർക്കംകേട്ടും തെളിവെടുത്തും തീരുമാനം എടുക്കുന്നതിനു ഫോറത്തിന്‌ അധികാരമുണ്ട്‌. അപര്യാപ്‌തതയുണ്ടെന്ന്‌ തെളിവെടുപ്പിലൂടെ ബോധ്യപ്പെട്ടാൽ വാങ്ങിയസാധനം മാറ്റിക്കൊടുക്കുന്നതിനും നിർദേശിക്കുന്നതിനും വേണ്ടിവന്നാൽ പുതിയവ കൊടുക്കുന്നതിനും ഈടാക്കിയ വിലയോ ചാർജോ മടക്കിക്കൊടുക്കുന്നതിനു തക്കതായ നഷ്‌ടപരിഹാരം നൽകുന്നതിനും വിധിക്കുന്നതിന്‌ ഫോറത്തിന്‌ അധികാരമുണ്ട്‌. ജില്ലാ ഫോറത്തിന്റെ ആസ്ഥാനം ജില്ലാ തലസ്ഥാനമായിരിക്കണം.

സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്‍. ഈ നിയമപ്രകാരം ഓരോ സംസ്ഥാനത്തും സംസ്ഥാനകമ്മിഷന്‍ ഉണ്ടാകും. കേന്ദ്രസർക്കാരിന്റെ അനുമതിയോടെവേണം സംസ്ഥാനകമ്മിഷനെ നിയമിക്കേണ്ടത്‌. സംസ്ഥാനകമ്മിഷന്റെ പ്രസിഡന്റ്‌ ഹൈക്കോടതി ജഡ്‌ജി പദവിയിൽ സർവീസിലുള്ളതോ വിരമിച്ചതോ ആയിരിക്കണം. പ്രസിഡന്റിനെക്കൂടാതെ മറ്റ്‌ രണ്ട്‌ അംഗങ്ങള്‍കൂടി (അതിലൊന്ന്‌ ഒരു വനിതയായിരി ക്കണം) ഉണ്ടാകണം. അഞ്ചുവർഷക്കാലത്തേക്കോ 67 വയസ്സുവരെയുള്ള കാലത്തേക്കോ ആണ്‌ നിയമനങ്ങള്‍ (സർവീസിലുള്ള ജഡ്‌ജിയാണെങ്കിൽ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസിന്റെ മുന്‍കൂർ അനുമതി നേടിയിരിക്കണം). അംഗങ്ങള്‍ സാമ്പത്തിക, സാമൂഹിക, പൊതുപ്രവർത്തന, വ്യവസായ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സത്യസന്ധരായിരിക്കണം. ഇരുപതുലക്ഷത്തിനു മുകളിലും ഒരു കോടിയിലും കവിയാത്ത എല്ലാ തർക്ക പരാതികളും ഇവിടെ തീർപ്പാക്കുന്നു. ജില്ലാ ഫോറങ്ങളിൽ തീർപ്പാക്കുന്ന അപ്പീലുകളും ഇവിടെ തീർപ്പാക്കുന്നു. അതിനായി റെക്കോർഡുകള്‍ വരുത്തുവാനും തീരുമാനമെടുക്കുവാനും കമ്മിഷന്‌ അധികാരമുണ്ട്‌. 30 ദിവസത്തിനുള്ളിൽ അപ്പീലുകള്‍ കമ്മിഷന്‍മുമ്പാകെ സമർപ്പിക്കും. അപ്പീൽ തീരുമാനത്തിനെതിരെ ദേശീയകമ്മിഷനിലും അപ്പീൽ നല്‌കാവുന്നതാണ്‌. സംസ്ഥാനകമ്മിഷന്റെ ആസ്ഥാനം സംസ്ഥാനതലസ്ഥാനത്തായിരിക്കണം.

ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്‍. സുപ്രീംകോടതിയിൽ സേവനത്തിനുള്ള ജഡ്‌ജിയോ അവിടെനിന്നും വിരമിച്ച ജഡ്‌ജിയോ ആകണം ദേശീയകമ്മിഷന്‍ ചെയർമാന്‍. സാമ്പത്തിക-സാമൂഹിക-പൊതുപ്രവർത്തനങ്ങളിൽ തഴക്കവും പഴക്കവുമുള്ള മറ്റു നാല്‌ അംഗങ്ങളെക്കൂടി നിയമിക്കുമ്പോള്‍ കമ്മിഷനായി. (സർവീസിലുള്ള ജഡ്‌ജിയുടെ സേവനത്തിന്‌ സുപ്രീംകോടതി ചീഫ്‌ജസ്റ്റിസിന്റെ അഭിപ്രായവും അനുവാദവും ആവശ്യമാണ്‌). നാലംഗങ്ങളിൽ ഒരാള്‍ വനിതയായിരിക്കണമെന്നും വ്യവസ്ഥയുണ്ട്‌. സംസ്ഥാന കമ്മിഷനുകളുടെ വിധികള്‍ക്കെതിരെ ഇവിടെയാണ്‌ തീർപ്പുകല്‌പിക്കുന്നത്‌. ഇതിലും തൃപ്‌തരാകാത്തവർക്ക്‌ 30 ദിവസത്തിനകം സുപ്രീംകോടതിയിൽ അപ്പീൽ നല്‌കാനും വ്യവസ്ഥയുണ്ട്‌. കമ്മിഷന്റെ ആസ്ഥാനം ന്യൂഡൽഹിയിലാണ്‌. വിധിക്കുശേഷം എന്ത്‌? അപ്പീൽ കാലാവധി കഴിഞ്ഞാൽ ജില്ലാഫോറം, സംസ്ഥാന കമ്മിഷന്‍, ദേശീയ കമ്മിഷന്‍ എന്നിവയുടെ വിധികള്‍ അവസാന വാക്കായിരിക്കും. സിവിൽക്കോടതിയുടെ വിധി തീർപ്പിനു തുല്യമായി പരിഗണിച്ച്‌ വിധി നടപ്പാക്കേണ്ടതുണ്ട്‌. ഈ സ്ഥാപനങ്ങള്‍ക്ക്‌ വിധി നടപ്പാക്കൽ അസാധ്യമാകുന്നുവെങ്കിൽ സിവിൽക്കോടതിയിലേക്കയച്ച്‌ വിധി നടത്തുന്നതിന്‌ അധികാരമുണ്ട്‌. വിധി നടപ്പാക്കാത്തവർക്ക്‌ ഒരു മാസത്തിനു മുകളിൽ മൂന്നു കൊല്ലംവരെ തടവുശിക്ഷയ്‌ക്കും പുറമേ രണ്ടു മുതൽ പത്തുലക്ഷം രൂപവരെ പിഴയടയ്‌ക്കുന്നതിനും വിധിക്കുന്നതിന്‌ ഈ സ്ഥാപനത്തലവന്മാർക്ക്‌ അധികാരമുണ്ട്‌. എന്നാൽ, ഈ സ്ഥാപനങ്ങളിലെ തലവന്മാർ, അംഗങ്ങള്‍ എന്നിവർക്കെതിരെ യാതൊരു കോടതിയ്‌ക്കും നടപടികള്‍ സ്വീകരിക്കുവാന്‍ അധികാരവുമില്ലെന്നും 28-ാം വകുപ്പിൽ വ്യവസ്ഥയുണ്ട്‌.

ഉപഭോക്താവ്‌ ചെയ്യേണ്ടത്‌. ഉപഭോക്താവിന്‌ പരാതിയുണ്ടായാൽ ആദ്യം ചെയ്യേണ്ടത്‌ ഉപഭോക്തൃതർക്കപരിഹാരഫോറത്തെ സമീപിക്കുകയാണ്‌. ഫോറത്തിനുമുമ്പാകെ തന്റെ പരാതി എഴുതിബോധിപ്പിക്കണം. അതിന്‌ വക്കീലിന്റെ ആവശ്യമില്ല. പരാതിയിന്മേൽ കോർട്ട്‌ഫീ സ്റ്റാമ്പുപോലും ഒട്ടിക്കേണ്ടതില്ല. തനിക്കറിയാവുന്ന ഭാഷയിൽ വെള്ളപ്പേപ്പറിൽ പരാതിയെഴുതി ബോധിപ്പിക്കാം. ആർക്കെതിരെയാണ്‌ പരാതിയെന്ന്‌ അറിഞ്ഞിരിക്കണം. ആ വ്യക്തിയുടെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ പൂർണമായ മേൽവിലാസം പരാതിയിലുണ്ടായിരിക്കണം. ഇരുകൂട്ടരും ഫോറത്തിനു മുന്നിൽ ഹാജരായശേഷം ആവശ്യമായ തെളിവെടുപ്പു കഴിഞ്ഞ്‌ ഇരുകൂട്ടരുടെയും വാദം കേള്‍ക്കുകയും കാലതാമസം ഇല്ലാതെ എത്രയും വേഗം വിധി പ്രസ്‌താവിക്കുകയും ചെയ്യും. വിധി വന്നുകഴിഞ്ഞാൽ വിധി നടത്തൽ നടപടി സ്വീകരിച്ച്‌ പരിഹാരം നൽകുവാന്‍ ജില്ലാഫോറങ്ങള്‍ക്ക്‌ അധികാരമുണ്ട്‌. വിധി പ്രഖ്യാപിച്ചുകഴിഞ്ഞാൽ നിശ്ചിതദിവസത്തിനകം പരിഹാരമുണ്ടായില്ലെങ്കിൽ ഹർജിക്കാരന്‌ വിധിനടത്താന്‍ ഹർജി ബോധിപ്പിക്കാം. ഇതിന്‍പ്രകാരം ഫോറം നടപടി സ്വീകരിച്ച്‌ വിധി നടപ്പാക്കുന്നതാണ്‌. ജില്ലാ ഉപഭോക്തൃതർക്കപരിഹാരഫോറം നൽകുന്ന വിധികള്‍ (സംസ്ഥാനകമ്മിഷന്‍, ദേശീയകമ്മിഷന്‍, സുപ്രീംകോടതി എന്നിവയാണ്‌ അപ്പീൽ സ്ഥാപനങ്ങള്‍) മറ്റു കോടതികളിലൊന്നിലും ചോദ്യംചെയ്‌തുകൂടാ എന്ന വ്യവസ്ഥയുണ്ട്‌.

പരാതി കാലഹരണപ്പെട്ടവയാകരുത്‌. പരാതിക്കടിസ്ഥാനമായ സംഭവത്തിനുശേഷം ഒരു വർഷത്തിനുള്ളിൽ പരാതി ഫയലാക്കണം. ശേഷം സമർപ്പിക്കുന്ന പരാതി സ്വീകരിക്കണമെങ്കിൽ വ്യക്തമായ കാലതാമസകാരണം ഫോറത്തെ രേഖാമൂലം ബോധ്യപ്പെടുത്തണം. സാധനമോ സേവനമോ വാങ്ങുമ്പോള്‍ ലഭിക്കുന്ന ബില്ലുകളോ അതുപോലുള്ള രേഖകളോ സൂക്ഷിച്ചുവച്ച്‌ പരാതിയോടൊപ്പം ഇവയുടെ പകർപ്പ്‌ ഉള്‍ക്കൊള്ളിക്കുകയും വേണം. എതിർകക്ഷികള്‍ എത്രപേരുണ്ടോ അത്രയും എച്ചം പരാതിപ്പകർപ്പുകളും മൂന്ന്‌ അസൽപരാതികളും സമർപ്പിക്കണം. നേരിട്ടോ രജിസ്റ്റർ ചെയ്‌ത്‌ തപാലിലോ (മടക്കക്കാർഡ്‌ സഹിതം) സമർപ്പിക്കാം. രേഖകളുടെ അസലുകള്‍ ആവശ്യപ്പെടുമ്പോള്‍ ഫോറത്തിൽ ഹാജരാക്കണം.

മനഃപൂർവം കള്ളപ്പരാതികള്‍ നൽകി ഫോറത്തെയും വ്യക്തികളെയും സ്ഥാപനങ്ങളെയും ശല്യപ്പെടുത്താന്‍ ശ്രമിച്ചാൽ ഫോറം ആ പരാതി അതേപടി തള്ളിക്കളയുകയോ മനഃപൂർവം ശല്യപ്പെടുത്തിയ പരാതിക്കാരനിൽനിന്ന്‌ നഷ്‌ടപരിഹാരം ഈടാക്കുകയോ ചെയ്യും. കള്ളപ്പരാതിമൂലം പീഡനമേല്‌ക്കേണ്ടിവന്ന എതിർകക്ഷിക്ക്‌ പതിനായിരം രൂപവരെ പരാതിക്കാരന്‍ നഷ്‌ടപരിഹാരം നല്‌കേണ്ടിവരുന്ന വിധിയുണ്ടാകാം. കേസ്‌ നടത്തുവാന്‍ വക്കീൽ വേണമെന്നില്ല. മറ്റൊന്ന്‌, പൊതുവേ നികുതികൊടുക്കുന്നതുകൊണ്ടുമാത്രം ഒരാള്‍ ഉപഭോക്താവായി പരിഗണിക്കപ്പെടില്ല. നികുതി കൊടുക്കുന്നത്‌ ഈ നിയമപ്രകാരം പ്രതിഫലമായി പരിഗണിക്കുന്നില്ല.

(അഡ്വ. എം. യൂനുസ്‌കുഞ്ഞ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍